താമരശ്ശേരി ചുങ്കത്ത് മത്സ്യമാര്‍ക്കറ്റില്‍ സംഘർഷം; രണ്ടുപേര്‍ പോലീസ് പിടിയില്‍


താമരശ്ശേരി: താമരശ്ശേരി ചുങ്കത്ത് മത്സ്യമാര്‍ക്കറ്റില്‍ സംഘര്‍ഷമുണ്ടാക്കിയ രണ്ടുപേര്‍ പോലീസ് പിടിയില്‍. കണ്ണൂർ സ്വദേശിയായ ദിജിൽ ഡേവിഡ് (39), മെക്കാവ് സ്വദേശിയായ ആൽബി ബേബി (30) എന്നിവരാണ് പിടിയിലായത്. സ്റ്റേഷനിലെത്തിച്ച സമയത്ത് പ്രതികളിലൊരാള്‍ ഇറങ്ങി ഓടാന്‍ ശ്രമിച്ചു. ഇവര്‍ വൈദ്യപരിശോധനയ്ക്ക് തയ്യാറാകാതിരുന്നത് പോലീസിനെ മണിക്കൂറുകളോളം വലച്ചു.

താമരശ്ശേരിയിലെ ഒരു സ്വകാര്യ മത്സ്യമാര്‍ക്കറ്റിലാണ് കഴിഞ്ഞദിവസം സംഘര്‍ഷം ഉണ്ടാകുന്നത്. സ്വകാര്യ മത്സ്യ മാർക്കറ്റ് ഉടമയായ ഷബീറും സുഹൃത്തായ ലത്തീഫും തമ്മില്‍ സാമ്പത്തികമായ ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. അതിന്റെ ഭാഗമായി മാര്‍ക്കറ്റിന്റെ ഉടമ മാര്‍ക്കറ്റിലേക്കുള്ള വഴി തടസ്സപ്പെടുത്താനായി ചിലരെ നിയോഗിച്ചിരുന്നു. വഴിയില്‍ വലിയ കുഴി ഉണ്ടാക്കി ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. കുഴി എടുക്കലിന് നേതൃത്യം നൽകിയത് നാട്ടിലെ അറിയപ്പെടുന്ന ക്വട്ടേഷൻ സംഘത്തിൽപ്പെട്ടവരായിരുന്നു. ഇവര്‍ വൈകുന്നേരം ഇവിടെ നിന്ന് മടങ്ങുകയും രാത്രി സ്ഥലത്ത് തിരിച്ചെത്തുകയും ചെയ്തു. ഈ സമയത്ത് മദ്യപിച്ചുകൊണ്ടിരുന്ന പ്രതികള്‍ മാര്‍ക്കറ്റിലെത്തി തൊഴിലാളികളെ ആക്രോശിക്കുകയായിരുന്നു.

വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി രണ്ടുപേരെയും പിടികൂടി. പിന്നാലെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ച സമയത്ത് ഇവര്‍ പോലീസിന് നേരെ ഭീഷണി മുഴക്കുകയായിരുന്നു. മൂന്നുമണിക്കൂറിന് ശേഷമാണ് ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാന്‍ സാധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

'അല്‍ഹംദുലില്ലാഹ്, ഞാന്‍ ദൈവത്തിനോട് ഉറപ്പാക്കിയിട്ടാണ് പറയുന്നത്. മദ്യപിച്ചതിന്റെ പേരില്‍ പ്രശ്‌നം വന്നാല്‍ ഞാന്‍ നിങ്ങളുടെ കുടുംബത്തിലേക്ക് വരും. ഉറപ്പാണ്.' - പ്രതികളിലൊരാള്‍ പോലീസിനോട് പറയുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഇരുവരും പോലീസിനോട് കയര്‍ക്കുകയും ചെയ്തു. 'സാര്‍ അടിക്കരുത്, ഞാന്‍ ഇപ്പോള്‍ ബോക്‌സ് ചെയ്താലോ സാറിന് വിഷമമാകൂലേ.'- പ്രതികള്‍ തുടര്‍ച്ചയായി പോലീസിന് നേരെ ഭീഷണിമുഴക്കുകയും ചെയ്തു.

ദിജിലിന്റെ ദേഹത്ത് കത്തി കൊണ്ട് മുറിവേറ്റ പാടുണ്ടായിരുന്നു. ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിലാണ് മുറിവേറ്റതെന്ന് നാട്ടുകാർ പറഞ്ഞു.ഇവർ രണ്ടു പേരും സ്ഥലത്തെത്തിയത് ഒരു ഗുഡ്സ് ഓട്ടോയിലായിരുന്നു, ഓട്ടോ പിന്നീട് മറ്റൊരാൾ സ്ഥലത്തു നിന്നും കൊണ്ടുപോയതായും, ഓട്ടോയിൽ ആയുധങ്ങൾ ഉണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു.ഇരുവരും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഇരുവരുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍