കോഴിക്കോട് സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട്∙ ചേവായൂരിനടുത്ത് കരിക്കാംകുളം ഫ്ലോറിക്കന്‍ റോഡിലെ വാടകവീട്ടിൽ രണ്ടു സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മൂഴിക്കൽ മൂലക്കണ്ടി ശ്രീജയ (71), പുഷ്പ (66) എന്നിവരെയാണു മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും ശ്വാസംമുട്ടി മരിച്ചതാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. സംഭവത്തിന് ശേഷം കാണാതായ ഇവരുടെ സഹോദരൻ പ്രമോദിനെ പൊലീസ് അന്വേഷിക്കുന്നുണ്ട്. മൂന്നു വർഷത്തോളമായി ഇവർ ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
സഹോദരിമാർ മരിച്ച വിവരം ബന്ധുക്കളെയും സുഹൃത്തിനെയും പുലർച്ചെ അഞ്ചു മണിയോടെ പ്രമോദ് വിളിച്ചറിയിച്ചിരുന്നു. ഇതുപ്രകാരം ബന്ധുക്കൾ വീട്ടിലെത്തി നോക്കിയപ്പോഴാണു മൃതദേഹങ്ങൾ കണ്ടത്. വെള്ളതുണി പുതപ്പിച്ച് തലമാത്രം പുറത്തു കാണുന്ന നിലയിൽ രണ്ടു മുറികളിലായിരുന്നു മൃതശരീരങ്ങൾ. പ്രമോദിനെ ഫോണിലും മറ്റും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ആദ്യം റിങ് ചെയ്തിരുന്നെങ്കിലും പിന്നീട് ഓഫാക്കിയിരിക്കുന്നതായുള്ള സന്ദേശമാണ് ഫോണിൽ വിളിച്ചപ്പോൾ ലഭിച്ചതെന്ന് പരിസരവാസികൾ പറഞ്ഞു.
സമീപത്തെ ആശുപത്രിയിൽ വാർധക്യസഹജമായ ചില രോഗങ്ങൾക്കായി ചികിത്സ തേടി വന്ന സഹോദരിമാരാണ് ശ്രീജയയും പുഷ്പയുമെന്നാണ് അയൽവാസികൾ പറയുന്നത്. പ്രമോദിന്റെ മൊബൈൽ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്ന് ഫോൺ ഓഫ് ചെയ്യുന്നതിനു മുൻപ് ഇയാൾ ഫറോക്ക് ഭാഗത്ത് ഉണ്ടായിരുന്നുവെന്നാണ് വിവരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍