മലയാളികൾ മണ്ടന്മാർ ആവരുത് പണംകൂട്ടാൻ പലവഴി നോക്കരുത്‌; ‘പണി ’ കിട്ടും

കോഴിക്കോട് > സാമ്പത്തികലാഭം വാഗ്‌ദാനം ചെയ്‌തുള്ള  തട്ടിപ്പുകളിൽ കൂടുതലും സമൂഹ്യമാധ്യമങ്ങളിലൂടെ. ഫെയ്സ്ബുക്ക് പരസ്യങ്ങളിലൂടെയാണ്‌ നിക്ഷേപകരെ  വലയിലാക്കുന്നത്‌.  നിക്ഷേപത്തിന്‌ വൻതുക ലാഭമായി പെട്ടെന്ന്‌ ലഭിക്കുമെന്ന്‌  വിശ്വസിപ്പിച്ചാണ്‌ തട്ടിപ്പ്‌. നിക്ഷേപിക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുന്ന വരെ ടെലിഗ്രാം,  വാട്ട്സാപ്പ് ഗ്രൂപ്പിൽ  ചേരാൻ  പ്രേരിപ്പിക്കും. ഇതിലെ ലാഭകണക്കുകൾ  ഈ ഗ്രൂപ്പിലെ മറ്റംഗങ്ങൾ പങ്കുവയ്‌ക്കും. പണം ലഭിച്ചുവെന്ന്‌ തെളിയിക്കാൻ സ്ക്രീൻഷോട്ടുകളും പ്രദർശിപ്പിക്കും.  ഗ്രൂപ്പിലെ  മറ്റുള്ളവർ തട്ടിപ്പുകാരുടെ ആൾക്കാരാണെന്ന കാര്യം ഒരിക്കലും അറിയില്ല. 

വ്യാജ വെബ്‌സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപിക്കാൻ  ആവശ്യപ്പെടും. തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്കുപോലും  അമിതലാഭം നൽകും. പിന്നീട് നിക്ഷേപിച്ചതിനേക്കാൾ രണ്ടോമൂന്നോ ഇരട്ടിലാഭം നേടിയതായി സ്ക്രീൻഷോട്ട് നൽകും. എന്നാൽ ഇത് സ്ക്രീൻഷോട്ട് മാത്രമാണെന്നും പിൻവലിക്കാൻ ആകില്ലെന്നും വൈകിയാണ് നിക്ഷേപകർക്ക്‌ മനസ്സിലാകുക.

പണം പിൻവലിക്കാൻ ആഗ്രഹിക്കുമ്പോൾ ജിഎസ്ടിയുടെയും നികുതിയുടെയും മറവിൽ തട്ടിപ്പുകാർ കൂടുതൽ പണം തട്ടും. അപ്പോഴാണ്‌ തട്ടിപ്പിലകപ്പെട്ട കാര്യം തിരിച്ചറിയുക. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (ഗോൾഡൻ ഔവർ) വിവരം 1930 എന്ന നമ്പറിൽ  പൊലീസിനെ അറിയിക്കണം.  നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിനിരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാൻ സാധ്യത കൂടുതലാണ്. www cybercrime gov in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർചെയ്യാം. 

കൊറിയറിന്റെ  പേരിലും തട്ടിപ്പ്‌

കൊറിയർ ഉണ്ടെന്നും അതിൽ പണം, സിം, വ്യാജ ആധാർ കാർഡുകൾ, മയക്കുമരുന്ന് എന്നിവ അടങ്ങിയിട്ടുണ്ടെന്നുമുള്ള വ്യാജവിവരം നൽകിയും തട്ടിപ്പ്‌ നടത്തുന്നുണ്ട്‌.  ആധാർകാർഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയർ ബുക്ക് ചെയ്‌തുവെന്ന പേരിലും തട്ടിപ്പ്‌ നടത്താറുണ്ട്.

ആധാർനമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും തട്ടിപ്പുകാരൻ പറഞ്ഞുതരും. പാഴ്സലിലെ വസ്‌തുക്കൾക്ക്‌ തീവ്രവാദ ബന്ധമുണ്ടെന്നും കൂടുതൽ വിവരങ്ങൾ അറിയിക്കാൻ ഫോൺ സിബിഐയിലെയോ മറ്റോ മുതിർന്ന ഓഫീസർക്ക് കൈമാറുന്നെന്ന്‌ ബോധ്യപ്പെടുത്തും. ഇതോടെ ഓഫീസറെന്ന വ്യാജേന മറ്റൊരാൾ സംസാരിക്കും. 

വിശ്വസിപ്പിക്കാനായി  വ്യാജരേഖകളും കാണിക്കും. അവ വെബ്സൈറ്റ് വഴി പരിശോധിക്കാനാവശ്യപ്പെടും.  പിന്നീട്‌ സമ്പാദ്യവിവരങ്ങൾ ഫിനാൻസ് വകുപ്പിന്റെ  പരിശോധനയ്ക്ക്‌  നൽകണമെന്ന് നിർദേശിക്കും. ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ അവർ അയച്ചുതരുന്ന അക്കൗണ്ട് നമ്പറിലേക്ക്‌ പണം കൈമാറരുത്. ഒരു ഏജൻസിയും അന്വേഷണത്തിനായി  സമ്പാദ്യം കൈമാറാൻ ആവശ്യപ്പെടുകയില്ലെന്ന്‌ മനസ്സിലാക്കുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍