ഒന്‍പതുവയസുകാരി മരിച്ചത് മസ്തിഷ്ക ജ്വരം ബാധിച്ച്

താമരശ്ശേരിയിൽ ഒന്‍പതുവയസുകാരി മരിച്ചത് മസ്തിഷ്ക ജ്വരം ബാധിച്ചെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അമീബിക് മസ്തിഷ്ക ജ്വരമാണോയെന്ന് കണ്ടെത്താന്‍ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയയ്ക്കും.  

ബുധനാഴ്ച സ്കൂള്‍ വിട്ടുവന്നതിനുശേഷമാണ് നാലാം ക്ലാസുകാരി അനയയ്ക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടത്. വ്യാഴാഴ്ച രാവിലെ താമരശ്ശേരി താലൂക്കാശുപത്രി ഒപിയില്‍ ചികിത്സ തേടി.  രക്ത പരിശോധനാഫലത്തിനായി കാത്തിരിക്കേ കുട്ടിയുടെ ആരോഗ്യനില മോശമായി വായില്‍ നിന്ന് നുരയും പതയും വന്നു. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 

മെഡിക്കല്‍ കോളജില്‍ എത്തുന്നതിന് മുമ്പേ കുട്ടി മരിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇപ്പോള്‍ മസ്തിഷ്ക ജ്വരമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. കുട്ടി വീടിനടുത്തുള്ള കുളത്തില്‍ കുളിച്ചിരുന്നു. അതുകൊണ്ടുതന്നെ അമീബീക് മസ്തിഷ്ക്വ ജ്വരത്തിനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ആന്തരികാവയവങ്ങളുടെ പരിശോധനഫലം വന്നെങ്കിലേ ഇക്കാര്യം സ്ഥിരീകരിക്കാനാകു .അതേസമയം കുട്ടിക്ക് താലൂക്ക് ആശുപത്രിയില്‍ മതിയായ ചികില്‍സ കിട്ടിയില്ലെന്ന ആക്ഷേപവും മാതാപിതാക്കള്‍ ഉന്നയിച്ചിരുന്നു . 

നിപ സംശയത്തെത്തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ വൈറോളജി ലാബില്‍ സ്രവം പരിശോധിച്ചെങ്കിലും നെഗറ്റിവായിരുന്നു. കുട്ടിയുടെ സഹോദരങ്ങള്‍ക്കും സഹപാഠിക്കും പനിയുള്ളതിനാല്‍ ഇവരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. താമരശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍