ചെക്ക് തന്നാല്‍ ബാങ്ക് പിടിക്കും, അതാണ് കയ്യില്‍ തരുന്നത്'; മുസ്‌ലിം ലീഗ് മുണ്ടക്കൈ ധനസഹായം കൈമാറിഎട്ട് സെന്റ് ഭൂമിയില്‍ 1000 സ്‌ക്വയര്‍ ഫീറ്റിലാണ് വീട് നിര്‍മ്മിക്കുക.
മേപ്പാടി: മുണ്ടക്കൈ, ചൂരല്‍മല ദുരിതബാധിതര്‍ക്കായി മുസ് ലിം ലീഗ് പ്രഖ്യാപിച്ച അടിയന്ത ധനസഹായമായ 15,000 രൂപ വിതരണം ചെയ്തു തുടങ്ങി. വയനാട്ടിലെ ക്യാമ്പില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ധനസഹായ വിതരണം നടത്തിയത്. ഇന്നലെ 178 പേര്‍ക്ക് 15000 രൂപ വീതം വിതരണം ചെയ്തു. 39 വ്യാപാരികള്‍ക്ക് 50000 രൂപയും വിതരണം ചെയ്തു. ബാക്കിയുള്ളവര്‍ക്ക് ഇന്ന് വിതരണം ചെയ്യും. 691 കുടുംബങ്ങള്‍ക്കാണ് 15,000 രൂപ നല്‍കുക. 40 വ്യാപാരികള്‍ക്കാണ് 50,000 രൂപ നല്‍കുന്നത്.
യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പികെ ഫിറോസ്, പികെ ബഷീര്‍ എംഎല്‍എ, ടി സിദ്ധിഖ് എംഎല്‍എ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ദുരിതബാധിതരോട് കുശലം പറഞ്ഞും ചിരിപ്പിച്ചുമായിരുന്നു പി കെ ബഷീര്‍ എംഎല്‍എ സംസാരിച്ചത്. പൈസക്ക് പൈസ തന്നെ വേണം. ചെക്ക് തന്നാല്‍ ബാങ്ക് പിടിക്കും. അതാണ് കയ്യില്‍ തന്നെ തരുന്നതെന്നും അദ്ദേഹം പറഞ്ഞു.
തൊഴില്‍ മാര്‍ഗമായ ജീപ്പ് നഷ്ടപ്പെട്ടവര്‍ക്ക് ജീപ്പ് വാങ്ങി നല്‍കും. 100 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിക്കും. എട്ട് സെന്റ് ഭൂമിയില്‍ 1000 സ്‌ക്വയര്‍ ഫീറ്റിലാണ് വീട് നിര്‍മ്മിക്കുക.
ദുരന്തബാധിത മേഖലയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് യുഎഇയിലെ വിവിധ കമ്പനികളില്‍ തൊഴില്‍ നല്‍കും. ഇതിനായി 55 അപേക്ഷകളില്‍ നിന്ന് 48 പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും ലീഗ് നേതാക്കള്‍ അറിയിച്ചിരുന്നു.
വയനാടിന്റെ കണ്ണീരൊപ്പാന്‍' എന്ന പേരിലാണ് മുസ്ലിം ലീഗ് ദുരിതാശ്വാസ ധനശേഖരണം നടത്തിയത്. ആഗസ്ത് 15 വരെ പ്രഖ്യാപിച്ചിരുന്ന ധനശേഖരണം ആഗസ്ത് 31വരെയാണ് നീട്ടിയിരുന്നു. 27 കോടി രൂപയാണ് സഹായമായി ലഭിച്ചത്
ധനശേഖരണത്തിനായി ആപ്ലിക്കേഷന്‍ പുറത്തിറക്കിയാണ് ധനശേഖരണം നടന്നത്. പദ്ധതിയിലേക്ക് ആദ്യ ഫണ്ടായി 50 ലക്ഷം രൂപ തിരുനാവായ സ്വദേശി ബാബുവാണ് നല്‍കിയത്.
ആപ്ലിക്കേഷന്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നാണ് പുറത്തിറക്കിയത്. എല്ലാവരും സഹായിക്കണമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
'വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മനസ് വേദനിപ്പിക്കുന്നതാണ്. വിവിധയിടങ്ങളിലും വയനാട്ടിലും മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനം ആരംഭിക്കും. പുനരധിവാസത്തിനായി സമഗ്രമായ പദ്ധതിയാണ് തീരുമാനിച്ചിരിക്കുന്നത്. ഭവന പദ്ധതി, വിദ്യാഭ്യാസം, ചികിത്സ, തൊഴില്‍ തുടങ്ങി സമഗ്രമായ പദ്ധതിയാണ് മുസ്ലിം ലീഗിന്റെ പദ്ധതിക്ക് കീഴില്‍ വരുന്നത്. ഇതിന് വലിയ തുക ആവശ്യമാണ്. അതിനാല്‍ എല്ലാവരും ഈ പദ്ധതിക്കൊപ്പം നില്‍ക്കണം,' എന്നാണ് സാദിഖലി തങ്ങള്‍ അഭ്യര്‍ത്ഥിച്ചത്.
