മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം ഇന്ന് പുനരാരംഭിക്കും

ബെംഗളൂരു: ഗംഗാവലിയിൽ ചെറിയ ഇടവേളയ്ക്ക് ശേഷം അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് വീണ്ടും പുനരാരംഭിക്കുമ്പോൾ അർജുനെ ഉടൻ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷ പങ്ക് വെച്ച് സഹോദരി അഞ്ജുവും ഭർത്താവ് ജിതിനും. പുഴയിലെ കുത്തൊഴുക്ക് മൂന്ന് നോട്ടിലെക്ക് താഴ്ന്നിട്ടുണ്ടെന്നും ജലനിരപ്പിലും വലിയ കുറവുണ്ടെന്നുമാണ് അധികൃതർ തങ്ങളോട് പറഞ്ഞതെന്ന് ജിതിൻ പറഞ്ഞു. നാവിക സേന ഒമ്പത് മണിയോടെ എത്തുമെന്നും സോണാർ പരിശോധന നടത്തി സ്‌കൂബ ഡൈവിങ് നടത്തുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചതായും ജിതിൻ വ്യക്തമാക്കി. നേരത്തെ പുഴയിലെ കുത്തൊഴുക്ക് ആറ് നോട്ടിലും കൂടുതലായിരുന്നതിനാൽ പുഴയിലിറങ്ങിയുള്ള രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു.


ഗംഗാവലിയിൽ ജലനിരപ്പ് നന്നേ കുറഞ്ഞ് പത്തോളം മൺതിട്ടകൾ കാണാൻ പറ്റുന്നുണ്ടെന്നും മഴ ഒഴിഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ അർജുനെ കണ്ടെത്താൻ ഇത് ഒരു ഗോൾഡൻ ചാൻസാണെന്നും ജിതിൻ പറഞ്ഞു. ന്യൂന മർദ്ദ പാത്തി രൂപപെടുന്നതിന് മുന്നേയും പശ്ചിമ ഘട്ടത്തിൽ മഴ പെയ്തു തുടങ്ങുന്നതിന് മുന്നേയും പരിശോധന പൂർത്തിയാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ക്രെയ്നും സോണാർ ഉപകരണങ്ങളും മാത്രമുപ്രയോഗിച്ച് തിരച്ചിൽ നടത്തുന്നത് ശ്രമകരമാണെന്നും ഡ്രഡ്‌ജർ അടക്കമുള്ള നൂതന സംവിധാനങ്ങൾ കൊണ്ട് വന്ന് രക്ഷാപ്രവർത്തനം എളുപ്പമാക്കണെമെന്നാണ് അർജുന്റെ സഹോദരിയുടെ ആവശ്യം. സംഭവം നടന്നിട്ട് ഒരു മാസം കഴിയുമ്പോൾ തിരച്ചിൽ ഇനി എങ്ങനെയാവും എന്നതിൽ ആശങ്കയുണ്ടെന്നും അർജുന്റെ സഹോദരി പറഞ്ഞു.

അതേ സമയം സോണാര്‍ പരിശോധന അടക്കം നടത്തി വിശദമായ തിരച്ചിൽ നടത്താനാണ് നാവികസേനയുടെ നീക്കം. ഇന്നലെ നടത്തിയ പരിശോധനയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നിന്നും സിഗ്നലുകള്‍ ലഭിച്ചിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചാവും വിശദമായ പരിശോധന. സോണാര്‍ പരിശോധനയിലൂടെ ട്രക്കിന്റെ സ്ഥാനം കൃത്യമായി കണ്ടെത്തിയതിന് ശേഷമാകും ഡൈവര്‍മാര്‍ പുഴയിലേക്ക് ഇറങ്ങുക. നദിയിലെ ജലനിരപ്പ് താഴ്ന്നതിനൊപ്പം കുത്തൊഴുക്കിനും കുറവുണ്ടെന്നാണ് നാവികസേന നടത്തിയ പരിശോധനയില്‍ വ്യക്തമായത്. ഇന്നലെ വൈകുന്നേരം ഉത്തര കന്നട ജില്ലാ കളക്ടര്‍, എസ് പി, നാവികസേന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.


ഗംഗാവലി പുഴയിലെ ഒഴുക്ക് കുറയുന്നതിന് അനുസരിച്ച് പുഴയില്‍ ഇറങ്ങി പരിശോധിക്കുമെന്നായിരുന്നു തിരച്ചില്‍ താത്കാലികമായി നിര്‍ത്തുന്ന ഘട്ടത്തില്‍ ജില്ലാ ഭരണകൂടം അറിയിച്ചിരുന്നത്. പുഴയിലെ ഒഴുക്കിന്റെ അളവ് എല്ലാ ദിവസവും പരിശോധിക്കുന്നുമുണ്ട്. രക്ഷാദൗത്യം തുടരുന്നതില്‍ പ്രതിസന്ധിയെന്നാണ് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ കഴിഞ്ഞ ദിവസം യോഗത്തിന് മുമ്പ് പ്രതികരിച്ചത്. അര്‍ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായി ഷിരൂരിലെ തിരച്ചില്‍ ദൗത്യം തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി തിരച്ചില്‍ തുടരണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസ് എന്‍വി അന്‍ജാരിയ, ജസ്റ്റിസ് കെ വി ആനന്ദ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു ഇടക്കാല ഉത്തരവ്.

പ്രതികൂല കാലാവസ്ഥ കാരണം ദൗത്യം താല്‍കാലികമായി നിര്‍ത്തിയെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തിരച്ചില്‍ ദൗത്യം വൈകാതെ പുനരാരംഭിക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിനിടെ അര്‍ജുനെ കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അര്‍ജുന്റെ കുടുംബത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖാമൂലം ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.