ഇന്നത്തെ പ്രധാന വാർത്തകൾ
ബിസ്മീറിനെ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്തു'; വിളപ്പില്‍ശാല ആശുപത്രിക്ക് ക്ലീന്‍ ചീറ്റ്
,🟦ചികിത്സാ പിഴവ് പരാതിയില്‍ തിരുവനന്തപുരം വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിക്ക് ക്ലീന്‍ ചീറ്റ് നല്‍കി ആരോഗ്യവകുപ്പ്. ബിസ്മീറിനെ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്തിരുന്നു. കുത്തിവയ്പ്പും നെബുലൈസേഷനും നല്‍കി. ഗ്രില്‍ അടച്ചത് വനിതാ ജീവനക്കാരുടെ സുരക്ഷ പരിഗണിച്ചാണെന്നും ഡിഎംഒ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
വിളപ്പില്‍ശാല കാവിന്‍പുറം സ്വദേശി പി.ബിസ്മിര്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്. യുവാവിന്‍റെ മരണം ചികിത്സാപിഴവ് മൂലമെന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം. കടുത്ത ശ്വാസംമുട്ടലിനെ തുടര്‍ന്ന് വിളപ്പില്‍ശാല സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ എത്തിയ ബിസ്മിറിനെ പ്രാഥമിക ചികിത്സ നല്‍കാതെ മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞയച്ചു എന്നാണ് പരാതി. ബിസ്മിര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ എത്തിയ സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
🟦‘പുതിയ സാമ്പത്തിക വർഷത്തെ ബജറ്റ് ജനപ്രിയമാകും; ഇനി വളർച്ചയുടെ കാലം’; മന്ത്രി കെഎൻ ബാലഗോപാൽ
പുതിയ സാമ്പത്തിക വർഷത്തെ ബജറ്റ് ജനപ്രിയമാകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. പരമാവധി എല്ലാ മേഖലയിലും കുതിച്ചു ചാട്ടം ഉണ്ടാകുന്ന ബജറ്റ് ആയിരിക്കും. ക്ഷേമ പെൻഷൻ വർധിപ്പിക്കുന്നതിൽ ധനമന്ത്രി നിലപാട് വ്യക്തമാക്കിയില്ല. ശമ്പള പരിഷ്കരണം ബജറ്റിൽ പ്രഖ്യാപിക്കണമെന്നില്ലെന്നും കെ എൻ ബാലഗോപാൽ.
പ്രതിസന്ധിയുടെ വലിയ ഘട്ടം കഴിഞ്ഞുവെന്നും ഇനി വളർച്ചയുടെ കാലമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകാൻ പ്രതിജ്ഞാബദ്ധമാണെന്ന നിലപാടിൽ എല്ലാമുണ്ട്. അത് ബജറ്റിൽ തന്നെ പറയണം എന്നില്ല. ഡി.എ കുടിശ്ശികയും നൽകാനുണ്ട്. അക്കാര്യത്തിലും നൽകണമെന്ന് തന്നെയാണ് നിലപാടെന്ന് മന്ത്രി വ്യക്തമാക്കി.
കേരളത്തിന് വലിയ വികസനവും മാറ്റങ്ങളും ഉണ്ടാകുന്ന തരത്തിലുള്ള നിർദേശങ്ങളും ബജറ്റിലുണ്ടാകും. സാമ്പത്തിക രംഗത്ത് വലിയ കുതിച്ചുച്ചാട്ടം ഉണ്ടാകും. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് നല്ല സമീപനമല്ല ലഭിക്കുന്നത്. കേന്ദ്രത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യത്തിനുള്ള കടന്നാക്രമണമാണ് ഏറ്റവും വലിയ വെല്ലുവിളിയായി ഉണ്ടായിരുന്നതെന്ന് മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. ഓരോ ഘട്ടത്തിലും മുന്നോട്ടു പോകേണ്ടതെന്ന ആശങ്കയുണ്ടായിരുന്നു. നിരന്തരം പ്രതിസന്ധി ഉണ്ടാക്കി. എല്ലാ മറികടക്കാൻ കഴിഞ്ഞു. ഏകപക്ഷീയമായും രാഷ്ട്രീയപരമായും കേന്ദ്രം പെരുമാറിയെന്നും മന്ത്രി കെഎൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.
🟦സ്ത്രീധനം നൽകുന്നത് കുറ്റകരമല്ലാതാക്കാൻ കേരളം; നിയമത്തിൽ ഭേദഗതി വരുത്താൻ ശിപാർശ
സ്ത്രീധനം നൽകുന്നത് കുറ്റകരമല്ലാതാക്കാൻ ശിപാർശ ചെയ്ത് കേരള നിയമ പരിഷ്കരണ കമ്മീഷൻ. സ്ത്രീധന പീഡന പരാതികൾ റിപ്പോർട്ട് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനാണ് നിയമത്തിൽ ഭേദഗതി വരുത്താനുള്ള ശിപാർശ. കരട് ഭേദഗതിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി. 1961-ലെ സ്ത്രീധന നിരോധന നിയമത്തിൽ ഭേദഗതി വരുത്താനാണ് കരട് ബില്ലിലൂടെ കേരള നിയമ പരിഷ്കരണ കമ്മീഷൻ നിർദേശിക്കുന്നത്.
നിലവിലെ നിയമപ്രകാരം സ്ത്രീധനം നൽകുന്നതും, വാങ്ങുന്നതും ക്രിമിനൽ കുറ്റമാണ്. സ്ത്രീധന പീഡന കേസുകളിൽ പരാതി നൽകാൻ മടിക്കുന്നത് ഇതുകൊണ്ടാണ്. ഈ സാഹചര്യം ഒഴിവാക്കാനാണ് നിയമ പരിഷ്കരണ കമ്മീഷൻ പുതിയ ഭേദഗതി നിർദ്ദേശിച്ചിരിക്കുന്നത്. സ്ത്രീധനം നൽകുന്നത് ക്രിമിനൽ കുറ്റത്തിൻ്റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ കരട് ബിൽ നിർദ്ദേശിക്കുന്നു.
🟦മൂന്നാം ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
മൂന്നാം ബലാത്സംഗ പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എഎൽഎയുടെ ജാമ്യാപേക്ഷയിൽ ഇന്ന് പത്തനംതിട്ട ജില്ല സെഷൻസ് കോടതി ഉത്തരവ് പറയും. രാഹുലിന്റെയും അതിജീവിതയുടെയും ശബ്ദ സന്ദേശം അടക്കമുള്ള തെളിവുകൾ കോടതി കഴിഞ്ഞദിവസം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
പരാതിയിൽ പറയുന്ന പല കാര്യങ്ങളും വ്യാജമാണെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു. അതേസമയം അന്വേഷണം പൂർത്തിയായിട്ടില്ലെന്നും ചോദ്യം ചെയ്യലുമായി രാഹുൽ സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷനും കോടതിയെ ധരിപ്പിച്ചു. ജാമ്യം നൽകിയാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും എന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.
