മിയെ കണ്ടെത്താൻ തട്ടിപ്പ് കേസിലെ പ്രതിക്ക്  കൊടുത്തത് 10 ലക്ഷം രൂപ യുടെ ക്വട്ടേഷൻ

കോഴിക്കോട് ∙ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനും വ്യവസായിയുമായ ബാലുശ്ശേരി സ്വദേശി മുഹമ്മദ് ആട്ടൂരിനെ (മാമി) കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണത്തിനിടെ, മാമിയെ കണ്ടെത്താൻ ചിലർ കോഴിക്കോട്ടെ അറിയപ്പെടുന്ന തട്ടിപ്പു കേസിലെ പ്രതിക്കു പത്തു ലക്ഷം രൂപ കൈമാറിയെന്നതു ചർച്ചയാകുന്നു. പൊലീസ് അന്വേഷണം തുടങ്ങി 9 മാസം പിന്നിട്ടിട്ടും മാമിയെ കണ്ടെത്താത്ത സാഹചര്യത്തിൽ സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെട്ടു സമൂഹ മാധ്യമത്തിൽ ആക്‌ഷൻ കമ്മിറ്റിയുടെ പേരിൽ വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ഈ ഗ്രൂപ്പിലാണ് മാമിയെ കാണാതായതിനെ തുടർന്നു ക്വട്ടേഷൻ നേതാവിനു പണം നൽകിയതായി ചിലർ വിശദീകരിച്ചത്.

സംസ്ഥാനത്തെ ഏതെങ്കിലും ക്വട്ടേഷൻ സംഘം മാമിയെ തട്ടികൊണ്ടു പോയതാണോ എന്നു കണ്ടെത്താൻ വേണ്ടിയാണ് അറിയപ്പെടുന്ന വിവിധ തട്ടിപ്പു സംഘത്തിലെ പ്രതിയായിരുന്ന കോഴിക്കോട്ടെ ആൾക്കു പത്തു ലക്ഷം രൂപ നൽകിയതായി വിശദീകരണം ഉണ്ടായത്. സംഭവം ചർച്ചയായതോടെ അന്വേഷണ സംഘം ഇതു വീണ്ടും പരിശോധിക്കാൻ തുടങ്ങി. കോഴിക്കോട്ടെ പ്രമുഖ ബിസിനസുകാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ് മാമി. വൻകിട ബിസിനസുകാരിൽ പലരും കോടികളുടെ ഇടപാടുകൾ നടത്തിയിരുന്നത് മാമി വഴിയായിരുന്നു.സാമ്പത്തിക ഇടപാടുമായും സ്ഥലം കൈമാറിയതിൽ ഉണ്ടായ കുടിപ്പക മൂലവും മാമിയെ ക്വട്ടേഷൻ സംഘം തട്ടികൊണ്ടു പോയന്നും ഇ.ഡി അന്വേഷണ സംഘം സാമ്പത്തിക ക്രമക്കേടിൽ കൊണ്ടു പോയതാണെന്നും പൊലീസിനു പലരും നേരത്തെ മൊഴി നൽകിയിരുന്നു. ഇവരുമായി ബന്ധപ്പെട്ടു അന്വേഷണ സംഘം മാമിയുമായി അടുത്ത ബന്ധം പുലർത്തിയ ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരെ ചോദ്യം ചെയ്തു. എന്നാൽ കേസ് വഴിതിരിച്ചു വിടാനുള്ള ശ്രമമാണെന്നു തിരിച്ചറിഞ്ഞു.


പിന്നീട് പൊലീസ് മാമിയുടെ വിവിധ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തിയവരെ ചോദ്യം ചെയ്തു. ചിലരിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പത്തു ലക്ഷം വാങ്ങിയെന്നു സൂചനയുള്ള ആളെ പൊലീസ് അന്നു കണ്ടെത്തുകയും ഇയാളിൽ നിന്നു അന്നു പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. പണം നൽകിയവരെ കുറിച്ചു അന്വേഷണം നടക്കുന്നുണ്ട്. 

ഈ രീതിയിൽ പണം നൽകിയവരെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. മാത്രമല്ല പണത്തിന്റെ ഉറവിടവും പൊലീസ് പരിശോധിക്കുന്നുണ്ട്. മാമിയെ തട്ടികൊണ്ടുപോയതാണോ എന്നു കണ്ടെത്താൻ പത്തു ലക്ഷം രൂപ മറ്റൊരു ക്വട്ടേഷൻ സംഘത്തിലെ മുൻ പ്രതിക്കു നൽകിയെന്നതു ഗുരുതരമായാണ് അന്വേഷണ സംഘം കാണുന്നത്. എന്നാൽ കേസിൽ സുപ്രധാന വിവരം ലഭിക്കുന്നതിനായി മൊബൈൽ ഫോൺ ടവർ ഡംപ് പരിശോധന തുടരുകയാണ്.

ഇതിൽ നിന്നു നിർണായകമായ തെളിവു കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മാമിയെ കാണാതായ ദിവസം അദ്ദേഹത്തിന്റെ മൊബൈൽ ഫോണിലേക്കു എത്തിയ അവസാന കോളുകൾ കണ്ടെത്തിയാൽ തട്ടിക്കൊണ്ടുപോയ പ്രതിയിലേക്കു എത്താൻ കഴിയുമെന്നും പത്തു ലക്ഷം രൂപ നൽകിയവർക്ക് സംഭവത്തിൽ പങ്കുണ്ടാകുമോ എന്നു വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍