പ്രഭാത വാർത്തകൾ
2025 ഓഗസ്റ്റ് 21 വ്യാഴം
1201 ചിങ്ങം 5 പൂയം
1447 സ്വഫർ 26
◾ സംസ്ഥാനത്തെ പ്രമുഖനായ യുവ നേതാവിനെതിരെ വെളിപ്പെടുത്തലുമായി യുവ നടി റിനി ആന്‍ ജോര്‍ജ്. നിരവധി തവണ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ശരിയല്ലെന്ന് പറഞ്ഞിട്ടും വീണ്ടും തുടര്‍ന്നുവെന്നും അശ്ലീല സന്ദേശമയക്കുന്നത് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ പോയി പറയ്, എന്നായിരുന്നു യുവനേതാവിന്റെ പ്രതികരണമെന്നും യുവടി പറഞ്ഞു. യുവനേതാവിന് സംരക്ഷണ വലയമുണ്ടെന്നും ഇത്തരക്കാരെ വലിയ സ്ഥാനങ്ങളിലെത്തിക്കുന്നത് കാണുമ്പോള്‍ സങ്കടമുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള ആളുകളെ ഇനിയും സ്ഥാനങ്ങളില്‍ എത്തിക്കരുതെന്ന് മാത്രം പറയുകയാണെന്നും റിനി പറഞ്ഞു. ഹു കെയേഴ്സ് എന്ന ആറ്റിറ്റിയൂഡുള്ള യുവനേതാവാണെന്ന് നടി പറഞ്ഞെങ്കിലും യുവനേതാവിന്റെ പേര് വെളിപ്പെടുത്താന്‍ നടി തയ്യാറായില്ല.
◾ നടി റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എംഎല്‍എ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമായി. സംഘര്‍ഷമുണ്ടായതോടെ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കാന്‍ ചെയ്തു. മാര്‍ച്ചില്‍ പങ്കെടുത്ത സി കൃഷ്ണകുമാറിനെയും പൊലീസ് തടഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുദ്രാവാക്യം മുഴക്കിയും രാജി ആവശ്യപ്പെട്ടുമാണ് മാര്‍ച്ച്.
◾ യുവ നടിയുടെ ആരോപണം ആര്‍ക്കെതിരെയാണെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും അറിയാമെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍. നേരത്തെ ഒരു ആരോപണം വന്നപ്പോള്‍ ഹൂ കെയേഴ്സ് എന്ന് പറഞ്ഞത് ഏതു യുവ നേതാവാണെന്ന് എല്ലാവര്ക്കും അറിയാമല്ലോയെന്നും ആ യുവ നടി വളരെ വ്യക്തമായി ഇത് തന്നെ പറഞ്ഞല്ലോയെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് പാലക്കാട്ടെ എംഎല്‍എ ഓഫീസിലേക്ക് രാത്രി ബിജെപി നടത്തിയ മാര്‍ച്ചിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുന്‍പും ആരോപണം ഉണ്ടായിട്ടുണ്ടെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്. വിശദമായി അന്വേഷിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എല്ലാം അറിയാം. ആരോപണം ആര്‍ക്കെതിരെയാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്ക്കും അറിയാമെന്നും മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തുവന്നതെന്നും പ്രശാന്ത് ശിവന് പ്രതികരിച്ചു.
◾ കേരളം രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനം. തിരുവനന്തപുരത്ത് ഇന്ന് വൈകീട്ട് 4.30ന് നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപനം നടത്തും. സംസ്ഥാനത്ത് 14നും 60നും ഇടയ്ക്ക് പ്രായമുള്ള 99 ശതമാനം ആളുകള്‍ ഡിജിറ്റല്‍ സാക്ഷരത നേടിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നത്. അതേസമയം ഡിജി കേരളം പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെല്ലാം തെരഞ്ഞെടുപ്പ് ഗിമ്മിക്കുകളാണെന്നാണ് പ്രതിപക്ഷ വിമര്‍ശനം.
◾ അഞ്ചുവര്‍ഷമോ അതില്‍കൂടുതലോ ശിക്ഷ ലഭിക്കുന്ന കുറ്റത്തിന് അറസ്റ്റിലായി, 30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ള മന്ത്രിമാരെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന വിവാദ ഭരണഘടനാ ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിട്ടു. പാര്‍ലമെന്റിന്റെ അടുത്തസമ്മേനളനത്തില്‍ ജെപിസി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷം ബില്ലിന്റെ പകര്‍പ്പ് കീറിയെറിയുകയും ബില്ലിന്മേല് അതിരൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണത്തെ അസ്ഥിരപ്പെടുത്തുകയാണ് ഈ ബില്ലിലൂടെ ബിജെപി ലക്ഷ്യംവെക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം.
◾ ലോക്സഭയില്‍ വിവാദ ഭരണഘടനാ ഭേദഗതി ബില്‍ അവതരിപ്പിക്കുന്നതിനിടെ കൊമ്പുകോര്‍ത്ത് കെ.സി. വേണുഗോപാലും ആഭ്യന്തരമന്ത്രി അമിത് ഷായും. അഞ്ചുകൊല്ലമോ അതില്‍ക്കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന്, അറസ്റ്റിലായി മുപ്പതുദിവസം ജയിലില്‍ കഴിഞ്ഞാല്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉള്‍പ്പെടെ ഏത് മന്ത്രിയെയും നീക്കംചെയ്യാന്‍ വ്യവസ്ഥചെയ്യുന്ന 130-ാം ഭരണഘടന ഭേദഗതി ബില്ലിന്റെ 'ധാര്‍മികത'യെ ചൊല്ലിയാണ് വാക്പോരുണ്ടായത്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ളതാണ് ഈ ബില്ലെന്ന് കെ.സി.വേണുഗോപാല്‍ ആരോപിച്ചു. എന്നാല്‍ രാഷ്ട്രീയത്തില്‍ ധാര്‍മികത കൊണ്ടുവരാനാണ് ഈ ബില്‍ എന്നാണ് ബിജെപി നേതാക്കളുടെ പക്ഷം.
◾ ഏതെങ്കിലും കേസില്‍പ്പെട്ട് ഒരുമാസത്തിലധികം അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലാകുന്ന മന്ത്രിമാരെ പുറത്താക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരം നല്കുന്ന ബില്ലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ വേട്ടയാടാനുള്ള പുതിയ കുതന്ത്രമാണ് സംഘപരിവാര്‍ പ്രയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.കേന്ദ്ര അന്വേഷണ ഏജന്‍സികളെയുപയോഗിച്ചു നടത്തുന്ന പകപോക്കല്‍-വേട്ടയാടല്‍ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണിത് എന്നും അദ്ദേഹം പറഞ്ഞു .
◾ അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ലില്‍ നിലപാട് തിരുത്തി ശശി തരൂര്‍ എംപി. ബില്ലിലെ വ്യവസ്ഥകളോട് എതിര്‍പ്പെന്ന് ശശി തരൂര്‍ പറഞ്ഞു. അയോഗ്യരാക്കാന്‍ കുറ്റം തെളിയണമെന്നും നേരത്തെ പറഞ്ഞത് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. ബില്ലില്‍ തനിക്ക് തെറ്റൊന്നും കാണാന്‍ കഴിയുന്നില്ലെന്നാണ് ശശി തരൂര്‍ വിഷയത്തില്‍ ആദ്യം പ്രതികരിച്ചത്.
◾ ഓണത്തിന് സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. അരി സ്കൂളുകളില്‍ നേരിട്ട് എത്തിച്ചുനല്കുന്നതിനുള്ള ചുമതല സപ്ലൈക്കോയ്ക്ക് നല്‍കിയിട്ടുണ്ട്.
◾ സംസ്ഥാന സ്കൂള്‍ കായികമേളയിലും ഇനി സ്വര്‍ണക്കപ്പ്. സംസ്ഥാന സ്കൂള്‍ കലോത്സവം മാതൃകയില്‍ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് കിട്ടുന്ന ജില്ലയ്ക്കാണ് സ്വര്‍ണക്കപ്പ് സമ്മാനിക്കുക. സ്കൂള്‍ ഒളിമ്പിക്സ് സംഘാടക സമിതി യോഗത്തിലാണ് വിദ്യാഭ്യാസമന്ത്രിയുടെ പ്രഖ്യാപനം. സ്വര്‍ണക്കപ്പിന്റെ രൂപകല്‍പ്പനയില്‍ ഉടന്‍ തീരുമാനമുണ്ടാകും.
◾ ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൂടുതല്‍ രേഖകള്‍ ഹാജരാക്കണമെങ്കില്‍ തിങ്കളാഴ്ച വരെ സമയം നല്‍കാമെന്ന് കോടതി വ്യക്തമാക്കി. നേരത്തെ ഇന്ന് കേസ് പരിഗണിക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അടുത്തതവണ കേസ് പരിഗണിക്കുന്നതുവരെ വേടന്റെ അറസ്റ്റ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത്.
◾ വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎസ്യു നേതാവ്. എംഎസ്എഫ് മതസംഘടന തന്നെയാണെന്നും മുഖം മറച്ച് ക്യാമ്പസ്സില്‍ മതം പറഞ്ഞ് വിദ്യാര്‍ത്ഥി സമൂഹത്തെ വേര് തിരിക്കുന്നവരാണെന്നും കെ എസ് യു കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുബാസ് സിഎച്ച് ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നേരം വെളുക്കാത്ത എംഎസ്എഫ് സ്വയം തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ കാലഘട്ടത്തിന്റെ ചവറ്റുകുട്ടയിലേക്ക് നിങ്ങള്‍ എറിയപ്പെടുന്ന കാലം അതി വിദൂരമല്ലെന്നും മുബാസ് വ്യക്തമാക്കി.
◾ കേരളത്തിലും തമിഴ്നാട്ടിലുമായി നടക്കുന്ന അനധികൃത ഏലം ഇ ലേലത്തിനെതിരെ മുന്നറിയിപ്പുമായി സ്പൈസസ് ബോര്‍ഡ്. അംഗീകൃത ലൈസന്‍സ് ഇല്ലാത്ത ആളുകളും സ്ഥാപനങ്ങളും നടത്തുന്ന ഇത്തരം ലേലങ്ങള്‍ അനധികൃതമാണെന്നും ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും സ്പൈസസ് ബോര്‍ഡ് വ്യക്തമാക്കി.
◾ പറവൂര്‍ കോട്ടുവള്ളിയില്‍ പലിശക്ക് പണം കടം കൊടുത്തവരുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്ത് പൊലീസ്. പുഴയില്‍ ചാടി മരിച്ച ആശയുടെ ആത്മഹത്യ കുറിപ്പിന്റെ പശ്ചാത്തലത്തിലാണ് റിട്ടയര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന് പ്രദീക് കുമാര്‍, ഭാര്യ ബിന്ദു എന്നിവര്‍ക്കെതിരെ നടപടി. ആശയും ബിന്ദുവും തമ്മില്‍ നടത്തിയ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടും അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് വീഴ്ച ആരോപിച്ച് ആശയുടെ കുടുംബം രംഗത്തുവന്നു.
◾ എറണാകുളം പറവൂര്‍ കോട്ടുവള്ളിയിലെ വീട്ടമ്മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ പൊലീസുകാരന്റെ മൂത്ത മകള്‍ കസ്റ്റഡിയില്‍. ഏറെ നേരം നീണ്ടുനിന്ന നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ മകള്‍ക്ക് കേസുമായി ബന്ധമില്ലെന്നും അകാരണമായി ഇവരെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്നും പറഞ്ഞ് ഇവരുടെ അഭിഭാഷകര്‍ പൊലീസിനെ തടയുകയായിരുന്നു. ആശയുടെ മരണവുമായി ബന്ധപ്പെട്ട് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പ്രദീപും ബിന്ദുവും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പ്രദീപിന്റെയും ബിന്ദുവിന്റെയും ഒപ്പം മകളും കഴിഞ്ഞ ദിവസം ആശയുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ മകളെ കൂടി കസ്റ്റഡിയിലെടുത്ത് പ്രതിചേര്‍ക്കാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു.
◾ പൊതുപ്രവര്ത്തകന് ജോമോന് പുത്തന്‍പുരയ്ക്കല്‍ നല്കിയ അപകീര്‍ത്തി കേസില്‍ സിസ്റ്റര്‍ അഭയയുടെ മാതാപിതാക്കളുടെ അഭിഭാഷകനായിരുന്ന എ.എക്സ്. വര്‍ഗീസ് ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ ആറു മാസത്തെ തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കലാകൗമുദി പത്രാധിപര്‍ എം. സുകുമാരന്‍, മാധ്യമ പ്രവര്ത്തകന് പിഎം ബിനുകുമാര്‍ എന്നിവരാണ് കേസിലെ മറ്റ് രണ്ട് പ്രതികള്‍. തൃപ്പൂണിത്തുറ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. 2010ല്‍ കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച എം.എക്സ്. വര്‍ഗീസിന്റെ അഭിമുഖത്തിലാണ് കേസിനാസ്പദമായ പരാമര്‍ശങ്ങള്‍.
◾ പട്ടികവര്‍ഗക്കാര്‍ക്ക് 1000 രൂപ വീതം ഓണസമ്മാനം നല്കാന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സംസ്ഥാനത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പെന്‍ഷന്‍കാര്‍ ഒഴികെ 60 വയസ്സിന് മുകളില്‍ പ്രായമുള്ള അര്‍ഹരായ 52,864 പട്ടികവര്‍ഗക്കാര്‍ക്ക് ആയിരിക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുക.
◾ പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയായിരുന്ന സിപിഎം നേതാവിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ നേതാക്കളെ തിരിച്ചെടുത്തു. മുന്‍ കെപിസിസി സെക്രട്ടറി ബാലകൃഷ്ണന് പെരിയ, യുഡിഎഫ് നിയോജക മണ്ഡലം ചെയര്മാന് രാജന് പെരിയ, മുന്‍ മണ്ഡലം പ്രസിഡന്റ് പി പ്രമോദ് കുമാര്‍, പെരിയ സഹകരണ ബാങ്ക് പ്രസിഡന്റ് ടി രാമകൃഷ്ണന് എന്നിവര്‍ക്കെതിരായ നടപടിയാണ് പിന്‍വലിച്ചത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫാണ് ഇക്കാര്യം അറിയിച്ചത്.
◾ സംസ്ഥാനത്തെ ഇ-മാലിന്യ പ്രശ്നത്തിന് ശാസ്ത്രീയമായ പരിഹാരം ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പാക്കുന്ന ജനകീയ പദ്ധതി വന്‍വിജയം. ഹരിതകര്‍മസേനയുടെ നേതൃത്വത്തില്‍ ഒരു മാസം മുന്‍പ് ആരംഭിച്ച ഇ-മാലിന്യ ശേഖരണ പദ്ധതിയിലൂടെ ഇതുവരെ ഖേരിച്ചത് 33,945 കിലോ മാലിന്യം.തദ്ദേശ സ്വയംഭരണ വകുപ്പ്, ക്ലീന്‍ കേരള കമ്പനി, ശുചിത്വ മിഷന്, കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
◾ കോളേജ് യൂണിയന് തെരഞ്ഞെടുപ്പിനെ ചൊല്ലി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെഎസ്യു പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ചങ്ങനാശ്ശേരി എസ്ബി കോളേജിലെ യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. ചങ്ങനാശ്ശേരി എസ്ബി കോളേജിലെ കെഎസ്യുവിന്റെ തോല്‍വിക്ക് പിന്നാലെ ചങ്ങനാശ്ശേരിയില്‍ കെഎസ്യു പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു.
◾ കണ്ണൂരില്‍ യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം. യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കൊല്ലാന്‍ ശ്രമിച്ച യുവാവിനും പൊള്ളലേറ്റു. യുവാവിനെയും ഗുരുതരമായി പൊള്ളലേറ്റ യുവതിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ പരിക്ക് ഗുരുതരമാണ്. കണ്ണൂര്‍ കുറ്റിയാട്ടൂര്‍ ഉരുവച്ചാലില്‍ ആണ് സംഭവം.
◾ ഇന്ത്യയുടെ ആണവായുധ വാഹകശേഷിയുള്ള ഇടത്തരം ബാലിസ്റ്റിക് മിസൈലായ അഗ്നി-5 വിജയകരമായി പരീക്ഷിച്ചതായി പ്രതിരോധ മന്ത്രാലയം. ഒഡിഷയിലെ ചാന്ദിപ്പുരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്ന് ഇന്നലെയാണ് പരീക്ഷണ വിക്ഷേപണം നടന്നത്. മിസൈലിന്റെ സാങ്കേതികവും പ്രായോഗികവുമായ എല്ലാ കഴിവുകളും വിക്ഷേപണത്തില്‍ സ്ഥിരീകരിച്ചു.
◾ കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ദേശീയപാതയോരത്ത് പാതി കത്തി, നഗ്നമാക്കിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയിലായി. രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട കേസില്‍ ചേതന്‍ എന്ന യുവാവാണ് പിടിയിലായത്. കോളേജ് വിദ്യാര്‍ത്ഥിനിയെ കഴുത്തുഞെരിച്ച് കൊന്ന് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. രണ്ടു വര്‍ഷമായി ചേതനും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു എന്ന് പൊലീസ് പറയുന്നു. വിവാഹം കഴിക്കാന്‍ യുവതിയുടെ ബന്ധുക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നാണ് പ്രതിയുടെ മൊഴി. താനുമായി പ്രണയത്തിലുള്ളപ്പോള്‍ തന്നെ പെണ്‍കുട്ടി മറ്റൊരാളുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് ചേതന്‍ പൊലീസിനോട് പറഞ്ഞത്.
◾ 16 വയസ്സുള്ള ഒരു മുസ്ലീം പെണ്‍കുട്ടിക്കും 30 വയസ്സുള്ള ഭര്‍ത്താവിനും സംരക്ഷണം നല്കിയ 2022 ലെ പഞ്ചാബ്, ഹരിയാന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത നാഷണല്‍ കമ്മീഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ് ഹര്‍ജി സുപ്രീം കോടതി തള്ളി. മുസ്ലീം വ്യക്തിനിയമപ്രകാരം, പ്രായപൂര്‍ത്തിയായ അല്ലെങ്കില്‍ 15 വയസ്സിനു മുകളിലുള്ള ഒരു പെണ്‍കുട്ടിക്ക്, പോക്സോ നിയമത്തിലെ വ്യവസ്ഥകള്‍ പരിഗണിക്കാതെ ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാന്‍ അവകാശമുണ്ടെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു.
◾ പൊതുപരിപാടിക്കിടെ തനിക്കുനേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് പ്രതികരിച്ച് ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത. ആക്രമണം തനിക്കുനേര്‍ക്ക് മാത്രമായിരുന്നില്ലെന്നും ഡല്‍ഹിയെ സേവിക്കാനും പൊതുനന്മയ്ക്കും വേണ്ടിയുള്ള തന്റെ ദൃഢനിശ്ചയത്തിനു നേര്‍ക്കുകൂടിയുള്ള ഭീരുത്വം നിറഞ്ഞ ശ്രമമായിരുന്നു അതെന്ന് അവര്‍ പറഞ്ഞു. സാമൂഹികമാധ്യമായ എക്സിലൂടെ ആയിരുന്നു അവരുടെ പ്രതികരണം.
◾ ഓപ്പറേഷനില്‍ തകര്‍ന്ന ഭീകര കേന്ദ്രങ്ങള്‍ പുനര്‍നിര്‍മിക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുമായി പാകിസ്താന് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ധനസമാഹരണ കാമ്പെയ്ന് ആരംഭിച്ചതായി റിപ്പോര്‍ട്ട്. മേയ് ഏഴിന് നടന്ന ഓപ്പറേഷന് സിന്ദൂറില്‍ ജെയ്ഷെ മുഹമ്മദിന്റെ ഭീകര താവളങ്ങളില്‍ പലതും തകര്‍ക്കപ്പെട്ടിരുന്നു.
◾ കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജുവിനും രവ്നീത് സിങ് ബിട്ടുവിനുമെതിരേ തൃണമൂല്‍ കോണ്‍ഗ്രസ്. ലോക്സഭയില്‍ ബുധനാഴ്ച നടന്ന പ്രതിഷേധത്തിനിടെ പാര്‍ട്ടിയുടെ വനിതാ എംപിമാരായ മിതാലി ബാഗിനെയും ശതാബ്ദി റോയിയെയും മന്ത്രിമാര്‍ ഇരുവരും ആക്രമിച്ചെന്നാണ് ടിഎംസിയുടെ ആരോപണം.
◾ ഇന്ത്യയ്ക്ക് 5 ശതമാനം കിഴിവില്‍ എണ്ണ വിതരണം ചെയ്യുന്നത് തുടരുമെന്ന് റഷ്യ. ഇന്ത്യയിലേക്കുള്ള റഷ്യയുടെ അസംസ്കൃത എണ്ണ കയറ്റുമതി ചര്‍ച്ചകള്‍ക്ക് വിധേയമായി 5 ശതമാനം കിഴിവ് ഉണ്ടായിരിക്കുമെന്ന് ഇന്ത്യയിലെ റഷ്യയുടെ ഡെപ്യൂട്ടി വ്യാപാര പ്രതിനിധി എവ്ജെനി ഗ്രിവ പറഞ്ഞു. ഇന്ത്യ ഏകദേശം ഒരേ അളവിലുള്ള എണ്ണ ഇറക്കുമതി ചെയ്യുമെന്നും എന്ന് ഗ്രിവ കൂട്ടിച്ചേര്‍ത്തു.
◾ യുക്രെയ്നിനു സുരക്ഷ ഉറപ്പാക്കാന്‍ റഷ്യയെ മാറ്റിനിര്‍ത്തി ചര്‍ച്ച നടത്തുന്നത് 'എങ്ങുമെത്താത്ത വഴി'യാണെന്നു റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്റോവ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കാണാന്‍ യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കിക്കൊപ്പം യൂറോപ്യന്‍ യൂണിയന് നേതാക്കള്‍ എത്തിയതിനെയും തുടര്‍ന്നു സ്വന്തം നിലയ്ക്കു പ്രഖ്യാപനങ്ങള്‍ നടത്തിയതിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
◾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ചരക്കുനീക്കത്തിലൂടെ നേടിയ വരുമാനം 450 കോടി രൂപ പിന്നിട്ടു. വാണിജ്യ പ്രവര്‍ത്തനം തുടങ്ങി എട്ട് മാസങ്ങള്‍ക്കുള്ളിലാണ് തുറമുഖം ഈ നേട്ടം പിന്നിട്ടത്. ഇതുവരെ വിഴിഞ്ഞത്ത് എത്തിയത് 448 കപ്പലുകളാണെന്നും 9.77 ലക്ഷം ടി.ഇ.യു കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്തതായും കണക്കുകള്‍ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലുകളില്‍ ഒന്നായ എം.എസ്.സി ഐറീന ഉള്‍പ്പെടെയുള്ള നിരവധി കപ്പലുകളും തീരമണഞ്ഞിരുന്നു. ഇതിലൂടെ ജി.എസ്.ടി ഇനത്തില്‍ ഏകദേശം 75 കോടി രൂപയുടെ വരുമാനം സംസ്ഥാന സര്‍ക്കാരിന് ലഭിച്ചതായാണ് കണക്കാക്കുന്നത്. മെയ് മാസത്തില്‍ വിഴിഞ്ഞം കൈകാര്യം ചെയ്തത് 1.2 ലക്ഷം ടി.ഇ.യു കണ്ടെയ്നറുകളാണ്. ജൂണില്‍ ഇത് 99,976 ടി.ഇ.യു ആയി ചുരുങ്ങി. ജൂലൈയില്‍ കണ്ടെയ്നറുകളുടെ എണ്ണം 1.05 ലക്ഷമായി വര്‍ധിച്ചു. എന്നാല്‍ ഓഗസ്റ്റ് 17 വരെയുള്ള കണക്ക് പ്രകാരം തുറമുഖത്ത് എത്തിയത് 24 കപ്പലുകളാണ്. മാര്‍ച്ചില്‍ 51 കപ്പലുകള്‍ അടുത്തതായും കണക്കുകള്‍ പറയുന്നു.
◾ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഒരു ഹൊറര്‍ ചിത്രം. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഒരു വളര്‍ത്തുനായ! നായ പ്രധാന കഥാപാത്രമായി എത്തുന്ന ഹോളിവുഡ് ഹൊറര്‍ ചിത്രം 'ഗുഡ് ബോയ്'യുടെ ട്രെയിലര്‍ പുറത്ത്. ബെന്‍ ലിയോണ്ബെര്ഗാണ് ചിത്രത്തിന്റെ സംവിധായകന്. വിഎഫ്എക്സുകള്‍ ഉപയോഗിക്കാതെ ഇന്‍ഡി എന്ന വളര്‍ത്തുനായയെ ഉപയോഗിച്ചാണ് സിനിമ പൂര്‍ണമായും ഒരുക്കിയിരിക്കുന്നത്. പുതിയ വീട്ടിലേക്ക് താമസം മാറുന്ന ഇന്‍ഡിയും ഉടമയും നേരിടേണ്ടിവരുന്ന അമാനുഷികമായ അനുഭവങ്ങളാണ് ചിത്രം പറയുന്നത്. ഇന്‍ഡി എന്ന നായയുടെ കാഴ്ചയിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. പ്രേക്ഷകരില്‍ ഭീതിനിറയ്ക്കുന്ന രംഗങ്ങളാണ് ട്രെയിലറില്‍. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധിപ്പേരാണ് ട്രെയിലര്‍ കണ്ടത്. ഒക്ടോബര്‍ മൂന്നിനാണ് ചിത്രം റിലീസ് ചെയ്യുക. ഷെയ്ന് ജെന്സന്, ഏരിയല്‍ ഫ്രീഡ്മാന്, ലാറി ഫെസെന്ഡന് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
◾ സ്പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന് നിര്‍മ്മിച്ച് നവാഗതനായ ഫൈസല്‍ ഫസലുദ്ദീന്‍ എഴുതി സംവിധാനം ചെയ്യുന്ന 'മേനേ പ്യാര് കിയ'യിലെ 'മനോഹരി' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ സോങ് റിലീസ് ചെയ്തു. മുത്തുവിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഇലക്ട്രോണിക് കിളിയാണ്. നിഹാല്‍ സാദിഖും വിജയ് ആനന്ദും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ് വരികള്‍ ഉള്‍പ്പെടുത്തിയ ഗാനമാണ് 'മനോഹരി'. ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്, അസ്കര്‍ അലി, മിദൂട്ടി, അര്ജുന്, ജഗദീഷ് ജനാര്ദ്ദനന് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓണം റിലീസായാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാര്‍, റിഡിന് കിംഗ്സിലി, ത്രികണ്ണന്‍,മൈം ഗോപി, ബോക്സര്‍ ദീന, ജീവിന് റെക്സ, ബിബിന്‍ പെരുമ്പിള്ളി, ജെറോം, മുസ്തഫ, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍.
◾ ഓണം കൂടുതല്‍ കളറാക്കാന്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ച് യമഹ മോട്ടര്‍. റേ സിആര്‍ 125 എഫ്ഐ ഹൈബ്രിഡ്, റേ സിആര്‍ 125 എഫ്ഐ ഹൈബ്രിഡ് എന്നീ സ്കൂട്ടറുകള്‍ക്ക് 10,010 രൂപയുടെ ഇളവുകള്‍ ലഭിക്കും. ഫസീനോ 125 ഹൈബ്രിഡ് സ്കൂട്ടറിന് 7400 രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ്. ഹൈബ്രിഡ് സ്കൂട്ടര്‍ മോഡലുകള്‍ക്ക് 4999 രൂപ മുതല്‍ ആരംഭിക്കുന്ന കുറഞ്ഞ ഡൗണ്‍ പെയ്മെന്റും ആകര്‍ഷകമായ പലിശ നിരക്കുകളും. എഫ്സി മോട്ടര്‍ സൈക്കിളുകള്‍ക്ക് 7,999 രൂപ മുതല്‍ ആരംഭിക്കുന്ന കുറഞ്ഞ ഡൗണ്‍ പെയ്മെന്റും ആകര്‍ഷകമായ പലിശ നിരക്കുകളും. ആര്15 മോഡല്‍ മോട്ടര്‍ സൈക്കിളുകള്‍ക്ക് 19,999 രൂപ മുതല്‍ ആരംഭിക്കുന്ന കുറഞ്ഞ ഡൗണ്‍ പെയ്മെന്റും ആകര്‍ഷകമായ പലിശ നിരക്കുകളും. എംടി15 14,999 രൂപ മുതല്‍ ആരംഭിക്കുന്ന കുറഞ്ഞ ഡൗണ്‍ പെയ്മെന്റിലും ആകര്‍ഷകമായ പലിശ നിരക്കുകളിലും ലഭിക്കും. കൂടാതെ എല്ലാ മെയ്ഡ് ഇന്‍ ഇന്ത്യ മോട്ടര്‍ സൈക്കിള്‍, സ്കൂട്ടര്‍ മോഡലുകള്‍ക്കും പത്തുവര്‍ഷത്തെ വാറന്റിയും യമഹ വാഗ്ദാനം ചെയ്യുന്നു.
◾ കോഴിക്കോടിന്റെ പൈതൃകം, ഇന്നലെകളിലെ കോഴിക്കോട്, മിഠായിത്തെരുവ് എന്നീ ചരിത്രഗ്രന്ഥങ്ങള്ക്കുശേഷം കോഴിക്കോടിന്റെ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും പൈതൃകത്തിലേക്കുമുള്ള ഒരപൂര്വ്വസഞ്ചാരമാകുന്ന പുസ്തകം. ഭരണരംഗം, കൃഷി, വ്യാപാരം, വ്യവസായം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, നിയമം, നീതിനിര്‍വ്വഹണം, ഗതാഗതം, സാമൂഹികജീവിതം തുടങ്ങി പലപല മേഖലകളിലെ കോഴിക്കോടിന്റെ ഭൂതകാല യാഥാര്‍ത്ഥ്യങ്ങളെ ചരിത്രരേഖകളുടെ അടിസ്ഥാനത്തില്‍, ലളിതസുന്ദരമായ ശൈലിയില്‍, നര്‍മ്മത്തിന്റെ തൊടുകുറിയോടെ അടുത്തറിയാം. ടി.ബി. സെലുരാജിന്റെ ഏറ്റവും പുതിയ ചരിത്രപുസ്തകം. 'കോഴിക്കോടിന്റെ എഴുതാപ്പുറങ്ങള്‍'. മാതൃഭൂമി. വില 272 രൂപ.
◾ ഭക്ഷണത്തിനൊപ്പം നെയ്യ് കൂട്ടി കഴിക്കുന്നത്, ആരോഗ്യത്തിന് പൊതുവെ നല്ലതാണ്. നെയ്യ് ദഹനം മെച്ചപ്പെടുത്താനും ഭക്ഷണത്തിന് രുചി കൂട്ടാനും സഹായിക്കും. എന്നാല്‍ ചില ഭക്ഷണങ്ങള്‍ക്കൊപ്പം നെയ്യ് ചേര്‍ക്കുന്നത് ഗുണത്തെക്കാള്‍ ദോഷം ഉണ്ടാക്കാം. ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിമൈക്രോബയല്‍, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ ഇവ രണ്ടും ആരോഗ്യത്തിന് മികച്ചതാണ്. എന്നാല്‍ ഇവ രണ്ടും ഒരുമിച്ചു കഴിക്കാന്‍ പാടില്ല. ഭക്ഷണത്തില്‍ ഇവ രണ്ടും ഒന്നിച്ച് തുല്യ അളവില്‍ ചേര്‍ക്കുന്നത് മാരകമായ വിഷവസ്തുക്കള്‍ പുറന്താള്ളാന്‍ കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. ര്‍ഘകാലം ഉപയോഗിക്കുമ്പോള്‍ ശരീരത്തില്‍ പ്രത്യക്ഷമായ പ്രശ്നങ്ങളുണ്ടായേക്കും. നെയ്യ് ചൂടും എണ്ണമയമുള്ളതുമാണ്. എന്നാല്‍ തൈര് തണുത്തതും കട്ടിയുള്ളതുമാണ്. ഈ പൊരുത്തക്കേട് ദഹനത്തെ ആശയക്കുഴപ്പത്തിലാക്കിയെന്ന് വരാം. ഇത് വയര്‍ വീര്‍ക്കല്‍, ദഹനം മന്ദഗതിയിലാകല്‍, കുടലിലെ അസന്തുലിതാവസ്ഥ എന്നിവയിലേക്ക് നയിച്ചേക്കാം. റാഡിഷ് പലക്കും വളരെ ഇഷ്ടുപ്പെട്ട ഒന്നാണ്. ഇവയില്‍ ആരോഗ്യഗുണങ്ങളും നിരവധി അടങ്ങിയിട്ടുണ്ട്. എന്നാല്‍ നെയ്യുമായി ഇവ ഒരുമിച്ച് കഴിക്കാനാവില്ല. അവ ആരോഗ്യത്തിന് ദോഷം ചെയ്യും. ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളും നെല്ലിക്കയും നെയ്ക്കൊപ്പം കഴിക്കരുത്. നെയ്യ് ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും. അതിനൊപ്പം ചേരുമ്പോള്‍ സിട്രസ് പഴങ്ങളുടെ അസിഡിറ്റി സ്വഭാവം ദഹനത്തെ തടസ്സപ്പെടുത്തും. പുളിച്ചുതികട്ടല്‍, ഗ്യാസ്, വയറുവീര്‍ക്കല്‍ എന്നിവയ്ക്ക് കാരണമാകും.
*ശുഭദിനം*
*കവിത കണ്ണന്*
എന്തുവിലകൊടുത്തും സന്തോഷം കണ്ടെത്താനുളള ശ്രമത്തിലായിരുന്നു അവള്. അതിനായി തന്റെ സമ്പാദ്യം മുഴുവന്‍ ഭാണ്ഡത്തിലാക്കി അവള് നാടുമുഴുവന്‍ നടന്നു. ആ നാട്ടിലെ സന്യാസിവര്യന്റെ അടുത്തും അവള് എത്തി. തന്റെ അന്വേഷണത്തെ കുറിച്ച് പറഞ്ഞു. സന്യാസിയാകട്ടെ അവളുടെ ഭാണ്ഡക്കെട്ടും എടുത്ത് ഓടി. പിന്നാലെ കുറെ ഓടിയെങ്കിലും അവള്‍ക്ക് സന്യാസിയെ കണ്ടെത്താനായില്ല. അല്പം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ സന്യാസി പഴയ സ്ഥലത്ത് തന്നെ ഇരിപ്പുണ്ട്. തൊട്ടടുത്ത് അവളുടെ ഭാണ്ഡക്കെട്ടും ഇരിപ്പുണ്ട്. അവള് ഓടിവന്ന് അതെടുത്തു. അപ്പോള്‍ സന്യാസിചോദിച്ചു: ഇപ്പോള്‍ നീ സന്തോഷവതിയല്ലേ? അവള് പറഞ്ഞു: ഇതുപോലെ ഞാന്‍ ഒരിക്കലും സന്തോഷിച്ചിട്ടില്ല. സന്തോഷമെന്നത് കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ്. എന്തെല്ലാം ഉണ്ടായിട്ടും സന്തോഷം ഇല്ലാത്തവരും, ഒന്നുമില്ലാഞ്ഞിട്ടും ആഹ്ലാദഭരിതരാകുന്നവരുമുണ്ട്. സന്തോഷമെന്നത് നാം ഓരോരുത്തരുടേയും തീരുമാനമാണ്. ഏത് പരിമിതിയിലും ഉളളത് കൊണ്ട് ആഘോഷിക്കുന്നവര്‍ക്ക് ആഹ്ലാദിക്കാന്‍ പ്രത്യേകിച്ച് കാരണമൊന്നും വേണ്ടിവരില്ല. നമുക്ക് ഉളളതില്‍ സന്തോഷിക്കാന്‍ ശ്രമിക്കാം - ശുഭദിനം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍