പ്രഭാത വാർത്തകൾ
2025 ഓഗസ്റ്റ് 14 വ്യാഴം
1200 കർക്കിടകം 29 രേവതി
1447 സ്വഫർ 19
◾ 'മരിച്ച' വോട്ടര്‍മാരുമായി ചായകുടി. തിരഞ്ഞെടുപ്പ് കമ്മീഷന് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി. പ്രത്യേക തീവ്ര പുനഃപരിശോധനയെ തുടര്‍ന്ന് 'മരിച്ചുപോയവര്‍' എന്ന് കാണിച്ച് കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കപ്പെട്ട ബിഹാറില്‍ നിന്നുള്ള ഏഴംഗ സംഘവുമായാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്നലെ കൂടിക്കാഴ്ച നടത്തിയത്. സുപ്രീം കോടതി എസ്‌ഐആറിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഇവര്‍ ഡല്‍ഹിയിലെത്തിയത്. 'ജീവിതത്തില്‍ രസകരമായ ഒരുപാട് അനുഭവങ്ങളുണ്ടായിട്ടുണ്ട്, പക്ഷെ 'മരിച്ചവരോടൊപ്പം' ചായ കുടിക്കാന്‍ എനിക്കൊരിക്കലും അവസരം ലഭിച്ചിട്ടില്ല. ഈ അതുല്യമായ അനുഭവത്തിന്, തിരഞ്ഞെടുപ്പ് കമ്മീഷന് നന്ദി,' എന്നാണ് ഇവരുമായുള്ള കൂടിക്കാഴ്ചയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് രാഹുല്‍ എക്സില്‍ കുറിച്ചത്.
◾ 'വോട്ട് കള്ളന്‍, സിംഹാസനം വിട്ടുപോകുക' എന്ന മുദ്രാവാക്യവുമായി വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ക്കെതിരെ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കമാകും. ഇതിന്റെ ഭാഗമായി ഇന്ന് രാത്രി 8 മണിക്ക് മെഴുകുതിരി തെളിയിച്ച് പ്രതിഷേധ പരിപാടികള്‍ക്ക് തുടക്കമിടും. ഈ മാസം 22 മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെ പ്രചാരണ റാലികളും സംഘടിപ്പിക്കും.
◾ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വി.ഡി. സവര്‍ക്കര്‍ക്കെതിരെയുള്ള പരാമര്‍ശത്തില്‍ മാനനഷ്ടക്കേസ് പരിഗണിക്കവെയാണ് രാഹുല്‍ പുനെ കോടതിയില്‍ ഇക്കാര്യം പറഞ്ഞത്. തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളും തനിക്കെതിരായ മാനനഷ്ടക്കേസില്‍ പരാതിക്കാരനായ സത്യകി സവര്‍ക്കറുടെ വംശപരമ്പരയും ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ജീവന് ഭീഷണിയുണ്ടെന്ന് കോടതിയില്‍ പറഞ്ഞത്. രാഹുല്‍ ഗാന്ധി സര്‍ക്കാറിന്റെ സംരക്ഷണം തേടിയതായും ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു.
◾ രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനത്തെ കുറിച്ച് അറിയില്ലെന്ന് സുപ്രീംകോടതി. ബീഹാറിലെ എസ്ഐആര്‍ നിര്‍ത്തിവെയ്ക്കണമെന്ന ഹര്‍ജികളിലെ വാദത്തിനിടെയാണ് ജസ്റ്റിസ് സൂര്യകാന്ത് ഇക്കാര്യം പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ വാര്‍ത്തസമ്മേളനം കഴിഞ്ഞതോടെ വെബ്സെറ്റിലുള്ള എസ്ഐആര്‍ കരട് പട്ടികയിലെ സെര്‍ച്ച് ഓപ്ഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഴിവാക്കിയെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വാദിച്ചു.
◾ 2023-24ല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനായി കേരളത്തില്‍ വോട്ടര്‍ പട്ടിക പുതുക്കുന്നതിന്റെ ചുമതല വഹിച്ച സ്വകാര്യ സോഫ്‌റ്റ്വെയര്‍ കമ്പനിയെ സ്വാധീനിച്ചാണ് ബിജെപി കേന്ദ്രനേതൃത്വം തൃശൂര്‍ ലോക്സഭാമണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ അവസാന നിമിഷം 30,000 ത്തിലേറെ വ്യാജ വോട്ടുകള്‍ തിരുകികയറ്റിയെതെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ടി എന്‍ പ്രതാപന്‍. ഇതേക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണമെന്നും ഈ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും ടി എന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു.
◾ തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വീണ്ടും വിമര്‍ശനവുമായി തൃശൂര്‍ ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ്. അധാര്‍മ്മികതയുടെ കാര്യമാണ് തൃശൂരില്‍ ഉന്നയിച്ചതെന്ന് ജോസഫ് ടാജറ്റ് പറഞ്ഞു. 11 വോട്ടുകള്‍ ചേര്‍ത്തതില്‍ അധാര്‍മ്മികതയുണ്ടെന്നും സുരേഷ് ഗോപി മൗനം പാലിച്ചത് തെറ്റ് സമ്മതിക്കുന്നതിന് സമാനമാണെന്നും അല്ലെങ്കില്‍ അയാളുടെ ധാര്‍ഷ്ട്യമാണെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന പ്രസ്താവനയാണ് പോയി തൂങ്ങി ചത്തുകൂടെ എന്നൊക്കെ പറയുന്നതെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.
◾ ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവ് കൈവരിച്ച കെ.എസ്.എഫ്.ഇയുടെ നേട്ടം കേരളത്തിനും സംസ്ഥാനത്തിന്റെ ധനകാര്യ മേഖലയ്ക്കും അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധികളില്‍ തളരാത്ത ഒരു മികച്ച സാമ്പത്തിക മാതൃകയാണ് കെ.എസ്.എഫ്.ഇ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കെ.എസ്.എഫ്.ഇയുടെ ഒരു ലക്ഷം കോടി വിറ്റുവരവ് നേട്ടത്തിന്റെ പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
◾ സംസ്ഥാനത്തെ ഒരു സ്‌കൂളും മാനേജ്‌മെന്റ് തര്‍ക്കങ്ങളുടെ പേരില്‍ അടച്ചിടാന്‍ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ അധ്യയനം മുടക്കുന്ന ഒരു നടപടിയും അംഗീകരിക്കില്ലെന്നും ഇത്തരം സാഹചര്യങ്ങളില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
◾ ഐഎച്ച്ആര്‍ഡി ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തി. 60 വയസ്സായി ഉയര്‍ത്തിക്കൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജീവനക്കാരുടെ നിലവിലെ വിരമിക്കല്‍ പ്രായം 58 ആണ്. ഐഎച്ച്ആര്‍ഡി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ഇല്ലായെന്നും വിരമിക്കല്‍ പ്രായം 58 വയസ്സില്‍ നിന്നും 60 വയസ്സ് ആക്കണമെന്നും ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. ഇതിന്മേലാണ് നടപടി.
◾ പിവി അന്‍വര്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് 12 കോടി രൂപ വായ്പയെടുത്തു തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ മലപ്പുറം കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ വിജിലന്‍സ് പരിശോധന. 2015 ല്‍ എടുത്ത 12 കോടി രൂപയുടെ വായ്പ തിരിച്ചടക്കാതെ 22 കോടി രൂപയായി എന്നാണ് പരാതി. കെഎഫ്‌സിക്ക് ഭീമമായ നഷ്ടം വരുത്തി എന്നാണ് കണ്ടെത്തല്‍. തിരുവനന്തപുരത്തു നിന്നുള്ള വിജിലന്‍സ് പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്.
◾ കാരുണ്യ സ്പര്‍ശം സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ വഴി അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ കഴിഞ്ഞവര്‍ക്കുള്ള മരുന്നുകള്‍ വിലകുറച്ച് നല്‍കുന്നതിന് നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മരണാനന്തര അവയവദാനം ചെയ്യുന്ന കുടുംബങ്ങളെ ആദരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വൈകാതെ ഉത്തരവ് പുറത്തിറക്കും എന്നും മന്ത്രി പറഞ്ഞു.
◾ വന്ദേഭാരത് ട്രെയിനിനു നേരെ കല്ലേറ്. മലപ്പുറം- താനൂരിനും തിരൂരിനും ഇടയില്‍ വച്ചാണ് കല്ലേറുണ്ടായത്. കല്ലേറില്‍ സി 7 കോച്ചിലെ ചില്ല് തകര്‍ന്നുവീണു. കാസര്‍കോടു നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്. അതേസമയം, യാത്രക്കാര്‍ക്ക് പരിക്കില്ലെന്നാണ് വിവരം. നിലവില്‍ ട്രെയിന്‍ യാത്ര തുടരുകയാണ്.
◾ പെട്രോള്‍ പമ്പുകളിലെ ശുചിമുറി ഉപയോഗവുമായി ബന്ധപ്പെട്ട് ഇടക്കാല ഉത്തരവില്‍ ഭേദഗതി വരുത്തി ഹൈക്കോടതി. ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പെട്രോള്‍ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സുരക്ഷാ പ്രശ്നം ഉണ്ടെങ്കില്‍ മാത്രമേ തടയാവൂ എന്നും അധികാരം സ്ഥാപിച്ച് ബോര്‍ഡ് സ്ഥാപിക്കരുതെന്നും എതിര്‍കക്ഷികളായ തൊടുപുഴ, തിരുവനന്തപുരം നഗരസഭകള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
◾ മുഖ്യമന്ത്രിയുടെ മകള്‍ പ്രതിയായ മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണം സംബന്ധിച്ച രേഖകള്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്ജിന് ലഭിക്കില്ല. ഭാഗികമായി രേഖകള്‍ നല്‍കണമെന്ന വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഷോണ്‍ ജോര്‍ജ്ജിന് രേഖകള്‍ നല്‍കുന്നത് ചോദ്യം ചെയ്ത് സിഎംആര്‍എല്‍ കമ്പനി നല്‍കിയ ഹര്‍ജി അനുവദിച്ചാണ് ഹൈക്കോടതി ഉത്തരവ്. എന്നാല്‍ ഈ ഹര്‍ജി വിചാരണ കോടതി വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
◾ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് 50 ശതമാനം തീരുവ അമേരിക്ക ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ കയറ്റുമതി കേന്ദ്രീകൃത വാണിജ്യമേഖലയ്ക്ക് പ്രവര്‍ത്തന മൂലധനം സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഗണിക്കുമെന്ന് സംസ്ഥാനതല ബാങ്കുകളുടെ സമിതി പറഞ്ഞു. സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവുമായി എസ് എല്‍ ബി സി പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയ്ക് ശേഷമാണ് ഈ ധാരണയായത്.
◾ മകന്റെ എന്‍ജിനീയറിങ് പഠനത്തിന് പണം കണ്ടെത്താനാകാതെ അച്ഛന്‍, റാന്നി അത്തിക്കയം വടക്കേചരുവില്‍ വി.ടി.ഷിജോ (47), മനംനൊന്ത് ആത്മഹത്യചെയ്ത് ഒരാഴ്ച പിന്നിട്ടപ്പോള്‍ അധ്യാപികയായ അമ്മ ലേഖയുടെ ശമ്പളക്കുടിശ്ശിക ലഭിച്ചു. 12 വര്‍ഷത്തെ ശമ്പളക്കുടിശ്ശിക ഇനത്തില്‍ 29 ലക്ഷം രൂപയാണ് നാറാണംമൂഴി സെയ്ന്റ് ജോസഫ് സ്‌കൂളിലെ അധ്യാപിക ലേഖാ രവീന്ദ്രന്റെ ബാങ്ക് അക്കൗണ്ടിലെത്തിയത്. ശേഷിക്കുന്ന 23 ലക്ഷം പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ അധ്യാപികയെ അറിയിച്ചു. ഷിജോയുടെ മരണശേഷം വിദ്യാഭ്യാസവകുപ്പിനെതിരെ വ്യാപക പരാതിയും വിമര്‍ശനവുമുണ്ടായതോടെ അധികൃതര്‍ ശമ്പളക്കുടുശ്ശിക അനുവദിക്കാനുള്ള നടപടി വേഗത്തിലാക്കുകയായിരുന്നു.
◾ വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിലെ റിസര്‍വോയറില്‍ യുവാവ് മുങ്ങി മരിച്ചു. കുറ്റിയാംവയല്‍ ഉന്നതിയിലെ ശരത്ത് ആണ് മരിച്ചത്. നീന്തുന്നതിനിടെ അപകടം ഉണ്ടാകുകയായിരുന്നു. ഇയാളുടെ മൃതദേഹം കല്‍പ്പറ്റയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘമെത്തി കണ്ടെടുത്തു.
◾ കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്ത് നല്‍കി. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും, പെണ്‍കുട്ടിയുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ വീട്ടില്‍ എത്തിയിരുന്നു. ആവശ്യമായ എല്ലാ നിയമസഹായവും സുരേഷ് ഗോപി ഉറപ്പുനല്‍കിയതായി പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.
◾ സാങ്കേതിക സര്‍വകലാശാലയില്‍ പൂര്‍ണമായും ഇയര്‍ ഔട്ട് ഒഴിവാക്കാന്‍ ധാരണ. വൈസ് ചാന്‍സിലര്‍ കെ ശിവപ്രസാദും എസ്എഫ്ഐയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇയര്‍ ഔട്ട് പൂര്‍ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ കെടിയുവിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇന്നലത്തെ ചര്‍ച്ച. ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികളുടെ വിഷയം ചര്‍ച്ച ചെയ്യാനായി സിന്‍ഡിക്കേറ്റ് യോഗം ചേരാമെന്നും സമ്മതിച്ചു.
◾ മാധ്യമ സ്വാതന്ത്ര്യത്തിന് സര്‍ക്കാര്‍ നിയന്ത്രണം ഇല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി. സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യത്തിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു എന്നത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്നും അത്തരം ഒരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വാര്‍ത്താ കുറിപ്പ് പറയുന്നു.
◾ സ്‌കൂള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ ഫറോക്ക് പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടി. അസം സ്വദേശിയായ പ്രസണ്‍ ജിത്ത് ആണ് ഫറോക്ക് സ്‌കൂളിന് സമീപത്ത് നിന്ന് പൊലീസിന്റെ പിടിയിലായത്. കയ്യില്‍ വിലങ്ങണിയിച്ച് ബെഞ്ചില്‍ ഇരുത്തിയ പ്രസണ്‍ ജിത്ത് പൊലീസിന്റെ ശ്രദ്ധ മാറിയപ്പോള്‍ പിന്‍വാതില്‍ വഴി രക്ഷപ്പെടുകയായിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിനിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലാണ് ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തത്.
◾ ബംഗാള്‍ ഉള്‍കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദം ശക്തിയാര്‍ജ്ജിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നാളെ വരെ മഴ ഭീഷണി തുടരും. ഇന്ന് എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
◾ തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ നടന്ന ബിരുദദാന ചടങ്ങില്‍ ഗവര്‍ണറുടെ കൈയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാന്‍ വിസമ്മതിച്ച് ഗവേഷക വിദ്യാര്‍ത്ഥി. തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിയില്‍ നിന്നാണ് ഗവേഷക വിദ്യാര്‍ത്ഥിയായ ജീന്‍ ജോസഫ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വിസമ്മതിച്ചത്. ഗവര്‍ണര്‍ തമിഴ്നാടിനും ഇവിടുത്തെ ജനങ്ങള്‍ക്കും എതിരാണെന്നും അതുകൊണ്ടാണ് അദ്ദേഹത്തില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാത്തതെന്നും ജീന്‍ ജോസഫ് പറഞ്ഞു.
◾ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കൊളത്തൂര്‍ മണ്ഡലത്തില്‍ കള്ളവോട്ട് ആരോപണവുമായി ബിജെപി രംഗത്തെത്തിയതിനെതിരെ ശക്തമായ പ്രതികരണവുമായി ഡി എം കെ. ആരോപണങ്ങള്‍ തെളിയിക്കാന്‍ ബി ജെ പിയെ വെല്ലുവിളിക്കുന്നതായി ഡി എം കെ നേതാവ് ആര്‍ എസ് ഭാരതി പറഞ്ഞു.
◾ തമിഴ്നാട്ടിലും വിഭജന ഭീതി ദിനം ആചരിക്കാന്‍ തീരുമാനം. വിഭജന സ്മരണകളുമായി ഇന്ന് ചിത്രപ്രദര്‍ശനം സംഘടിപ്പിക്കും. തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി ഉദ്ഘാടനം ചെയ്യും. അതേ സമയം, വിഭജന ഭീതി ദിനം ആചരിക്കുന്നതിനെ ചൊല്ലി ഗവര്‍ണ്ണറും കേരള സര്‍ക്കാറും തമ്മില്‍ ഭിന്നത രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ക്യാമ്പസുകളില്‍ ഇന്ന് പരിപാടികള്‍ നടത്തണമെന്ന് ഓര്‍മ്മിപ്പിച്ച് വിസിമാര്‍ക്ക് വീണ്ടും ഗവര്‍ണ്ണര്‍ കത്തയച്ചിരുന്നു. എന്നാല്‍ ഒരു പരിപാടിയും നടത്തരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
◾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ 2800 നായ്ക്കളെ കൊന്നതായി ജനതാദള്‍ സെക്കുലര്‍ പാര്‍ട്ടിയിലെ നേതാവിന്റെ തുറന്ന് പറച്ചില്‍. എംഎല്‍സി എസ്എല്‍ ഭോജഗൗഡയാണ് നായ്ക്കളെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയത്. ചിക്കമംഗളൂരു മുനിസിപ്പല്‍ കൗണ്‍സില്‍ അധ്യക്ഷനായിരുന്ന കാലത്ത് രണ്ടായിരത്തോളം തെരുവുനായകളെ കൊലപ്പെടുത്തി മരങ്ങള്‍ക്ക് വളമാക്കിയിട്ടുണ്ട് എന്നായിരുന്നു ഭോജേഗൗഡയുടെ വിവാദ പ്രസ്താവന. നായ്ക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ സുപ്രീം കോടതിയോട് ആവശ്യപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം കര്‍ണാടകയാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
◾ മഹാരാഷ്ട്രയിലെ ജാംനറില്‍ 21കാരനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ജാംനര്‍ സ്വദേശിയായ മുസ്ലിം യുവാവിനെയാണ് കുടുംബത്തിന് മുന്നില്‍ വച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ച അമ്മയേയും സഹോദരിയേയും ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതായാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്.
◾ മഹാരാഷ്ട്രയിലെ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ സ്വാതന്ത്ര്യദിനത്തില്‍ മാംസം നിരോധിച്ചു. സ്വാതന്ത്ര്യദിനത്തില്‍ മാംസ വില്‍പ്പന നിരോധിച്ചുകൊണ്ടുള്ള കല്യാണ്‍-ഡോംബിവ്‌ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (കെഡിഎംസി) ഉത്തരവാണ് വിവാദത്തിന് കാരണമായത്. പ്രതിപക്ഷമായ എന്‍സിപി (എസ്പി), ശിവസേന (യുബിടി) നേതാക്കള്‍ ഉത്തരവിനെതിരെ രംഗത്തെത്തി. ജനങ്ങളുടെ ഭക്ഷണ തിരഞ്ഞെടുപ്പുകള്‍ക്ക് നേരെയുള്ള ആക്രമണമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
◾ 45 വര്‍ഷം മുമ്പ് സോണിയ ഗാന്ധിയെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെത്തിയ സമയത്ത് ഇന്ത്യന്‍ പൗരത്വമുണ്ടായിരുന്നില്ല എന്ന ആരോപണവുമായി ബിജെപി. വോട്ടര്‍ തട്ടിപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബിജെപി ഒത്തുകളിക്കുന്നു എന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന് മറുപടിയായാണ് ഇത്തരമൊരു ആക്ഷേപം ഉയര്‍ത്തിയിട്ടുള്ളത്. ഇറ്റലിയില്‍ ജനിച്ച സോണിയ ഗാന്ധി 1980 മുതല്‍ 1982 വരെയുള്ള കാലഘട്ടത്തില്‍ വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നുവെന്നും, അവര്‍ക്ക് 1983-ലാണ് ഇന്ത്യന്‍ പൗരത്വം ലഭിച്ചതെന്നും മുന്‍ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ആരോപിച്ചു.
◾ ഇന്ത്യന്‍ പൗരത്വം ലഭിക്കും മുന്നേ സോണിയ ഗാന്ധി വോട്ടര്‍ പട്ടികയില്‍ ഇടം നേടിയെന്ന വിവാദത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ്. സോണിയ ഗാന്ധി വോട്ടര്‍ പട്ടികയില്‍ ഇടംനേടിയത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാല് പിടിച്ചല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വമേധയാ പേര് ചേര്‍ത്തതാണെന്നും എ ഐ സി സി പ്രവര്‍ത്തക സമിതി അംഗം താരിഖ് അന്‍വര്‍ വിശദീകരിച്ചു.
◾ ഗാസയില്‍ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയാണെന്നാരോപിച്ച പ്രിയങ്കാ ഗാന്ധിക്കെതിരെ ഇസ്രായേല്‍ അംബാസഡര്‍ റൂവന്‍ അസര്‍ രംഗത്തെത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഇസ്രായേല്‍ അംബാസഡര്‍ റൂവന്‍ അസറിനെതിരെ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര രംഗത്തെത്തി. ഇന്ത്യന്‍ പാര്‍ലമെന്റിലെ ഒരു അംഗത്തെ ലക്ഷ്യമിട്ട ഇസ്രായേല്‍ അംബാസഡറുടെ നീക്കത്തെ പവന്‍ ഖേര എക്സില്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇസ്രായേലിന്റെ നടപടി കേട്ടുകേള്‍വിയില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
◾ വോട്ടര്‍ പട്ടിക ക്രമക്കേടിനെതിരായ പ്രതിഷേധത്തില്‍ തന്റെ ചിത്രം പ്രിയങ്ക ഗാന്ധിയടക്കമുള്ള എംപിമാര്‍ ടീ ഷര്‍ട്ടില്‍ ഉപയോഗിച്ചതിനെതിരെ പരാതിയുമായി ബിഹാറിലെ വോട്ടറായ മിന്റ ദേവി. വോട്ടര്‍ ഐഡി കാര്‍ഡിലെ പിഴവാണ് തന്റെ പ്രായം 124 എന്ന് തെറ്റായി എഴുതാന്‍ കാരണമെന്ന് മിന്റ ദേവി പ്രതികരിച്ചു. തന്നോട് ചോദിക്കാതെയാണ് ചിത്രം ഉപയോഗിച്ചതെന്നും മിന്റ ദേവി പറഞ്ഞു.
◾ കുവൈത്ത് വിഷമദ്യ ദുരത്തില്‍ 40 ഇന്ത്യക്കാര്‍ ചികിത്സയില്‍ ഉള്ളതായി സ്ഥിരീകരിച്ച് ഇന്ത്യന്‍ എംബസി. ഇക്കൂട്ടത്തില്‍ മലയാളികളും ഉണ്ടെന്നുള്ള സൂചനയും പുറത്തുവന്നു. ചില മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ഇന്ത്യന്‍ എംബിസി സ്ഥിരീകരിക്കുമ്പോഴും എണ്ണമടക്കമുള്ള കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. ചിലര്‍ ഗുരുതരാവസ്ഥയിലാണെന്നും മറ്റു ചിലര്‍ സുഖം പ്രാപിച്ച് വരുന്നതായും ഇന്ത്യന്‍ എംബസി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഇതുവരെയായി 13 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക വിവരം. ചികിത്സയിലുള്ളവരില്‍ കൂടുതല്‍ പേരും മലയാളികളാണെന്നും സൂചനയുണ്ട്.
◾ അമേരിക്കയില്‍ ഹൈന്ദവ ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം. ഗ്രീന്‍വുഡ് സിറ്റിയിലെ ബിഎപിഎസ് സ്വാമിനാരായണ ക്ഷേത്രത്തിന് നേരെയാണ് ആക്രമണം നടന്നത്. ക്ഷേത്രത്തിന്റെ ചുവരുകള്‍ ഇന്ത്യാ വിരുദ്ധവും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരായ ചുവരെഴുത്തുകള്‍ കൊണ്ട് വികൃതമാക്കിയെന്ന് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ എക്സില്‍ കുറിച്ചു. ഒരു വര്‍ഷത്തിനിടെ ഇത് നാലാമത്തെ ക്ഷേത്രമാണ് അമേരിക്കയില്‍ ആക്രമിക്കപ്പെടുന്നത്.
◾ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും അടുത്ത മാസം ആദ്യം തന്നെ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇന്ത്യന്‍ വിമാനക്കമ്പനികളോട് സര്‍വീസുകള്‍ തയാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റില്‍ ചൈനയില്‍ നടക്കുന്ന എസ്സിഒ ഉച്ചകോടിക്ക് മുമ്പ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
◾ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യയിലേക്ക്. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രശ്നത്തെക്കുറിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചര്‍ച്ച നടത്താനാണ് പ്രധാനമായും വാങ് യി ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ടിയാന്‍ജിനിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്താനിരിക്കുന്ന യാത്രയ്ക്ക് മുന്നോടിയായാണ് വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം.
◾ യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ സമ്മതിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഖാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. അതേസമയം പുടിനുമായി സംഭാഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും യുദ്ധം അവസാനിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അമേരിക്കന്‍ പ്രസിഡന്റ് വിവരിച്ചു.
◾ ഒരു യുപിഐ ഉപയോക്താവിന് മറ്റൊരു അക്കൗണ്ട് ഉടമയില്‍ നിന്ന് പണം അഭ്യര്‍ത്ഥിക്കാന്‍ കഴിയുന്ന സവിശേഷത നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നിര്‍ത്തലാക്കുന്നു. ഒക്ടോബര്‍ 1 മുതല്‍ എല്ലാ പിയര്‍-ടു-പിയര്‍ ധന അഭ്യര്‍ത്ഥനകളും നിര്‍ത്തലാക്കാന്‍ ബാങ്കുകളോടും പേയ്‌മെന്റ് ആപ്പുകളോടും എന്‍പിസിഐ നിര്‍ദ്ദേശിച്ചു. സാമ്പത്തിക തട്ടിപ്പ് തടയുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. അതേസമയം നിയമാനുസൃതമായ ബിസിനസ് ഇടപാടുകള്‍ നടത്തുന്നതിനായി കളക്റ്റ് അഭ്യര്‍ത്ഥനകള്‍ തുടര്‍ന്നും ഉപയോഗിക്കാം. ഇതനുസരിച്ച് ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍, സ്വിഗ്ഗി, ഐആര്‍സിടിസി പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ കളക്ഷന്‍ അഭ്യര്‍ത്ഥന അനുസരിച്ച് ഉപയോക്താക്കള്‍ക്ക് പേയ്‌മെന്റുകള്‍ നടത്താം. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്ലാറ്റ്ഫോമുകളുടെ ആപ്പ് അയയ്ക്കുന്ന കളക്ഷന്‍ അഭ്യര്‍ത്ഥന ഉപയോക്താവ് അംഗീകാരം നല്‍കിയാല്‍ മാത്രമാണ് പേയ്‌മെന്റ് പൂര്‍ത്തിയാകുക. ഇന്ത്യയില്‍ ഏകദേശം 40 കോടി യുപിഐ ഉപയോക്താക്കളുണ്ട്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമാണ് യുപിഐ. 25 ലക്ഷം കോടി രൂപയുടെ ഏകദേശം 2,000 കോടി പ്രതിമാസ ഇടപാടുകളാണ് യുപിഐ വഴി കൈകാര്യം ചെയ്യുന്നത്.
◾ നവാഗതനായ പോള്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന 'കാട്ടാളന്‍' എന്ന സിനിമയ്ക്ക് ഓഗസ്റ്റ് ഇരുപത്തിരണ്ടിന് തിരിതെളിയും. പാന്‍ ഇന്ത്യന്‍ ചിത്രമായി അവതരിപ്പിക്കുന്ന സിനിമയുടെ മുതല്‍മുടക്ക് 45 കോടിയാണ്. കാന്താര ചാപ്റ്റര്‍ 2 വിനു ശേഷം പ്രശസ്ത കന്നഡ സംഗീത സംവിധായകനായ അജനീഷ് ലോക്നാഥ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ആക്ഷന്‍ കോറിയോഗ്രാഫര്‍ ലോകപ്രശസ്തനായ കൊച്ച കെംബഡിയാണ് ചിത്രത്തിന്റെ ആക്ഷന്‍ കൈകാര്യം ചെയ്യുന്നുത്. ആന്റണി വര്‍ഗീസ് ആണ് നായകന്‍. രജിഷാ വിജയനാണ് നായിക. തെലുങ്കിലെ പ്രശസ്ത താരം സുനില്‍ (പുഷ്പ ഫെയിം), കബീര്‍ ദുഹാന്‍ സിങ്, വ്ളോഗറും ഗായകനുമായ ഹനാന്‍ഷാ, റാപ്പര്‍ ബേബി ജീന്‍, തെലുങ്ക് താരം രാജ് തിരാണ്ടുസു എന്നിവരും മലയാളത്തില്‍ നിന്നും ജഗദീഷ്, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഉണ്ണി ആര്‍. ആണ് ഈ ചിത്രത്തിന്റെ സംഭാഷണം രചിക്കുന്നത്.
◾ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയില്‍ ഷെയിന്‍ നിഗം ചിത്രം 'ബള്‍ട്ടി'യില്‍ എത്താനൊരുങ്ങുകയാണ് തമിഴ് താരം ശന്തനു ഭാഗ്യരാജ്. 'ബള്‍ട്ടി'യിലെ ശന്തനുവിന്റെ ക്യാരക്ടര്‍ ഗ്ലിംപ്സ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുകയാണ്. ചിത്രത്തില്‍ ഉദയന്‍ എന്ന കഥാപാത്രമായി എത്തുന്ന ഷെയിനിനോടൊപ്പം നില്‍ക്കുന്ന വേഷം തന്നെയാണ് ശന്തനുവിന്റേത് എന്നാണ് സൂചന. ബാലതാരമായി സിനിമാലോകത്ത് എത്തിയ ശന്തനു നായക വേഷത്തിലും സഹനടനായുമൊക്കെ ഒട്ടേറെ തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും ഏതാനും സിനിമകളുടെ ഭാഗമായിട്ടുണ്ട്. സെപ്റ്റംബര്‍ റിലീസായാണ് ചിത്രം തിയറ്ററുകളില്‍ എത്താനിരിക്കുന്നത്. സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള ചിത്രമായി ഒരുങ്ങുന്ന 'ബള്‍ട്ടി'യുടെ സംവിധാനം നിര്‍വ്വഹിക്കുന്നത് നവാഗതനായ ഉണ്ണി ശിവലിംഗമാണ്.
◾ 2025 ദീപാവലി സീസണോടെ സിയറ ഇവി ഷോറൂമുകളില്‍ എത്തുമെന്ന് ടാറ്റ മോട്ടോഴ്‌സ് സ്ഥിരീകരിച്ചു. എസ്യുവി തുടക്കത്തില്‍ ഒരു ഇലക്ട്രിക് പവര്‍ട്രെയിന്‍ ഉപയോഗിച്ചായിരിക്കും അവതരിപ്പിക്കുക. കൂടാതെ അതിന്റെ പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ 2026 ന്റെ തുടക്കത്തില്‍ എത്തും. ചെറിയ ബാറ്ററി പിന്‍ ആക്‌സില്‍ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്നു. ഇത് 627 കിലോമീറ്റര്‍ എംഐഡിസി റേഞ്ച് വാഗ്ദാനം ചെയ്യുന്നു. അതേസമയം വലിയ ബാറ്ററി പായ്ക്ക് 622 കിലോമീറ്റര്‍ ഇലക്ട്രിക് റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഇരട്ട മോട്ടോറുകളുമായി ജോടിയാക്കിയിരിക്കുന്നു. തുടക്കത്തില്‍, അതിന്റെ പെട്രോള്‍ പതിപ്പ് ഒരു പുതിയ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനായിരിക്കും വാഗ്ദാനം ചെയ്യുന്നത്. പിന്നീടുള്ള ഘട്ടത്തില്‍, എസ്യുവിക്ക് 170 ബിഎച്ച്പി പരമാവധി പവറും 280 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന പുതിയ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ലഭിക്കും. ടാറ്റ സിയറ ഡീസല്‍ മോഡലില്‍ ഹാരിയറില്‍ നിന്ന് കടമെടുത്ത 2.0 ലിറ്റര്‍ ക്രയോടെക് ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. ഈ എഞ്ചിന്‍ പരമാവധി 170 പിഎസ് പവറും 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
◾ ബില്‍ഗേറ്റ്‌സിന്റെ ഈ വചനമാണ് അരുവിപ്പാറയിലെ അവനീന്ദ്രന്, തന്റെ ജീവിതയാത്രയ്ക്ക് ധൈര്യം പകര്‍ന്നത്. ചക്രക്കസേരയിലിരുന്ന് തനിക്ക് പ്രാവര്‍ത്തികമാക്കാന്‍ പറ്റുന്ന സ്വപ്നങ്ങള്‍ കാണുമ്പോഴും, ജീവിതത്തിന്റെ ചതിക്കുഴികളില്‍പെട്ട മനുഷ്യരെ പിടിച്ചുയര്‍ത്താനും, സ്വന്തം ഗ്രാമത്തിന്റെ ഹൃദയം പൊള്ളിക്കുന്ന വിപത്തിന്റെ തായ്വേര് അറുക്കുവാനും തുനിഞ്ഞിറങ്ങിയ ഒരു ഭിന്നശേഷിക്കാരനായ ലോട്ടറി വില്‍പ്പനക്കാരന്റെയും ഗ്രാമത്തിന്റെയും അസാധാരണ കഥ. മനസ്സിന്റെ ആഴങ്ങളില്‍ സംവദിക്കുന്ന വികാര സമ്മിശ്രമായ നോവല്‍. 'വീരചക്ര'. ഷമീം യൂസഫ് കളരിക്കല്‍. ലിപി പബ്ളിക്കേഷന്‍സ്. വില 342 രൂപ.
◾ ശരീരത്തിലെ രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിന് പൊട്ടാസ്യത്തിന്റെ അളവു നിര്‍ണായകമാണ്. ആവശ്യത്തിന് പൊട്ടാസ്യം കഴിക്കുന്നത് ശരീരത്തില്‍ നിന്ന് അധിക സോഡിയം ഇല്ലാതാക്കാന്‍ സഹായിക്കും. ഉയര്‍ന്ന സോഡിയത്തിന്റെ അളവ് ഉയര്‍ന്ന രക്തസമ്മര്‍ദത്തിലേക്ക് നയിക്കും. ഇത് വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍, പക്ഷാഘാതം, ഹൃദ്രോഗം എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. അമിതമായ സോഡിയം ഉപഭോഗം വയറ്റിലെ കാന്‍സര്‍, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ സങ്കീര്‍ണതകള്‍ക്കും കാരണമാകും. കൂടാതെ ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ ശരിയായ അളവു രക്തസമ്മര്‍ദം കുറയ്ക്കുന്നതിലൂടെ വൈജ്ഞാനിക കഴിവുകള്‍ വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മാത്രമല്ല, മൂത്രത്തിലൂടെയുള്ള കാല്‍സ്യം നഷ്ടം കുറയ്ക്കുന്നതിലൂടെയും ശരീരത്തിലെ കാല്‍സ്യം ആഗിരണം വര്‍ധിപ്പിക്കുന്നതിലൂടെയും പൊട്ടാസ്യം അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. പേശിവലിവ് തടയുന്നതിനും പേശികളുടെ പരിക്കു കുറയ്ക്കുന്നതിലും പൊട്ടാസ്യം നിര്‍ണായകമാണ്. മറ്റൊരു പഠനത്തില്‍ പൊട്ടാസ്യത്തിന്റെ ഉപഭോഗം വര്‍ധിപ്പിക്കുന്നത് പക്ഷാഘാതം വരാനുള്ള സാധ്യത 24 ശതമാനമായി കുറയ്ക്കുന്നതായി കണ്ടെത്തി. പ്രതിദിനം പരമാവധി 500 മില്ലിഗ്രാം പൊട്ടാസ്യം ദൈനംദിന ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. വാഴപ്പഴം,ബദാം, കശുവണ്ടി, മത്തങ്ങ, സൂര്യകാന്തി വിത്തുകള്‍, പാല്‍, കിഡ്നി ബീന്‍സ്, ബ്ലാക്ക് ബീന്‍സ് തുടങ്ങിയ ഇനങ്ങള്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഉരുളക്കിഴങ്ങ്, ചീര, സാല്‍മണ്‍, ട്യൂണ തുടങ്ങിയ മത്സ്യങ്ങള്‍ എന്നിവയിലും പൊട്ടാസ്യം ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരു കര്‍ഷകന്‍ ഒരു ദിവസം സന്ധ്യാ നേരത്ത് ചന്തയില്‍ പോയി തിരിച്ചുവരുമ്പോള്‍ കാണുന്നത് അയാളുടെ വീടിനകത്തേക്ക് കയറിപ്പോകുന്ന വലിയൊരു മൂര്‍ഖന്‍ പാമ്പിനെയാണ്. ആ കര്‍ഷകന്റെ മൂന്ന് കുട്ടികള്‍ വീടിനകത്ത് കളിക്കുകയായിരുന്നു. വാതില്‍ അകത്തു നിന്ന് അടച്ചിരുന്നു. അയാള്‍ ജനലഴികളില്‍ക്കൂടെ അകത്തേക്ക് നോക്കി കുട്ടികളോട് പറഞ്ഞു: 'വേഗം പുറത്തിറങ്ങി വരൂ... വീടിനകത്ത് പാമ്പ് കയറിയിട്ടുണ്ട് ' എന്നാല്‍ കുട്ടികള്‍ ഇത് നുണയാണെന്ന് കരുതി. കാരണം അച്ഛന്‍ ഇതുപോലെ പാമ്പിന്റേതായി കുറേ കഥകള്‍ പറഞ്ഞ് കുഞ്ഞുനാളില്‍ തങ്ങളെ ഉറക്കിയിരുന്നു. എന്നാല്‍ കുറച്ചുകൂടി വളര്‍ന്നപ്പോള്‍ അവര്‍ക്ക് മനസ്സിലായി അതൊക്ക വെറും കഥകള്‍ മാത്രമാണെന്ന്. അതുപോലൊരു കഥ മാത്രമാണ് ഇതെന്നും അവര്‍ കരുതി. അതിനാല്‍ കുട്ടികള്‍ പറഞ്ഞു: 'അച്ഛാ... വെറുതെ നുണ പറഞ്ഞ് ഞങ്ങളെ പറ്റിക്കല്ലേ...ഇതുപോലെ എത്ര കഥകള്‍ അച്ഛന്‍ പറഞ്ഞിരിക്കുന്നു...' കുട്ടികളുടെ മറുപടി കേട്ട് കര്‍ഷകന്‍ ആകെ പരിഭ്രാന്തനായി. പെട്ടെന്ന് അയാള്‍ക്ക് ഒരു ആശയം തോന്നി. ചന്തയില്‍ നിന്ന് വാങ്ങിക്കൊണ്ടുവന്ന വലിയൊരു പൊതി ഉയര്‍ത്തിപ്പിടിച്ച് അയാള്‍ പറഞ്ഞു: 'നോക്ക്... ഈ പൊതിയില്‍ നിങ്ങള്‍ക്കായി വാങ്ങിയ കളിപ്പാട്ടങ്ങളാണ്. നിങ്ങള്‍ പുറത്തേക്ക് വന്നാല്‍ ഇത് തരാം' അത് കേട്ടയുടനെ കുട്ടികള്‍ പുറത്തേക്ക് ചാടിയിറങ്ങി വന്നു. അങ്ങനെ അച്ഛന്‍ പറഞ്ഞ വലിയൊരു നുണ കുട്ടികളെ പാമ്പില്‍നിന്നും രക്ഷപ്പെടുത്തി. കുഞ്ഞുനാളില്‍ നമ്മള്‍ കേള്‍ക്കുന്ന മുത്തശ്ശിക്കഥകള്‍ പലതും സത്യമെന്ന് നമുക്ക് തോന്നുന്ന സുന്ദരമായ നുണക്കഥകളായിരിക്കും. അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും അടങ്ങിയ കഥകള്‍. ഓരോ കാപട്യവും മറ്റൊരു കാപട്യത്തിലേക്ക് നയിക്കുവാന്‍ നമ്മെ നിര്‍ബന്ധിക്കുന്നു. അത് കൂടുതല്‍ നുണകളിലേക്കും കള്ളത്തരങ്ങളിലേക്കും നമ്മെ നയിക്കുന്നു. കള്ളത്തരങ്ങള്‍ ആദ്യ ഘട്ടത്തില്‍ മധുരതരമായി തോന്നും. അവ ഇന്നല്ലെങ്കില്‍ നാളെ കയ്പ്പിലേക്ക് തീര്‍ച്ചയായും എത്തിച്ചേരും. ആദ്യം അമൃതായി തോന്നുന്ന അസത്യങ്ങള്‍ തന്നെയാണ് പിന്നീട് വിഷമായിട്ട് മാറുന്നതും നമ്മുടെ അധ:പതനത്തിന് കാരണമായിത്തീരുന്നതും. - ശുഭദിനം.
➖➖➖➖➖➖➖➖
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍