സഊദിയിൽ ഉംറ തീർത്ഥാടകരുടെ ബസ് മറിഞ്ഞ് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരുക്ക്

പ്രതീകാത്മക ചിത്രം

റിയാദ്: സഊദിയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. പത്തനാപുരം സ്വദേശിനി ഷീബ, ഉംറ ഗ്രൂപ്പ് അമീറും നിലമ്പൂർ സ്വദേശിയുമായ ഇസ്‌മാഈൽ എന്നിവരാണ് മരിച്ചത്. റിയാദിൽ നിന്ന് 500 കിലോമീറ്റർ അകലെ ഹോത്ത ബനീ തമീം - മക്ക റോഡിലെ മഹ്ലമിയ എന്ന സ്ഥലത്ത് ഇന്ന് ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.

ഹോത്ത ബനീ തമീമിൽ നിന്ന് വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെ പുറപ്പെട്ട മലയാളി ഉംറ ഗ്രൂപ്പിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെ ബസിന് ബ്രേക്ക് തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇതിന് ശേഷം യാത്ര തുടരുന്നതിനിടെ മഹ്ലമിയയിൽ വെച്ച് ബസിന്റെ പിൻവശത്തെ രണ്ട് ടയറുകൾ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു.

അപകടത്തിൽ ബസിലുണ്ടായിരുന്ന അമ്പതോളം യാത്രക്കാരിൽ ഭൂരിഭാഗം പേർക്കും പരുക്കേറ്റിട്ടുണ്ട്. മലയാളികൾക്ക് പുറമെ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ബംഗ്ലാദേശ് സ്വദേശികളും സംഘത്തിലുണ്ടായിരുന്നു. വിവരമറിഞ്ഞ ഉടൻ പൊലിസും റെഡ് ക്രസന്റും ആംബുലൻസുകളും സ്ഥലത്തെത്തി പരുക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മരിച്ച ഷീബ ഭർത്താവിനോടൊപ്പം വർഷങ്ങളായി ഹോത്ത ബനീ തമീമിൽ താമസിച്ചുവരികയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍