ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തർക്കം; വടകരയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയേഴ്സിന്‍റെ ക്രൂര മർദനം
കോഴിക്കോട്: വടകരയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുമായി ബന്ധപ്പെട്ടാണ് ആക്രമണം.
വടകര തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ക്രൂര പീഡനത്തിന് വിധേയമായത്. ഉച്ചക്ക് ശേഷം സ്കൂളിലേക്ക് തിരിച്ചു വരുമ്പോഴാണ് സ്കൂളിന് പുറത്ത് വെച്ച് സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ ആറങ്ങോട്ട് മീത്തൽ മുഹമ്മദിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദിന്റെ മൂക്കിന് പൊട്ടലുണ്ട്. മർദ്ദനത്തിൽ കണ്ണിനു താഴെയും കറുത്ത പാട് രൂപപ്പെട്ടു. മുഹമ്മദിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു.
സമൂഹമാധ്യമ പോസ്റ്റുമായി ബന്ധപെട്ട് സ്കൂളിൽ കഴിഞ്ഞ രണ്ട് ദിവസമായി സംഘർഷാവസ്ഥ നിലവിലുണ്ട്. ഇതിനിടയിൽ സംഘടിച്ചെത്തിയ ഒരു വിഭാഗം വിദ്യാർത്ഥികൾ മുഹമ്മദിനെ മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ വടകര പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍