ഇന്ത്യന്‍ വംശജന്‍ സൊഹ്‌റാൻ മംദാനി ന്യൂയോര്‍ക്ക് മേയര്‍

ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യന‍്‍ വംശജനും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവുമായ സൊഹ്‌റാൻ മംദാനിക്ക് ഉജ്ജ്വല വിജയം. സ്വതന്ത്രനായി മല്‍സരിച്ച മുന്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു കുമോയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഡെമോക്രാറ്റിക് പാർട്ടിക്കാരനായ മംദാനിയുടെ വിജയം, അദ്ദേഹത്തെ പരാജയപ്പെടുത്താൻ പരസ്യമായി ആഹ്വാനം ചെയ്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.

33 കാരനായ മംദാനി ന്യൂയോര്‍ക്കിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറാണ്. ന്യൂയോര്‍ക്കില്‍ മേയറാകുന്ന ആദ്യ റാപ് ഗായകന്‍ കൂടിയാണ്. ഏഴു വര്‍ഷം മുന്‍പാണ് അമേരിക്കന്‍ പൗരത്വം നേടിയത്. പലസ്തീന്‍ അനുകൂല നിലപാടിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ്. യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെയും ഇസ്രയേൽ പ്രാധനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെയും നയങ്ങളെ ശക്തമായി വിമർശിച്ചതിലൂടെ ശ്രദ്ധേയനാണ്‌ മംദാനി. സോഷ്യലിസ്റ്റ് ആശയങ്ങൾ പിന്തുടരുന്ന മംദാനിയെ “കമ്യൂണിസ്റ്റ് ഭ്രാന്തൻ” എന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്. ഇന്ത്യൻ വംശജയായ ചലച്ചിത്ര സംവിധായക മീര നായരുടെയും ഇന്ത്യയിൽ വേരുള്ള ഉഗാണ്ടയിലെ അക്കാദമിക് വിദഗ്ധൻ മഹ്മൂദ് മംദാനിയുടെയും മകനാണ് ഇദ്ദേഹം


ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗമായി പ്രവർത്തിച്ചുവരികയായിരുന്ന അദ്ദേഹം, വാടക മരവിപ്പിക്കൽ, സൗജന്യ സിറ്റി ബസ് യാത്ര, ധനികർക്ക് അധിക നികുതി തുടങ്ങിയ പുരോഗമനപരമായ വാഗ്ദാനങ്ങൾ നൽകിയാണ് ജനപിന്തുണ നേടിയത്.തെരഞ്ഞെടുപ്പിന്റെ തലേന്ന് ട്രംപ് ഭീഷണിയുമായി രംഗത്തെത്തിയിരുന്നു.

കമ്യൂണിസ്റ്റ് സ്ഥാനാർഥി സോഹ്റാൻ മംദാനി വിജയിച്ചാൽ ന്യൂയോർക്ക് സിറ്റിക്ക് ഏറ്റവും കുറഞ്ഞ ഫെഡറൽ ഫണ്ടേ അനുവദിക്കൂ എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. റിപ്പബ്ലിക്കൻ സ്ഥാനാർഥിക്ക് വിജയസാധ്യത കുറവായതിനാൽ, ഡെമോക്രാറ്റിക് പ്രൈമറിയിൽ മംദാനിയോട് പരാജയപ്പെട്ട സ്വതന്ത്ര സ്ഥാനാർഥിയായ ആൻഡ്രൂ കുമോയ്ക്കുവേണ്ടിയാണ് ട്രംപ് പരസ്യമായി വാദിച്ചത്. ഈ എതിർപ്പുകളെല്ലാം തള്ളിക്കളഞ്ഞാണ് മംദാനിയുടെ ഉജ്ജ്വല വിജയം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍