തലശ്ശേരി പാറാലിൽ സി.പി.എം പ്രവർത്തകർക്ക് നേരെ ആക്രമണം
തലശ്ശേരി: കണ്ണൂർ കോടിയേരി പാറാലിൽ സി.പി.എം പ്രവർത്തകർക്ക് നേരെ ആക്രമണം. പരിക്കേറ്റ പാറാലിലെ തൊട്ടോളിൽ സുജനേഷ് (35), ചിരണങ്കണ്ടി ഹൗസിൽ സുബിൻ (30) എന്നിവരെ തലശ്ശേരി കൊടുവള്ളി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർ.എസ്.എസ് പ്രവർത്തകരാണ് ആക്രമിച്ചതെന്ന് സി.പി.എം പറഞ്ഞു. ബുധനാഴ്ച രാത്രി 9.40ഓടെയാണ് സംഭവം.
മാഹി ചെമ്പ്രയിൽ നിന്ന് ആയുധവുമായി എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. സുബിന്റെ തലക്കും കഴുത്തിനുമാണ് പരിക്ക്. സുജനേഷിന്റെ കൈ എല്ല് പൊട്ടി. തലക്കും വെട്ടേറ്റു.
തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ കഴിഞ്ഞ ദിവസം മാഹി ചെറുകല്ലായിയിലെ സി.പി.എം ഓഫിസ് ആക്രമിക്കപ്പെട്ടിരുന്നു. രണ്ട് പ്രവർത്തകർക്ക് വെട്ടേൽക്കുകയും ചെയ്തു. ഇതിന് പിറകെയാണ് പാറാലിൽ രണ്ട് പേർക്ക് നേരെ വധശ്രമമുണ്ടായത്. ചെമ്പ്രയിലെ സി.പി.എം അനുഭാവികളുടെ വീടുകളിൽ കയറി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍