പ്രഭാത വാർത്തകൾ

2025  ഡിസംബർ 22  തിങ്കൾ 
1201  ധനു 7  ഉത്രാടം 
1447  റജബ് 01
◾ പുതിയ തൊഴിലുറപ്പ് നിയമത്തിന് അംഗീകാരം. വികസിത് ഭാരത് ഗ്യാരണ്ടീ ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് ആജീവിക മിഷന്‍ ബില്ലില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒപ്പുവച്ചു. പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്‍ പാസാക്കിയത്. വിബി ജി റാം ജി എന്നാണ് പുതിയ പദ്ധതിയുടെ ചുരുക്ക പേര്. ഇതോടെ, യുപിഎ സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം പുതിയ പദ്ധതി നിലവില്‍വന്നു. പ്രതിപക്ഷത്തിന്റെ വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്ന് കേന്ദ്ര ഗ്രാമ വികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ആവശ്യപ്പെട്ടു. അതേസമയം, ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് പ്രതിപക്ഷം.

◾ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും അതിന് ഭരണഘടനാപരമായ അംഗീകാരത്തിന്റെ ആവശ്യമില്ലെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ആര്‍.എസ്.എസിന്റെ 100-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ കൊല്‍ക്കത്തയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ മാതൃഭൂമിയായി കരുതുന്നവരും ഇന്ത്യന്‍ സംസ്‌കാരത്തെ വിലമതിക്കുന്നവരും ഹിന്ദുസ്ഥാനിലെ പൂര്‍വ്വികരുടെ മഹിമയില്‍ വിശ്വസിക്കുന്നവരും ഉള്ളിടത്തോളം കാലം ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

◾ മെഡിക്കല്‍ വിദ്യാഭ്യാസം ജന്മാവകാശമെന്ന് കരുതേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ. ഓരോ മെഡിക്കല്‍ സീറ്റിനും സര്‍ക്കാര്‍ പ്രതിവര്‍ഷം 30 മുതല്‍ 35 ലക്ഷം രൂപ വരെ ചെലവഴിക്കുന്നുണ്ട്. അതിനാല്‍ തന്നെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ രാജ്യത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. വിദേശത്തേക്ക് പോകാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ രാജ്യത്ത് സൗകര്യങ്ങളില്ലെന്ന് പരാതിപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.

◾ ഇന്ത്യന്‍ റെയില്‍വേ യാത്രാനിരക്കുകളില്‍ വരുത്തിയ പുതിയ പരിഷ്‌കാരങ്ങള്‍ ഡിസംബര്‍ 26 മുതല്‍ പ്രാബല്യത്തില്‍ വരും. ഈ നിരക്ക് മാറ്റത്തിലൂടെ ഏകദേശം 600 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം, ഓര്‍ഡിനറി ക്ലാസുകളില്‍ 215 കിലോമീറ്ററിന് മുകളിലുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസ വീതം അധികം നല്‍കണം. മെയില്‍, എക്സ്പ്രസ് ട്രെയിനുകളുടെ നോണ്‍-എസി, എസി ക്ലാസുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയാണ് വര്‍ദ്ധിപ്പിച്ചത്. അതേസമയം, 215 കിലോമീറ്ററില്‍ താഴെ യാത്ര ചെയ്യുന്നവര്‍ക്ക് നിരക്ക് വര്‍ദ്ധന ബാധകമാകില്ല.

◾  ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതില്‍ ഹൈക്കോടതികള്‍ക്ക്  പുതിയ നിര്‍ദ്ദേശം മുന്നോട്ടു വച്ച്  സുപ്രീം കോടതി. ക്രിമിനല്‍ പശ്ചാത്തലവും കുറ്റത്തിന്റെ തീവ്രതയും പരിഗണിച്ചുവേണം ഹൈക്കോടതികള്‍ ജാമ്യം നല്‍കേണ്ടത് എന്ന് സുപ്രീംകോടതി വ്യക്തമാക്കി. പറ്റ്ന ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കികൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിര്‍ദ്ദേശം.
◾  മലപ്പുറം പെരിന്തല്‍മണ്ണ മുസ്ലീം ലീഗ് ഓഫീസിനു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ മുസ്ലിം ലീഗ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍.  സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് മുസ്ലീം ലീഗ് ആരോപിച്ചിരുന്നു. നജീബ് കാന്തപുരം എം.എല്‍.എയുടെ നേതൃത്വത്തില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ പെരിന്തല്‍മണ്ണയില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. ഇന്നലെ വൈകിട്ട് പെരിന്തല്‍മണ്ണയില്‍ സിപിഎം ഓഫീസിന് നേരെ കല്ലേറുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തര്‍ നടത്തിയ പ്രകടനത്തിനിടെയാണ് മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറുണ്ടായത്.

◾  വീണ്ടും ലോക കേരള സഭ സംഘടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ജനുവരി 29ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ലോക കേരള സഭയുടെ അഞ്ചാം പതിപ്പിന്റെ ഉദ്ഘാടനം നടക്കും. തുടര്‍ന്ന് 30, 31 തീയതികളില്‍ നിയമസഭാ മന്ദിരത്തില്‍ ലോക കേരള സഭ സമ്മേളനം നടത്തും. പത്തുകോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ലോക കേരള സഭ ധൂര്‍ത്താണെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെയാണ് വീണ്ടും പരിപാടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

◾  യാത്ര ചെയ്യുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ വൃത്തിയുള്ള ശുചിമുറികളുടെ അഭാവത്തിന് പരിഹാരവുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 'മാലിന്യമുക്തം നവകേരളം' പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷന്‍ സജ്ജമാക്കിയ 'ക്ലൂ' (KLOO) മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങാനൊരുങ്ങുന്നു. നാളെ ഉച്ചതിരിഞ്ഞ് 3 മണിക്ക് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ തദ്ദേശ സ്വയംഭരണ-എക്‌സൈസ്-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി  എം.ബി. രാജേഷ് ക്ലൂ സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം  നിര്‍വ്വഹിക്കും.

◾  ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റും സമീപ പ്രദേശങ്ങളും ഏറ്റെടുക്കുന്നതിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളും അനുബന്ധ റിപ്പോര്‍ട്ടുകളും കേരള ഹൈക്കോടതി റദ്ദാക്കി. വിമാനത്താവളത്തിനായി 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നത് അത്യാവശ്യമാണോ എന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് വലിയ വിമാനങ്ങള്‍ ഇറങ്ങുന്ന വിമാനത്താവളങ്ങള്‍ക്ക് പോലും 1200 ഏക്കര്‍ മതിയാകും എന്ന് കോടതി നിരീക്ഷിച്ചു,
◾  സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകള്‍ ഡിസംബര്‍ 22 മുതല്‍ സ്വീകരിച്ചു തുടങ്ങുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ അറിയിച്ചു. നിലവില്‍ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെന്‍ഷനുകളുടെയോ ഗുണഭോക്താക്കള്‍ അല്ലാത്ത അര്‍ഹരായ സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് ഈ പദ്ധതി.

◾  സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇനി പുതിയ ഭരണാധികാരികള്‍. സംസ്ഥാനത്തെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ പത്തിനാണ് കോര്‍പ്പറേഷനുകള്‍ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ സത്യപ്രതിജ്ഞ ആരംഭിച്ചത്. രാവിലെ 11.30നുശേഷമാണ് കോര്‍പ്പറേഷനുകളില്‍ സത്യപ്രതിജ്ഞ ആരംഭിച്ചത്.

◾  കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ പ്രഖ്യാപനം നീളുന്നു. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിന് സാധ്യത കൂടുതല്‍ ഉണ്ടെങ്കിലും ടേം വ്യവസ്ഥയില്‍ കൂടുതല്‍ പേരെ പരിഗണിക്കണോ എന്നതില്‍ ചര്‍ച്ചകള്‍ തുടരുകയാണ് നേതൃത്വം. 76 അംഗ കൗണ്‍സില്‍ കൊച്ചി കോര്‍പ്പറേഷനില്‍ ചുമതല ഏറ്റെടുത്തു. പദവിയും സീനിയോറിറ്റിയുമാണ് മാനദണ്ഡമെ ങ്കില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസാകും മേയര്‍. എന്നാല്‍ ലത്തീന്‍ സമുദായ പരിഗണന എങ്കില്‍ മഹിളാ കോണ്‍ഗ്രസ് ഉപാധ്യക്ഷ അഡ്വ. വി കെ മിനിമോളാകും, സമുദായവും ഫോര്‍ട്ട് കൊച്ചി പരിഗണനയും എങ്കില്‍ ഷൈനി മാത്യു സ്ഥാനത്തെത്താനുള്ള സാധ്യതയാണുള്ളത്.

◾  നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തെ കളത്തില്‍ ഇറങ്ങാന്‍ യുഡിഎഫ്. സീറ്റ് വിഭജനം നേരത്തെ തീര്‍ക്കും. സീറ്റ് വിഭജനം യുഡിഎഫ് യോഗം ഇന്ന് ചേര്‍ന്ന് തീരുമാനിക്കും. മണ്ഡലങ്ങളെ മൂന്നായി തിരിച്ച് തെരഞ്ഞെടുപ്പ് തന്ത്രം തയ്യാറാക്കും. ഉറപ്പായും ജയിക്കുന്ന സീറ്റുകള്‍, ശക്തമായി പ്രവര്‍ത്തിച്ചാല്‍ പിടിച്ചെടുക്കുന്ന സീറ്റുകള്‍, സാധ്യത കുറഞ്ഞ സീറ്റുകള്‍ എന്നിങ്ങനെ മണ്ഡലങ്ങളെ തരം തിരിക്കും

◾  കണ്ണൂരില്‍ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ബിജെപി, സിപിഎം കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല. പയ്യന്നൂര്‍ നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ വി കെ നിഷാദ് തലശ്ശേരി നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ യു പ്രശാന്ത് എന്നിവരാണ് സത്യപ്രതിജ്ഞയ്ക്ക് എത്താതിരുന്നത്. പയ്യന്നൂരില്‍ പൊലീസിനെ ബോംബറിഞ്ഞു വധിക്കാന്‍ ശ്രമിച്ച കേസിലാണ് വി കെ നിഷാദ് ശിക്ഷിക്കപ്പെട്ടത്. തലശ്ശേരി കോടിയേരിയില്‍ സിപിഎം പ്രവര്‍ത്തനായ പി രാജേഷിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് യു പ്രശാന്ത് ശിക്ഷിക്കപ്പെട്ടത്.

◾  എറണാകുളം കൂത്താട്ടുകുളം നഗരസഭയില്‍ സത്യപ്രതിജ്ഞ നടക്കുന്നതിനിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു. പരിക്കേറ്റ യുഡിഎഫ് 16-ാം വാര്‍ഡ് കൗണ്‍സിലര്‍ ജോമി മാത്യുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കൂത്താട്ടുകുളം മംഗലത്തുതാഴം സ്വദേശി ജോസഫ് കുര്യനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

◾  പാലാ നഗരസഭയില്‍ അധ്യക്ഷ സ്ഥാനം നല്‍കുന്നവരെ പിന്തുണയ്ക്കുമെന്ന് പുളിക്കകണ്ടം കുടുംബം. ദിയ ബിനു പുളിക്കണ്ടത്തെ നഗരസഭ അധ്യക്ഷ ആക്കണമെന്നാണ് പുളിക്കകണ്ടം കുടുംബം ആവശ്യപ്പെടുന്നത്. ഇന്നലെ പാലായില്‍ ചേര്‍ന്ന ജനസഭയിലാണ് പുളിക്കകണ്ടത്തെ കൗണ്‍സിലര്‍മാര്‍ ജനങ്ങളോട് നിലപാട് പ്രഖ്യാപിച്ചത്. പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം എഴുതി വാങ്ങി. ആവശ്യം അംഗീകരിക്കുന്നവരെ പിന്തുണയ്ക്കാനാണ് ഏകദേശ ധാരണ. ജനസഭയില്‍ വെച്ച് ഭൂരിപക്ഷം ആളുകളും യുഡിഎഫിന് പിന്തുണയ്ക്കണം എന്നാണ് ആവശ്യപ്പെട്ടത്

◾  തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞ ചൊല്ലി ആര്‍ ശ്രീലേഖ. സത്യപ്രതിജ്ഞക്ക് ശേഷം 'വന്ദേ മാതരം' പറഞ്ഞാണ് ആര്‍ ശ്രീലേഖ അവസാനിപ്പിച്ചത്. അതേസമയം, സത്യപ്രതിജ്ഞക്ക് പിന്നാലെ അണികള്‍ ഉച്ചത്തില്‍ 'ഭാരത് മാതാ കീ ജയ് വിളിച്ചു'. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പുതിയ മേയര്‍ ആരെന്ന കാര്യത്തില്‍ ആകാംക്ഷ നിലനില്‍ക്കുകയാണ്.

◾  തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇടത് കോട്ടയായ മുട്ടട ഡിവിഷനില്‍ വിജയിച്ച വൈഷ്ണ സുരേഷ് ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സത്യപ്രതിജ്ഞ ചെയ്തു. ഈശ്വര നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. കോര്‍പറേഷനില്‍ ഇടത് കോട്ടയായ മുട്ടട ഡിവിഷനില്‍ മിന്നും ജയമായിരുന്നു വൈഷ്ണ സ്വന്തമാക്കിയത്.

◾  വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തിരുവനന്തപുരം കല്ലമ്പലം ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് വി പ്രിയദര്‍ശിനി. സിപിഎം വര്‍ക്കല ഏരിയ കമ്മിറ്റി അംഗമാണ്. 15 സീറ്റുകള്‍ നേടിയാണ് തിരുവനന്തപരം ജില്ലാ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തിയത്.

◾  മലയാളത്തിന്റെ അതുല്യ കലാകാരന്‍ ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകള്‍  തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പില്‍ നടന്നു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. എന്നും എല്ലാവര്‍ക്കും നന്‍മകള്‍ മാത്രം ഉണ്ടാകട്ടെ എന്ന് എഴുതിയ ഒരു പേപ്പറും പേനയും ശ്രീനിവാസന്റെ  ഭൗതിക ശരീരത്തില്‍ പ്രിയ സുഹൃത്തും സംവിധായകനുമായ സത്യന്‍ അന്തിക്കാട് വെച്ചതിന് ശേഷമാണ് ചിതയ്ക്ക് തീകൊളുത്തിയത്. വിനീത് ശ്രീനിവാസനാണ് ചിതയ്ക്ക് തീ കൊളുത്തിയത്.

◾  ശ്രീനിവാസനെ അവസാനമായി കാണാന്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യ എറണാകുളം കണ്ടനാട്ടെ വീട്ടിലെത്തി. ശ്രീനിവാസന്റെ വലിയ ആരാധകനായിരുന്നു താനെന്നനും, സിനിമയില്‍ എത്തും മുമ്പേ തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ ശ്രദ്ധിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുന്നുവെന്നും സൂര്യ പറഞ്ഞു.

◾  നടന്‍ ശ്രീനിവാസന്റെ മരണാനന്തര ചടങ്ങുകള്‍ ക്യാമറകളില്‍ പകര്‍ത്താനും സോഷ്യല്‍ മീഡിയയില്‍ തത്സമയം എത്തിക്കാനും മാധ്യമങ്ങളും പൊതുജനങ്ങളും മത്സരിക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി നിര്‍മാതാവും മാധ്യമപ്രവര്‍ത്തകയുമായ സുപ്രിയ മേനോന്‍. ദുഃഖം എന്നത് വ്യക്തിപരമായ ഒന്നാണെന്നും പ്രിയപ്പെട്ട ഒരാള്‍ നഷ്ടപ്പെട്ട കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും സുപ്രിയ തന്റെ ഇന്‍സ്റ്റാഗ്രാം കുറിപ്പിലൂടെ ആവശ്യപ്പെട്ടു. മരണാനന്തര ചടങ്ങുകള്‍ക്കിടയിലെ തിരക്കും മൊബൈല്‍ ഫോണ്‍ ഉപയോഗവും അതിരുകടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിയയുടെ പ്രതികരണം.

◾  സംസ്ഥാനത്തെ വിദ്യാലയങ്ങളെ വര്‍ഗീയ പരീക്ഷണശാലകളാക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ചില സ്വകാര്യ സ്‌കൂള്‍ മാനേജ്മെന്റുകള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും, ആഘോഷത്തിനായി കുട്ടികളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കുകയും ചെയ്തു എന്ന വാര്‍ത്ത അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. കേരളം പോലെ ഉയര്‍ന്ന ജനാധിപത്യ ബോധവും മതനിരപേക്ഷ സംസ്‌കാരവുമുള്ള ഒരു സംസ്ഥാനത്ത് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണിതെന്ന് മന്ത്രി പറഞ്ഞു.

◾  കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ സിനിമക്കുള്ള വിലക്കിനെ ന്യായീകരിച്ച ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടിക്കെതിരെ ഇടത് ചലച്ചിത്ര സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് അമര്‍ഷം. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ  എതിര്‍ക്കുന്നവര്‍ ഇന്ത്യക്കാരാണോ എന്ന  റസൂല്‍ പൂക്കൂട്ടിയുടെ ചോദ്യമാണ് കടുത്ത വിമര്‍ശനത്തിനിടയാക്കുന്നത്. അതേ സമയം വിലക്കിന് മുഖ്യമന്ത്രി തന്നെ വഴങ്ങിയതോടെ ചെയര്‍മാനെ എന്തിന് പഴിക്കുന്നുവെന്ന ചോദ്യവും ഉയരുന്നുണ്ട്.

◾  ഗുരുവായൂര്‍ ശ്രീക്യഷ്ണ ക്ഷേത്രത്തിലെ 2025 ഡിസംബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി. ഡിസംബര്‍ 19-ന് വൈകീട്ടോടെ കണക്കെടുപ്പ് അവസാനിച്ചപ്പോള്‍ 6,53,16,495 രൂപ വരുമാനമായി ലഭിച്ചതായി ദേവസ്വം അധികൃതര്‍ അറിയിച്ചു. പണത്തിന് പുറമെ വലിയ അളവില്‍ സ്വര്‍ണ്ണവും വെള്ളിയും വഴിപാടായി ലഭിച്ചിട്ടുണ്ട്.

◾  അന്നദാനത്തിന്റെ ഭാഗമായി ശബരിമല തീര്‍ഥാടകര്‍ക്ക് കേരള സദ്യ വിളമ്പി തുടങ്ങി. പരിപ്പ്, സാമ്പാര്‍, രസം, അവിയല്‍, അച്ചാര്‍, തോരന്‍, പപ്പടം, പായസം എന്നീ വിഭവങ്ങളോടെയാണ് സദ്യ വിളമ്പിയത്. അവിയലും തോരനും എന്നത് ഓരോ ദിവസവും മാറും. മോര്, രസം അല്ലെങ്കില്‍ പുളിശേരി ഏതെങ്കിലും ഒരു വിഭവമായിരിക്കും വിളമ്പുക. ഓരോ ദിവസവും ഓരോ തരം പായസം കൊടുക്കും. ഉച്ചയ്ക്ക് 12 ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒ ജി ബിജു നിലവിളക്ക് കൊളുത്തി സദ്യ അയ്യപ്പന് സമര്‍പ്പിച്ചു.

◾  ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പിടിയിലായ പങ്കജ് ബണ്ടാരിയും ഗോവര്‍ദ്ധനനും ദേവസ്വം ജീവനക്കാരുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തിയെന്ന് റിമാന്റ് റിപ്പോര്‍ട്ട്. ശബരിമലയിലെ പാളികള്‍ സ്വര്‍ണം പൂശിയതാണെന്ന് രണ്ടുപേര്‍ക്കും അറിയാമായിരുന്നു. പോറ്റിയുടെ സഹായത്തോടെ പാളികള്‍ സമാര്‍ട് ക്രിയേഷനിലെത്തിച്ച് സ്വര്‍ണം വേര്‍തിരിച്ചു. സംഭാവനകള്‍ നല്‍കുന്നവരെന്ന നിലയില്‍ പ്രതികള്‍ക്ക് ബോര്‍ഡ് ജീവനക്കാര്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

◾  മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സുരക്ഷിതവും സമഗ്രവുമായ പുനരധിവാസം ഉറപ്പാക്കാന്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു. എല്‍സ്റ്റണില്‍ 122 സ്വപ്ന ഭവനങ്ങളുടെ വാര്‍പ്പ് പൂര്‍ത്തിയായി. അഞ്ചു സോണുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. 344 വീടുകള്‍ക്കുള്ള സ്ഥലമൊരുക്കല്‍ പൂര്‍ത്തിയായി.

◾  പാലക്കാട് വാളയാറില്‍ അതിഥി തൊഴിലാളി ഛത്തിസ്ഗഡ് സ്വദേശി രാംനാരായണന്‍  ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്ത്രീകള്‍ക്കും പങ്കെന്ന് പൊലീസ് നിഗമനം. അന്വേഷണമേറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഇക്കാര്യം പരിശോധിക്കും. ആക്രമണത്തില്‍ പതിനഞ്ചോളം പേര്‍ പങ്കാളികളായെന്നും ഇതില്‍ ചിലര്‍ നാടുവിട്ടെന്നുമാണ് പൊലീസ് കരുതുന്നത്.

◾  വാളയാര്‍ ആള്‍ക്കൂട്ട ആക്രമണം നടത്തിയ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി. കേരളത്തിനാകെ നാണക്കേടുണ്ടാക്കിയ ക്രൂരമായ ആള്‍ക്കൂട്ട കൊലപാതകമാണ് ഉണ്ടായതെന്നും മരിച്ച അതിഥിതൊഴിലാളിയുടെ കുടുംബത്തെ സര്‍ക്കാര്‍ സാമ്പത്തികമായി സഹായിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

◾  വാളയാറില്‍ നടന്നത് ലജ്ജിപ്പിക്കുന്ന സംഭവമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍. ഇത് രണ്ടാമത്തെ സംഭവമാണെന്നും രണ്ടും നടന്നത് പാലക്കാടാണെന്നും പറഞ്ഞ എ തങ്കപ്പന്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്നും കുറ്റപ്പെടുത്തി. രണ്ട് മൂന്ന് ദിവസം ഒന്നും ചെയ്തില്ലെന്നും ആ സമയത്ത് പ്രതികള്‍ സംസ്ഥാനം വിട്ട് പോയെന്നുമാണ് അറിയുന്നതെന്നും ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്നും ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി.

◾  വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട റാം നാരായണ്‍ ബകേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ജില്ലാ ഭരണകൂടം. പാലക്കാട് ആര്‍.ഡി.ഒയും തൃശൂര്‍ സബ് കളക്ടറും കുടുംബാംഗങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉണ്ടായത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിന് മുന്നില്‍ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചെങ്കിലും കുടുംബം മൃതദേഹം ഏറ്റുവാങ്ങാന്‍ തയ്യാറായിട്ടില്ല. കുടുംബത്തിനുള്ള ധനസഹായത്തില്‍ ധാരണയാകാത്തതായിരുന്നു കാരണം. സബ് കളക്ടറെത്തി, ഇന്ന് മന്ത്രിയുമായി ചര്‍ച്ചക്ക് അവസരമൊരുക്കിയെന്ന് അറിയിച്ചതോടെയാണ് പ്രതിഷേധത്തില്‍ നിന്ന് കുടുംബം പിന്മാറിയത്. കുടുംബത്തിന് 10 ലക്ഷം രൂപയില്‍ കുറയാത്ത നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പുനല്‍കി.

◾  പാലക്കാട് കാവശേരി പഞ്ചായത്ത് സെക്രട്ടറിക്ക് മര്‍ദനമേറ്റു. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷമാണ് സെക്രട്ടറി പി. വേണുവിന് മര്‍ദനമേറ്റത്. സിപിഎം പ്രവര്‍ത്തകരായ പ്രമോദ്, രമേശ് എന്നിവരടങ്ങുന്ന സംഘമാണ് മര്‍ദിച്ചതെന്ന് പരാതി. തെരഞ്ഞെടുപ്പില്‍ പ്രമോദിന്റെ നാമനിര്‍ദേശപത്രിക തള്ളിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു മര്‍ദനമെന്നാണ് പരാതി.

◾  മലയാറ്റൂര്‍ ചിത്രപ്രിയ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി അലന്‍ പെണ്‍കുട്ടിയെ കൊന്നത് തലയില്‍ 22 കിലോ ഭാരമുള്ള കല്ലിട്ടെന്ന് പൊലീസ് കണ്ടെത്തല്‍. കുറ്റകൃത്യത്തിന് ശേഷം അലന്‍ വേഷം മാറിയാണ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. വസ്ത്രങ്ങളും ഷൂസുമെല്ലാം മാറിയെന്നും പൊലീസ് പറഞ്ഞു. അലനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി.

◾  ചാമ്പ്യന്‍സ് ബോട്ട് ലീഗ് അഞ്ചാം സീസണിലെ കൊച്ചി മറൈന്‍ ഡ്രൈവിലെ മത്സരം ഡിസംബര്‍ 30 ന് നടക്കും. സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഐപിഎല്‍ മാതൃകയിലുള്ള ലീഗ് മത്സരമാണിത്. നിലവില്‍ വില്ലേജ് ബോട്ട് ക്ലബ് തുഴയുന്ന വീയപുരം ചുണ്ടന്‍ 90 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. 77 പോയിന്റുമായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയുന്ന മേല്‍പ്പാടം ചുണ്ടനാണ് രണ്ടാം സ്ഥാനത്ത്.

◾  കോട്ടിക്കുളത്ത് റെയില്‍വേ പാളത്തില്‍ സ്ലാബ് കയറ്റിവെച്ച നിലയില്‍. റെയില്‍വെ സ്റ്റേഷന്റെ തെക്കുഭാഗത്തുള്ള ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്ന ട്രാക്കിലാണ് കോണ്‍ക്രീറ്റ് സ്ലാബ് കയറ്റിവെച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ അട്ടിമറി സാധ്യത തള്ളാതെ പൊലീസ് അന്വേഷണം നടത്തുകയാണ്. സംഭവം ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരും പ്രദേശവാസികളുമാണ് ഉടന്‍ സ്റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിച്ചത്. തുടര്‍ന്ന് റെയില്‍വേ ജീവനക്കാര്‍ സ്ഥലത്തെത്തി സ്ലാബ് നീക്കം ചെയ്തതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.

◾  ഗുരുവായൂര്‍ വടക്കേ നടയിലെ പൂക്കച്ചവടക്കാരനായ വയോധികനെ ആക്രമിച്ച പ്രതി പിടിയില്‍. പൂ കച്ചവടം നടത്തുന്ന സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തുകയും തട്ടിലും പരിസരത്തുമായി മനുഷ്യ വിസര്‍ജ്യമടക്കം വിതറിയതിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് 66 കാരന്‍ ക്രൂരമായ ആക്രമണത്തിനിരയായത്. മീശ എന്ന ഇരട്ടപ്പേരില്‍ അറിയപ്പെടുന്ന ചന്ദ്രന്‍ എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ ഇരുമ്പ് പൈപ്പ് കൊണ്ടുള്ള ആക്രമണത്തില്‍ തിരുവത്ര സ്വദേശിയായ ചീരമ്പത്ത് വീട്ടില്‍ രാജേന്ദ്രന്‍ എന്നയാളുടെ കൈ ഒടിഞ്ഞിരുന്നു.

◾  ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫാത്തിമ ഹന്ന (13) ആണ് മരിച്ചത്. കൊണ്ടോട്ടി കാന്തക്കാട് ജിയുപി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മൊബൈല്‍ ഫോണില്‍ കളിച്ചതിന് വീട്ടുകാര്‍ വഴക്ക് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പിണങ്ങിയ കുട്ടി മുറിയിലേക്ക് പോയി, മുറിയടച്ച് തൂങ്ങിമരിക്കുകയായിരുന്നു.

◾  ഇലക്ടറല്‍ ബോണ്ട് സുപ്രീം കോടതി റദ്ദാക്കിയെങ്കിലും ഭരണകക്ഷിയായ ബിജെപിക്ക് ലഭിക്കുന്ന ഫണ്ടില്‍ ഒരു കുറവും വന്നിട്ടില്ലെന്ന് കണക്കുകള്‍. പദ്ധതി നിര്‍ത്തലാക്കിയ ശേഷമുള്ള ആദ്യ പൂര്‍ണ്ണ സാമ്പത്തിക വര്‍ഷമായ 2024-25ല്‍ പാര്‍ട്ടിയുടെ വരുമാനത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയതെന്നാണ് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി സമര്‍പ്പിച്ച സംഭാവന റിപ്പോര്‍ട്ട് പ്രകാരം 6,073 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം പാര്‍ട്ടിക്ക് ലഭിച്ചത്.

◾  മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ നവജാത ശിശുക്കളുടെ യൂണിറ്റില്‍ എലി.  സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റിനുള്ളില്‍ എലികള്‍ ഓടിക്കളിക്കുന്ന വീഡിയോ പുറത്ത് വന്നു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അതീവ ജാഗ്രത വേണ്ട കുഞ്ഞുങ്ങളുടെ വിഭാഗത്തില്‍ വൃത്തിഹീനമായ സാഹചര്യം ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

◾  ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഹിജാബ് നീക്കം ചെയ്ത സംഭവത്തെത്തുടര്‍ന്ന് വിവാദത്തിലായ ഡോക്ടര്‍ നുസ്രത്ത് പര്‍വീണ്‍ ഇതുവരെ ജോലിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം ഏഴ് മണി വരെ അവര്‍ ഡ്യൂട്ടിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എന്നാല്‍ ജോലിയില്‍ പ്രവേശിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 20ന് ശേഷവും നീട്ടി നല്‍കിയിട്ടുണ്ടെന്നും പാറ്റ്ന സിവില്‍ സര്‍ജന്‍ അവിനാഷ് കുമാര്‍ സിംഗ് വ്യക്തമാക്കി. .

◾  മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന് വന്‍ വിജയം. ഏറ്റവുമൊടുവിലുള്ള വിവരങ്ങളനുസരിച്ച് 214 ഇടങ്ങളിലാണ് മഹായുതിയുടെ മുന്നേറ്റം. ഇതില്‍ 120-ഓളം തദ്ദേശ സ്ഥാപനങ്ങളില്‍ അധ്യക്ഷപദവികളിലും കൂടുതല്‍ വാര്‍ഡുകളിലും വിജയിച്ച് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി.

◾  അനധികൃത കുടിയേറ്റക്കാരുടെ വിഷയത്തില്‍ കോണ്‍ഗ്രസ്-ബിജെപി ഭിന്നത രൂക്ഷം. കോണ്‍ഗ്രസ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ അസമില്‍ സ്ഥിരതാമസമാക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നുമായിരുന്നു പ്രധാനമന്ത്രി ഞായറാഴ്ച പറഞ്ഞത്. എന്നാല്‍, അത് ഭരണകക്ഷിയുടെ ഒഴികഴിവ് മാത്രമാണെന്നും മികച്ച ഭരണം കാഴ്ചവെയ്ക്കാന്‍ കഴിയാത്തതിന് അവര്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയാണെന്നും ഖാര്‍ഗെ തിരിച്ചടിച്ചു.

◾  ബിജെപിയുടെ കണ്ണിലൂടെ ആര്‍എസ്എസിനെ കാണരുതെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. കൊല്‍ക്കത്തയില്‍ ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടിയിലാണ് ആര്‍എസ്എസ് മേധാവിയുടെ പരാമര്‍ശം. ആര്‍എസ്എസിനെ ഏതെങ്കിലും സംഘടനയുമായി താരതമ്യം ചെയ്യാനാകില്ലെന്നും, ആര്‍എസ്എസിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും സാമൂഹിക മാറ്റമാണ് ലക്ഷ്യമെന്നും മോഹന്‍ ഭാ?ഗവത് പറഞ്ഞു.

◾  യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാറില്‍ നിന്നിറങ്ങിയതിന് പിന്നാലെ പാഞ്ഞടുത്ത് പശു. സുരക്ഷാ ജീവനക്കാരാണ് മുഖ്യമന്ത്രിയുടെ അരികിലേക്ക് പശു എത്താതെ തടഞ്ഞത്. മുഖ്യമന്ത്രിയുടെ പരിപാടിയില്‍ സുരക്ഷാ വീഴ്ചയുണ്ടായതിന് ഗൊരഖ്പുര്‍ മുനിസിപ്പല്‍ സൂപ്പര്‍വൈസറെ സസ്പെന്‍ഡ് ചെയ്തു.

◾  മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ വിഷയത്തില്‍ ബംഗ്ലാദേശിലെ സാഹചര്യം നിരീക്ഷിക്കുന്നുവെന്ന് വിദേശകാര്യമന്ത്രാലയം. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയിലുള്ള ആശങ്ക ഇന്ത്യ ബംഗ്ലാദേശിലെ അറിയിച്ചു. അതേസമയം ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണം എന്ന് ഇന്ത്യ അറിയിച്ചു. ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനിലേക്ക് തള്ളിക്കയറാന്‍ ആരും ശ്രമിച്ചില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

◾  ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് ലോകമെങ്ങുമുള്ള ഹിന്ദുക്കള്‍ സഹായം നല്കണമെന്നും കേന്ദ്രം ഇടപെടണമെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നില്ക്കണമെന്നും ഇന്ത്യ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായതെല്ലാം ചെയ്യണമെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു. ഹിന്ദുക്കള്‍ക്കുള്ള ഏക രാജ്യമാണ് ഇന്ത്യക്ക് ഇതിന് ബാധ്യതയുണ്ട്. ഇതിനകം സര്‍ക്കാര്‍ ഇത് ചെയ്യുന്നുണ്ടാവും എന്നാണ് താന്‍ കരുതുന്നതെന്നും ആര്‍എസ്എസ് മേധാവി അറിയിച്ചു.

◾  പതിറ്റാണ്ടുകള്‍ പഴക്കമുള്ള കേസില്‍ നീതി ആവശ്യപ്പെട്ട് കുപ്രസിദ്ധ അധോലോക നേതാവ് ഹാജി മസ്താന്റെ മകളെന്ന് അവകാശപ്പെടുന്ന ഹസീന്‍ മസ്താന്‍ മിര്‍സ. ശൈശവവിവാഹവും ദേഹോപദ്രവവും സ്വത്ത് തട്ടിയെടുക്കലും ഉള്‍പ്പെടെയുള്ള തന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹസീന്‍ മസ്താന്‍ നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടത്.

◾  ദക്ഷിണാഫ്രിക്കയിലെ പ്രധാന നഗരായ ജോഹന്നാസ്ബര്‍ഗിലെ ബാറില്‍ അജ്ഞാതരുടെ വെടിവെപ്പ്. തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. ഈ മാസം ദക്ഷിണാഫ്രിക്കയില്‍ നടന്ന രണ്ടാമത്തെ വെടിവെപ്പ് ആക്രമണമാണിത്. നഗരത്തിന് തെക്ക് പടിഞ്ഞാറ് 40 കിലോമീറ്റര്‍ അകലെയുള്ള ഒരു സ്വര്‍ണ ഖനി പ്രദേശമായ ബെക്കേഴ്‌സ്ഡാലിലെ മദ്യശാലയിലാണ് ആക്രമണം നടത്തിയത്.

◾  വെനസ്വേലയില്‍ നിന്ന് പുറപ്പെട്ട എണ്ണ കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക. യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പാണ് കപ്പല്‍ പിടിച്ചെടുത്ത വിവരം സ്ഥിരീകരിച്ചത്. ഡിസംബര്‍ മാസത്തില്‍ ഇത് രണ്ടാം തവണയാണ് വെനസ്വേലയില്‍ നിന്ന് പുറപ്പെട്ട എണ്ണക്കപ്പല്‍ അമേരിക്ക പിടിച്ചെടുക്കുന്നത്. വെനസ്വേലയില്‍ നിന്ന് വരുകയും വെനസ്വേലയിലേക്ക് പോവുകയും ചെയ്യുന്ന എണ്ണ ടാങ്കറുകളെ ഉപരോധിക്കുമെന്ന് ട്രംപ് ചൊവ്വാഴ്ച വിശദമാക്കി.

◾  ഓസ്ട്രേലിയയിലെ ബോണ്ടയ് ബീച്ചില്‍ 16 പേരെ കൂട്ടക്കൊല ചെയ്ത അക്രമികളില്‍ ഒരാളായ സാജിദ് അക്രമിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ഭാര്യ. 50കാരനായ സാജിദ് അക്രമും മകന്‍ 24കാരനായ നവീദ് അക്രമുമാണ് സിഡ്നിയിലെ ബോണ്ടയ് ബീച്ചില്‍ ഡിസംബര്‍ 14ന് വെടിവയ്പ്പ് നടത്തിയത്.  പൊലീസിന്റെ പ്രത്യാക്രമണത്തില്‍ സാജിദ് അക്രം കൊല്ലപ്പെടുകയും നവീദ് അക്രമിന് ഗുരുതര പരുക്കേല്‍ക്കുകയുമായിരുന്നു. ജെര്‍വിസ് ബേയിലേക്ക് വാരാന്ത്യ ട്രിപ്പ് പോവുകയാണെന്നാണ് അച്ഛനും മകനും കൂട്ടക്കൊലയ്ക്ക് പുറപ്പെടുന്നതിനു മുന്‍പ് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നത്.

◾  ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകള്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ, യുഎസ് നീതിന്യായ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഫയലുകള്‍ ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷമായി. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി പ്രമുഖര്‍ക്കുള്ള ബന്ധം വെളിവാക്കുന്ന ചിത്രങ്ങളിലെ 16 എണ്ണം വെബ്സൈറ്റില്‍ കാണാനില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

◾  ശ്രീലങ്കയ്‌ക്കെതിരായ ആദ്യ വനിതാ ടി20 മത്സരത്തില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 14.4 ഓവറില്‍ ലക്ഷ്യം മറികടന്നു. 44 പന്തില്‍ 68 റണ്‍സുമായി പുറത്താവാതെ നിന്ന ജമീമ റോഡ്രിഗസാണ് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചത്.

◾  അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പരാജയമറിയാതെ മുന്നേറിയ ഇന്ത്യയുടെ യുവനിര ഒടുവില്‍ കലാശപ്പോരില്‍ പാകിസ്താന്റെ റണ്‍മലയ്ക്കു മുന്നില്‍ കീഴടങ്ങി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് പാക് ടീം ഉയര്‍ത്തിയ 348 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയുടെ പോരാട്ടം 26.2 ഓവറില്‍ 156 റണ്‍സിന് അവസാനിച്ചു. 191 റണ്‍സിന്റെ വമ്പന്‍ ജയത്തോടെ പാക് യുവനിര ഏഷ്യാ കപ്പ് കിരീടമണിഞ്ഞു. 

◾  ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 75,256 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. സെന്‍സെക്‌സ് 338 പോയിന്റ് ആണ് താഴ്ന്നത്. ടിസിഎസിന്റെ വിപണി മൂല്യത്തില്‍ 22,594 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.11,87,673 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം ഉയര്‍ന്നത്. ഇന്‍ഫോസിസ് 16,971 കോടി, എസ്ബിഐ 15,922 കോടി, റിലയന്‍സ് 12,314 കോടി, ഭാരതി എയര്‍ടെല്‍ 7,384 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. കഴിഞ്ഞയാഴ്ച എച്ച്ഡിഎഫ്‌സി ബാങ്കിന് 21,920 കോടിയുടെ നഷ്ടമാണ് നേരിട്ടത്. 15,16,638 കോടിയായാണ് വിപണി മൂല്യം താഴ്ന്നത്. എല്‍ഐസി 9,614 കോടി, ഐസിഐസിഐ ബാങ്ക് 8,427 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നില്‍.

◾  പ്രേക്ഷക ലോകം ആഘോഷമാക്കുന്ന പുത്തന്‍ അനൗണ്‍സ്മെന്റുമായി ക്യൂബ്സ് എന്റര്‍ടൈന്‍മെന്റ്. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാവുന്ന ഖാലിദ് റഹ്‌മാന്‍ ചിത്രമാണ് തങ്ങളുടെ പുത്തന്‍ സിനിമയെന്ന് ഷെരീഫ് മുഹമ്മദിന്റെ ക്യൂബ്സ് എന്റര്‍ടെയിന്‍മെന്റ് പുറത്ത് വിട്ട വാര്‍ത്ത, സോഷ്യല്‍ മീഡിയയില്‍ ഓളങ്ങള്‍ സൃഷ്ടിക്കുകയാണ്. പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്റര്‍ ആയ മാര്‍ക്കോ, ഇപ്പൊള്‍ ചിത്രീകരണം നടക്കുന്ന കാട്ടാളന്‍ എന്നിവക്ക് ശേഷം ക്യൂബ്സ് എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. നിയോഗ് , സുഹാസ്, ഷര്‍ഫു എന്നിവര്‍ ചേര്‍ന്ന് രചിച്ച ചിത്രം, മമ്മൂട്ടി എന്ന നടനും താരത്തിനും ഉള്ള ആദരമായാണ് ഒരുക്കുന്നത്. വേഷ പകര്‍ച്ചകള്‍ കൊണ്ട് ഓരോ തവണയും നമ്മളെ ഞെട്ടിക്കുന്ന മമ്മൂട്ടി എന്ന മഹാനടന്‍ പുതു തലമുറയിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളായ ഖാലിദ് റഹ്‌മാനൊപ്പം ഒന്നിക്കുമ്പോള്‍ പ്രതീക്ഷകളെറെയാണ്. മലയാളത്തിലെയും മലയാളത്തിന് പുറത്തുമുള്ള ഒട്ടേറെ വമ്പന്‍ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

◾  യാഷ്- ഗീതു മോഹന്‍ദാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന 'ടോക്സിക്'  ചിത്രത്തിലെ കിയാര അദ്വാനിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നാദിയ എന്ന കഥാപാത്രമായാണ് ചിത്രത്തിള്‍ കിയാര എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വമ്പന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. രക്തരൂക്ഷിതമായ ബാത്ത് ടബ്ബില്‍ പരുക്കന്‍ ലുക്ക് അവതരിപ്പിക്കുന്ന യാഷ് പോസ്റ്ററില്‍ ഉണ്ട്. മാര്‍ച്ച് 19 നാണ്ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കെജിഎഫ് ചിത്രത്തില്‍ യാഷുമായി മുന്‍കാല സഹകരണത്തിന് പേരുകേട്ട രവി ബസ്രൂര്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ടോക്സിക്.

◾  വളര്‍ന്നുവരുന്ന ഉപഭോക്തൃ അടിത്തറയ്ക്ക് വാഹന ഇന്‍ഷുറന്‍സ് സേവനങ്ങള്‍ നല്‍കുന്നതിനായി പൂര്‍ണ്ണമായും ഉടമസ്ഥതയിലുള്ള ഒരു സബ്സിഡിയറി ആരംഭിക്കാന്‍ രാജ്യത്തെ മുന്‍നിര ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനിയായ ആതര്‍ എനര്‍ജി ഒരുന്നുന്നു. ഓട്ടോ ഇന്‍ഷുറന്‍സ് വിതരണ മേഖലയിലേക്ക് പ്രവേശിക്കുന്നതായി കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഇതിനായി കോര്‍പ്പറേറ്റ് ഏജന്റായി പ്രവര്‍ത്തിക്കുന്ന ഒരു പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറി സൃഷ്ടിക്കും എന്ന് കമ്പനി സ്ഥിരീകരിച്ചു. ഈ പുതിയ സ്ഥാപനത്തിലൂടെ രാജ്യത്തുടനീളമുള്ള ഒന്നിലധികം ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ച് ഏഥര്‍ ഉപഭോക്താക്കള്‍ക്ക് ഓട്ടോ ഇന്‍ഷുറന്‍സ് പോളിസികള്‍ വാഗ്ദാനം ചെയ്യും. ഉപഭോക്താക്കള്‍ക്കുള്ള ഉടമസ്ഥതാ അനുഭവം കൂടുതല്‍ ലളിതമാക്കുക, ഇന്‍ഷുറന്‍സ് പ്രക്രിയ കാര്യക്ഷമമാക്കുക, ആവര്‍ത്തിച്ചുള്ള വരുമാന സ്രോതസ്സ് സൃഷ്ടിക്കുക എന്നിവയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് കമ്പനി പറയുന്നു.

◾  കോടതിമുറികളില്‍ നിയമത്തിന്റെ തലനാരിഴകീറി വാദിക്കുന്ന പ്രഗത്ഭനായ അഭിഭാഷകനാണ് പുതിയ തലമുറയ്ക്ക് ജനാര്‍ദ്ദനക്കുറുപ്പ്. അല്പം കൂടി പിന്നോട്ടുപോയാല്‍ കേരളത്തിന്റെ രംഗവേദികളിലും രാഷ്ട്രീയഭൂപടത്തിലും പരിവര്‍ത്തനം സൃഷ്ടിച്ച നാടകസമിതിയായ കെ.പി.എ.സിയുടെ സ്ഥാപകനായ ജനാര്‍ദ്ദനക്കുറുപ്പിനെ അറിയാം. വീണ്ടും പിറകോട്ടുപോയാല്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കുകൊണ്ട് ജീവന്‍ ത്യജിക്കാന്‍ തയ്യാറായി നടന്ന ഒരു വിപ്ലവകാരിയുടെ പ്രക്ഷുബ്ധമായ കാലം തെളിഞ്ഞുവരും ജാതിയമായ ആഢ്യത്വവും തികഞ്ഞ ജന്മിത്വവുംകൊണ്ട് അനു ഹിതമായ തറവാട്ടില്‍നിന്ന് ഇന്നത്തെ ജനാര്‍ദ്ദനക്കുറുപ്പിലേയ്ക്കുള്ള യാത്ര ക്ലേശനിര്‍ഭ രമായ ഒരുപാട് അനുഭവങ്ങളുടെ കഥയാണ്. 'എന്റെ ജീവിതം'. അഡ്വ.ജി ജനാര്‍ദ്ദനക്കുറുപ്പ്. കറന്റ് ബുക്സ് തൃശൂര്‍.

◾  ഇളനീര്‍ അഥവാ കരിക്ക് ശരീരത്തില്‍ നിര്‍ജ്ജലീകരണം കുറയ്ക്കാന്‍ മികച്ചതാണ്. എന്നാല്‍ പലപ്പോഴും പ്രമേഹ രോഗികള്‍ കരിക്കിനോട് അകച്ച പാലിക്കാറുണ്ട്. കരിക്കില്‍ അടങ്ങിയ പ്രകൃതിദത്ത പഞ്ചസാര രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ധിപ്പിക്കുമെന്നാണ് പ്രചാരം. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ പ്രമേഹ രോഗികള്‍ക്കും മനസ്സോടെ ഇളനീര്‍ കുടിക്കാം. മിതത്വം പാലിക്കുക എന്നതാണ് പ്രധാനം. വിറ്റാമിന്‍ സി, റൈബോഫ്‌ളാബിന്‍, കാല്‍സ്യം, സോഡിയം എന്നിവ കൊണ്ടെല്ലാം സമ്പന്നമാണ് ഇളനീര്‍. ഇതില്‍ പ്രകൃതിദത്ത പഞ്ചസാരയും കലോറിയും കൂടുതലായതിനാല്‍ ഇളനീര്‍ കുടിക്കുമ്പോള്‍ പ്രമേഹ രോഗികള്‍ ബദാം, കടല പോലുള്ള പ്രോട്ടീന്‍ അല്ലെങ്കില്‍ ഫാറ്റ് റിച്ച് ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. ഇന്ത്യയില്‍ പ്രമേഹരോഗികളുടെ എണ്ണം ദിവന്തോറും വര്‍ധിച്ചു വരികയാണ്. ലോകത്തെ പ്രമേഹ രോഗികളില്‍ ആറില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. ആകെ കണക്കെടുത്താല്‍ 7.7 കോടി വരും ഇന്ത്യയിലെ പ്രമേഹ രോഗികളുടെ എണ്ണം. ജീവിത ശൈലീ രോഗമായതിനാല്‍ തന്നെ ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ വഴി ഒരു പരിധി വരെ പ്രമേഹത്തെ നിയന്ത്രിക്കാനാകും.

*ശുഭദിനം*
*കവിത കണ്ണന്‍*
കത്തിച്ചുവെച്ച മെഴുകുതിരി കണ്ടപ്പോള്‍ ധാന്യം തേടാന്‍ തനിക്കിത് പ്രയോജനപ്പെട്ടാലോ എന്ന് കരുതി എലി ആ മെഴുകുതിരിയും കടിച്ചുപിടിച്ചു ധാന്യപ്പുര ലക്ഷ്യമാക്കി നടന്നു.  ചുണ്ടുപൊളളിയപ്പോള്‍ ആ മെഴുകുതിരി എലി തറയിലിട്ടു.  ധാന്യപ്പുരയിലിരുന്ന ചാക്കിലേക്കാണ് മെഴുകുതിരി വീണത്. തീ ആളിപ്പടര്‍ന്നു. ധാന്യപ്പുരയ്ക്ക് മൊത്തം തീപിടിച്ചു.  ധാന്യപ്പുരയിലിരുന്ന കുറെ എലികള്‍ ജീവനുംകൊണ്ടോടി. ചിലത് ചത്തു.  രക്ഷപ്പെടാന്‍ ഓടുന്നതിനിടയില്‍ എലി സ്വയം പഴിച്ചു.  തനിക്കിത് എന്തിന്റെ കേടായിരുന്നു. എല്ലാവര്‍ക്കും എല്ലാം ഉപകാരപ്പെടണമെന്നില്ല.  മറ്റൊരാള്‍ക്ക് ആവശ്യമുള്ളത് ചിലപ്പോള്‍ തനിക്ക് ആവശ്യമുണ്ടായെന്ന് വരില്ല.  നമുക്ക് വേണ്ടതെന്ത് വേണ്ടാത്തതെന്ത് എന്നൊരു ബോധ്യം സ്വയം ഉണ്ടാകണം.  വസ്ത്രവും ഭക്ഷണവുമെല്ലാം എല്ലാവര്‍ക്കും ആവശ്യമാണെങ്കിലും ചൂടിലും തണുപ്പിലും ജീവിക്കുന്നവര്‍ക്ക് ഒരേ ആഹാരമോ, ഒരേ വസ്ത്രമോ അല്ല വേണ്ടത്.  ഒരാള്‍ക്ക് ഉപയോഗപ്പെടുന്നത് അതേ രീതിയില്‍ മറ്റൊരാള്‍ക്ക് പ്രയോജനപ്പെടണമെന്നില്ല.. ജന്മം കൊണ്ട് കര്‍മ്മം കൊണ്ടും രൂപീകൃതമായ തനിതുവഴികള്‍ എല്ലാവര്‍ക്കുമുണ്ട്.. അവയെ ക്രിയാത്മകവും ഉപയോഗക്ഷമതയുളളതുമാക്കാന്‍ ശ്രമിക്കുക.. തനിക്ക് വേണ്ടതെന്തെന്ന് തിരിച്ചറിയുക - ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍