പിഎസ്‍സി: ഉയർന്ന പ്രായപരിധി ഫെബ്രുവരി 27 മുതലുളള വിജ്ഞാപനങ്ങൾക്കും ബാധകം
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമീഷൻ (പിഎസ്‍സി) നിയമനങ്ങൾക്ക് അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധി ഫെബ്രുവരി 27 മുതലുളള വിജ്ഞാപനങ്ങൾക്കും ബാധകമാക്കാൻ തീരുമാനിച്ചു.
പിഎസ്‍സി വഴി നേരിട്ട് നിയമനങ്ങൾ നടത്തുന്ന എല്ലാ തസ്തികകളിലും അതത് വിശേഷാൽ ചട്ടത്തിൽ വ്യവസ്ഥ ചെയ്തിട്ടുളള ഉയർന്ന പ്രായപരിധിയിൽ നാല് വർഷത്തെ ഇളവ് ലഭിക്കുന്നതാണ്. ഇതിന് പുറമേ പട്ടികജാതി/പട്ടികവർഗവിഭാഗങ്ങളിലും മറ്റു പിന്നോക്ക വിഭാഗങ്ങളിലും ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ യഥാക്രമം അഞ്ച് വർഷത്തെയും മൂന്ന് വർഷത്തെയും ഇളവും ലഭിക്കുന്നതാണ്. ഫെബ്രുവരി 28ന് പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾക്ക് ഇത് ബാധകമാക്കികൊണ്ട് തിരുത്തൽ വിജ്ഞാപനം പുറപ്പെടുവിക്കും.
മാർച്ച് രണ്ടിന് ചേർന്ന് മന്ത്രിസഭാ യോഗമാണ് പിഎസ്സി നിയമനത്തിന് അപേക്ഷിക്കാനുള്ള പ്രായപരിധി 40 ആക്കാൻ തീരുമാനിച്ചത്. ജനറൽ വിഭാഗത്തിന് അപേക്ഷിക്കാനുള്ള പ്രായപരിധിയാണ് 36ൽ നിന്ന് 40 ആക്കിയത്. പുതിയ തീരുമാന പ്രകാരം പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് 45 വരെയും മറ്റ് സംവരണ വിഭാഗക്കാർക്ക് 43 വയസുവരെയും അപേക്ഷിക്കാം. നിലവിൽ ഈ വിഭാഗങ്ങളുടെ പ്രായപരിധി യഥാക്രമം 41, 39 എന്നിങ്ങനെയായിരുന്നു.
പെൻഷൻ പ്രായം 55ൽനിന്ന് 56 ആക്കിയപ്പോൾ പിഎസ്‍സിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 35ൽ നിന്ന് 36 ആക്കിയിരുന്നു. പങ്കാളിത്ത പെൻഷൻ നിലവിൽ വരുംമുമ്പ് 56 വയസ്സായിരുന്നു വിരമിക്കൽ പ്രായം. പിഎസ്‌സി വഴി അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 36 വയസും. എന്നാൽ പങ്കാളിത്ത പെൻഷൻ പദ്ധതി വന്നപ്പോൾ 2013 ഏപ്രിൽ ഒന്നിന് ശേഷം നിയമിതരാകുന്ന ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 ആക്കി വർധിപ്പിച്ചു. ഇതിന് ആനുപാതികമായാണ് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍