വയനാട്ടിൽ ഗൂഗിൾമാപ്പ് നോക്കി ഓടിച്ച കാർ തോട്ടിലേക്ക് മറിഞ്ഞു; കർണാടക സ്വദേശികൾക്ക് പരിക്ക്
ബാവലി(വയനാട്) : ഗൂഗിൾമാപ്പ് നോക്കി വാഹനമോടിച്ച കർണാടകസ്വദേശികളുടെ കാർ തോട്ടിലേക്കു മറിഞ്ഞു. അപകടത്തിൽ മൂന്നുപേർക്കു പരിക്കേറ്റു. ചിക്കമഗളൂരു സ്വദേശികളായ ബെനഡിക്ട് (67), ഡിസൂസ (60), ലോറൻസ് (62) എന്നിവർക്കാണ് പരിക്കേറ്റത്.
ശനിയാഴ്ച രാവിലെ 11-ഓടെയാണ് അപകടം. പുല്പള്ളി ഭാഗത്തേക്കു പോകാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. ഗൂഗിൾമാപ്പ് നോക്കി വരുകയായിരുന്ന ഇവർ സഞ്ചരിച്ച വാഹനം നടക്കാൻമാത്രം വീതിയുള്ള പാലത്തിലേക്ക് കയറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. 15 അടിയോളം താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. മാനന്തവാടി അഗ്നിരക്ഷാസേനാംഗങ്ങളാണ് നാട്ടുകാരുടെ സഹായത്തോടെ പരിക്കേറ്റവരെ രക്ഷിച്ചത്. അഗ്നിരക്ഷാ സേനയുടെ ആംബുലൻസിൽ പരിക്കേറ്റവരെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ബാവലി മഖാമിനു സമീപത്തുള്ള തോടിനു കുറുകെ നിർമിച്ച പാലത്തിലേക്കാണ് കാർ പാഞ്ഞുകയറിയത്. പാലത്തിനു കുറുകെയുള്ള നടപ്പാതയിലേക്ക് കയറിയ വാഹനം ബ്രേക്കിട്ടുനിർത്താൻ ശ്രമിക്കുന്നതിനിടെ തോട്ടിലേക്കു പതിക്കുകയായിരുന്നെന്നു കരുതുന്നു.
മാനന്തവാടി അഗ്നിരക്ഷാനിലയത്തിൽനിന്നുള്ള രണ്ട് യൂണിറ്റുകളെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അസി. സ്റ്റേഷൻ ഓഫീസർമാരായ കെ. കുഞ്ഞിരാമൻ, ഐ. ജോസഫ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഒ.ജി. പ്രഭാകരൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ മനു അഗസ്റ്റിൻ, കെ.ജി. ശശി, പി.കെ. രജീഷ്, ടി.ഡി. അനുറാം, കെ.ജെ. ജിതിൻ, ഹോംഗാർഡ് ഷൈജറ്റ് മാത്യു തുടങ്ങിയവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
