പ്രഭാത വാർത്തകൾ
2025 ഡിസംബർ 23 ചൊവ്വ
1201 ധനു 8 തിരുവോണം
1447 റജബ് 02
◾ സംസ്ഥാനത്തെ തദ്ദേശതിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച പാര്‍ട്ടിയായി ഇത്തവണ കോണ്‍ഗ്രസ് മാറി. 29.17 ശതമാനം വോട്ടാണ് കോണ്‍ഗ്രസിന് ലഭിച്ചത്. സിപിഎമ്മിന് 27.16 ശതമാനം വോട്ട് വിഹിതമാണ് ലഭിച്ചത്. ബിജെപിക്ക് 14.76 ശതമാനം വോട്ടും ലഭിച്ചു. മുന്നണി തിരിച്ചുള്ള കണക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് ഇപ്പോള്‍ പാര്‍ട്ടി തിരിച്ചുള്ള കണക്കും പുറത്തുവിട്ടിരിക്കുന്നത്. കോണ്‍ഗ്രസ് 8 ജില്ലകളില്‍ 30 ശതമാനത്തിലേറെ വോട്ട് നേടിയപ്പോള്‍, സി പി എമ്മിന് 2 ജില്ലകളില്‍ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കാനായത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലൊഴികെ ബാക്കി എല്ലാ ജില്ലകളിലും കോണ്‍ഗ്രസ് 30 ശതമാനത്തിലേറെ വോട്ടുകളാണ് നേടിയത്. സിപിഎം ആകട്ടെ, കണ്ണൂരിലും പാലക്കാടും മാത്രമാണ് 30 ശതമാനത്തിലേറെ വോട്ടുകള്‍ നേടിയത്. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരേയുള്ള ജില്ലകളില്‍ കോണ്‍ഗ്രസ് ഒന്നാമതാണ്. ബി ജെ പിയാകട്ടെ ഒരു ജില്ലയില്‍ പോലും 30 ശതമാനം വോട്ട് നേടിയിട്ടില്ല. ബി ജെ പി 20 ശതമാനത്തിലേറെ വോട്ട് വിഹിതം സ്വന്തമാക്കിയത് തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ്. മുസ്ലിം ലീഗിന് 9.77 ശതമാനവും സിപിഐയ്ക്ക് 5.58 ശതമാനവും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് 1.62 ശതമാനവും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് 1.33 ശതമാനം വോട്ടുമാണ് ലഭിച്ചത്.
◾ തിരുവനന്തപുരം കോര്‍പ്പറേഷനിലെ പരാജയത്തില്‍ സി പി എം ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം. മേയറായിരുന്ന ആര്യ രാജേന്ദ്രന്റെ അഹങ്കാരം, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന ആഗോള അയ്യപ്പ സംഗമത്തില്‍ വായിച്ചത്, വെള്ളാപ്പള്ളിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ കാര്‍ യാത്ര, ശബരിമല സ്വര്‍ണക്കൊള്ള, ജില്ലയിലെ വിഭാഗിയത തുടങ്ങിയ വിഷയങ്ങളില്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ അതിരൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. മേയറുടെ അഹങ്കാരവും കടുകാര്യസ്ഥതയും തിരിച്ചടിയായെന്ന് ഭൂരിഭാഗം നേതാക്കളും ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശിച്ചു.
◾ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം. താളപ്പിഴകള്‍ അക്കമിട്ട് നിരത്തിയാണ് ചീഫ് സെക്രട്ടറിയുടെ കത്ത്. എന്യുമറേഷന്‍ ഫോമുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടണമെന്നും 25 ലക്ഷം പേര്‍ ഒഴിവാക്കപ്പെട്ടതായും കേരളം പറയുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാറിനാണ് കത്ത് നല്‍കിയത്.
◾ നിയമസഭാ തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങാന്‍ തയ്യാറെടുത്ത് യു ഡി എഫ്. മിഷന്‍ 2026 ന് ജനുവരിയില്‍ രൂപം നല്‍കും. ജനുവരിയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഫെബ്രുവരിയില്‍ പ്രകടന പത്രിക പുറത്തിറക്കും.
◾ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് യുഡിഎഫ് നീങ്ങുന്നത് ആത്മവിശ്വാസത്തോടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേരളത്തിന്റെ വികസനത്തിനും സമഗ്ര മാറ്റത്തിനും ആവശ്യമായ നിരവധി പരിപാടികള്‍ യു.ഡി.എഫ് മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തുമെന്നും ഇതിനായി എല്ലാ മേഖലകളിലും ഗവേഷണ തുല്യ പഠനം നടത്തുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
◾ തനിക്കും തന്റെ പ്രസ്ഥാനത്തിനും പുതുയുഗപ്പിറവിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി. അന്‍വര്‍. ഐക്യജനാധിപത്യ മുന്നണിയുടെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉന്നതമായ പ്രതിജ്ഞാബദ്ധത പകരം നല്‍കാന്‍ താനും ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസും സദാ സന്നദ്ധമായിരിക്കുമെന്നും പി.വി. അന്‍വര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. യുഡിഎഫില്‍ അസോസിയേറ്റ് അംഗമാക്കിയതിനു പിന്നാലെയായിരുന്നു പി.വി. അന്‍വറിന്റെ പ്രതികരണം.
◾ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപിന്റെ പ്രീമിയം തുക വര്‍ധിപ്പിച്ചു. ഇന്‍ഷുറന്‍സ് പ്രീമിയം മാസം 500 രൂപയില്‍ നിന്ന് 810 ആയി വര്‍ധിപ്പിച്ചു. ഇതോടെ ഒരു വര്‍ഷം 8237 രൂപയും ജിഎസ്ടിയും പ്രീമിയം തുകയായി നല്‍കണം. പെന്‍ഷന്‍കാര്‍ക്ക് പ്രീമിയം തുക പെന്‍ഷന്‍ തുകയില്‍ നിന്ന് ഈടാക്കും. ഇതിനെ നിയമപരമായി നേരിടാന്‍ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ തീരുമാനിച്ചതായാണ് വിവരം.
◾ ജനപ്രിയ ഓഫറുകളുമായി സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയറുകള്‍. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം നായനാര്‍ പാര്‍ക്കില്‍ മന്ത്രി ജി.ആര്‍.അനില്‍ നിര്‍വ്വഹിച്ചു. ജനുവരി 1 വരെയാണ് ഫെയറുകള്‍ പ്രവര്‍ത്തിക്കുക. ആറ് ജില്ലകളില്‍ പ്രത്യേകമായി തയ്യാറാക്കിയ സ്ഥലങ്ങളിലാണ് ഫെയറുകള്‍ നടക്കുന്നത്.
◾ നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ രണ്ടാം പ്രതി മാര്‍ട്ടിന്റെ വീഡിയോ ഷെയര്‍ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ 3 പേര്‍ അറസ്റ്റില്‍. മാര്‍ട്ടിന്റെ വീഡിയോ ഫേസ്ബുക്ക് പേജുകളില്‍ വാണിജ്യ അടിസ്ഥാനത്തില്‍ അപ്പ്ലോഡ് ചെയ്തവര്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് തൃൂശൂര്‍ സിറ്റി പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. എറണാകുളം, ആലപ്പുഴ, തൃശൂര്‍ സ്വദേശികളായ ഇവര്‍ പണം വാങ്ങി ദുരുദ്ദേശപരമായി വീഡിയോ ഷെയര്‍ ചെയ്തതായി പൊലീസ് കണ്ടെത്തി.
◾ ഉത്സവ സീസണ്‍ ആരംഭിച്ചതിനാല്‍ ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ആനകളെ എഴുന്നള്ളിക്കുന്ന വ്യവസ്ഥകള്‍ മലപ്പുറം ജില്ലയില്‍ കര്‍ശനമാക്കി. ആനകളെ ഉപയോഗിച്ച് എഴുന്നള്ളിപ്പ് നടത്തുന്ന ഉത്സവങ്ങളില്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിനും നാട്ടാന പീഡനം തടയുന്നതിനും പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാതല അവലോകന യോഗത്തിലാണ് കര്‍ശന തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
◾ പൊലീസ് ട്രെയിനിംഗിലൂടെ മികച്ച പരിശീലനം ലഭിച്ചിട്ടുള്ള അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ അച്ചടക്കവും സത്യസന്ധതയും മുഖമുദ്രയാക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജില്‍ നടന്ന മോട്ടോര്‍ വാഹന വകുപ്പ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ വാളയാര്‍ ആള്‍ക്കൂട്ടക്കൊല കേസില്‍ പിടിയിലായ പ്രതികളില്‍ 4 പേര്‍ ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. കേസിലെ 4-ാം പ്രതി സിഐടിയു പ്രവര്‍ത്തകനാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അതിനിടെ, കൂട്ടക്കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തി. എന്നാല്‍ ആരോപണം ബിജെപി നിഷേധിച്ചു.
◾ വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ മരണപ്പെട്ട റാം നാരായണ്‍ ബഗേലിന്റെ മൃതദേഹവവും കുടുംബാംഗങ്ങളെയും വിമാന മാര്‍ഗ്ഗം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. റാം നാരായണ്‍ ബഗേലിന്റെ മൃതദേഹം ഇന്ന് രാവിലെ കൊച്ചിയില്‍ നിന്ന് വിമാനത്തില്‍ റായ്പൂരില്‍ എത്തിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
*ഗർഭത്തിന്റെ 37 ആഴ്ചകൾ പൂർത്തിയാകുന്നതിനു മുൻപു ജനിച്ച കുഞ്ഞിനെയാണ് മാസം തികയാതെയുള്ള കുഞ്ഞ് എന്നു വിളിക്കുന്നത്*. 24- 25 ആഴ്‌ചയ്‌ക്കു ശേഷം ജനിക്കുകയും, 500-600 ഗ്രാമിനു മുകളിൽ ഭാരവുമുള്ള കുഞ്ഞുങ്ങൾക്ക് ഉചിതമായ പരിചരണവും ചികിത്സയും നൽകിയാൽ ഒരു സാധാരണ കുട്ടിയായി വളരും.ഇത്തരം കുട്ടികളെ ചികിൽസിക്കുന്ന വിഭമാണ് നിയോനാറ്റോളജി. പ്രായപൂർത്തിയാകാത്തതും വലുപ്പവും അനുസരിച്ച്, കുഞ്ഞിന് റെസ്പിറേറ്ററി ഡിസ്ട്രെസ് സിൻഡ്രം (RDS / HMD) എന്നു വിളിക്കുന്ന ചില ശ്വസന പ്രശ്‌നങ്ങൾ ഉണ്ടാകാം. ഇതിന് ഏതെങ്കിലും തരത്തിലുള്ള ശ്വസന പിന്തുണ - ട്യൂബ് ഉള്ളിലേക്കു കടത്തിയുള്ള ശ്വസന സഹായിയോ സി–പാപ് (CPAP) പോലെ മാസ്ക് ഉപയോഗിച്ചുള്ള ശ്വസനസഹായിയോ ആവശ്യമാണ്. തികയാത്ത കുഞ്ഞുങ്ങളുെട ശ്വാസോച്ഛ്വാസം ഇടയ്ക്കിടെ നിന്നു പോകുന്നത് (Apnea) സാധാരണമാണ്.ശരീരത്തിന്റെ ഊഷ്മാവ് നില നിര്‍ത്താൻ റേഡിയന്റ് വാമറിനോ ഇൻകുബേറ്ററിനോ കീഴിലാണു കുഞ്ഞിനെ പരിപാലിക്കുന്നത്. പല ശിശുക്കൾക്കും, പ്രത്യേകിച്ച് മാസം തികയാത്ത കുഞ്ഞുങ്ങൾക്കു മഞ്ഞപ്പിത്തം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിനായി പ്രത്യേക ലൈറ്റുകൾക്കു കീഴിൽ ചികിത്സ ആവശ്യമായി വരാം.ഇതു കൂടാതെ കുട്ടിയുടെ കണ്ണ്, തലച്ചോറിന്റെയും ഹൃദയത്തിന്റെയും അൾട്രാസൗണ്ട് സ്കാൻ, തൈറോയിഡ്, മറ്റ് മറ്റ് ഉപാപചയ തകരാറുകൾ എന്നിവയും ഈ സമയങ്ങളിൽ പരിശോധിക്കണം.*മാസം തികയാത്ത ശിശുക്കളുടെ വളർച്ചക്കും വികാസത്തിനും, നേരത്തെയുള്ള ഇടപെടൽ (Early intervention) ഫിസിക്കൽ തെറപ്പി, ഒക്യുപേഷനൽ തെറപ്പി, സ്പീച്ച് തെറപ്പി, വികസന വിലയിരുത്തലുകൾ എന്നിവ പ്രധാനമാണ്. ഇത്തരം സാഹചര്യങ്ങൾ നേരിടാൻ അമല ആശുപത്രിയിൽ നവജാതശിശു വിദഗ്‌ദത്തന്റെ നേതൃതത്തിൽ നിയോനാറ്റോളജി പൂർണ്ണ സജ്‌ജമാണ്. കൂടുതൽ വിവരങ്ങൾക്ക് 0487 -2304000* .
◾ കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യാജ വോട്ട് ചേര്‍ത്തെന്ന പരാതിയില്‍ ബിഎല്‍ഒയ്ക്ക് നോട്ടീസ് അയച്ച് കോടതി. കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍ നല്‍കിയ ഹര്‍ജിയില്‍ തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. സുരേഷ് ഗോപിയും സഹോദരനും ബിഎല്‍ഒയുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് ആക്ഷേപം. ബിഎല്‍ഒ ജനുവരി 20ന് നേരിട്ട് ഹാജരാകണമെന്ന് കോടതി പറഞ്ഞു.
◾ ആലപ്പുഴ കായംകുളത്ത് തട്ടിപ്പ് കേസില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ അറസ്റ്റില്‍. കായംകുളം മുനിസിപ്പാലിറ്റി 26-ാം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ആലുംമൂട്ടില്‍ നുജുമുദ്ദീനാണ് അറസ്റ്റിലായത്. സഹകരണ സംഘത്തില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്.
◾ മാവേലിക്കര വിഎസ്എം ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ധന്യ (39) ആണ് മരിച്ചത്. വൃക്കയിലെ കല്ല് നീക്കുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് സംഭവം. യുവതിയുടെ മരണത്തില്‍ ചികിത്സാ പിഴവുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. നിലവില്‍ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
◾ നെടുമങ്ങാട് പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേര്‍ മരിച്ചു. പൊട്ടിത്തെറിയില്‍ തീപ്പൊള്ളലേറ്റ് ചികിത്സയിലിരുന്ന അഴിക്കോട് സ്വദേശി നവാസ് (55) ഇന്നലെ പുലര്‍ച്ചെയും പാലോട് പ്ലാവറ സ്വദേശി സിമി സന്തോഷ് (45) ഇന്ന് രാവിലെയുമാണ് മരിച്ചത്. കഴിഞ്ഞ 14 നായിരുന്നു അഴിക്കോട് ജംഗ്ഷനിലെ ഹോട്ടലില്‍ ഗ്യാസ് ചോര്‍ന്ന് പൊട്ടിത്തെറിയുണ്ടായത്.
◾ കണ്ണൂര്‍ പയ്യന്നൂര്‍ രാമന്തളിയില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരന്‍ (38), അമ്മ ഉഷ (60), കലാധരന്റെ മക്കള്‍ ഹിമ (5), കണ്ണന്‍ (2) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സൂചന. മുതിര്‍ന്നവര്‍ രണ്ടു പേരും തൂങ്ങിയ നിലയിലും കുട്ടികള്‍ താഴെ കിടക്കുന്ന നിലയിലുമാണ് മൃതദേഹങ്ങള്‍. ഭാര്യയുമായി വേര്‍പിരിഞ്ഞ് താമസിക്കുന്ന കലാധരന്റെ കൂടെ താമസിക്കുന്ന രണ്ടു മക്കളെയും ഭാര്യക്കൊപ്പം വിടാന്‍ കോടതി വിധി വന്നതിനു പിന്നാലെ കുഞ്ഞുങ്ങളെയും അമ്മയേയും കൂട്ടി കലാധരന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് സൂചന.
◾ ദേശീയ വിദ്യാഭ്യാസനയം പ്രകാരം സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ നിര്‍മിത ബുദ്ധിയെക്കുറിച്ചുള്ള പാഠങ്ങള്‍സമഗ്രമായി ഉള്‍പ്പെടുത്താനുള്ള നടപടികള്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി പ്ലസ് വണ്‍, പ്ലസ് ടുക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി എഐ പാഠപുസ്തകങ്ങളും സിലബസും തയ്യാറാക്കാന്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്പ്രത്യേക സമിതിയെ നിയോഗിച്ചു.
◾ ഗോവയിലെ ജില്ലാ പരിഷത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ കുറഞ്ഞെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി. ആകെയുള്ള 50 സീറ്റുകളില്‍ 23 സീറ്റ് നേടിയാണ് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. കഴിഞ്ഞതവണ 33 സീറ്റുകളില്‍ വിജയിച്ച ബിജെപിക്ക് ഇത്തവണ പത്തുസീറ്റുകള്‍ കുറഞ്ഞു. ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിജെപി-എംജിപി സഖ്യം ആകെ 30 സീറ്റുകള്‍ നേടി. അതേസമയം കഴിഞ്ഞതവണ നാലുസീറ്റുകള്‍ മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസ് ഇത്തവണ ഒന്‍പതുസീറ്റുകളില്‍ വിജയിച്ചു.
◾ മുര്‍ഷിദാബാദില്‍ ബാബറി മസ്ജിദ് മാതൃകയിലുള്ള പള്ളിക്ക് തറക്കല്ലിട്ടതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട എംഎല്‍എ ഹുമയൂണ്‍ കബീര്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. 'ജനതാ ഉന്നയന്‍ പാര്‍ട്ടി' എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. പശ്ചിമ ബംഗാളിലെ ഭരത്പൂര്‍ എംഎല്‍എയായ ഹുമയൂണ്‍ കബീര്‍ മുര്‍ഷിദാബാദിലെ ബെല്‍ഡംഗയില്‍ നടന്ന പൊതുസമ്മേളനത്തിലാണ് തന്റെ പുതിയ പാര്‍ട്ടിയായ 'ജനതാ ഉന്നയന്‍ പാര്‍ട്ടി' പ്രഖ്യാപിച്ചത്.
◾ നാഷണല്‍ ഹെറാള്‍ഡ് കേസ് കേസില്‍ സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയുമടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് ദില്ലി ഹൈക്കോടതി നോട്ടീസയച്ചു. സ്റ്റേ ആവശ്യത്തില്‍ ഉള്‍പ്പെടെ മറുപടി സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരായ കുറ്റപത്രം അംഗീകരിക്കാത്ത വിചാരണക്കോടതി നടപടിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച അപ്പീലിലാണ് ദില്ലി ഹൈക്കോടതിയുടെ നടപടി.
◾ നാവികസേനയുടെ രഹസ്യ ഡേറ്റകള്‍ വിദേശത്തെ അനധികൃത സ്ഥാപനങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതുമായി ബന്ധപ്പെട്ട് ഗുജറാത്ത് സ്വദേശിയെ അറസ്റ്റുചെയ്തു. 34-കാരനായ ഹിരേന്ദ്ര കുമാറാണ് അറസ്റ്റിലായത്. ഗുജറാത്തിലെ ആനന്ദ് താലൂക്കില്‍നിന്ന് ഉഡുപ്പി പോലീസാണ് ഇയാളെ പിടികൂടിയത്.
◾ ഉത്തരാഖണ്ഡിലെ വിദ്യാലയങ്ങളില്‍ ഭഗവദ്ഗീത പാരായണം ചെയ്യുന്നത് നിര്‍ബന്ധമാക്കിയെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. ഇന്ത്യന്‍ സംസ്‌കാരം, ധാര്‍മിക മൂല്യങ്ങള്‍, ജീവിത തത്ത്വചിന്ത എന്നിവയുമായി വിദ്യാര്‍ഥികളെ ബന്ധിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
◾ കോണ്‍സുലാര്‍, വിസ സേവനങ്ങള്‍ നിര്‍ത്തിവച്ച് ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍. ബംഗ്ളാദേശിലെ ചിറ്റഗോങ് അസിസ്റ്റന്റ് ഹൈക്കമ്മീഷനില്‍ നിന്നുള്ള വിസ സര്‍വ്വീസ് ഒരറിയിപ്പുണ്ടാകുന്നത് വരെ നിറുത്തി വയ്ക്കാന്‍ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെയാണിത്. ബംഗ്ലാദേശിലെ യുവ നേതാവ് ഷെരീഫ് ഒസ്മാന്‍ ഹാദിയുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ കലാപത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതിന് പിന്നാലെയാണിത്.
◾ റഷ്യയിലെ മോസ്‌കോയിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ റഷ്യന്‍ ജനറല്‍ കൊല്ലപ്പെട്ടു. കാറിന് അടിയില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് ലഫ്.ജനറല്‍ ഫാനില്‍ സര്‍വരോവാണ് കൊല്ലപ്പെട്ടത്. റഷ്യന്‍ തലസ്ഥാനത്ത് ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനാണ് ഫാനില്‍ സര്‍വരോവ്. സായുധ സേനയുടെ പരിശീലന വിഭാഗത്തിന്റെ ചുമതലയിലുള്ള ഉദ്യോഗസ്ഥനായിരുന്നു 56കാരനായ ഫാനില്‍ സര്‍വരോവ്. യുക്രൈന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് ഫാനില്‍ സര്‍വരോവിന്റെ കാറില്‍ ബോംബ് വച്ചതെന്നാണ് റഷ്യ ആരോപിക്കുന്നത്.
◾ 2025 ല്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരുന്നിട്ടും ഒരു ലക്ഷം കോടി രൂപയിലധികം വിപണി മൂല്യമുള്ള കമ്പനികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തി. നിലവില്‍ ഏകദേശം 110 കമ്പനികളാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇത് ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള മൊത്തം കമ്പനികളുടെ വിപണി മൂല്യത്തിന്റെ 62 ശതമാനത്തോളം വരും. 2024-ല്‍ ഇത്തരത്തില്‍ 97 കമ്പനികളാണ് ഉണ്ടായിരുന്നത്. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (20.89 ലക്ഷം കോടി) തന്റെ സ്ഥാനം നിലനിര്‍ത്തി. തൊട്ടുപിന്നാലെ എച്ച്ഡിഎഫ്സി ബാങ്ക് (15.07 ലക്ഷം കോടി), ഭാരതി എയര്‍ടെല്‍ (12.75 ലക്ഷം കോടി) എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഈ വര്‍ഷം പുതുതായി ഓഹരി വിപണിയില്‍ എത്തിയ എല്‍ജി ഇലക്ട്രോണിക്സ്, ടാറ്റ ക്യാപിറ്റല്‍, ഗ്രോ, മീഷോ എന്നീ കമ്പനികള്‍ ഈ പട്ടികയില്‍ ഇടംപിടിച്ചു. കൂടാതെ, മുമ്പ് ലിസ്റ്റ് ചെയ്തിരുന്ന മുത്തൂറ്റ് ഫിനാന്‍സ്, കാനറ ബാങ്ക്, വോഡഫോണ്‍ ഐഡിയ, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, ബിഎസ്ഇ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക് തുടങ്ങിയ കമ്പനികളും 2025-ല്‍ ഒരു ലക്ഷം കോടി ക്ലബ്ബില്‍ അംഗങ്ങളായി. 2019 ല്‍ വെറും 29 കമ്പനികള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ 110 കമ്പനികള്‍ എത്തിനില്‍ക്കുന്നത്.
◾ വിജയ്യുടെ അവസാന അഭിനയചിത്രമെന്ന നിലയില്‍ ഏറെ പ്രതീക്ഷകളോടെ റീലീസിനൊരുങ്ങുന്ന 'ജനനായകന്‍' എന്ന സിനിമയിലെ രണ്ടാം ഗാനം പുരത്തുവിട്ടു. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. 'ഒരു പേരെ വരലാര്' എന്ന ഗാനം വിശാല്‍ മിശ്ര, അനിരുദ്ധ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. വിവേകാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ആദ്യ സിംഗിളായ ദളപതി കച്ചേരിയ്ക്ക് ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെയാണ് രണ്ടാം ഗാനം പ്രേക്ഷകരിലെക്കെത്തിയത്. ജനങ്ങളുടെ നേതാവെന്ന നിലയിലും പോലീസ് ഓഫീസര്‍ എന്ന നിലയിലും വിജയുടെ മാസ്സ് എലമെന്റുകളും രാഷ്ട്രീയ ടച്ചും നിറഞ്ഞ ഗാനത്തിലെ ദൃശ്യങ്ങള്‍ ആരാധകരെ ആവേശത്തിലാഴ്ത്തുകയാണ്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം 2026 ജനുവരി 9ന്, പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തും. വിജയുടെ അഭിനയജീവിതത്തിലെ അവസാന ചിത്രം എന്ന പ്രത്യേകത കൂടി ഉള്ളതിനാല്‍ 'ജന നായകന്‍' ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന വമ്പന്‍ റിലീസാണ്. ചിത്രത്തിലെ പ്രധാന റോളുകളില്‍ ബോബി ഡിയോള്‍, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു.
◾ രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത 'അനിമല്‍' ചിത്രത്തിന്റെ ലൈഫ് ടൈം കളക്ഷനെ 'ധുരന്ദര്‍' മറികടന്നു. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ അനിമലിന്റെ ലൈഫ് ടൈം കളക്ഷന്‍ 553 കോടി രൂപയായിരുന്നു. എന്നാല്‍ ധുരന്ദര്‍ 666.75 കോടി രൂപയും നേടി. രണ്‍വീര്‍ സിംഗ് നായകനായി വന്ന ചിത്രമാണ് 'ധുരന്ദര്‍'. ആദിത്യ ധര്‍ സംവിധാനം ചെയ്ത മാസ്സ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണിത്. സിനിമയുടെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരുന്നു. ചിത്രത്തില്‍ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആര്‍ മാധവന്‍, അര്‍ജുന്‍ രാംപാല്‍ എന്നിവരും നിര്‍ണ്ണായക വേഷങ്ങളിലെത്തുന്നു. ബജറ്റ് 280 കോടിയാണ്. ഓപ്പണിംഗില്‍ ധുരന്ദര്‍ ആഗോളതലത്തില്‍ 32.5 കോടി നെറ്റ് നേടിയിരുന്നു. എന്നാല്‍ പിന്നീട് വന്‍ കുതിപ്പാണ് ചിത്രം നേടിയത്. പതിനേഴാം ദിവസം ചിത്രം 38.5 കോടിയാണ് ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്. ആഗോള ബോക്സ് ഓഫീസില്‍ 852.75 കോടി ആകെ നേടിയിട്ടുണ്ട്.
◾ പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില വര്‍ധിപ്പിച്ചു. ജനുവരി ഒന്നുമുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വരും. റിസ്ത കുടുംബത്തില്‍ ഉള്‍പ്പെടുന്ന വാഹനങ്ങളും 450 സീരീസ് വാഹനങ്ങളുമാണ് ഏഥര്‍ വില്‍ക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടര്‍ പോര്‍ട്ട്ഫോളിയോയിലുള്ള എല്ലാ വാഹനങ്ങള്‍ക്കും വില വര്‍ധന ബാധകമാണ്. മോഡലിനെ ആശ്രയിച്ച് വില വര്‍ധന 3000 രൂപ വരെ വരാം. അസംസ്‌കൃത വസ്തുക്കളുടെ ആഗോള വിലയിലെ വര്‍ധന, വിദേശനാണ്യത്തിലെ ഏറ്റക്കുറച്ചിലുകള്‍, പ്രധാന ഇലക്ട്രോണിക് ഘടകങ്ങളുടെ വിലയിലെ വര്‍ധന എന്നിവയാണ് വില കൂട്ടാന്‍ കാരണമെന്ന് ഏഥര്‍ എനര്‍ജി അറിയിച്ചു. വര്‍ഷാവസാന ഓഫറിന്റെ ഭാഗമായി ഏഥര്‍ തെരഞ്ഞെടുത്ത നഗരങ്ങളില്‍ 20,000 രൂപ വരെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡ് ഇഎംഐകളില്‍ ഇന്‍സ്റ്റന്റ് കിഴിവുകള്‍, ക്യാഷ് ഇന്‍സെന്റീവുകള്‍, തെരഞ്ഞെടുത്ത മോഡലുകളില്‍ എട്ട് വര്‍ഷത്തെ വിപുലീകൃത ബാറ്ററി വാറന്റി, ഒന്നിലധികം വായ്പാ ദാതാക്കള്‍ വഴിയുള്ള ധനസഹായം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
◾ കേരളീയ സമൂഹത്തിന്റെ പരിണാമങ്ങളെ സൂക്ഷ്മമായി, അനന്യമായ നര്‍മ്മത്തിലൂടെ ശ്രീനിവാസന്‍ അടയാളപ്പെടുത്തുന്ന ലേഖനങ്ങള്‍. ജീനിയസ്സായ ഒരെഴുത്തുകാരന്റെ തികച്ചും മൗലീകമായ കാഴ്ചപ്പാടുകള്‍, ഒപ്പം ശ്രീനിവാസന്‍ എന്ന ചലച്ചിത്രകാരനിലേക്കും മനുഷ്യനിലേക്കും ചെന്നെത്തുന്ന സംഭാഷണങ്ങളും. 'പടച്ചോന്റെ തിരക്കഥകള്‍'. ശ്രീനിവാസന്‍. ഒലീവ് പബ്ളിക്കേഷന്‍സ്. വില 199 രൂപ.
◾ ദിവസത്തില്‍ രണ്ട് തവണയില്‍ കൂടുതല്‍ ആന്റി-ബാക്ടീരിയല്‍ മൗത്ത് വാഷ് ഉപയോഗിക്കുന്നത് പ്രമേഹ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. സാന്‍ ജുവാന്‍ ഓവര്‍വെയ്റ്റ് അഡല്‍റ്റ്സ് ലോഞ്ചിറ്റിയൂഡിനല്‍ സ്റ്റഡിയില്‍ 40 മുതല്‍ 65 വയസുവരെ പ്രായമായ 945 പേരാണ് ഭാഗമായത്. ദിവസവും രണ്ടു തവണയോ അതില്‍ കൂടുതലോ മൗത്ത് വാഷ് ഉപയോഗിക്കുന്നത് പ്രമേഹത്തിനോ പ്രീ-ഡയബറ്റിസ് അവസ്ഥയോ ഉണ്ടാകാനുള്ള സാധ്യത 49 ശതമാനം മുതല്‍ 55 ശതമാനം വരെ കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തി. പ്രായം, പുകവലി, വ്യായാമം, ഭക്ഷണക്രമം തുടങ്ങിയ മറ്റ് ഘടകങ്ങള്‍ പരിഗണിച്ച ശേഷവും ഈ അപകടസാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. അതേസമയം, ദിവസത്തില്‍ ഒരിക്കല്‍ മാത്രം ഉപയോഗിക്കുന്നവരില്‍ താരതമ്യേന ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തിയില്ലെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. നമ്മുടെ വായയില്‍ നൂറുകണക്കിന് ബാക്ടീരിയകളുണ്ട്. ഇതില്‍ നല്ല ബാക്ടീരിയകളും ഉള്‍പ്പെടുന്നു. ആന്റിബാക്ടീരിയല്‍ മൗത്ത് വാഷുകള്‍ ഉപയോഗിക്കുമ്പോള്‍ അവ ദോഷകരമായ ബാക്ടീരിയകള്‍ക്കൊപ്പം ഈ നല്ല ബാക്ടീരിയകളെയും നശിപ്പിക്കുന്നു. ഇത് ഇന്‍സുലിന്‍ പ്രതിരോധത്തിനും ടൈപ്പ് 2 പ്രമേഹത്തിനും കാരണമായേക്കാമെന്നും ഗവേഷകര്‍ പറയുന്നു. വായനാറ്റം, മോണരോഗം എന്നിവയുള്ളവര്‍ക്ക് മൗത്ത് വാഷ് ഗുണകരമാണ്. രക്തസമ്മര്‍ദമോ പ്രമേഹമോ ഉള്ളവര്‍ ആന്റിബാക്ടീരിയല്‍ മൗത്ത് വാഷുകള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ദിവസവും രണ്ടുനേരം പല്ല് തേക്കുന്നതും കൃത്യമായ ഇടവേളകളില്‍ ഡെന്റിസ്റ്റിനെ കാണുന്നതുമാണ് വായുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച വഴി.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിക്കല്‍ ദുര്യോധനന്‍ ശ്രീകൃഷ്ണനെ സമീപിച്ച് പറഞ്ഞു: 'കൃഷ്ണാ, എല്ലാവരും എന്നെ ഒരു ദുഷ്ടനായിട്ടാണ് കാണുന്നത്. എന്നാല്‍ ധര്‍മ്മപുത്രരെ എല്ലാവരും നല്ലവനായിട്ടും കാണുന്നു. അതെന്താണ് അങ്ങനെ? ഞാനും ധര്‍മ്മം അനുഷ്ഠിക്കുന്നവനാണല്ലോ!' കൃഷ്ണന്‍ പറഞ്ഞു: 'താങ്കള്‍ എവിടെ നിന്നെങ്കിലും ഒരു നല്ല മനുഷ്യനേയും കൂട്ടി നാളെ വരൂ. താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരം അപ്പോള്‍ നല്‍കാം.' ദുര്യോധനന്‍ പോയിക്കഴിഞ്ഞപ്പോള്‍ കൃഷ്ണന്‍ ധര്‍മ്മപുത്രരെ വിളിപ്പിച്ചു. പിറ്റേന്നുതന്നെ എവിടെനിന്നെങ്കിലും ഒരു ചീത്ത മനുഷ്യനേയും കൂട്ടി തന്നെ വന്നു കാണാന്‍ ആവശ്യപ്പെട്ടു. അടുത്ത ദിവസം തന്നെ ദുര്യോധനനും ധര്‍മ്മപുത്രരും കൃഷ്ണന്റെ മുന്നിലെത്തി. പക്ഷേ അവരുടെ കൂടെ ആരുമുണ്ടായിരുന്നില്ല. കൃഷ്ണന്‍ ദുര്യോധനനോട് ചോദിച്ചു: 'ഒരു നല്ല മനുഷ്യനെ കൂടെ കൊണ്ടുവരണമെന്ന് പറഞ്ഞിട്ട് ആളെവിടെ?' ദുര്യോധനന്‍ പറഞ്ഞു: 'കൃഷ്ണാ, എന്തു ചെയ്യാനാ? ഹസ്തിനപുരി മുഴുവനും ഞാന്‍ തിരഞ്ഞിട്ടും എനിക്ക് ഒരു നല്ല മനുഷ്യനെ കാണാന്‍ കഴിഞ്ഞില്ല. എല്ലാം ദുഷ്ടന്മാര്‍...' കൃഷ്ണന്‍ ധര്‍മ്മപുത്രരെ നോക്കി ചോദ്യം ഉന്നയിച്ചു: 'എവിടെ താങ്കളുടെ കൂടെ കൊണ്ടുവരണമെന്ന് പറഞ്ഞ ചീത്ത മനുഷ്യന്‍?' ധര്‍മ്മപുത്രര്‍ പറഞ്ഞു: 'കൃഷ്ണാ ഞാന്‍ എവിടെ തിരഞ്ഞിട്ടും ഒരു ചീത്ത മനുഷ്യനെപ്പോലും എനിക്ക് കണ്ടെത്താനായില്ല... എല്ലാവരും നല്ല മനുഷ്യരാണ്.' കൃഷ്ണന്‍ ദുര്യോധനനോട് പറഞ്ഞു: 'താങ്കളുടെ ചോദ്യത്തിന് ഉത്തരം കിട്ടിയല്ലോ? ഹസ്തിനപുരിയില്‍ ആകെ തിരഞ്ഞിട്ടും താങ്കള്‍ക്ക് ഒരു നല്ല മനുഷ്യനെ കാണാന്‍ കഴിഞ്ഞില്ല. കാരണം താങ്കള്‍ ആരിലും നന്മ കാണുന്നില്ല. തിന്മ മാത്രമേ കാണുന്നുള്ളൂ. അതുകൊണ്ട് എല്ലാവരെയും ചീത്ത മനുഷ്യരായിട്ടാണ് താങ്കള്‍ കാണുന്നത്. എന്നാല്‍ ധര്‍മ്മപുത്രരോ? എല്ലാ മനുഷ്യരിലും നന്മ മാത്രമേ കാണുന്നുള്ളൂ. അതുകൊണ്ട് ഒരൊറ്റ ചീത്ത മനുഷ്യനെപ്പോലും അദ്ദേഹത്തിന് കാണാന്‍ സാധിച്ചില്ല...' നമ്മുടെ മനസ്സിലെ നന്മ-തിന്മകളിലൂടെയാണ് നാം മറ്റുള്ളവരെ കാണുന്നത്. ഉള്ളില്‍ നന്മയുള്ളവര്‍ ചുറ്റുമുള്ളവരിലെ നന്മയെ തിരയും. അവരിലെ പോരായ്മകളെ സ്നേഹപൂര്‍വ്വം ചൂണ്ടിക്കാണിക്കും. മനസ്സില്‍ തിന്മകള്‍ക്ക് സ്ഥാനം കല്‍പ്പിക്കുന്നവര്‍ മറ്റുള്ളവരെ സംശയദൃഷ്ടിയോടെ വീക്ഷിക്കും. അവരിലെ കുറ്റങ്ങള്‍ മാത്രം കണ്ടുപിടിക്കും. ഉള്ളില്‍ തിന്മ പുലര്‍ത്തുന്നവരുടെ ചിന്തകളും കാഴ്ചപ്പാടുകളും നിഷേധാത്മകമായിരിക്കും. നിഷേധ ചിന്തകള്‍ ഒഴിവാക്കി മനസ്സില്‍ നന്മ നിറച്ച് നല്ല വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കാന്‍ സാധിക്കട്ടെ! - ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍