പ്രവാസികളുടെ സുരക്ഷയിൽ അതീവ ആശങ്ക; നടപടികൾക്ക് നിർദേശംനൽകി കേന്ദ്ര ഉന്നതതല യോഗം
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സുരക്ഷാ കാര്യങ്ങൾക്കുള്ള കാബിനറ്റ് കമ്മിറ്റി (സിസിഎസ്) യോഗം ചേർന്നു. ഇറാനിൽ യുഎസും ഇസ്രയേലും ചേർന്ന് നടത്തിയ വ്യോമാക്രമണവും തുടർന്ന് ഗൾഫ് രാജ്യങ്ങൾക്കുനേരെയുണ്ടായ ആക്രമണങ്ങളും യോഗത്തിൽ വിശദീകരിച്ചു. മേഖലയിലുള്ള ഇന്ത്യൻ പ്രവാസികളുടെ സുരക്ഷയെക്കുറിച്ച് ഉന്നതതല യോഗം അതീവ ആശങ്കരേഖപ്പെടുത്തി.
ആ മേഖലയിലൂടെ യാത്ര ചെയ്യുന്ന ഇന്ത്യക്കാർ നേരിടുന്ന ബുദ്ധിമുട്ടുകളും പരീക്ഷകൾക്ക് ഹാജരാകേണ്ട വിദ്യാർത്ഥികളുടെ സാഹചര്യങ്ങളും യോഗം പ്രത്യേകമായി വിലയിരുത്തി.മേഖലയിലെ സുരക്ഷയെയും സാമ്പത്തിക, വാണിജ്യ പ്രവർത്തനങ്ങളെയും ഈ സാഹചര്യം എങ്ങനെ ബാധിക്കുമെന്ന് കമ്മിറ്റി ചർച്ച ചെയ്തു.
പ്രതിസന്ധിയിലായ ഇന്ത്യൻ പൗരന്മാരെ സഹായിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയതായും യോഗത്തിന് ശേഷം കേന്ദ്ര സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
സംഘർഷങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്നും നയതന്ത്ര ചർച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും സമാധാന അന്തരീക്ഷത്തിലേക്ക് തിരിച്ചുവരണമെന്നും യോഗം ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍