കന്നൂട്ടിപ്പാറ സ്കൂളിൽ വായന മാസാചരണത്തിന് ഗംഭീര തുടക്കം.
കട്ടിപ്പാറ : മലയാളി മനസുകളെ വായനയുടെ വിശാല ലോകത്തേക്ക് കൈപിടിച്ചു നടത്തിയ പി. എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ ജൂലൈ 18 വരെ നീണ്ടുനിൽക്കുന്ന വായന മാസാചരണത്തിന് കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂളിൽ ഗംഭീര തുടക്കമായി.
പ്രശസ്ത അക്കാദമിക് പരിശീലകനും വാഗ്മിയുമായ പ്രൊ. ഇ കെ സുലൈമാൻ ഉദ്ഘാടനം നിർവ്വഹിച്ചു. കുഞ്ഞുവായനയിലേക്ക് കഥകളിലൂടെയും പാട്ടുകളിലൂടെയും കുട്ടികളെ ആകർഷിക്കുവാൻ വ്യത്യസ്തമായ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പിടിഎ പ്രസിഡണ്ട് നൗഷാദ് ആറ്റുസ്ഥലം അധ്യക്ഷം വഹിച്ചു. വാർഡ് മെമ്പറും ചീഫ് പ്രമോട്ടറുമായ എ കെ അബൂബക്കർ കുട്ടി മുഖ്യാതിഥിയായി. ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്ന് മലയാളികളോട് ആഹ്വാനം ചെയ്ത പി.എൻ പണിക്കരെ കുട്ടികൾ നെഞ്ചേറ്റണമെന്ന് അദ്ദേഹം വിശദമാക്കി .
എസ് എസ് ജി ചെയർമാൻ അലക്സ് മാത്യു, സോഷ്യൽ ക്ലബ് കൺവീനർ പി പി തസ്ലീന, കെ.സി ശിഹാബ്, കെ.പി ജസീന ,ദിൻഷ ദിനേശ് ആശംസകൾ നേർന്നു. കെ.ടി ആരിഫ് നന്ദി പറഞ്ഞു. ഫൈസ് ഹമദാനി, ടി.ഷബീജ് റൂബി എം എ , അനുശ്രീ പി.പി. നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍