ഗൾഫ് മേഖലയിൽ ആക്രമണം തുടരുന്നു; 19 ബാലിസ്റ്റിക് മിസൈലുകളും 26 ഡ്രോണുകളും ആകാശത്തുവെച്ച് തകർത്തു
മനാമ : ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടർന്ന് ഇറാൻ. വ്യാഴാഴ്ച യുഎഇക്ക് നേരെയെത്തിയ 19 ബാലിസ്റ്റിക് മിസൈലുകളും 26 ഡ്രോണുകളും ആകാശത്തുവെച്ച് തകർത്തതായി പ്രതിരോധ സേന അറിയിച്ചു. അബുദാബിയിലെ ഖലീഫ ഇക്കണോമിക് സോണിന് സമീപം മിസൈൽ അവശിഷ്ടങ്ങൾ വീണു. സൗദി അറേബ്യയിലും ആക്രമണം ഉണ്ടായി. അഞ്ച് ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും വ്യാഴാഴ്ച തകർത്തു. ബഹ്റൈനിലും മിസൈലുകളെ പ്രതിരോധിച്ചു.
ഗൾഫ് മേഖലയിലെ അനിശ്ചിതത്വം ആഗോള വിപണിയെയും ബാധിച്ചു. വരും ആഴ്ചകളിൽ ഇറാനുമേൽ ശക്തമായ ആക്രമണം ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതിനുപിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയർന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 109 ഡോളറിലേക്ക് കടന്നു. ഹോർമുസ് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതോടെ വിമാന ഇന്ധന ലഭ്യത കുറയുകയും ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂടുകയും ചെയ്തു. യുഎഇയിൽ നിന്നുള്ള സർവീസുകളെയും ഇത് ബാധിച്ചിട്ടുണ്ട്.
കുവൈത്ത് എയർവേയ്‌സ് ഇന്ത്യയിലേക്കുള്ള സർവീസുകൾ ഞായറാഴ്ച മുതൽ ദമാം വഴി പുനരാരംഭിക്കുമെന്ന് അറിയിച്ചു.
ബാഗ്ദാദിലെ എംബസിക്ക് നേരെ ആക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ ഇറാഖിലുള്ള പൗരന്മാരോട് ഉടൻ രാജ്യം വിടാൻ യുഎസ് നിർദേശിച്ചു. ഹോർമുസ് വിഷയത്തിൽ വരും ആഴ്ചയിൽ പ്രത്യേക ചർച്ച നടത്താൻ ജി 7 രാജ്യങ്ങളും ജിസിസിയും തീരുമാനിച്ചു. ഉരുക്ക് വ്യവസായശാലകൾക്ക് നേരെയുള്ള യുഎസ്-ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടിയായി മേഖലയിലെ യുഎസ് ബന്ധമുള്ള വ്യവസായ ശാലകൾ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍