പ്രഭാത വാർത്തകൾ

2025  നവംബർ 1  ശനി 
1201  തുലാം 15  ചതയം 
1447  ജ : അവ്വൽ 10

◾ ഇന്ന് നവംബര്‍ 1, ശനിയാഴ്ച. കേരളപ്പിറവി. ഏവര്‍ക്കും ഡെയ്ലി ന്യൂസിന്റെ കേരളപ്പിറവി ആശംസകള്‍.

◾ സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര മുക്ത കേരളം പ്രഖ്യാപനം കേരളപ്പിറവി ദിനമായ ഇന്ന്. രാജ്യത്ത് ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യത്തെ സംസ്ഥാനവും ആഗോളതലത്തില്‍ ചൈനയ്ക്കു ശേഷം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ സമഗ്രമായ രീതിയില്‍ നടപ്പാക്കുന്ന രണ്ടാമത്തെ പ്രദേശം എന്ന ബഹുമതിയും കേരളം ഇന്ന് സ്വന്തമാക്കും. നീതി ആയോഗിന്റെ സൂചികകള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ ദാരിദ്ര്യമുള്ള സംസ്ഥാനമാണ് കേരളം. ഇന്ന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അതിദാരിദ്ര്യമില്ലാത്ത കേരളത്തിന്റെ പ്രഖ്യാപനം നടത്തും. സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും ഈ പരിപാടിയില്‍ പങ്കെടുക്കും. സിനിമാതാരങ്ങളായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

◾ കേരളപ്പിറവിയോടനുബന്ധിച്ച് 2025-ലെ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. വിവിധ മേഖലകളില്‍ സമൂഹത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ്‌സംസ്ഥാന സര്‍ക്കാര്‍ കേരള ജ്യോതി, കേരള പ്രഭ, കേരളശ്രീ പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകള്‍ കണക്കിലെടുത്ത് ഡോ. എം.ആര്‍. രാഘവവാര്യര്‍ക്കാണ് കേരള ജ്യോതി പുരസ്‌കാരം. കാര്‍ഷിക മേഖലയിലെ സംഭാവനകള്‍ക്ക് പി.ബി. അനീഷിനും കലാരംഗത്തെ സംഭാവനകള്‍ക്ക് രാജശ്രീ വാര്യര്‍ക്കും കേരള പ്രഭ പുരസ്‌കാരം നല്‍കും. മാധ്യമ പ്രവര്‍ത്തനത്തിന് ശശികുമാറിനും വിദ്യാഭ്യാസ രംഗത്ത് ടികെഎം ട്രസ്റ്റ് ചെയര്‍മാന്‍ ഷഹല്‍ ഹസന്‍ മുസലിയാര്‍ക്കും സ്റ്റാര്‍ട്ടപ്പ് രംഗത്തെ സംഭാവനകള്‍ക്ക് എം.കെ. വിമല്‍ ഗോവിന്ദിനും വിവിധ മേഖകളിലെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ജിലുമോള്‍ മാരിയറ്റ് തോമസിനും കായിക രംഗത്ത് അഭിലാഷ് ടോമിക്കും കേരളശ്രീ പുരസ്‌കാരം നല്‍കും.

◾  കേരളത്തിലെ മുസ്ലിം, ക്രിസ്ത്യന്‍ ഒബിസി സംവരണത്തിനെതിരെ ദേശീയ പിന്നോക്ക കമ്മീഷന്‍ ചെയര്‍മാന്‍ ഹന്‍സ് രാജ് അഹിര്‍. മതാടിസ്ഥാനത്തില്‍ മുസ്ലിം - ക്രിസ്ത്യന്‍ സമുദായത്തിന് സംവരണം നല്‍കിയത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്ന് ദേശീയ പിന്നോക്ക കമ്മീഷന്‍ ചെയര്‍മാന്‍ ആരോപിച്ചു. മതത്തിന്റെ പേരില്‍ മുഴുവനായി ഒബിസി സംവരണം നല്‍കാനാകില്ല. അതേ മതത്തിലെ പിന്നോക്കക്കാരെ കണ്ടെത്തി വേണം ഈ സംവരണം നല്‍കാനെന്നും ദേശീയ പിന്നോക്ക കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു.
◾  കെപിസിസിക്ക് 17 അംഗ കോര്‍ കമ്മിറ്റി നിലവിലല്‍ വന്നു. ദീപ ദാസ് മുന്‍ഷിയാണ് കണ്‍വീനര്‍. എകെ ആന്റണിയും ഷാനിമോള്‍ ഉസ്മാനും സമിതിയിലുണ്ട്. ദില്ലിയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. സംഘടനാകാര്യങ്ങള്‍ ക്രോഡീകരിക്കാനായി കോര്‍കമ്മിറ്റി രൂപീകരിക്കാനായിരുന്നു തീരുമാനം. ഇതനുസരിച്ചാണ് 17 അംഗ കോര്‍ കമ്മിറ്റി പ്രഖ്യാപിച്ചത്.

◾  ശബരിമല ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞതിന്റെ രേഖകള്‍ കണ്ടെടുത്തു. തിരുവനന്തപുരം ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നിന്നാണ് രേഖകള്‍ കണ്ടെത്തിയത്. 1998-99 കാലഘട്ടത്തില്‍ വിജയമല്യ ശബരിമല ശ്രീ കോവില്‍ സ്വര്‍ണം പൊതിഞ്ഞതിന്റെ രേഖകളാണ് ദേവസ്വം ആസ്ഥാനത്ത് നിന്ന് മരാമത്ത് ചീഫ് എന്‍ജിനീയര്‍ ഓഫീസിലെ പഴയ ഫയലുകള്‍ സൂക്ഷിക്കുന്ന മുറിയില്‍ നിന്നും കണ്ടെത്തിയത്. 420 പേജുകളാണ് ഇതിനുള്ളത്. സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്ന് സ്വര്‍ണം ഇറക്കുമതി ചെയ്ത രേഖകളും ലഭിച്ചിട്ടുണ്ട്. ദേവസം ജീവനക്കാരെ ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.

◾  സി പി എമ്മിനോട് അമിത വിധേയത്വം കാട്ടുന്നത് ഇനിയെങ്കിലും സി പി ഐ നിര്‍ത്തണമെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ. യഥാര്‍ത്ഥത്തില്‍ സിപിഎം മാപ്പ് പറയേണ്ടത് സി പി ഐയോടാണെന്നും മന്ത്രിസഭയില്‍ ചര്‍ച്ച നടത്താതെ മുന്നണിയെ അറിയിക്കാതെ പി എം ശ്രീയില്‍ ഒപ്പിട്ട ശേഷം ഉണ്ടായ പ്രധാന വിഷയങ്ങളില്‍ നിന്ന് ഒളിച്ചോടുന്നതിന്റെ ഭാഗമാണ് ഇപ്പോള്‍ പരിഭവവും പിണക്കങ്ങളുമായി വിദ്യാഭ്യാസ മന്ത്രി രംഗത്ത് വന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു. പി എം ശ്രീയില്‍ നിന്ന് പിന്‍മാറാന്‍ കേന്ദ്രസര്‍ക്കാരിന് മാത്രമേ കഴിയുയെന്നിരിക്കെ തെരഞ്ഞെടുപ്പ് വരെ ഒളിച്ചുകളി തുടരാനുള്ള ശ്രമമാണ് സി പി എം നടത്തുന്നതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ വ്യക്തമാക്കി. പി എം ശ്രീയെ കുറിച്ച് പഠിക്കാനുള്ള മന്ത്രിസഭ ഉപസമിതിയും തുടര്‍ന്നുള്ള റിപ്പോര്‍ട്ടും സി പി ഐക്കുള്ള മയക്കുവെടിയാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

◾  കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തിലൂടെ സത്യഭാമയ്ക്ക് വീടെന്ന സ്വപ്നം പൂവണിയുന്നു. വീടിന് വെള്ളിയാഴ്ച കട്ടിളവെപ്പ് നടന്നു. ഇരിങ്ങപ്പുറം മണിഗ്രാമത്തുള്ള സത്യഭാമയ്ക്ക് സുരേഷ് ഗോപിയുടെ മകളുടെ പേരിലുള്ള ട്രസ്റ്റില്‍നിന്നാണ് വീടിനുള്ള തുക നല്‍കിയത്.
◾  അഞ്ചലില്‍ കട്ട അടുക്കിവെച്ചിരുന്ന അട്ടി ഇടിഞ്ഞുവീണു അന്യസംസ്ഥാന തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. പശ്ചിമബംഗാള്‍ ഹല്‍ദിവാറീ സ്വദേശിയായ ജിയാറുള്‍(23) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5 മണിക്കാണ് സംഭവം. അഞ്ചല്‍ പാലമുക്കില്‍ പ്രവര്‍ത്തിക്കുന്ന കട്ട കമ്പനിക്കകത്തു കട്ട അടുക്കിവെച്ചിരിക്കുന്നതിന് തൊട്ട് താഴെ വൃത്തിയാക്കി കൊണ്ടിരിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

◾  സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്‌കജ്വര മരണം. കൊല്ലം പാലത്തറ സ്വദേശിയായ 65കാരനാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ ഈ മാസം 12 പേരാണ് അമീബിക്ക് മസ്തിഷ്‌കജ്വരം മൂലം മരിച്ചത്.

◾  വിഴിഞ്ഞത്തിന് സമീപം കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് 12 വയസുകാരനായ ആറാം ക്ലാസ് വിദ്യാര്‍ഥിയെ കടലില്‍ കാണാതായി. സ്‌കൂള്‍ വിട്ട് വന്നശേഷം ബന്ധുവും അതേ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുമായി കുളിക്കാനിറങ്ങിയ അടിമലത്തുറ ലൂയിസ് മെമ്മോറിയല്‍ യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ ജോബിള്‍ (12) നെയാണ് കാണാതായത്.

◾  ഇന്നുമുതല്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി സപ്ലൈകോ. സ്ത്രീ ഉപഭോക്താക്കള്‍ക്ക് സബ്സിഡിയിതര ഉല്‍പ്പന്നങ്ങള്‍ക്ക് 10% വരെ അധിക വിലക്കുറവ് നല്‍കും. നിലവില്‍ സപ്ലൈകോയില്‍ ലഭിക്കുന്ന വിലക്കുറവിന് പുറമേ ആണിത്. ഇന്നു മുതല്‍ എല്ലാം നിയോജകമണ്ഡലങ്ങളിലും എത്തുന്ന വിധത്തില്‍ സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളും ഒരുക്കിയിട്ടുണ്ട്.
◾  പൊലീസിന്റെ കേസന്വേഷണ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പങ്കുവെക്കരുതെന്ന് ഡിജിപി. പ്രതികളുടെ കുറ്റസമ്മതം വെളിപ്പെടുത്തരുതെന്ന നിര്‍ദേശവും സര്‍ക്കുലറില്‍ പറയുന്നു. സര്‍ക്കുലര്‍ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണെന്നാണ് ഡിജിപിയുടെ വിശദീകരണം. ബുധനാഴ്ചയാണ് ഡിജിപി സര്‍ക്കുലര്‍ പുറത്തിറക്കിയത്. മുന്‍പും പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് വിവരങ്ങള്‍ പങ്കുവെക്കുന്നത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിമാര്‍ വിവിധ സര്‍ക്കുലറുകള്‍ പുറത്തിറക്കിയിട്ടുണ്ട്.

◾  സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയെ നിയമിച്ചു. നടിയും താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറിയുമായ പരമേശ്വരനാണ് വൈസ് ചെയര്‍പേഴ്‌സണ്‍. സി. അജോയ് ആണ് സെക്രട്ടറി.

◾  ക്രിപ്റ്റോ കറന്‍സിയുടെ മറവില്‍ കേരളത്തിലേക്ക് കടത്തിയ 300 കോടിയുടെ ഹവാല ഇടപാട് കണ്ടെത്തി. ഇന്‍കം ടാക്സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം കൊച്ചി യൂണിറ്റ് മലപ്പുറം, കോഴിക്കോട് കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിലാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്. മലപ്പുറം സ്വദേശികളായ മുഹമ്മദാലി മാളിയേക്കല്‍, റാഷിദ് എന്നിവരാണ് ഹവാല സംഘത്തെ നിയന്ത്രിക്കുന്നതെന്ന് ഇന്‍കംടാക്സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം കണ്ടെത്തി.

◾  ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനുളള വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തുടങ്ങും. sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ദര്‍ശനത്തിനുളള സ്ലോട്ട് ബുക്ക് ചെയ്യേണ്ടത്. ഒരു ദിവസം എഴുപതിനായിരം പേര്‍ക്കാണ് അവസരം. വണ്ടിപ്പെരിയാര്‍ സത്രം, എരുമേലി, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ റിയല്‍ ടൈം ബുക്കിങ് കേന്ദ്രങ്ങളും ഉണ്ടാകും. റിയല്‍ ടൈം ബുക്കിങ് വഴി ഇരുപതിനായിരം പേരെയാണ് ദര്‍ശനത്തിന് അനുവദിക്കുക.

◾  യൂത്ത് കോണ്‍ഗ്ര് പ്രാദേശിക നേതാവ് വി.എസ് സുജിത്തിനെ കുന്നംകുളം സ്റ്റേഷനില്‍ പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടല്‍. രണ്ടാഴ്ചയ്ക്കം വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. കൈക്കൊണ്ട നടപടികള്‍ കമ്മീഷനെ അറിയിക്കാനാണ് നിര്‍ദ്ദേശം.

◾  സാമ്പത്തിക തട്ടിപ്പ് കേസില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് അറസ്റ്റില്‍. മുഹമ്മദ് ഷര്‍ഷാദിനെ കൊച്ചി സൗത്ത് പൊലീസ് ചെന്നൈയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. 40 ലക്ഷം രൂപ തട്ടിച്ചു എന്ന കൊച്ചി സ്വദേശികളുടെ പരാതിയിലാണ് പൊലീസ് നടപടി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മകനുമെതിരെ ഇയാള്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

◾  താമരശ്ശേരി ഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ട് പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഫ്രഷ് കട്ട് പ്ലാന്റിന് 300 മീറ്റര്‍ ചുറ്റളവിലും, ഫ്രഷ് കട്ടിലേക്കുള്ള റോഡുകളുടെ 50 മീറ്ററിനുള്ളിലും, അമ്പായത്തോട് ജംഗ്ഷനില്‍ നൂറു മീറ്ററിനുള്ളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്ലാന്റ് തുറക്കുകയാണെങ്കില്‍ സമരം തുടങ്ങും എന്ന പ്രദേശവാസികളുടെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

◾  സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനും സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കാളികളായി രാജ്യ വ്യാപകമായി തട്ടിപ്പ് നടത്തിയവരെ കണ്ടെത്തുന്നതിനുമായി സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ സൈ-ഹണ്ടില്‍ 263 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയില്‍ നടത്തിയ പരിശോധനയില്‍ തൃക്കാക്കരയിലെ കോളേജ് വിദ്യാര്‍ഥികളടക്കം വന്‍ തട്ടിപ്പ് സംഘമാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്.

◾  കൊച്ചി സ്റ്റേഡിയം അഴിമതിക്കേസില്‍ കേരള ക്രിക്കറ്റ് അസോസിയേഷന് തിരിച്ചടി. ഇടക്കൊച്ചി ക്രിക്കറ്റ് സ്റ്റേഡിയം പദ്ധതിക്കു പിന്നിലെ അഴിമതി അന്വേഷിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. വിജിലന്‍സ് അന്വേഷണത്തിനെതിരേ കെസിഎ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തൊടുപുഴ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സ്ഥലംവാങ്ങിയ കേസും അന്വേഷണത്തില്‍ ഉള്‍പ്പെടും.

◾  ഏതെങ്കിലും ഒരു കേസില്‍ ഹാജരാവുന്ന അഭിഭാഷകരെ അന്വേഷണ ഏജന്‍സികള്‍ നേരിട്ട് സമന്‍സ് അയച്ച് വിളിച്ചു വരുത്തുന്നത് നിയമപരമല്ലെന്ന് സുപ്രീം കോടതി. ഒരു കേസുമായി ബന്ധപ്പെട്ട വ്യവഹാരത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന അഭിഭാഷകര്‍ക്ക് അതു സംബന്ധിച്ച വിവരങ്ങള്‍ കക്ഷികളുടെ താല്‍പര്യ പ്രകാരം വെളിപ്പെടുത്താതിരിക്കാനുള്ള അധികാരമുണ്ടെന്നും കോടതി പറഞ്ഞു. അഭിഭാഷകര്‍ക്കുള്ള ഏതൊരു സമന്‍സിനും ഒരു മേലുദ്യോഗസ്ഥന്റെ മുന്‍കൂര്‍ രേഖാമൂലമുള്ള അനുമതി നേടിയിരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

◾  ബെംഗളൂരു ഉത്തരഹള്ളിയില്‍ പ്രണയബന്ധം വിലക്കിയ അമ്മയെ കൊലപ്പെടുത്തിയ പ്രായപൂര്‍ത്തിയാകാത്ത മകള്‍ പിടിയില്‍. പതിനേഴുകാരിയായ മകളും ആണ്‍സുഹൃത്തുമടക്കം അഞ്ചുപേരാണ് പിടിയിലായത്. പിടിയിലായവരില്‍ ഒരു കുട്ടിയുടെ പ്രായം 13 വയസാണ്. 34കാരിയായ നേത്രാവതിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം ആത്മഹത്യയായി ചിത്രീകരിക്കാനും മകളും സുഹൃത്തുക്കളും ശ്രമിച്ചതായി സുബ്രഹ്‌മണ്യപുര പോലീസ് പറഞ്ഞു.

◾  ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ തലങ്കാനയിലെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തെലങ്കാനയില്‍ രേവന്ത് റെഡ്ഡി സര്‍ക്കാരിന്റെ ഭാഗമായാണ് അസ്ഹര്‍ മന്ത്രിസഭയിലേക്കെത്തിയത്. രാജ്ഭവനില്‍ ഗവര്‍ണര്‍ ജിഷ്ണു ദേവ് ശര്‍മ സത്യവാചകം ചൊല്ലിക്കൊടുത്തു. രേവന്ത് റെഡ്ഡി മന്ത്രിസഭയിലെ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള ഏക മന്ത്രിയാണ് അസ്ഹറുദ്ദീന്‍. ജൂബിലി ഹില്‍സ് ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിര്‍ണായക നീക്കം.

◾  നരേന്ദ്ര മോദിയുടെ ചിത്രത്തിന് പ്രാമുഖ്യം നല്‍കുന്ന കവറുമായി എന്‍ഡിഎയുടെ പ്രകടന പത്രിക. കര്‍ഷകര്‍ക്കുള്ള ധനസഹായം 9000 രൂപയായി ഉയര്‍ത്തുമെന്നും സ്ത്രീകള്‍ക്ക് 2 ലക്ഷം രൂപ വരെ സംരംഭത്തിന് ധനസഹായം നല്‍കുമെന്നും എന്‍ഡിഎ വാഗ്ദാനം ചെയ്യുന്നു. ഒരു കോടി തൊഴിലുകള്‍ സൃഷ്ടിക്കുമെന്നും പ്രകടന പത്രിക പറയുന്നു. ഇതിനിടെ ഇന്നലെ നടന്ന അക്രമത്തില്‍ ജന്‍സുരാജ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാനുള്ള കര്‍ശന നിര്‍ദേശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കി.

◾  എഎപി നേതാവ് അരവിന്ദ് കെജ്രിവാളിനെതിരേ ഗുരുതര ആരോപണവുമായി ഡല്‍ഹി ബിജെപി. കെജ്രിവാള്‍ തന്റെ സ്വകാര്യ ആഡംബരത്തിനായി പഞ്ചാബ് സര്‍ക്കാരിന്റെ വിഭവങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്നാണ് വിമര്‍ശനം. പഞ്ചാബിലെ സൂപ്പര്‍ മുഖ്യമന്ത്രിയാണ് കെജ്രിവാള്‍ എന്നും എക്‌സിലെ കുറിപ്പില്‍ ഡല്‍ഹി ബിജെപി ആരോപിക്കുന്നുണ്ട്.

◾  ബിഹാര്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ പുറത്തിറക്കിയ പ്രകടനപത്രികയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാശ്രയത്വമുള്ളതും വികസിതവുമായ ബിഹാറിനായുള്ള കാഴ്ചപ്പാടാണ് പ്രകടനപത്രികയിലുള്ളതെന്ന് മോദി പറഞ്ഞു. കര്‍ഷകര്‍, യുവാക്കള്‍, സ്ത്രീകള്‍ തുടങ്ങി ബിഹാറിലെ ജനങ്ങളുടെ ജീവിതം സുഗമമാക്കാനുള്ള രൂപരേഖയാണ് പ്രകടന പത്രികയിലുള്ളതെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

◾  വിവിധ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ സായുധ പോലീസ് സേനയിലെ അംഗങ്ങള്‍ക്കുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പതക്കിന് കേരള പോലീസിലെ നാലുപേരടക്കം 1,466 പേര്‍ അര്‍ഹരായി. സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ ജന്മദിനത്തിലാണ് പുരസ്‌കാരം നല്‍കുന്നത്.

◾  ഉത്തര്‍പ്രദേശിലെ അലിഗഢില്‍ ക്ഷേത്രങ്ങളുടെ ചുമരില്‍ 'ഐ ലവ് മുഹമ്മദ്' എന്നെഴുതിയ സംഭവത്തില്‍ ഹിന്ദുമതത്തില്‍ പെട്ട നാല് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. മനഃപൂര്‍വം മതസ്പര്‍ധയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ കൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അയല്‍ക്കാരായ ഇതരമതവിഭാഗങ്ങളെ കേസില്‍പ്പെടുത്തുക എന്ന ലക്ഷ്യവും പ്രതികള്‍ക്കുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

◾  ഗാസയിലെ സമാധാന കരാര്‍ ധാരണകള്‍ നിലനിര്‍ത്താനാവശ്യമായ നടപടികള്‍ തുടരുമെന്ന് ഇസ്രയേല്‍ സേന അറിയിച്ചു. രണ്ട് ബന്ദികളുടെ മൃതദേഹം കൂടി ലഭിച്ചതായും ഇസ്രയേല്‍ സ്ഥിരീകരിച്ചു. വീട്ടില്‍ നിന്ന് ഹമാസ് കസ്റ്റഡിയിലായ അമിറം കൂപ്പര്‍, സഹര്‍ ബറൂച്ച് എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. 84 കാരനായ അമിറം കൂപ്പറും 25 കാരനായ സഹര്‍ ബറൂച്ചും ഹമാസ് കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ടെന്നാണ് ഇസ്രയേല്‍ വാദം.

◾  ഭാര്യയുടെ മതം സംബന്ധിച്ച പരാമര്‍ശത്തിനുള്ള രൂക്ഷവിമര്‍ശനത്തിന് പ്രതികരണവുമായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്. ഭാര്യ ഉഷാ വാന്‍സിന് മതം മാറാന്‍ പദ്ധതിയില്ലെന്നും ഈ വിഷയത്തില്‍ തനിക്കെതിരെയുള്ള വിമര്‍ശനം വെറുപ്പുളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ വംശജയും ഹിന്ദുമത വിശ്വാസത്തില്‍ വളര്‍ന്നവളുമായ ഭാര്യ ക്രിസ്തുമതത്തിലേക്ക് മാറിയാല്‍ തനിക്ക് സന്തോഷമാകുമെന്ന് പറഞ്ഞതിന്വിമര്‍ശിക്കപ്പെട്ടതിന് പിന്നാലെയാണ് ഈ വിശദീകരണം.

◾  ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയെ നാലു വിക്കറ്റിന് കീഴടക്കി ഓസ്‌ട്രേലിയ. ഇന്ത്യ ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 13.2 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.4 ഓവറില്‍ 125 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. നാല് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസല്‍വുഡാണ് ഇന്ത്യയെ തകര്‍ത്തത്. അര്‍ധ സെഞ്ചുറി നേടിയ അഭിഷേക് ശര്‍മയുടെയും 35 റണ്‍സടുത്ത ഹര്‍ഷിത് റാണയുടെയും ഇന്നിങ്സുകളാണ് ഇന്ത്യയെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. 37 പന്തില്‍ നിന്ന് രണ്ട് സിക്സും എട്ട് ഫോറുമടക്കം 68 റണ്‍സെടുത്ത അഭിഷേകാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസീസ് മുന്നിലെത്തി. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

◾  തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് നടപ്പു സാമ്പത്തിക വര്‍ഷത്തെ (2025-26) രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) 217.31 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ 572.08 കോടി രൂപയുമായി നോക്കുമ്പോള്‍ ലാഭത്തില്‍ 62 ശതമാനം കുറവുണ്ട്. അതേസമയം, ജൂണിലവസാനിച്ച ഒന്നാം പാദത്തിലെ 132.47 കോടി രൂപയില്‍ നിന്ന് 64 ശതമാനം വര്‍ധിച്ചു. രണ്ടാംപാദത്തില്‍ വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ 2,637.14 കോടി രൂപയില്‍ നിന്ന് 2,285.36 കോടി രൂപയായി കുറഞ്ഞു. തൊട്ടു മുന്‍പാദത്തില്‍ വരുമാനം 2,637.14 കോടി രൂപയായിരുന്നു. മണപ്പുറം ഫിനാന്‍സിന്റെ ഉപകമ്പനിയായ ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് രണ്ടാം പാദത്തില്‍ 168 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം സമാനപാദത്തില്‍ 75 കോടി രൂപ ലാഭം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. മണപ്പുറം ഫിനാന്‍സിന്റെ സംയോജിത സ്വര്‍ണ വായ്പാ പോര്‍ട്ട്‌ഫോളിയോ 29.3 ശതമാനം വര്‍ധിച്ച് 31,505 കോടി രൂപയായി. മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡിന്റെ ആസ്തി മുന്‍ വര്‍ഷത്തെ 1,692 കോടി രൂപയില്‍ നിന്ന് 1,900 കോടി രൂപയായി ഉയര്‍ന്നു. വെഹിക്കിള്‍ ആന്‍ഡ് എക്യുപ്‌മെന്റ് ഫിനാന്‍സ് വിഭാഗത്തിന്റെ ആസ്തി മൂല്യം 4,057 കോടി രൂപയാണ്. ഗ്രൂപ്പ് മൊത്തത്തില്‍ കൈകാര്യം ചെയ്യുന്ന ആസ്തി 45,789 കോടി രൂപയായി ഉയര്‍ന്നു. മുന്‍പാദത്തില്‍ ഇത് 44,304 കോടി രൂപയായിരുന്നു.

◾  38 വര്‍ഷത്തിന് ശേഷം കമല്‍ ഹാസന്‍-മണിരത്‌നം ടീമിന്റെ 'നായകന്‍' റീ റിലീസ് ചെയ്യുന്നു. കമല്‍ ഹാസന്റെ എക്കാലത്തെയും ഹിറ്റ് ചിത്രം നവംബര്‍ 6ന് ആണ് വേള്‍ഡ് വൈഡ് ആയി റിലീസ് ചെയ്യുന്നത്. ചിത്രം 4കെയിലാണ് പ്രദര്‍ശിപ്പിക്കുക. രഞ്ജിത്ത് മോഹന്‍ ഫിലിംസ് ആണ് നായകന്‍ കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്. 1987-ല്‍ പുറത്തിറങ്ങിയ നായകന്‍ കമല്‍-മണിരത്‌നം കൂട്ടുകെട്ടില്‍ പിറന്ന ക്ലാസിക് ചിത്രമായാണ് വിലയിരുത്തപ്പെടുന്നത്. പിതാവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്ത ശേഷം മുംബൈയിലെത്തി അധോലോക നായകനായി മാറിയ വേലുനായ്ക്കര്‍ എന്ന കഥാപാത്രത്തെയാണ് കമല്‍ അവതരിപ്പിച്ചത്. ചിത്രത്തിലൂടെ അക്കാലത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ കമല്‍ മികച്ച നടനായി. പിസി ശ്രീരാം ഛായാഗ്രാഹണത്തിന് അവാര്‍ഡ് നേടി. ആര്‍ട്ട് ഡയറക്ഷന് തോട്ട ധരിണിയും ദേശീയ അവാര്‍ഡ് നേടിയതിന് ശേഷം നായകന്‍ ഓസ്‌കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മണിരത്‌നം ബാലകുമാരനുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ശരണ്യയും കാര്‍ത്തികയും ഡല്‍ഹി ഗണേശും നാസറും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടിരുന്നു.

◾  വെബ് സീരീസിലൂടെ കേരളക്കരയാകെ തരംഗമായ 'കരിക്ക്' ടീം സിനിമയിലേക്ക്. 'കരിക്ക് സ്റ്റുഡിയോസ്' എന്ന പേരിലാണ് ടീം ചലച്ചിത്ര നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുന്നത്. ഡോ അനന്തു പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് കരിക്ക് സ്റ്റുഡിയോസിന്റെ ആദ്യ സിനിമയെത്തുന്നത്. നിഖില്‍ പ്രസാദ് ആണ് കരിക്കിന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്. നിഖില്‍ പ്രസാദ് സ്ഥാപിച്ച കരിക്ക് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോം കൂടിയാണ്.  കരിക്ക് ടീം ഒരുക്കുന്ന ആദ്യ സിനിമയുടെ ടൈറ്റില്‍ ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടും. ചിത്രം 2025 ഡിസംബറില്‍ ചിത്രീകരണം ആരംഭിച്ച്, അടുത്ത വര്‍ഷം തിയറ്ററുകളില്‍ എത്തിക്കാനാണ് പദ്ധതിയിടുന്നത്. ആനന്ദ് മാത്യൂസ്, അനു കെ അനിയന്‍, അര്‍ജുന്‍ രത്തന്‍, ബിനോയ് ജോണ്‍, ജീവന്‍ സ്റ്റീഫന്‍, കിരണ്‍ വിയ്യത്ത്, കൃഷ്ണ ചന്ദ്രന്‍, ശബരീഷ് സജ്ജിന്‍, ഉണ്ണി മാത്യൂസ് എന്നിവരാണ് കരിക്ക് സീരിസിലൂടെ ശ്രദ്ധേയരായ പ്രധാന അഭിനേതാക്കള്‍. സിനിമ നിര്‍മിക്കുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് കരിക്ക് പുറത്തുവിട്ടത്. ഡോ അനന്തു പ്രൊഡക്ഷന്‍സിന്റെ രണ്ടാമത്തെ ചിത്രമാണിത്.

◾  വെന്യുവിന്റെ പെര്‍ഫോമന്‍സ് മോഡല്‍ എന്‍ ലൈന്‍ അവതരിപ്പിച്ച് ഹ്യുണ്ടേയ്. നവംബര്‍ നാലിന് പുതിയ മോഡല്‍ പുറത്തിറക്കുന്നതിന്റെ മുന്നോടിയായി വെന്യു എന്‍ ലൈനിന്റെ ബുക്കിങ്ങും കമ്പനി ആരംഭിച്ചിട്ടുണ്ട്. പുതിയ വെന്യുവിനെ അടിസ്ഥാനപ്പെടുത്തിയാണ് പെര്‍ഫോമന്‍സ് മോഡലിന്റെ രൂപകല്‍പന. 120 ബിഎച്ച്പി കരുത്തുള്ള 1 ലീറ്റര്‍ പെട്രോള്‍ എന്‍ജിനോടെ മാത്രം ലഭിക്കുന്ന ചെറു എസ്യുവിക്ക് മാനുവല്‍ ഡിസിടി ഗിയര്‍ബോക്സ് മോഡലുകളുണ്ട്. പുതിയ വെന്യുവിന്റെ സാധാരണ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍, എന്‍ ലൈനിന്റെ ഏറ്റവും വലിയ മാറ്റങ്ങള്‍ ബാഹ്യ രൂപകല്‍പനയിലാണ്. വെന്യു എന്‍ ലൈനിന് ഗ്രില്ലില്‍ വൈ സ്ലാറ്റ് ഡിസൈനുണ്ട് കൂടാതെ എന്‍ ലൈന്‍ ബാഡ്ജിങ്, ചെറിയ സ്‌കിഡ് പ്ലേറ്റ്, റെഡ് ആക്സിന്റ് എന്നിവയുണ്ട്. എന്‍ 6, എന്‍ 10 എന്നീ രണ്ടു വേരിയന്റുകളില്‍ മാത്രമാണ് ലഭിക്കുക. 120 ബിഎച്ച്പി കരുത്തും 172 എന്‍എം ടോര്‍ക്കുമുള്ള 1 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍. എന്‍ 6 മോഡല്‍ ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സില്‍ ലഭിക്കുമ്പോള്‍ എന്‍ 10 മോഡല്‍ ഡിസിടി ഗിയര്‍ബോക്സില്‍ മാത്രം. നോര്‍മല്‍, മഡ്, സാന്‍ഡ്, സ്നോ ട്രാക്ഷന്‍ മോഡുകളുമുണ്ട്.

◾  ശ്രീബുദ്ധന്റെ ജീവചരിത്രനോവല്‍. മരണത്തിന്റെയും ദുഃഖത്തിന്റെയും കാരണം തേടി സിദ്ധാര്‍ത്ഥന്റെ ബുദ്ധനിലേക്കുള്ള ഒട്ടും സുഗമമല്ലാത്ത പരിണാമയാത്രയാണ് മഹാപ്രസ്ഥാനം. ആധുനിക മനുഷ്യന്റെ അസ്തിത്വപരമായ വ്യഥകളെ ബുദ്ധന്റെ ദുഃഖങ്ങളില്‍ കണ്ടെത്തുന്ന ഈ നോവല്‍ മാടമ്പ് കുഞ്ഞുകുട്ടന്റെ ദാര്‍ശനികമായ ആഖ്യാനരീതികൊണ്ട് സവിശേഷമാണ്. 'മഹാപ്രസ്ഥാനം'. മാടമ്പ് കുഞ്ഞുകുട്ടന്‍. ഡിസി ബുക്സ്. വില 304 രൂപ.

◾  ഭക്ഷണത്തോടൊപ്പം അമിതമായി വെള്ളം കുടിക്കുന്നത് നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഭക്ഷണം ശരിയായി ദഹിക്കാന്‍ ആവശ്യമായ എന്‍സൈമുകളെ നേര്‍പ്പിക്കാന്‍ വെള്ളത്തിന് കഴിയും. അതേസമയം ചെറിയ അളവില്‍ കുടിക്കുന്നത് പ്രശ്‌നമില്ല. എയ്‌റേറ്റഡ് പാനീയങ്ങള്‍ ഭക്ഷണത്തിനൊപ്പം കുടിക്കുന്നത് ഒഴിവാക്കണമെന്നും വിദഗ്ധര്‍ പറയുന്നു. ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുമ്പോള്‍ അല്‍പം നാരങ്ങയോ ഇഞ്ചിനീരോ ചേര്‍ക്കുന്നതില്‍ കുഴപ്പമുല്ല. നേരിയ ചൂടില്‍ വെള്ളം കുടിക്കുന്നത് കുഴപ്പമില്ലെങ്കിലും തണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. തണുത്ത വെള്ളം കുടിക്കുന്നത് ഭക്ഷണത്തിലുള്ള എണ്ണമയമടങ്ങിയ പദാര്‍ത്ഥങ്ങളെ കട്ടിയാക്കുകയും ഇത് വളരെ പെട്ടെന്ന് കൊഴിപ്പായി മാറുകയും ചെയ്യും. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും മുമ്പ് വെള്ളം കുടിക്കുന്ന ശീലം പര്‍ക്കുമുണ്ട്. ചിലര്‍ ദാഹം കൊണ്ട് കുടിക്കുമ്പോള്‍ മറ്റുചിലര്‍ വിശപ്പിനെ നിയന്ത്രിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഈ ശീലം ദഹനത്തെയും പോഷകങ്ങളെ ആഗിരണം ചെയ്യുന്നതിനെയും പ്രതികൂലമായി ബാധിക്കും. ഗ്യാസ്ട്രിക് സിസ്റ്റത്തില്‍ ഒരു ദ്രാവക-ഖര അനുപാതമുണ്ട്. ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണത്തെ നേര്‍പ്പിക്കുക മാത്രമല്ല ദഹന പ്രക്രിയയെ വേഗത്തിലാക്കുകയും ചെയ്യും. അതുകൊണ്ട് ഭക്ഷണത്തിന് തൊട്ടുമുന്‍പ് വെള്ളം കുടിക്കുന്നതിന് പകരം അര മണിക്കൂര്‍ മുന്‍പെങ്കിലും കുടിക്കുന്നതാണ് നല്ലത്. ഭക്ഷണത്തിന് ശേഷം ഒരു ഗ്ലാസ് വെള്ളം പൂര്‍ണ്ണമായും കുടിക്കുന്നതിന് പകരം ചെറിയ അളവില്‍ കുടിക്കുന്നതാണ് നല്ലത്. അപ്പോഴും തണുത്ത വെള്ളം കുടിക്കാതിരിക്കാനും ശ്രദ്ധിക്കണം.

*ശുഭദിനം*
*കവിത കണ്ണന്‍*
നഗരമധ്യത്തിലുളള ചവറ്റുകുട്ടയ്ക്കരികിലുളള തണലിലിരുന്ന് അയാള്‍ ആലോചിച്ചു.  എന്നെ ആര്‍ക്കും വേണ്ട.  ഇനി ഞാന്‍ എന്തിന് ജീവിക്കണം?  ആത്മഹത്യ ചെയ്യാം.  ഇങ്ങനെ ഓരോന്ന് ആലോചിച്ചിരിക്കുമ്പോള്‍ ഒരാള്‍ വന്ന് ചവറ്റുകുട്ടയിലെ കാര്‍ഡ്‌ബോര്‍ഡുകള്‍ എല്ലാം എടുത്തുകൊണ്ടുപോയി.  പിന്നീടൊരാള്‍ വന്ന് അതിലെ പ്ലാസ്റ്റിക്കുകള്‍ പെറുക്കിയെടുത്തു.  കുറച്ച് കഴിഞ്ഞ് ഒരു നായവന്ന് അതിലെ ഭക്ഷണാവശിഷ്ടങ്ങള്‍ കഴിച്ചുതീര്‍ത്തു.  പിന്നെ വന്നത് ഒരു പശുവായിരുന്നു.  പശു അതിലുണ്ടായിരുന്ന പഴത്തൊലികളും പച്ചക്കറികഷ്ണങ്ങളും കഴിച്ചു.  ഇതുകണ്ടപ്പോള്‍ അയാളുടെ ചിന്തയില്‍ ചില മാറ്റങ്ങള്‍ ഉണ്ടായി.  ഈ മാലിന്യകുട്ടയിലെ വസ്തുക്കള്‍ക്കുപോലും ഇത്രയധികം ആവശ്യക്കാരുണ്ടായെങ്കില്‍ എന്നെ ആവശ്യമുളള ആരെങ്കിലും ഉണ്ടാകില്ലേ.. ഞാനെന്തിന് മരിക്കണം?  അയാള്‍ അവിടെ നിന്നും എഴുന്നേറ്റു നടന്നു..  എല്ലാവരാലും സ്വീകരിക്കപ്പെടുന്നവരായോ  നിരാകരിക്കപ്പെടുന്നവരായോ ആരും ഉണ്ടാകില്ല. എല്ലാ ഒറ്റപ്പെടലും ഹാനികരമല്ല.. ആര്‍ക്കും വേണ്ട എന്നതല്ല, വേണ്ട ആളുകളിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് ഒറ്റക്കാകുന്നവരിലെ യാഥാര്‍ത്ഥ്യം.  ഏതെങ്കിലുമൊക്കെ ചങ്ങാത്തത്തിന്റെ കൂട്ടത്തിലകപ്പെടുക എന്നത് അതിജീവനത്തിന്റെ അടിസ്ഥാനഘടകമാണ്.  സമാനചിന്താഗതിക്കാരെ കണ്ടെത്തുക, പ്രവര്‍ത്തനസാധ്യതയുള്ളിടത്ത് നിലനില്‍ക്കുക.. ഊഷ്മളമായി ഇടപഴകുക, സ്വയം പുഷ്പിക്കാനൊരിടം കണ്ടെത്തുക.. ഒറ്റപ്പെടലിനെ അതിജീവിക്കാന്‍ ഇതൊക്കെ നമ്മെ സഹായിക്കും - ശുഭദിനം.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍