മുത്തശ്ശിയോടൊപ്പം കാണാതായ പിഞ്ചുകുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി.മരിക്കുമ്പോൾ പ്രായം 59 ദിവസം മാത്രം


നെടുങ്കണ്ടം: മുത്തശ്ശിയോടൊപ്പം കാണാതായ പിഞ്ചുകുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ. കഴിഞ്ഞ ദിവസമാണ് രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ പുരയിടത്തിലെ തോട്ടുവക്കത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം രാത്രി ഒൻപതരയോടെയാണ് ചെമ്മണ്ണാർ സെയ്ന്റ് സേവ്യേഴ്‌സ് പള്ളിയിലെത്തിച്ചത്. രാത്രിയെയും മഴയെയും അവഗണിച്ച് അന്തിമോപചാരമർപ്പിക്കാൻ നാട്ടുകാർ തടിച്ചുകൂടിയിരുന്നു.

ഉടുമ്പന്‍ചോല പുത്തന്‍പുരയ്ക്കലില്‍ ചിഞ്ചുവിന്റെ കുഞ്ഞാണ് മരണപ്പെട്ടത്. മുത്തശ്ശി ജാന്‍സിയ്‌ക്കൊപ്പം കാണാതായ കുഞ്ഞിനെയാണ് തോട്ടുവക്കത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടന്‍തന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുത്തശ്ശിയെ രാജാകാട്ടിലെ ഗവണ്‍മെൻ്റ് ആശുപത്രിയിലേക്കും തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്കും മാറ്റിയിരുന്നു. ജാൻസിക്കൊപ്പമായിരുന്നു കൂടുതൽ സമയവും കുഞ്ഞ് കഴിഞ്ഞിരുന്നതെന്ന് നാട്ടുകാർ പറയുന്നു.

വൈകീട്ട് മൂന്നരയോടെ കുഞ്ഞിൻ്റെ മരണവിവരം അറിയുന്നത്. കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ച സമയത്തും ചിഞ്ചുവിനെ വിവരങ്ങളൊന്നും അറിയിച്ചിരുന്നില്ല. മരണവിവരം അറിഞ്ഞ് പൊട്ടിക്കരഞ്ഞ ചിഞ്ചുവിനെ ആശ്വസിപ്പിക്കാൻ ഭർത്താവ് സിജോയും ബന്ധുക്കളും പാടുപെടുകയായിരുന്നു. തലയ്ക്കുപിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ അപകടത്തിലേക്ക് നയിച്ചതിന് പിന്നിലെ കാരണങ്ങൾ ഇപ്പോഴും ചുരുളഴിഞ്ഞിട്ടില്ല.