ബെയ്ലി പാലംനിര്‍മാണം; ചുക്കാന്‍പിടിച്ച് ഇടുക്കി സ്വദേശി
കരിമണ്ണൂര്‍ (ഇടുക്കി): വയനാട്ടിലെ ദുരന്തഭൂമിയില്‍ ആശ്വാസത്തിന്റെ തിരിതെളിക്കാന്‍ കരസേനയുടെ കരുത്തുമായി ബെയ്ലി പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത് കരിമണ്ണൂര്‍ സ്വദേശി വിനോദ് ടി.മാത്യുവിന്റെ നേതൃത്വത്തില്‍. കരസേനയുടെ കര്‍ണാടക-കേരള സബ് ഏരിയ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ്ങാണ് മേജര്‍ ജനറല്‍ വിനോദ് ടി.മാത്യു
കഴിഞ്ഞ ജൂലായ് ഒന്നിനാണ് വിനോദ് കര്‍ണാടക-കേരള സബ് ഏരിയയുടെ ചുമതല ഏറ്റെടുത്തത്. കഴക്കൂട്ടം സൈനിക സ്‌കൂള്‍, ദേശീയ ഡിഫന്‍സ് അക്കാദമി, ദെഹ്‌റാദൂണ്‍ ഇന്ത്യന്‍ മിലിറ്ററി കോളേജ് എന്നിവിടങ്ങളില്‍ പരിശീലനം നേടിയ ഇദ്ദേഹം 1988 ഡിസംബറിലാണ് മദ്രാസ് റെജിമെന്റില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. സൈനികനായിരുന്ന മുത്തച്ഛന്‍ മാളിയക്കല്‍ സെബാസ്റ്റ്യന്‍ നല്‍കിയ മാര്‍ഗദര്‍ശനമാണ് വിനോദിന് ആര്‍മിയിലേക്കുള്ള പാത തുറന്നുനല്‍കിയത്.
വിനോദിന്റെ അച്ഛന്‍ പി.ഡി. മാത്യു കായിക അധ്യപകനായിരുന്നു. തൊഴുപുഴ ബോയിസ് ഹൈസ്‌കൂളില്‍നിന്നാണ് വിരമിച്ചത്. അമ്മ അധ്യാപികയായിരുന്നു. ഇവര്‍ ഏഴുമുട്ടം സെയ്ന്റ് മേരീസ് എല്‍.പി.സ്‌കൂള്‍ അധ്യപികയായിരിക്കെയാണ് വിരമിച്ചത്. വിനോദിന്റ ഭാര്യ മിനി, മക്കള്‍ ടിഫാനി, മെവിന്‍. ഇവര്‍ കുടുബസമേതം ഇപ്പോള്‍ താമസിക്കുന്നത് ബെംഗളൂരുവിലാണ്. ഇനി രണ്ടുവര്‍ഷംകൂടി വിനോദിന് സേവനകാലാവധിയുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍