യൂത്ത് കോൺഗ്രസ് നേതാവിന് പൊലിസ് സ്റ്റേഷനിൽ ക്രൂര മർദനം; നാല് ഉദ്യോഗസ്ഥരുടെ രണ്ട് വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കി

തൃശ്ശൂർ:യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ കുന്നംകുളം പൊലിസ് സ്റ്റേഷനിൽ വെച്ച് ക്രൂര മർദനത്തിന് ഇരയാക്കിയ സംഭവത്തിൽ തൃശ്ശൂർ ഡിഐജി ഹരിശങ്കർ ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ക്രൂരമർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് നടപടി. 2023 ഏപ്രിൽ 5-ന് നടന്ന ഈ സംഭവത്തിൽ, പരാതി ഉയർന്ന ഉടനെ നടപടി സ്വീകരിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

4 പൊലിസ് ഉദ്യോഗസ്ഥർക്ക് രണ്ട് വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കുകയും അവരെ സ്റ്റേഷനിൽ നിന്ന് സ്ഥലംമാറ്റുകയും ചെയ്തു. "കൈകൊണ്ട് ഇടിച്ചു" എന്ന കുറ്റം മാത്രമാണ് ഉദ്യോഗസ്ഥർക്കെതിരെ ഉള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. കോടതിയും ഈ കുറ്റം മാത്രമാണ് പരിഗണിച്ചത്. തുടർനടപടികൾക്കായി കോടതി ഉത്തരവിനായി കാത്തിരിക്കുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. നിലവിൽ കുന്നംകുളം കോടതി കേസ് നേരിട്ട് അന്വേഷിക്കുകയാണ്.

തൃശ്ശൂർ ചൊവ്വന്നൂരിൽ വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലിസ് ഭീഷണിപ്പെടുത്തുന്നത് കണ്ടതിനെ തുടർന്ന്, യൂത്ത് കോൺഗ്രസ് നേതാവായ സുജിത്ത് കാരണം തിരക്കാൻ ശ്രമിച്ചതാണ് ക്രൂര മർദനത്തിന് ഇരയാവാൻ കാരണം. ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പൊലിസ് സ്റ്റേഷനിലെ എസ്.ഐ. നുഹ്മാൻ, സുജിത്തിനെ പൊലിസ് ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഷർട്ട് ഊരിമാറ്റിയ നിലയിൽ സ്റ്റേഷനിലെത്തിച്ച സുജിത്തിനെ, മൂന്നിലധികം പൊലിസുകാർ ചേർന്ന് വളഞ്ഞ് മർദിച്ചു. സ്റ്റേഷനിൽ വെച്ച് കുനിച്ചുനിർത്തി, സുജിത്തിന്റെ പുറത്തും മുഖത്തും അടക്കം അടിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

രണ്ട് വർഷത്തെ നിയമപോരാട്ടത്തിന് ശേഷം, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. ഈ ദൃശ്യങ്ങൾ സുജിത്തിന് നേരെ നടന്ന അതിക്രൂരമായ മർദനത്തിന്റെ തെളിവായി മാറി, ഇത് വ്യാപകമായ ചർച്ചകൾക്ക് കാരണമായി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍