കണ്ണൂരിൽ കവർച്ചയ്ക്ക് എത്തിയ സംഘത്തിന്റെ ആക്രമണത്തിൽ സ്ത്രീ ഉൾപ്പടെ മൂന്നുപേർക്ക് പരിക്ക്.
കണ്ണൂർ: കവർച്ചയ്ക്ക് എത്തിയ മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിൽ സ്ത്രീ ഉൾപ്പടെ മൂന്നുപേർക്ക് പരിക്ക്. ചാലാട് അമ്പലത്തിന് സമീപം ഉപ്പടം റോഡിൽ കെ.വി. കിഷോറിന്റെ വീട്ടിലാണ് മോഷ്ടാക്കൾ എത്തിയത്. ആക്രമണത്തിൽ കിഷോറിനും ഭാര്യ ലിനി, മകൻ അഖിൻ എന്നിവർക്കും പരിക്കേറ്റു. തൊട്ടടുത്ത ആശാ നിവാസിലും കവർച്ചശ്രമമുണ്ടായി. ഞായറാഴ്ച പുലർച്ചെ 4.20-നാണ് സംഭവം.
അടുക്കളഭാഗത്തുകൂടി അകത്തുകടന്ന കവർച്ചക്കാർ അടുക്കളയിൽ ഭക്ഷണമുണ്ടാക്കുകയായിരുന്ന ലിനിയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ഭയന്ന് നിലവിളിച്ചതോടെ കിഷോറും മുകളിലെത്തെ നിലയിൽ ഉറങ്ങുകയായിരുന്ന മകനും ഓടിയെത്തി.
മോഷ്ടാക്കളിൽ രണ്ടുപേർ ഇവർക്കുനേരെ തിരിഞ്ഞു. കവർച്ചസംഘം കൈയിൽ കരുതിയ വടി കൊണ്ട് അടിച്ചു. ഇതിനിടെ ലിനി തറയിൽ വീണു. അഖിൻ അടുക്കളയിലുണ്ടായിരുന്ന സ്റ്റൂൾ കൊണ്ട് കവർച്ചാസംഘത്തെ നേരിട്ടു. അഖിൻ ചെറുത്തുനിന്നപ്പോൾ മോഷ്ടാക്കൾ ഓടിരക്ഷപ്പെട്ടു. സംഘത്തിലെ ഒരാൾ വീട്ടിന്റെ പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. വീട്ടുകാർ പിറകെ ഓടിയതോടെ മൂന്നുപേരും ഓടി ഇരുട്ടിൽ മറഞ്ഞു.
വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂർ എ.സി.പി. സിബിടോമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിരളടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളുടേതെന്ന് കരുതുന്ന മൂന്നുപേരുടെ സി.സി.ടി.വി. ദൃശ്യം സമീപത്തുള്ള വീട്ടിൽനിന്നും ലഭിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍