പ്രഭാത വാർത്തകൾ

2025 | നവംബർ 5 | ബുധൻ 
1201 | തുലാം 19 | അശ്വതി 
1447  ജ : അവ്വൽ 14

◾ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു മൂന്നാം പ്രതിയെന്ന് റിപ്പോര്‍ട്ടുകള്‍. കട്ടിള പാളി കേസുമായി ബന്ധപ്പെട്ട പോറ്റിയുടെ കസ്റ്റഡി റിപ്പോര്‍ട്ടിലാണ് മുന്‍ ദേവസ്വം കമ്മീഷണറുടെ പങ്ക് വ്യക്തമാക്കുന്നത്. 19.03.2019 ല്‍ മുന്‍ ദേവസ്വം കമ്മീഷണറുടെ ശുപാര്‍ശയില്‍ സ്വര്‍ണം ചെമ്പായി രേഖപ്പെടുത്തിയെന്നാണ് എസ്ഐടി വ്യക്തമാക്കുന്നത്. ഈ കാലയളവില്‍ എന്‍ വാസുവാണ് കമ്മീഷണര്‍. കേസില്‍ രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. തട്ടിപ്പില്‍ ഉന്നതരുടെ കൂടുതല്‍ ഇടപെടല്‍ അടക്കം റിപ്പോര്‍ട്ടിലുണ്ടാകുമെന്നാണ് വിവരം. ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു, സുധീഷ് കുമാര്‍ എന്നിവരെയാണ് ശബരിമല സ്വര്‍ണ തട്ടിപ്പില്‍ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

◾ വിവാഹത്തോടെ ഭാര്യക്കുമേല്‍ അനിഷേധ്യ അധികാരം കൈവരുന്നുണ്ടെന്ന പരമ്പരാഗത ധാരണ പുരുഷന്മാര്‍ തിരുത്തണമെന്ന് മദ്രാസ് ഹൈക്കോടതി. ഭാര്യമാരുടെ സഹനത്തെ സമ്മതമായും മൗനത്തെ അംഗീകാരമായും തെറ്റിദ്ധരിക്കരുതെന്നും കോടതി പറഞ്ഞു. ഭാര്യയുടെ സുരക്ഷിതത്വവും സ്വാസ്ഥ്യവും ആത്മാഭിമാനവും ഉറപ്പുവരുത്തുകയെന്നത് വിവാഹബന്ധത്തിലെ സുപ്രധാന ചുമതലയാണെന്നും ഉത്കൃഷ്ടമൂല്യങ്ങളെ അടിസ്ഥാനമാക്കുന്ന ഇന്ത്യന്‍ വിവാഹസമ്പ്രദായം പുരുഷാധിപത്യത്തിന്റെ നിഴലില്‍നിന്നു മുക്തമായി സമത്വത്തിലേക്കും പാരസ്പര്യത്തിലേക്കും മാറണമെന്നും കോടതി നിരീക്ഷിച്ചു. എണ്‍പതു പിന്നിട്ട ഭര്‍ത്താവിനെ ഗാര്‍ഹികപീഡനക്കേസില്‍ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി വിധി റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലാണ് ഈ നിരീക്ഷണം.

◾  'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി മാറിയെന്നും നവോത്ഥാന നായകര്‍ക്ക് ഇതില്‍ വലിയ പങ്കുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബി രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്നും പഴയകാല കേരളത്തെക്കുറിച്ച് ഓര്‍ക്കുന്നത് നല്ലതാണെന്നും ഇന്ന് കാണുന്ന സൗകര്യങ്ങളും അവസരങ്ങളും ഒരുകാലത്ത് ഇല്ലായിരുന്നുവെന്നും ധനകാര്യ സ്ഥാപനം എന്ന നിലയില്‍ കിഫ്ബിയെ കുറിച്ച് ഒരു ആശങ്കയും വേണ്ടെന്നും അസാധ്യം എന്ന ഒരു വാക്ക് സര്‍ക്കാരിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾  കേരളത്തിനുള്ള എസ്എസ്‌കെ ഫണ്ടില്‍ ആദ്യ ഗഡു അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. 92.41 കോടി രൂപയാണ് പദ്ധതിയിലൂടെ കേരളത്തിന് ലഭിക്കുക. കേരളം സമര്‍പ്പിച്ച 109 കോടി രൂപയിലാണ് ഈ തുക അനുവദിച്ചത്. നോണ്‍ റക്കറിങ് ഇനത്തില്‍ 17 കോടിയാണ് ഇനി കിട്ടാനുള്ളത്. ഫണ്ടിലൂടെ വിദ്യാഭ്യാസവകുപ്പിന് വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്.
◾  മുതിര്‍ന്ന സിപിഎം നേതാവ് ഇ.പി.ജയരാജിന്റെ ആത്മകഥക്ക് കള്ളന്റെ ആത്മകഥയെന്നാണ് പേരിടേണ്ടിയിരുന്നതെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. തന്റെ ആത്മകഥയില്‍ ശോഭാ സുരേന്ദ്രനെതിരെ ജയരാജന്‍ ആരോപണങ്ങള്‍ ഉന്നയിച്ച പശ്ചാത്തലത്തിലാണ് ശോഭാ സുരേന്ദ്രന്റെ പ്രതികരണം. ഇപി ജയരാജന്റെ പുസ്തകത്തെക്കുറിച്ച് കേട്ടപ്പോള്‍ താന്‍ ഉള്ളിന്റെ ഉള്ളില്‍ ചിരിക്കുകയായിരുന്നുവെന്നും ഒരു കാര്യം ചെയ്യുമ്പോള്‍ തന്റേടം വേണമെന്നും, ജീവിതത്തില്‍ ഒരു തീരുമാനം എടുക്കുമ്പോള്‍ ആലോചിച്ചതിനു ശേഷം ആ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കണം എന്നും ശോഭ പറഞ്ഞു.

◾  സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ഓട്ടോ/ടാക്‌സി പ്ലാറ്റ്ഫോമായ കേരള സവാരി അതിന്റെ രണ്ടാം പതിപ്പിലൂടെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലാണ് പരിഷ്‌കരിച്ച കേരള സവാരി ആപ്പ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. മെട്രോ, വാട്ടര്‍ മെട്രോ, മെട്രോ ഫീഡര്‍ ബസുകള്‍, ഓട്ടോകള്‍, കാബുകള്‍ എന്നിവയെ ഏകോപിപ്പിച്ച് ഡിസംബറോടെ മള്‍ട്ടി മോഡല്‍ ഗതാഗത സംവിധാന ആപ്പ് ആയി കേരള സവാരി മാറും. വൈകാതെ തന്നെ മറ്റ് ജില്ലകളിലേക്കും നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

◾  തിരുവനന്തപുരത്ത് രണ്ടാം ഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 15 സീറ്റിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കെഎസ് ശബരീനാഥന്‍ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥിയാകുമെന്ന് എഐസിസി ജനറല്‍സെക്രട്ടറി കെസി വേണുഗോപാല്‍ വ്യക്തമാക്കിയിട്ടുണ്ട്. നേമത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീര്‍ സ്ഥാനാര്‍ഥിയാകും. വിജ്ഞാപനത്തിന് പിന്നാലെ എല്‍ഡിഎഫും രണ്ടു ദിവസത്തിനകം ബിജെപിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും എന്നാണ് വിവരം.

◾  താമരശ്ശേരി ഫ്രഷ് കട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ വിളിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിലും സമവായമായില്ല. ഫാക്ടറി തുറക്കാന്‍ ഉടമകളേയും സമരസമിതിയേയും ഒരുമിച്ചിരുത്തി ചര്‍ച്ച വേണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു. പ്രശ്ന പരിഹാരത്തിനുള്ള നിര്‍ദേശങ്ങള്‍ ജില്ലാ ഭരണകൂടത്തിന് നല്‍കിയിട്ടുണ്ടെന്നും എല്‍ഡിഎഫ് പ്രതിനിധികള്‍ വ്യക്തമാക്കി. മാലിന്യ പ്രശ്നം പരിഹരിക്കാതെ ഫാക്ടറി തുറക്കാന്‍ അനുവദിക്കില്ലെന്ന് യുഡിഎഫ് കക്ഷികള്‍ വ്യക്തമാക്കി. ഫാക്ടറി ഉടമകളുമായി ചേര്‍ന്ന് ചര്‍ച്ച നടത്താനാവില്ലെന്നും അവര്‍ പറഞ്ഞു.
◾  ഓപ്പറേഷന്‍ സൈ ഹണ്ടില്‍ അറസ്റ്റിലായ പെരുമ്പാവൂര്‍ സ്വദേശി ഹസന്‍ അനസ്, ഹാരീസ് ബീരാന്‍ എംപിയുടെ പിഎ ആയി പ്രവര്‍ത്തിച്ചിട്ടില്ലെന്ന് എംപിയുടെ ഓഫീസ്. പഠന കാലത്ത് എംപി ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ പിഎ ആയി പദവി നല്‍കിയിരുന്നില്ലെന്ന് എംപി യുടെ ഓഫീസ് അറിയിച്ചു. വാഴക്കുളം മാവിന്‍ ചുവട് ചെരുംമൂടന്‍ വീട്ടില്‍ ഹസന്‍ അനസ് (25) ആണ് ഓപ്പറേഷന്‍ സൈ ഹണ്ടിന്റെ ഭാഗമായി പൊലീസ് പിടിയിലായത്. എംഎസ്എഫ് ജില്ലാ സെക്രട്ടറി കൂടിയാണ് ഹസന്‍ അനസ്.

◾  വോട്ടര്‍പട്ടിക ക്രമക്കേട് ആരോപണത്തിന് പിറകെ കൊടുവള്ളി നഗസഭാ സെക്രട്ടറിയെ മാറ്റി. ആരോപണത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ അനധികൃതമായി അവധിയെടുത്ത നഗരസഭാ സെക്രട്ടറി മനോജ് വിഎസിനെ മാറ്റണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. അനില്‍കുമാര്‍ നോച്ചിയിലിനാണ് പകരം നഗരസഭാ സെക്രട്ടറിയുടെ ചുമതല.

◾  കേന്ദ്രസര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതി ഗൗരവപരമായ വിഷയമാണെന്നും മന്ത്രിസഭായോഗ തീരുമാനത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി. ദോശ ചുടുന്നത് പോലെ തീരുമാനിക്കാന്‍ പറ്റില്ലെന്നും കത്ത് നല്‍കുന്നത് ഈ ആഴ്ച കൊണ്ട് പൂര്‍ത്തീകരിക്കുമെന്നും നിലവില്‍ ഫയല്‍ വന്നിരിക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ അടുത്താണെന്നും വി ശിവന്‍ കുട്ടി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

◾  പിഎം ശ്രീ പദ്ധതിയില്‍ സിപിഎമ്മിനോട് ഏറ്റുമുട്ടല്‍ വേണ്ടെന്ന നിലപാട്   സംസ്ഥാന കൗണ്‍സിലില്‍ വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്ലായിടത്തും യോജിച്ചു പോകണമെന്ന നിര്‍ദേശവും ബിനോയ് വിശ്വം മുന്നോട്ടുവെച്ചു. പിഎം ശ്രീയില്‍ സര്‍ക്കാരിനെ കൊണ്ട് നിലപാട് തിരുത്തിച്ചത് പാര്‍ട്ടിയുടെ നേട്ടമെന്നാണ് സിപിഐയുടെ വിശദീകരണം. എന്നാല്‍ പദ്ധതിയില്‍ നിന്ന് പിന്മാറിക്കൊണ്ടുള്ള കത്ത് കേന്ദ്രത്തിന് സംസ്ഥാനം അയക്കുന്നത് ഉറപ്പാക്കണമെന്ന് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ വ്യക്തമാക്കി.
◾  കെപിസിസി പ്രസിഡന്റും പേരാവൂര്‍ എംഎല്‍എയുമായ സണ്ണി ജോസഫ് മണ്ഡലത്തിലെ പരിപാടിക്കിടെ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വേദിയില്‍നിന്ന് ഇറങ്ങിപ്പോയി. ഇരിട്ടി മുനിസിപ്പാലിറ്റിയിലെ ചാവശ്ശേരി റോഡ് നവീകരണ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എംഎല്‍എ. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന റോഡ് ആയതിനാല്‍ പ്രോട്ടോകോള്‍ അനുസരിച്ച് എംഎല്‍എയാണ് ഉദ്ഘാടനം ചെയ്യേണ്ടത് എന്നായിരുന്നു സണ്ണി ജോസഫിന്റെ വാദം. എന്നാല്‍ എട്ടുകാലി മമ്മൂഞ്ഞ് ആകാന്‍ നില്‍ക്കണ്ട എന്ന് മുദ്രാവാക്യം വിളിച്ച്, സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തുടര്‍ന്നാണ് എംഎല്‍എ വേദിയില്‍നിന്ന് ഇറങ്ങിപ്പോയത്.

◾  ചാവശ്ശേരിയിലെ റോഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. എംഎല്‍എ എന്ന നിലയില്‍ താനാണ് റോഡ് നവീകരണത്തിന് തുക ആവശ്യപ്പെട്ടതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഒന്നേകാല്‍ കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതെന്നും ജയരാജന് കിട്ടിയ സ്ത്രീധനം കൊണ്ട് നിര്‍മിക്കുന്ന റോഡ് ആണെങ്കില്‍ താന്‍ പോകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

◾  സിറോ മലബാര്‍ സഭാ നേതൃത്വവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട പൊതുവായ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

◾  സര്‍വ്വ ശിക്ഷ കേരളം പദ്ധതിയില്‍ കേരളത്തിന് അര്‍ഹതപ്പെട്ട പണം ഉടന്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കേരളത്തിലെ റിസോഴ്‌സസ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. അര്‍ഹമായ പണംപോലും നല്‍കുന്നില്ലെന്ന് കേരളം ചൂണ്ടിക്കാട്ടിയപ്പോഴാണ് എസ്എസ്‌കെ ഫണ്ട് ഉടന്‍ കൈമാറുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.

◾  വര്‍ക്കലയില്‍ ട്രെയിനില്‍ നിന്നും പെണ്‍കുട്ടിയെ തള്ളിയിട്ട സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കേരള എക്സ്പ്രസിലെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. രണ്ട് പെണ്‍കുട്ടികളും ട്രെയിനിന്റെ വാതില്‍ ഭാഗത്ത് ഇരിക്കുന്നത് ദൃശൃങ്ങളില്‍ കാണാമെന്ന് പൊലീസ് പറയുന്നു. പ്രതിയായ സുരേഷ് കുമാര്‍ ശ്രീക്കുട്ടിയെ ചവിട്ടിതള്ളിയിടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. രണ്ടാമത്തെ പെണ്‍കുട്ടിയെയും പ്രതി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

◾  വര്‍ക്കലയില്‍ മദ്യലഹരിയില്‍ സഹയാത്രികന്‍ ട്രെയിനില്‍ നിന്ന് ചവിട്ടിത്തള്ളിയിട്ട പത്തൊമ്പതുകാരി ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ് ശ്രീക്കുട്ടി. തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്.

◾  കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ എസ്എഫ്ഐ യുഡിഎസ്എഫ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ രണ്ട് യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പരാതി നല്‍കിയിട്ടും കേസ് എടുക്കാത്തതില്‍ പ്രതിഷേധിച്ച് തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനില്‍ യുഡിഎസ്എഫ് നേതാക്കള്‍ കുത്തിയിരുപ്പ് സമരം നടത്തി.

◾  കൊടും കുറ്റവാളിയും കുപ്രസിദ്ധ മോഷ്ടാവുമായ ബാലമുരുകനായുള്ള തിരച്ചില്‍ തുടര്‍ന്ന് പൊലീസ്. ഇന്നലെ രാത്രിമുതല്‍ തെരച്ചില്‍ ആരംഭിച്ചെങ്കിലും ഇയാളെക്കുറിച്ചുള്ള ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. വിയ്യൂര്‍ ജയിലിലെത്തിക്കും വഴി തമിഴ്നാട് പൊലീസിന്റെ കൈയ്യില്‍ നിന്നാണ് ബാലമുരുകന്‍ ഓടി രക്ഷപെട്ടത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ജയില്‍ മോചിതനായതിനു ശേഷം പ്രതികാരം തീര്‍ക്കാന്‍ മറയൂരില്‍ എത്തി തുടര്‍ മോഷണങ്ങള്‍ നടത്തുകയായിരുന്നു ഇയാള്‍.

◾  ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് ക്ലാസ്മുറിയില്‍ വച്ച് കുട്ടികളെ കൊണ്ട് കാല് തിരുമ്മിച്ച അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍. മെലിയാപ്പുട്ടിയിലെ ബന്ദപ്പള്ളി ഗേള്‍സ് ട്രൈബല്‍ ആശ്രമം സ്‌കൂളിലാണ് സംഭവം. ക്ലാസ് മുറിയില്‍ പ്ലാസ്റ്റിക് കസേരയിലിരുന്ന അധ്യാപികയുടെ കാല്‍ നിലത്തിരുന്ന കുട്ടികള്‍ തിരുമ്മിക്കൊടുക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.

◾  മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി തമിഴ്നാട് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ. കോയമ്പത്തൂര്‍ ബലാത്സംഗക്കേസില്‍ പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകനോടാണ് അണ്ണാമലൈ ക്ഷുഭിതനായി പ്രതികരിച്ചത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ടറോടാണ് ചൂടായത്.

◾  കോണ്‍ഗ്രസിലെ കുടുംബ വാഴ്ചയ്ക്കെതിരെ പരസ്യ വിമര്‍ശനമുന്നയിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ എംപിക്കെതിരെ ഹൈക്കമാന്‍ഡ്. തെരഞ്ഞെടുപ്പ് വേളയില്‍ പ്രകോപന പ്രസ്താനവകള്‍ പാടില്ലെന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചു. ശശി തരൂരിന്റെ ലേഖനം ബിജെപി ബിഹാറില്‍ പ്രചാരണയുധമാക്കിയതോടെയാണ് തരൂരിനെ തള്ളി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയത്.

◾  ബിഹാറില്‍ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വമ്പന്‍ പ്രഖ്യാപനവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് 30,000 രൂപ ഒറ്റത്തവണ ധനസഹായം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പ്രചാരണം ചൊവ്വാഴ്ച അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

◾  ബിഹാറില്‍ തിരഞ്ഞെടുപ്പുകാലത്ത് രണ്ട് രാജകുമാരന്‍മാര്‍ കറങ്ങി നടക്കുകയാണെന്നും അതിലൊരു ദില്ലിവാലാ രാജകുമാരന്‍ ഛഠ് പൂജയുമായി ബന്ധപ്പെട്ട ദേവിയായ ഛഠി മയ്യയെ വരെ അപമാനിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. ഇതിനെതിരെ ബിഹാറിലെ സ്ത്രീകള്‍ രംഗത്തിറങ്ങുമെന്നും എന്‍ഡിഎ റെക്കോര്‍ഡ് നേട്ടത്തോടെ അധികാരത്തിലെത്തുമെന്നും നരേന്ദ്രമോദി പ്രഖ്യാപിച്ചു. വ്യാജ ഡിഗ്രിക്കാരനായതിനാല്‍ പുരാതന ആഗോള സര്‍വകലാശാലയായിരുന്ന നളന്ദയുടെ വിലപോലും നരേന്ദ്രമോദി മനസ്സിലാക്കിയിട്ടില്ലെന്നു പറഞ്ഞാണ് രാഹുല്‍ തിരിച്ചടിച്ചത്. അതേസമയം, ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പു നടക്കുന്ന 121 മണ്ഡലങ്ങളിലെ പ്രചാരണം ഇന്നലെ സമാപിച്ചു. നാളെയാണു വോട്ടെടുപ്പ്. രണ്ടാം ഘട്ട വോട്ടെടുപ്പ് 11നും വോട്ടെണ്ണലും ഫലപ്രഖ്യാപനവും 14നും നടക്കും.

◾  ഛത്തീസ്ഗഢിലെ ബിലാസ്പൂര്‍ ജില്ലയില്‍ പാസഞ്ചര്‍ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച് എട്ട് പേര്‍ മരിച്ചു. ഇരുപതിലേറെ പേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റു. കോര്‍ബ പാസഞ്ചര്‍ മെമ്മു ട്രെയിന്‍ ഗുഡ്സ് ട്രെയിനിന്റെ പിന്നില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപയും റെയില്‍വേ സഹായധനം പ്രഖ്യാപിച്ചു. അപായ സിഗ്‌നല്‍ കണ്ടിട്ടും മെമു ട്രെയിന്‍ യാത്ര തുടര്‍ന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

◾  ഇന്ത്യന്‍ സൈന്യം രാജ്യത്തെ ജനസംഖ്യയുടെ പത്ത് ശതമാനത്തിന്റെ നിയന്ത്രണത്തിലാണെന്ന ലോക്സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം വിവാദമായി. നാളെ  ആരംഭിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കുടുംബയില്‍ നടന്ന പ്രചാരണ റാലിയിലാണ് രാഹുലിന്റെ പരാമര്‍ശം ഉണ്ടായത്.

◾  വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രാദേശിക രാഷ്ട്രീയ ശക്തി രൂപപ്പെടുത്തുന്നതിനുള്ള നീക്കം ശക്തമാക്കി നേതാക്കള്‍. മേഘാലയ മുഖ്യമന്ത്രിയും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) അധ്യക്ഷനുമായ കോണ്‍റാഡ് സാങ്മ ഉള്‍പ്പെടെ നാല് പ്രാദേശിക പാര്‍ട്ടികളുടെ നേതാക്കള്‍ ഒരൊറ്റ രാഷ്ട്രീയ പാര്‍ട്ടിയായി മാറാനുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു.

◾  അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്ന സൈനികനെ ട്രെയിനില്‍ വച്ച് റെയില്‍വേ അറ്റന്‍ഡര്‍മാര്‍ കുത്തി കൊലപ്പെടുത്തി. ഗുജറാത്ത് സ്വദേശി ജിഗര്‍ കുമാര്‍ ചൗധരി (27) ആണ് കൊല്ലപ്പെട്ടത്. ജമ്മു താവിയില്‍ നിന്ന് സബര്‍മതിയിലേക്ക് പോവുകയായിരുന്ന എക്സ്പ്രസ് ട്രെയിന്‍ ഞായറാഴ്ച രാത്രി 11 മണിയോടെ രാജസ്ഥാനിലെ ബിക്കാനീറിന് അടുത്തുള്ള ലുങ്കരന്‍സര്‍ സ്റ്റേഷന് സമീപത്ത് എത്തിയപ്പോഴാണ് സംഭവം.

◾  ഇസ്ലാമാബാദിലെ പാകിസ്ഥാന്‍ സുപ്രീം കോടതിയില്‍ സ്ഫോടനം. കെട്ടിടത്തിന്റെ ബേസ്മെന്റ് കഫറ്റീരിയയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. അപകടത്തില്‍ 12ഓളം പേര്‍ക്ക് പരിക്കേറ്റു. കോടതി കാന്റീനില്‍ ഒരു എയര്‍ കണ്ടീഷനിംഗ് യൂണിറ്റ് നന്നാക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് അധികൃതര്‍ അറിയിച്ചു.

◾  ഇന്ത്യ ഒരു 'ആഗോള സൂപ്പര്‍ പവര്‍' ആണെന്നും, രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം പ്രതിരോധം, നവീകരണം, ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനം, വ്യാപാരം എന്നീ മേഖലകളില്‍ മുമ്പെന്നത്തേക്കാളും ശക്തമാണ് എന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗിഡിയോണ്‍ സാര്‍. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

◾  തട്ടിപ്പ് തടയാനുള്ള നടപടിയുടെ ഭാഗമായി, ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള നിരവധിപേരുടെ വിസ അപേക്ഷകള്‍ വ്യാപകമായി റദ്ദാക്കാന്‍ കനേഡിയന്‍ അധികൃതര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള വ്യാജ സന്ദര്‍ശക വിസ അപേക്ഷകള്‍ തിരിച്ചറിയുന്നതിനും റദ്ദാക്കുന്നതിനും കനേഡിയന്‍ അധികൃതര്‍ യുഎസ് സ്ഥാപനങ്ങളുമായി സഖ്യത്തിലേര്‍പ്പെട്ടുവെന്നും ആഭ്യന്തര രേഖകള്‍ ഉദ്ധരിച്ച് സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

◾  യുഎസിലെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്കിലെ മേയര്‍ തിരഞ്ഞെടുപ്പില്‍ പ്രവചനങ്ങളെല്ലാം ഡെമോക്രാറ്റ് സ്ഥാനാര്‍ഥി സൊഹ്റാന്‍ മംദാനിക്ക് അനുകൂലം. ഇന്ത്യന്‍ വംശജയായ പ്രമുഖ സിനിമ സംവിധായക മീര നായരുടെയും യുഗാണ്ടന്‍ എഴുത്തുകാരന്‍ മഹമൂദ് മംദാനിയുടെയും മകനാണ് സൊഹ്റാന്‍. അതേസമയം മംദാനി വിജയിച്ചാല്‍ അത് നഗരത്തിന് വിപത്താകുമെന്നും നഗരത്തിനുള്ള ഫെഡറല്‍ സഹായം നിലച്ചേക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.

◾  ഏഷ്യാ കപ്പിനിടെ ഇന്ത്യ - പാകിസ്ഥാന്‍ മത്സരത്തിലുണ്ടായ വിവാദ സംഭവങ്ങളില്‍ പാകിസ്ഥാന്‍ താരം ഹാരിസ് റൗഫിന് രണ്ട് മത്സരങ്ങളില്‍ വിലക്ക്. ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിക്കിടെ ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങള്‍ പാകിസ്ഥാന്‍ വെടിവെച്ചിട്ടുവെന്ന അവകാശവാദത്തെ സൂചിപ്പിക്കാനായി 6-0 എന്ന് വിരലുകള്‍ കൊണ്ട് കാണിച്ചതിനാണ് പാക് താരത്തിനെതിരെ നടപടി സ്വീകരിച്ചത്. അതേസമയം ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴയയും രണ്ട് ഡീമെറിറ്റ് പോയിന്റും ഇന്ത്യന്‍ പേസര്‍ ജസ്പ്രി ബുമ്രയ്ക്ക് ഒരു ഡിമെറിറ്റ് പോയിന്റും ലഭിച്ചു.

◾  സ്വര്‍ണ്ണ വായ്പ മേഖലയിലെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ഇന്‍ഡെല്‍ മണിയുടെ എന്‍.സി.ഡി കള്‍ സബ്‌സ്‌ക്രൈബ് ചെയ്തത് 315 ശതമാനം അധികം. 1000 രൂപ മുഖവിലയുള്ള സുരക്ഷിതവും വീണ്ടെടുക്കാവുന്നതും ഓഹരിയാക്കി മാറ്റാന്‍ കഴിയാത്തതുമായ കടപ്പത്രങ്ങളുടെ ആറാമത് പബ്ലിക് ഇഷ്യുവിലാണ് ഈ നേട്ടം. 472.79 കോടി രൂപയുടെ കടപ്പത്രങ്ങള്‍ നിക്ഷേപകര്‍ വാങ്ങി. 150 കോടി രൂപയുടെ പ്രാഥമിക ഇഷ്യുവും 150 കോടി രൂപയുടെ അധിക സബ്‌സ്‌ക്രിബ്ഷനുമായി 300 കോടി രൂപയാണ് ലക്ഷ്യമിട്ടിരുന്നത്. 2,750 കോടി രൂപയുടെ ആസ്തികള്‍ ഇന്‍ഡെല്‍ മണി കൈകാര്യം ചെയ്യുന്നുണ്ട്. 91.82 ശതമാനവും സ്വര്‍ണ്ണ വായ്പയാണ്. രാജ്യവ്യാപകമായി കമ്പനിക്ക് 366 ശാഖകളുണ്ട്. വിദേശ നാണ്യ വിഭാഗമായ ഇന്‍ഡെല്‍ റെമിറ്റിന് റിസര്‍വ് ബാങ്ക് കാറ്റഗറി 2 ലൈസന്‍സ് നല്‍കിയിട്ടുണ്ട്. മുംബൈ ആസ്ഥാനവും കൊച്ചിയില്‍ കോര്‍പറേറ്റ് ഓഫീസുമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡെല്‍ റെമിറ്റ് കറന്‍സി വിനിമയം, ട്രാവല്‍ മണി കാര്‍ഡുകള്‍, വിദേശത്തേക്ക് പണമയക്കല്‍ ഉള്‍പ്പടെയുള്ള സേവനങ്ങള്‍ നല്‍കി വരുന്നു.

◾  വിദേശത്തും ഇന്ത്യക്കകത്തും നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ച മലയാള ചിത്രം 'വിക്ടോറിയ' തിയേറ്ററുകളിലേക്ക്. ഐ.എഫ്.എഫ്.കെ 2024ലെ മികച്ച നവാഗത സംവിധായികയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം നേടിയ, ശിവരഞ്ജിനി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കെഎസ്എഫ്ഡിസിയാണ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ചൈനയിലെ പ്രശസ്തമായ ഷാങ്ഹായ് ഫെസ്റ്റിവലിലേക്ക് ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു സിനിമയായ വിക്ടോറിയ നിരവധി ദേശീയ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മീനാക്ഷി ജയന് ഗോള്‍ഡന്‍ ഗ്ലോബറ്റ് ഏഷ്യന്‍ ടാലന്റ് മത്സര വിഭാഗത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും നേടിക്കൊടുത്തു. മുഴുവനായും സ്ത്രീ കഥാപാത്രങ്ങളുള്ള ഈ ചിത്രം ഒരു ബ്യൂട്ടീപാര്‍ലര്‍ ജീവനക്കാരിയായ വിക്ടോറിയയുടെ ജീവിതത്തിലൂടെ സമകാലിക കേരളീയ സ്ത്രീ ജീവിതങ്ങളിലേക്കാണ് സഞ്ചരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചനക്കൊപ്പം എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത് സംവിധായിക ശിവരഞ്ജിനി തന്നെയാണ്. മീനാക്ഷിയെക്കൂടാതെ ശ്രീഷ്മ ചന്ദ്രന്‍, ജോളി ചിറയത്ത്, ദര്‍ശന വികാസ്, സ്റ്റീജ മേരി ചിറക്കല്‍, ജീന രാജീവ്, രമാ ദേവി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

◾  ലഹരിക്കെതിരെ സംഗീതത്തിലൂടെ ജാഗ്രത തീര്‍ത്ത് ഔസേപ്പച്ചന്റെ പുതിയ മ്യൂസിക് വിഡിയോ. 'കരുതല്‍ 2' എന്നു പേരിട്ടിരിക്കുന്ന മ്യൂസിക് ആല്‍ബം സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ സന്ദേശം പകരുന്നതാണ്. റഫീക്ക് അഹമ്മദിന്റേതാണ് വരികള്‍. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ഗായിക റുഷെയ്ല്‍ റോയ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മാധവ് സുന്ദറും ആര്യ ജനനും ചേര്‍ന്നാണ് റാപ്പ് ഭാഗത്തിന് ശബ്ദം നല്‍കിയത്. ഇംഗ്ലിഷിലും ഹിന്ദിയിലുമുള്ള വരികള്‍ എഴുതിയിരിക്കുന്നത് മാധവ് സുന്ദറും റാപ്പ് വരികള്‍ എഴുതിയത് ആര്യ ജനനുമാണ്. ഡോണ്‍ ജോസ് ആണ് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. സാജന്‍ ആന്റണിയാണ് ക്യാമറ. എഡിറ്റര്‍ ജിന്‍ഷാദ് ഗുരുവായൂര്‍. ചാവക്കാട് വിദ്യാഭ്യാസ ജില്ലയ്ക്കു വേണ്ടി ജോഫി പുലിക്കോട്ടില്‍, മില്‍ട്ടണ്‍ ഫ്രാന്‍സിസ്, പി.കെ ചെറിയാന്‍ എന്നിവര്‍ ചേര്‍ന്നാണ് വിഡിയോ നിര്‍മാണം. നേരത്തേ 'കരുതല്‍ 1' ഇവര്‍ ഇറക്കിയിരുന്നു. ആവണി, രഞ്ജിവ് കുമാര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

◾  കേരള വിപണിയില്‍ തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ ഓര്‍ബിറ്റര്‍ അവതരിപ്പിച്ച് ടിവിഎസ് മോട്ടോര്‍ കമ്പനി. പി.എം ഇ-ഡ്രൈവ് സബ്‌സിഡി ഉള്‍പ്പെടെ 1,04,600 രൂപയാണ് എക്‌സ് ഷോറൂം വില. ഒറ്റ ചാര്‍ജില്‍ 158 കിലോമീറ്റര്‍ ഐ.ഡി.സി. റേഞ്ച് നല്‍കാന്‍ ഓര്‍ബിറ്ററിന് കഴിയും 3.1 കിലോവാട്ട് അവര്‍ ശേഷിയുള്ള ബാറ്ററി ചാര്‍ജ് ചെയ്യാന്‍ നാല് മണിക്കൂറും 10 മിനിറ്റും വേണം. വലിയ വാഹനങ്ങളില്‍ മാത്രം കണ്ടുവരുന്ന ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനവുമുണ്ട്. രണ്ട് ഹെല്‍മെറ്റുകള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ 34 ലിറ്റര്‍ ബൂട്ട് സ്പെയ്സാണ് വാഹനത്തിലുള്ളത്. മികച്ച ഡിജിറ്റല്‍ അനുഭവമൊരുക്കുന്ന ആധുനിക കണക്റ്റഡ് സംവിധാനങ്ങളാണ് ഓര്‍ബിറ്ററിന്റെ മറ്റൊരു പ്രത്യേകത. കൂട്ടിയിടി, മോഷണം, നിശ്ചിത പ്രദേശത്തിന് പുറത്തു പോകല്‍ തുടങ്ങിയവ സംബന്ധിച്ച മുന്നറിയിപ്പുകള്‍ മൊബൈല്‍ ആപ്പ് വഴി റൈഡര്‍ക്ക് ലഭിക്കും. നിയോണ്‍ സണ്‍ബേസ്റ്റ്, സ്ട്രാറ്റോസ് ബ്ലൂ, ലൂണാര്‍ ഗ്രേ, സ്റ്റെല്ലര്‍ സില്‍വര്‍, കോസ്മിക് ടൈറ്റാനിയം, മാര്‍ഷ്യന്‍ കോപ്പര്‍ എന്നിങ്ങനെ ആറ് ആകര്‍ഷകമായ നിറങ്ങളില്‍ ടി.വി.എസ്. ഓര്‍ബിറ്റര്‍ ലഭ്യമാകും.

◾  അലാവുദ്ദീനും അദ്ഭുതവിളക്കും, ആലിബാബയും നാല്‍പ്പതു കള്ളന്‍മാരും, നിധിയറയിലെ മാന്ത്രികരഹസ്യങ്ങള്‍, ഭൂതരാജാവിന്റെ അമൂല്യസമ്മാനങ്ങള്‍, മാന്ത്രികമോതിരത്തിന്റെ ശക്തി കഥപറച്ചിലിന്റെ മായാജാലംകൊണ്ട് ആസ്വാദകരെ പിടിച്ചിരുത്തിയ ആയിരത്തൊന്ന് രാവുകള്‍... വായനക്കാരെ വിസ്മയത്തിന്റെ കൊടുമുടിയിലെത്തിച്ച രസകരമായ കഥകളുടെ കുട്ടികള്‍ക്ക് വേണ്ടിയുള്ള പുനരാഖ്യാനം. 'കുട്ടികളുടെ 1001 രാവുകള്‍'. സിപ്പി പള്ളിപ്പുറം. മാതൃഭൂമി. വില 314 രൂപ.

◾  ഒരു രാത്രിയിലെ ഉറക്കക്കുറവ് പോലും രോഗപ്രതിരോധ കോശങ്ങള്‍ പെരുമാറുന്ന രീതിയില്‍ വ്യത്യാസം ഉണ്ടാക്കും. നാല് മണിക്കൂര്‍ മാത്രം ഉറങ്ങുന്നത്, രോഗബാധിതമായ കോശങ്ങളെ നശിപ്പിക്കുന്ന കില്ലര്‍ കോശങ്ങളുടെ ഫലപ്രാപ്തി നഷ്ടപ്പെടുത്തുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ ഉറക്കം കുറയുന്നതോടെ സൈറ്റോകൈനുകളുടെ എണ്ണം രക്തത്തില്‍ കൂടാനും ഇത് ഹൃദ്രോഗം പോലുള്ള ദീര്‍ഘകാല ആരോഗ്യഅപകടങ്ങളിലേക്ക് നയിക്കാനും കാരണമാകുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. വൈറസുകളെയും ബാക്ടീരിയകളെയും തിരിച്ചറിയാനുള്ള പ്രതിരോധസംവിധാനത്തിന്റെ കഴിവിനെ സ്വാധീനിക്കുന്നത് മെച്ചപ്പെട്ട ഉറക്കമാണ്. പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനുള്ള ഏക പോംവഴി ഉറക്കമാണ്. നഷ്ടപ്പെട്ട ഉറക്കം പുനഃസ്ഥാപിച്ച ശേഷം, രോഗപ്രതിരോധ കോശങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും വീക്കം ഉണ്ടാക്കുന്ന ലക്ഷണങ്ങള്‍ കുറയുകയും ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ചുരുക്കം പറഞ്ഞാല്‍, ഉറക്കം നന്നായാല്‍ രോഗം വരാതെ സംരക്ഷിക്കാം. രാത്രിയില്‍ ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശ്രമിക്കുക. ഒരു ഉറക്ക സമയക്രമം പാലിക്കുക. എല്ലാ ദിവസവും ഓരേ സമയം ഉറങ്ങാനും ഉണരാനും ശ്രമിക്കുക. ഉറങ്ങുന്നതിനു മുമ്പ് ബ്രൈറ്റ് ആയ ലൈറ്റുകള്‍ ഓഫ് ചെയ്യുക. ഉറങ്ങുന്നതിന് കുറഞ്ഞത് ആറ് മണിക്കൂര്‍ മുമ്പെങ്കിലും കഫീന്‍ കുറയ്ക്കുക. ഇരുട്ടിയതിനു ശേഷമോ ഉറങ്ങുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂര്‍ മുമ്പോ അത്താഴം കഴിക്കുക. ഉറങ്ങാന്‍ തണുത്തതും ഇരുണ്ടതുമായ മുറി സജ്ജമാക്കുക. ഉറങ്ങുന്നതിന് മുന്‍പ് കുറഞ്ഞത് ഒരു മണിക്കൂര്‍ മുമ്പെങ്കിലും മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കുക.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിക്കല്‍ മരംകൊത്തി ദൈവത്തോട് പരാതി പറഞ്ഞു: എന്താണ് എനിക്ക് നിലത്ത് കിടക്കുന്ന ചെറുപ്രാണികളെയും പുഴുവിനെയും ഒന്നും കൊത്തിതിന്നാന്‍ സാധിക്കാത്തത്.  ദൈവം പറഞ്ഞു:  നിന്റെ ചുണ്ടുകള്‍ ഞാന്‍ നിര്‍മ്മിച്ചിരിക്കുന്നത് അവയെ കഴിക്കാന്‍ അല്ല.  മരത്തിന്റെ പൊത്തുകളിലിരിക്കുന്ന പ്രാണികളെ കഴിക്കാന്‍ ആണ്.  ഇത് കേട്ട് തത്ത പറഞ്ഞു:  എന്റെ ചുണ്ടുകള്‍ വളഞ്ഞാണിരിക്കുന്നത്? എനിക്ക് എന്നിട്ട് മരപ്പൊത്തിലുളളതൊന്നും തിന്നാന്‍ സാധിക്കുന്നില്ലല്ലോ?  ദൈവം പറഞ്ഞു: നിന്റെ ചുണ്ടുകള്‍ നല്ല പഴങ്ങള്‍ കഴിക്കാനുളളതാണ്.  ഇത്  കേട്ട് കുയിലും പരിഭവം പറഞ്ഞു:   മരംകൊത്തയുടെ ചുണ്ടോ, തത്തയുടെ ഭംഗിയോ എനിക്കില്ല.  ദൈവം കുയിലിനോട് പാടാന്‍ ആവശ്യപ്പെട്ടു. കുയില്‍പാടിത്തുടങ്ങിയപ്പോള്‍ ആ കാട് മുഴുവന്‍ അവിടെയെത്തി.  കുയിലിന്റെ കണ്ണ് നിറഞ്ഞു. എന്തിന് വേണ്ടി ജന്മമെടുത്തു എന്നുളള അറിവാണ് ഏറ്റവും വലിയ തിരിച്ചറിവ്. ഓരോ സൃഷ്ടിക്കും അതിന്റേതായ ഉദ്ദേശമുണ്ട്.  അത് കണ്ടെത്തുന്നവര്‍ മാത്രമാണ് ജീവിതത്തിലെ സംതൃപ്തിയും സന്തോഷവും കണ്ടെത്തുന്നത്.  നമുക്ക് എത്രയധികം ഉണ്ട് എന്നതല്ല, ഉള്ളവയെ എത്രയധികം ഉപയോഗിക്കുന്നു എന്നതിലാണ് മികവിന്റെ അടിസ്ഥാനം.  നമുക്ക് ഉളളത് ഊര്‍ജ്ജമാക്കാം - ശുഭദിനം.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍