പ്രഭാത വാർത്തകൾ
2026 ഏപ്രില്‍ 9 വ്യാഴം
1201 മീനം 26 മൂലം
1447 ശവ്വാൽ 21
◾ പോളിംഗ് ബൂത്തുകള്‍ ഉണര്‍ന്നു. കേരളത്തില്‍ ഇന്നു ജനവിധി. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് വൈകുന്നേരം ആറുവരെ. 2.70 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. പോളിംഗ് ബൂത്തുകളില്‍ മൊബൈല്‍ ഫോണ്‍ പ്രവേശിപ്പിക്കില്ല.
◾ പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെതിരായ 'വോട്ടിനു നോട്ട്' പരാതിയില്‍ ചീഫ് ഇലക്ഷന്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ടു നല്‍കിയെന്ന് പാലക്കാട് ജില്ല കളക്ടര്‍ എം എസ് മാധവികുട്ടി. പണം ലഭിച്ചില്ലെന്നാണ് വയോധികയുടെ മൊഴി. പൊലീസ് ദൃശ്യങ്ങള്‍ പരിശോധിക്കുകയും കേസ് അന്വേഷിക്കുകയും ചെയ്യുമെന്നും കളക്ടര്‍.
◾ കോട്ടയത്തെ പൂഞ്ഞാറിലും കാസര്‍കോട്ടും 'വോട്ടിനു നോട്ട്' ആരോപണം. പൂഞ്ഞാറില്‍ ബിജെപി മണ്ഡലം ഭാരവാഹിയായ മുഹമ്മദ് ഷാജി അരുവിത്തറയിലെ ഒരു വീട്ടില്‍ പണം നല്‍കുന്നതായി ആരോപിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. തെരഞ്ഞെടുപ്പ് കമ്മീഷനിലും പൊലീസിലും ഇടതു മുന്നണി നേതാക്കള്‍ പരാതി നല്‍കി. ഇതേസമയം, കാസര്‍കോട് നായന്മാര്‍മൂലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കല്ലട്ര മാഹിന്‍ ഹാജിയുടെ സഹോദരങ്ങള്‍ വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് എല്‍ഡിഎഫ് ആരോപിച്ചു. സ്ഥാനാര്‍ത്ഥിയുടെ സഹോദരങ്ങളായ ഷെരീഫ് കല്ലട്ര, അഷ്‌റഫ് കല്ലട്ര എന്നിവരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു.
◾ തൃശൂരില്‍ വീണ്ടും ബിജെപിക്കെതിരേ കിറ്റ് വിതരണ ആരോപണം. തൃശൂര്‍ കേച്ചേരിയിലുള്ള ഒരു അച്ചാര്‍ കമ്പനിയില്‍നിന്ന് ഏകദേശം 750 ഭക്ഷ്യക്കിറ്റുകളാണ് തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡും പോലീസും ചേര്‍ന്ന് പിടികൂടിയത്. ബിജെപി നേതാവിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.
◾ ശബരിമല യുവതി പ്രവേശന കേസില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വേണമെന്ന് ഏന്തെങ്കിലും അയ്യപ്പവിശ്വാസി ഹര്‍ജി നല്‍കിയിട്ടുണ്ടോയെന്ന് ജസ്റ്റിസ് ബി വി നാഗരത്ന. ആദ്യ ഹര്‍ജിക്കാര്‍ വിശ്വാസികളല്ല. വിശ്വാസികളല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്നുമാണ് ജസ്റ്റിസ് നാഗരത്നയുടെ ചോദ്യം.
◾ ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാനായി റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി വി.ജി. അരുണിനെ ഹൈക്കോടതി ദേവസ്വം ബഞ്ച് നിയോഗിച്ചു.ശബരിമല ഉന്നതാധികാര സമിതിയുടെ അധ്യക്ഷനായിരുന്ന റിട്ടയേര്‍ഡ് ജസ്റ്റിസ് സീരിജഗന്‍ മരിച്ചതിനാലാണ് നിയമനം.
◾ ലൈംഗീകാതിക്രമ കേസില്‍ ജയിലില്‍ കഴിയുന്ന സംവിധായകന്‍ രഞ്ജിത്തിനു വോട്ടു ചെയ്യാന്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ഹര്‍ജി എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. രഞ്ജിത്തിനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്ഡറെ അപേക്ഷ കോടതി പരിഗണിക്കുന്നതിനിടെയാണ് അഭിഭാഷകന്‍ ഇടക്കാല ജാമ്യം ആവശ്യപ്പെട്ടത്. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു.
◾ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്‌കരണത്തിനു രൂപീകരിച്ച പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുന്‍ ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് ഐ എ എസ് ആണു കമ്മീഷന്ഡ ചെയര്‍മാന്‍.
◾ സിനിമാ താരം ജി. കൃഷ്ണകുമാറിനെ നാഷണല്‍ ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാനായി നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം പുറത്തിറക്കി.
◾ 'വോട്ടിനു നോട്ട്' ആരോപണം തളളിയ പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അശ്ലീല ആംഗ്യം കാണിച്ചെന്ന് ആരോപിച്ചു. എന്നാല്‍ മോശം ആംഗ്യം കാണിച്ചിട്ടില്ലെന്നും പണം നല്‍കിയതു കയ്യോടെ പിടിക്കപ്പെട്ടതോടെ ജാള്യം മറയ്ക്കാന്‍ ആരോപണങ്ങളുന്നയിക്കുകയാണെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചടിച്ചു.
◾ നേമം മണ്ഡലത്തില്‍ ബിജെപി വ്യാപകമായി പണവും മദ്യവും ഒഴുക്കുന്നു എന്ന ആരോപണത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ശിവന്‍ കുട്ടിക്കു പരാജയ ഭീതിയുടെ നിരാശയാണെന്നും തെളിവുണ്ടെങ്കില്‍ പൊലീസിനോട് പറയട്ടെ എന്നുമായിരുന്നു പ്രതികരണം.
◾ ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കുവെച്ച വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെയും പൊലീസ് സൈബര്‍ സെല്ലിന്റെയും ഔദ്യോഗിക നിര്‍ദ്ദേശപ്രകാരമാണ് വീഡിയോ നിരോധിച്ചതെന്ന് രാഹുല്‍ ആരോപിച്ചു.
◾ വാഹന മോഡിഫിക്കേഷന്‍ ആകാമെന്നു പ്രതികരിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മറുപടിയുമായി കെ.ബി. ഗണേഷ് കുമാര്‍. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മോട്ടോര്‍ വാഹന നിയമം എങ്ങനെയാണ് സതീശന്‍ മാറ്റുന്നതെന്ന് ഗണേഷ് ചോദിച്ചു.
◾ ജോസ് കെ മാണിക്കെതിരായ സീറ്റിന് കോഴ നല്‍കിയെന്ന ആരോപണത്തില്‍ മാണി സി കാപ്പനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കേരള കോണ്‍ഗ്രസ് എം. തോല്‍വി സമ്മതിച്ച കാപ്പന്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ് എം ആരോപിച്ചു.
◾ കേരളത്തില്‍ രക്തദാന പ്രസ്ഥാനത്തിനു തുടക്കമിട്ട എഴുത്തുകാരനും തൃശൂര്‍ അതിരൂപത മുന്‍ വികാരി ജനറലുമായ ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് (72) അന്തരിച്ചു. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിന്റെ സ്ഥാപക ഡയറക്ടറായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരിക്കേയാണ് ബ്ലഡ് ഡോണേഴ്സ് അസോസിയേഷനു രൂപം നല്‍കിയത്.
◾ വൈക്കത്തെ കര്‍ഷക ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്നു മക്കള്‍. 16 ലക്ഷം രൂപ കടമുണ്ടായിരുന്നതിന്റെ സമ്മര്‍ദ്ദം പിതാവിനുണ്ടായിരുന്നുവെന്ന് മക്കള്‍. കുടുംബത്തെ സന്ദര്‍ശിച്ച എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ചു. മരണത്തിനു മുന്‍പ് ചെല്ലപ്പന്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് സിപിഐ പ്രാദേശിക നേതൃത്വം ആരോപിച്ചു.
◾ ചിക്കമംഗളൂരുവില്‍ വിനോദസഞ്ചാരത്തിനെത്തിയ മലയാളി പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ 24 മണിക്കൂര്‍ കഴിഞ്ഞിട്ടും വിവരങ്ങള്‍ ലഭിച്ചിട്ടില്ല. പ്രദേശത്തെ രണ്ടു കൊക്കകള്‍ കേന്ദ്രീകരിച്ചുള്ള തിരച്ചിലും അന്വേഷണവും വിഫലമായി.
◾ മലപ്പുറം എളങ്കൂര്‍ വില്ലേജ് ഓഫീസറും പത്തനംതിട്ട എരുമേലി ചാത്തന്‍തറ സ്വദേശിയുമായ കെ കെ രാജു (53) കുഴഞ്ഞുവീണു മരിച്ചു. പേലേപ്പുറത്തെ വാടക ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് എളങ്കൂര്‍ വില്ലേജ് സെക്ടറല്‍ ഓഫീസറായിരുന്ന അദ്ദേഹം ബൂത്തുകള്‍ സജ്ജമാക്കുന്ന തിരക്കിലായിരുന്നു.
◾ സ്ഥിരം കുറ്റവാളികളായ നാലുപേരെ കാപ്പാ നിയമപ്രകാരം കൊല്ലം സിറ്റി പൊലീസ് കരുതല്‍ തടങ്കലിലാക്കി. കരുനാഗപ്പള്ളി കുലശേഖരപുരം മഹാരാഷ്ട്രാ സുനാമി കോളനിയില്‍ ചിക്കു (30), രഞ്ജിത്ത് (34), നൗഫാന്‍ (28), ജെറി (37) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
◾ കേരളത്തിനു പുറമേ ആസാമിലും പുതുച്ചേരിയിലും ഇന്നു നിയമസഭാ തെരഞ്ഞെടുപ്പ്. ആസാമില്‍ 126 നിയമസഭാ മണ്ഡലങ്ങളിലേക്കും പുതുച്ചേരിയിലെ 30 സീറ്റിലേക്കുമാണു വോട്ടെടുപ്പ്. മെയ് നാലിനാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും.
◾ തെരഞ്ഞെടുപ്പിനിടെ തമിഴ്‌നാട് ചീഫ് സെക്രട്ടറി എന്‍ മുരുഗാനന്ദത്തെ തെരഞ്ഞെടുപ്പു കമ്മീഷന്‍ മാറ്റി. എം സായ്കുമാറിനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. വിജിലന്‍സ് മേധാവിയെയും മാറ്റിയിട്ടുണ്ട്. ഡി എം കെ അനുകൂല നിലപാട് സ്വീകരിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
◾ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെയും മഠത്തിലെ വിദ്യാര്‍ഥികളെയും റെയില്‍വേ പൊലീസ് തടഞ്ഞുവെച്ചു. മഠത്തില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ ഒഡീഷ്യയിലെ അവരുടെ വീടുകളിലേക്ക് അവധിക്കു കൊണ്ടുപോകവേ രണ്ട് കന്യാസ്ത്രീകള്‍ അടക്കം എട്ടു പേരെയാണ് തടഞ്ഞത്. ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് ഇവരെ മോചിപ്പിച്ചത്.
◾ തന്റെ വിവാഹമോചന ഹര്‍ജിക്ക് പിന്നില്‍ ഡിഎംകെ ഗൂഢാലോചനയാണെന്ന പരോക്ഷ ആരോപണവുമായി തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്. തിരുനെല്‍വേലിയില്‍ നടന്ന കൂറ്റന്‍ റാലിയില്‍ സംസാരിക്കവെയാണ് തമിഴ്നാട് സര്‍ക്കാരിനും ഡിഎംകെയ്ക്കുമെതിരെ വിജയ് ആരോപണമുന്നയിച്ചത്.
◾ മുംബൈ- അഹമ്മദാബാദ് വന്ദേഭാരത് എക്സ്പ്രസില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പാറ്റയെന്നു പരാതി. കരാറുകാരായ ആര്‍കെ ഗ്രൂപ്പിനു കീഴിലുള്ള വൃന്ദാവന്‍ ഫുഡ് പ്രോഡക്ട്സിന് ഇന്ത്യന്‍ റെയില്‍വേ പത്തു ലക്ഷം രൂപ പുഴ ചുമത്തി.
◾ ഇറാനില്‍ വെടിനിറുത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ എത്രയും വേഗം ഇറാനില്‍നിന്നു രക്ഷപ്പെടണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.
◾ ഇറാനുമായുള്ള സമാധാന ചര്‍ച്ചയ്ക്ക് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം പാക്കിസ്ഥാനിലേക്ക്. ശനിയാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വെള്ളിയാഴ്ചതന്നെ ഇസ്ലമാബാദില്‍ എത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
◾ ലെബനനിലെ നൂറോളം ഇടങ്ങളില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം. ഹിസ്ബുള്ളയ്ക്ക് ശക്തമായ സ്വാധീനമുള്ള ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങള്‍, തെക്കന്‍ ലെബനന്‍, കിഴക്കന്‍ ബെക്കാ താഴ്വര എന്നിവിടങ്ങളിലാണ് ആക്രമണം ഉണ്ടായത്. വെറും പത്ത് മിനിറ്റിനുള്ളില്‍ ഹിസ്ബുള്ളയുടെ നൂറിലധികം കമാന്‍ഡ് സെന്ററുകളും സൈനിക കേന്ദ്രങ്ങളും തകര്‍ത്തു. വെടിനിര്‍ത്തല്‍ ലെബനനു ബാധകമല്ലെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചിരുന്നു.
◾ വെടിനിറുത്തലിനു ശേഷമവും ആക്രമണവുമായി ഇറാന്‍. സൗദി, ബഹറിന്‍, ഖത്തര്‍, കുവൈറ്റ് എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയത്. സൗദിയിലെ കിഴക്കു പടിഞ്ഞാറന്‍ എണ്ണ പൈപ്പ് ലൈനിനുനേരെ ആക്രമണമുണ്ടായി.
◾ ലെബനനിലേക്ക് ആക്രമണമുണ്ടായാല്‍ വെടിനിറുത്തല്‍ കരാറില്‍നിന്നു പിന്മാറുമെന്ന് ഇറാന്‍. ഇസ്രയേലിനെതിരേ ആക്രമണത്തിനു സജ്ജമാണെന്നും ഇറാന്‍.
◾ തങ്ങളുടെ നിബന്ധനകള്‍ അംഗീകരിച്ചാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷെഷ്‌കിയാന്‍. ഒപ്പം ഇപ്പോഴത്തെ വെടിനിര്‍ത്തല്‍ 'ഖമേനിയുടെ രക്തത്തിന്റെ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ ഇറാന്റെ പത്തിന നിര്‍ദ്ദേശങ്ങളില്‍ മൂന്നെണ്ണം ലംഘിച്ചെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ്. ഹോര്‍മൂസ് കടലിടുക്ക് അടച്ചെന്നും വെടിനിര്‍ത്തലും തുടര്‍ചര്‍ച്ചകളും അനിശ്ചിതത്വത്തിലായെന്നും അദ്ദേഹം പറഞ്ഞു. ലബനനിലെ ആക്രമണം, ഇറാനിലേക്കു ഡ്രോണ്‍ പറത്തല്‍, യുറേനിയം വിഷയത്തിലുള്ള തര്‍ക്കം എന്നീ മൂന്നു വിഷയങ്ങളാണ് ഇറാന്‍ ഇപ്പോള്‍ തര്‍ക്കവിഷയമാക്കുന്നത്.
◾ വിജയത്തിനരികിലെത്തിയ ഡല്‍ഹി ക്യാപിറ്റല്‍സിനെ അവിശ്വനസനീയമായ വിധത്തില്‍ ഒരു റണ്ണിനു പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റന്‍സ്. കെ എല്‍ രാഹുലിന്റെ അര്‍ധസെഞ്ചുറിയും ഡേവിഡ് മില്ലറുടെ അവിശ്വസനീയ ഫിനിഷിംഗും ഉണ്ടായിട്ടും 211 റണ്‍സിന്റെ വിജയലക്ഷ്യം നേടാന്‍ ഡല്‍ഹിക്കു സാധിച്ചില്ല. സ്‌കോര്‍: ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 4 ന് 210, ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 8 ന് 209.
◾ അദാനി ഗ്രൂപ്പ് ഓഹരികളില്‍ വന്‍ മുന്നേറ്റം. ഗ്രൂപ്പിലെ മുന്‍ നിര ഓഹരികളായ അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്‌സ് എന്നിവ 13 ശതമാനം വരെയാണ് ഉയര്‍ന്നത്. ഈ കുതിപ്പോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ആകെ വിപണി മൂല്യത്തില്‍ ഏകദേശം 96,000 കോടി രൂപയുടെ വര്‍ധനയുണ്ടായി. ആഗോള ബ്രോക്കറേജ് സ്ഥാപനമായ മാക്വയറി അദാനി ഗ്രീന്‍ എനര്‍ജിയുടെ ടാര്‍ഗെറ്റ് പ്രൈസ് 1,320 രൂപയായി ഉയര്‍ത്തിയത് ഓഹരി വിലയില്‍ 13 ശതമാനത്തിന്റെ വര്‍ധനയുണ്ടാക്കി. യുദ്ധഭീതി ഒഴിഞ്ഞതോടെ തുറമുഖത്തിന്റെ പ്രവര്‍ത്തനം സുരക്ഷിതമായി തുടരുമെന്ന ഉറപ്പ് അദാനി പോര്‍ട്ട് ഓഹരി വില 11 ശതമാനത്തോളം ഉയരാന്‍ സഹായിച്ചു. അദാനി എനര്‍ജി സൊല്യൂഷന്‍സ്, അദാനി പവര്‍, അദാനി ടോട്ടല്‍ ഗ്യാസ്, എസിസി, അംബുജ സിമന്റ്‌സ് തുടങ്ങിയ ഓഹരികളും 8 ശതമാനം വരെ നേട്ടമുണ്ടാക്കി.
◾ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അവതരിപ്പിച്ച ഫ്രീഡം പ്ലാന്‍ തിരിച്ചു കൊണ്ടുവന്ന് ബിഎസ്എന്‍എല്‍. വെറും ഒരു രൂപയ്ക്ക് 30 ദിവസത്തെ വാലിഡിറ്റിയോടു കൂടിയ പുതിയ സിം കാര്‍ഡും മറ്റ് സേവനങ്ങളും ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. ഈ ഒരു രൂപ പ്ലാനിലൂടെ പുതിയ സിം കാര്‍ഡ് എടുക്കുന്നവര്‍ക്ക് 30 ദിവസത്തേക്ക് തടസ്സമില്ലാത്ത സേവനങ്ങള്‍ ലഭിക്കും. ഇന്ത്യയിലെ ഏത് നെറ്റ്വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാന്‍ കഴിയുന്ന അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, പ്രതിദിനം 100 സൗജന്യ എസ്എംഎസ്, പ്രതിദിനം 2 ജിബി ഡേറ്റ എന്നിവയാണ് ഈ പ്ലാനിന്റെ ഫീച്ചറുകള്‍. സിം ആക്ടിവേറ്റ് ചെയ്യുന്ന ദിവസം മുതലാണ് 30 ദിവസത്തെ വാലിഡിറ്റി കണക്കാക്കുന്നത്. ഈ ഓഫര്‍ പരിമിത കാലത്തേക്ക് മാത്രമുള്ളതാണ്. ഏപ്രില്‍ 30ഓടെ ഈ പ്ലാന്‍ അവസാനിക്കും.
◾ ധനുഷ് നായകനായി റിലീസിനൊരുങ്ങുന്നു ചിത്രമാണ് 'കര'. 'പോര്‍ തൊഴില്‍' എന്ന ചിത്രത്തിന് ശേഷം വിഘ്‌നേശ് രാജ സംവിധാനം ചിത്രമാണിത്. മമിത ബൈജുവാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ കണ്ണമ്മ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ജി.വി പ്രകാശ് കുമാര്‍ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നതും പാടിയിരിക്കുന്നതും ധനുഷ് തന്നെയാണ്. ഏപ്രില്‍ 30ന് ചിത്രം തിയറ്ററുകളില്‍ എത്തും. ഞെട്ടിക്കുന്ന പ്രകടനവുമായി സുരാജ് വെഞ്ഞാറമൂടും ജയറാമും കരയില്‍ നിര്‍ണായക വേഷത്തിലെത്തുന്നു.
◾ നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'ദ് പാരഡൈസ്'ലെ ആദ്യ ഗാനമായ 'ആയാ ഷേര്‍' യൂട്യൂബില്‍ 101 മില്യണ്‍ കാഴ്ചക്കാരെയും നേടി ആഗോള തലത്തില്‍ ട്രെന്‍ഡിങ് തുടരുന്നു. 101 മില്യണ്‍ കാഴ്ചക്കാരെ പിന്നിട്ടതിനൊപ്പം തന്നെ ഈ ഗാനം 1.3 മില്യണ്‍ ലൈക്കും യൂട്യൂബില്‍ നിന്ന് നേടിയിട്ടുണ്ട്. 2026 ഓഗസ്റ്റ് 21 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. കാസര്‍ല ശ്യാം വരികള്‍ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് അദ്ദുല ജംഗിറെഡ്ഡി, അക്‌നൂരി ദേവയ്യ, അനിരുദ്ധ് രവിചന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ്. അനിരുദ്ധ് തന്നെയാണ് ഈ ഗാനത്തിന് സംഗീതം നല്‍കിയതും. നൃത്തസംവിധായകന്‍ സുധന്‍ മാസ്റ്റര്‍ ആണ് ഈ ഗാനത്തിന് നൃത്തം ഒരുക്കിയത്.
◾ ഏപ്രില്‍ 20 ന് ഔദ്യോഗിക വില പ്രഖ്യാപനത്തോടെ മജസ്റ്റര്‍ എസ്യുവി പുറത്തിറക്കുമെന്ന് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ സ്ഥിരീകരിച്ചു. ബോഡി-ഓണ്‍-ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കി എത്തുന്ന ഈ പ്രീമിയം മൂന്ന്-വരി എസ്യുവിനായുള്ള ബുക്കിംഗുകള്‍ ആരംഭിച്ചു. 41,000 രൂപ ടോക്കണ്‍ തുകയ്ക്ക്, ഡെലിവറികള്‍ മെയ് മാസത്തില്‍ ആരംഭിക്കും. 40 ലക്ഷം മുതല്‍ 45 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു. മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ആദ്യത്തെ 3,000 വാങ്ങുന്നവര്‍ക്ക് 5 വര്‍ഷത്തെ/അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റി, അഞ്ച് വര്‍ഷത്തെ ലേബര്‍-ഫ്രീ സര്‍വീസ് കരാര്‍, അഞ്ച് വര്‍ഷത്തെ റോഡ്‌സൈഡ് അസിസ്റ്റന്‍സ് എന്നിവ ലഭിക്കും. 215 ബിഎച്ച്പിയും 478 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ശക്തമായ 2.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണ് എംജി മജസ്റ്ററില്‍ ഉള്ളത്. 8-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് പവര്‍ എത്തിക്കും.
◾ കൊയ്‌നര്‍ എന്ന സാങ്കല്പിക കഥാപാത്രത്തെ കേന്ദ്രമാക്കി വിവിധ കാലങ്ങളിലായി ബ്രെഹ്റ്റ് എഴുതിയ മിനിക്കഥകള്‍. ഇതില്‍ ചിരിയുണ്ട്, ചിന്തയുണ്ട്, ആഴത്തില്‍ത്തൊടുന്ന സ്വയംവിമര്‍ശനവും കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യവുമുണ്ട്, മനുഷ്യന്റെ തലയ്ക്കുള്ളില്‍ നടക്കുന്ന എല്ലാമെല്ലാമുണ്ട്. വി.കെ.എന്നിന്റെ പയ്യനെ നെഞ്ചേറ്റിയ മലയാളിക്കുവേണ്ടി സമാഹരിച്ച ബെര്‍തോള്‍ഡ് ബ്രെഹ്റ്റിന്റെ കൊയ്‌നര്‍ കഥകള്‍. ഇരുണ്ടകാലത്തെ അതിജീവിച്ച 'ചിന്തിക്കുന്ന മനുഷ്യ'ന്റെ കഥകള്‍. 'കൊടുങ്കാറ്റുകളെ അതിജീവിക്കുന്നതിനെപ്പറ്റി'. പരിഭാഷ - വിപിന്‍ എന്‍.പി. മാതൃഭൂമി. വില 161 രൂപ.
◾ നമ്മുടെ പൊക്കത്തിനും പ്രായത്തിനും അനുസരിച്ചാണ് ശരീരഭാരം ഉണ്ടാകേണ്ടത്. ശരീരഭാരം കൂട്ടാന്‍ കഴിക്കേണ്ട പ്രധാനഭക്ഷണം ചോറ് തന്നെയാണ്. ചോറില്‍ കാര്‍ബോഹൈഡ്രേറ്റ് നല്ല അളവില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചോറ് കഴിക്കുന്നത് ശരീര ഭാരം കൂട്ടാന്‍ സഹായിക്കും. കൂടാതെ ശരീരത്തിന് ഊര്‍ജം ലഭിക്കാനും ഇതാണ് നല്ലത്. കലോറിയും പോഷകങ്ങളും ഗ്രീന്‍ പീസില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീര ഭാരം കൂടാന്‍ സഹായിക്കും. ഉരുളക്കിഴങ്ങ് പോലെയുള്ള കിഴങ്ങ് വര്‍ഗങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇത് കഴിക്കുന്നത് ശരീര ഭാരം കൂട്ടാന്‍ ഗുണം ചെയ്യും. നേന്ത്രപ്പഴം പതിവായി കഴിക്കുന്നതും ശരീര ഭാരം കൂട്ടാന്‍ സഹായിക്കും. അതിനൊപ്പം രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാനും ഇത് കഴിക്കുന്നത് നല്ലതാണ്. മുട്ട, ബ്രോക്കോളി പോലെയുള്ള പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ശരീര ഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് നല്ലതാണ്. കലോറിയും പ്രോട്ടീനും കൊഴുപ്പും അടങ്ങിയ മട്ടന്‍, ബീഫ് തുടങ്ങിയവയും ശരീര ഭാരം കൂട്ടുന്നതിന് നല്ലതാണ്. എന്നാല്‍ ഇവ അമിതമായി കഴിക്കുന്നത് നല്ലതല്ല. ഇത് കൊളസ്‌ട്രോള്‍ കൂടുന്നതിന് കാരണമാകും. പാലും പാലുത്പ്പന്നങ്ങളും അതേപോലെ നല്ലതാണ്. വിറ്റാമിനുകളും ധാതുക്കളും പ്രോട്ടീനും ഇവയിലുണ്ട്. രാത്രി ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് ശീലമാക്കുന്നതും ശരീര ഭാരം കൂടാന്‍ നല്ലതാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ ചിലന്തി മണിക്കൂറുകള്‍ എടുത്തിട്ടാണ് വല നെയ്യുന്നത്. അപ്പോഴാണ് ശക്തിയായ കാററ് വന്നത്. കാറ്റില്‍ അതിന്റെ വല നശിച്ചു. കാറ്റൊഴിഞ്ഞുപോയപ്പോള്‍ ചിലന്തി വീണ്ടും കൂടുതല്‍ ബലമേറിയ വല നെയ്യാന്‍ തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ വലിയ മഴ പെയ്തു. അതില്‍ ചിലന്തിയും വലയും ഒഴുക്കില്‍ പെട്ടു. ചിലന്തി വീണ്ടും കാത്തിരുന്നു. മഴ കഴിഞ്ഞപ്പോള്‍ ചിലന്തി വീണ്ടും തന്റെ വല നെയ്യാന്‍ തുടങ്ങി. ചിലന്തിയ്ക്ക് വല അത്യന്താപേക്ഷിതമാണ്. അതിന്റെ സഹായത്തോടെയാണ് അത് ഇരപിടിക്കുന്നതും, ഇണചേരുന്നതും, വിശ്രമിക്കുന്നതും.. വല നെയ്യുന്നത് അവസാനിപ്പിച്ചാല്‍ അതിന്റെ ജീവിതവും അവസാനിക്കും.. ഒന്നും ചെയ്യാനില്ലെങ്കില്‍ പിന്നെ എന്തിനാണ് ജീവിക്കുന്നത്? മനസ്സും ശരീരവും അനുവദിക്കുന്ന സമയത്ത് പ്രവര്‍ത്തനനിരതമാവുക. ജീവിച്ചിരിക്കുമ്പോള്‍ സംഭവിക്കുന്ന ഏറ്റവും വലിയ ദുരന്തമെന്തെന്നാല്‍ ചെറുപ്പത്തില്‍ തന്നെ മൃതപ്രായരാകുക എന്നതാണ്. അധ്വാനത്തില്‍ ആനന്ദം കണ്ടെത്തുന്നവരും അലസതയില്‍ ആനന്ദം കണ്ടെത്തുന്നവരും ഉണ്ട്. ആദ്യത്തെ കൂട്ടരുടെ ജീവിതം എപ്പോഴും അര്‍ത്ഥപൂര്‍ണ്ണമായിരിക്കും. അവര്‍ സ്വന്തം മികവിനെയാണ് വിലമതിക്കുന്നത്. സാഹചര്യങ്ങള്‍ക്ക് അവരെ തളര്‍ത്താന്‍ സാധിക്കില്ല. എന്നാല്‍ രണ്ടാം വിഭാഗത്തിലുളളവര്‍ സ്വന്തം സാധ്യതകള്‍ തിരിച്ചറിയാതെ അങ്ങിനെ അവസാനിക്കും.. ശ്വാസം അവസാനിക്കുമ്പോഴല്ല ഒരാള്‍ വിടവാങ്ങുന്നത്. പ്രവര്‍ത്തിചെയ്യുന്നതില്‍ നിന്നും സ്വയം പിന്‍വാങ്ങുമ്പോഴാണ്.. ഓരോ വ്യക്തിയും സ്വന്തം കാലില്‍ നില്‍ക്കുകയും മറ്റുളളവരെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കുകയും ചെയ്യുമ്പോഴാണ് ആ ജീവിതം അത്ഭുതമായി മാറുന്നത്.. അധ്വാനമാകട്ടെ ആനന്ദം - ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍