പ്രഭാത വാർത്തകൾ

2026  ഏപ്രില്‍ 18, ശനി
1201  മേടം 5, അശ്വതി
1447  ശവ്വാൽ 30

◾  പൊള്ളാച്ചി-വാല്‍പ്പാറ റോഡില്‍ മലപ്പുറത്തുനിന്നുള്ള വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ടെമ്പോവാന്‍ കൊക്കയിലേക്കു മറിഞ്ഞ് ഒമ്പതു പേര്‍ മരിച്ചു. വാല്‍പാറയിലേക്കു വിനോദയാത്ര പോയ പാങ്ങ് പള്ളിപ്പറമ്പ് ജിഎല്‍പി സ്‌കൂളിലെ ഏഴ് അധ്യാപികമാരും ഒരു അധ്യാപകനും ഒരു കുട്ടിയുമാണു മരിച്ചത്. പതിമ്മൂന്നാം ഹെയര്‍പിന്‍ വളവില്‍ വാന്‍ സംരക്ഷണ ഭിത്തിയിലിടിച്ച് മുന്നൂറടി താഴ്ചയുള്ള കൊക്കയിലേക്കു മറിയുകയായിരുന്നു. പുലാമന്തോള്‍ സ്വദേശിയും പ്രധാനാധ്യാപികയുമായ  അജിത (54), റംല (52), സുഹറ (43), ആശ (41), മജീദ് (43), സാജിദ (45), ഷക്കാന (37), റുഖിയ (39), ഹിഷാം (12) എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ അടക്കമുള്ളവര്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്.

◾  മണ്ഡല പുനര്‍നിര്‍ണയ വ്യവസ്ഥയില്‍ തട്ടി വനിതാ സംവരണ ഭേദഗതി  ബില്‍ ലോക്സഭയില്‍ പരാജയപ്പെട്ടു. ഭരണപക്ഷത്തിന് 290 വോട്ടുകള്‍  ലഭിച്ചപ്പോള്‍ പ്രതിപക്ഷം 230 വോട്ട് നേടി. മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടാനാകാത്തത് മോദി സര്‍ക്കാരിനു രാഷ്ട്രീയ തിരിച്ചടിയായി. കഴിഞ്ഞ 12 വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ഒരു ബില്‍ ലോക്സഭയില്‍ പരാജയപ്പെടുന്നത് ഇതാദ്യമായാണ്.

◾  ലെബനന്‍-ഇസ്രായേല്‍ വെടിനിര്‍ത്തലിന്റെ ഇനിയുള്ള ഒമ്പതു ദിവസം ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. എല്ലാ വാണിജ്യ കപ്പലുകള്‍ക്കും ഹോര്‍മുസ് പാത തുറന്ന് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് തുറന്നിരിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സോഷ്യല്‍ മീഡിയയില്‍ സ്ഥിരീകരിച്ചു.


◾  വാല്‍പാറ വിനോദയാത്രാ സംഘത്തിലെ മരിച്ച ഒന്‍പതു പേരുടെ മൃതദേഹം കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തശേഷം മലപ്പുറത്തേക്കു കൊണ്ടുവരും. മന്ത്രി കെ കൃഷ്ണന്‍കുട്ടി പൊള്ളാച്ചിയിലും മന്ത്രി വി ശിവന്‍കുട്ടി കോയമ്പത്തൂരിലും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. മലപ്പുറത്ത് നിന്നുള്ള വിദഗ്ധ സംഘവും പാലക്കാടു നിന്ന് ഡോക്ടര്‍മാരും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

◾  ഒമ്പതു പേര്‍ മരിച്ച ദുരന്തത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതീവ നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയാണെന്ന് അറിയിച്ചു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.  

◾  ഉത്തര്‍പ്രദേശിലെ നോയിഡയില്‍ സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബിയുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പു സമരം. കളക്ടറുടെ ഔദ്യോഗിക വസതിക്ക് മുന്നിലാണ് എംപിമാരായ ജോണ്‍ ബ്രിട്ടാസ്, എ.എ റഹിം, വി ശിവദാസന്‍ തുടങ്ങിയവര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചത്. തങ്ങള്‍ക്കൊപ്പം കളക്ടറെ കാണാനെത്തിയ സിഐടിയു സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തതിനാണ് നേതാക്കള്‍ പ്രതിഷേധിച്ചത്.

◾  പാലക്കാട് മണ്ണാര്‍ക്കാട് കോടതിപ്പടിയില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയുടെ ഗ്ലാസ് കടുത്ത ചൂടുമൂലം പൊട്ടി.  ചില്ലുകള്‍ താനേ പൊട്ടിവീഴുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ ജഷീറിന്റെ കാലിന് ചില്ലുകൊണ്ട് നിസാരമായി പരിക്കേറ്റു.

◾  ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ പ്രതികളായ പൊലീസുകാരെ വിട്ടയച്ചതിനെതിരെ സുപ്രീംകോടതിയില്‍ സിബിഐ അപ്പീല്‍ സമര്‍പ്പിച്ചു. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കേ ഉദയകുമാറിനെ കൊല്ലപ്പെടുത്തിയെന്നാണ് സിബിഐ വാദം. പ്രതികളായ പൊലീസുകാര്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഒന്നാം പ്രതി കെ ജിതകുമാറിനു സിബിഐ കോടതി വിധിച്ച വധശിക്ഷ അടക്കം ഹൈക്കോടതി റദ്ദാക്കിയിരുന്നു. മുന്‍ എസ്പിമാരായ ഇ.കെ സാബു, ടി.കെ. ഹരിദാസ്, എസ്ഐയായിരുന്ന ടി അജിത്കുമാര്‍ തുടങ്ങിയവരാണു പ്രതികള്‍.

◾  കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയേയും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനേയും കണ്ടു മൊഴിയെടുക്കാതെ മടങ്ങില്ലെന്നു മധ്യപ്രദേശ് പോലീസ്. ഇരുവരും ഒളിവിലാണ്.

◾  തളിപ്പറമ്പ് തിമിരിയില്‍ ആര്‍ എസ് എസ് -ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍. സിപിഎം നേതാക്കളായ പ്രതികള്‍ക്കുള്ള ശിക്ഷ തളിപ്പറമ്പ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഇന്നു വിധിക്കും. തളിപ്പറമ്പ് താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എം.കെ പ്രദീപ് കുമാര്‍, ആലക്കോട് ഗ്രാമപഞ്ചായത്തംഗം പി.വി ബാബുരാജ്, തുടങ്ങിയവരെയാണ് കോടതി കുറ്റക്കാരായി വിധിച്ചത്. രണ്ടു പേരെ വെറുതെ വിട്ടു. 2011 നവംബര്‍ 27 നായിരുന്നു കേസിനാസ്പദമായ സംഭവം.

◾  മലപ്പുറം തിരൂര്‍ ആലത്തിയൂര്‍ പൊയിലിശ്ശേരിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ആഡംബര കാറുകള്‍ ഉള്‍പെടെ പത്തു വാഹനങ്ങള്‍ തീപിടിച്ച് നശിച്ചു. തൃപ്രങ്ങോട് ഹനുമാന്‍കാവിന് സമീപത്തെ പുതുപറമ്പില്‍ ഫ്രാന്‍സിസിന്റെ വീട്ടുമുറ്റത്തെ  ബി.എം.ഡബ്ല്യു കര്‍വ്, ഇഗ്‌നിസ്, ക്യൂട്ട് എന്നീ കാറുകള്‍, താര്‍ ജീപ്പ്, ഹാര്‍ലി ഡേവിഡ്സണ്‍, രണ്ട് ബുള്ളറ്റുകള്‍, രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ തുടങ്ങിയ വാഹനങ്ങളാണ് കത്തിനശിച്ചത്.

◾  മണ്ഡല പുനര്‍നിര്‍ണ്ണയം സംബന്ധിച്ച ബിജെപി സര്‍ക്കാരിന്റെ നിലപാടുകള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ഭാവി അപകടത്തിലാക്കുമെന്ന് ഡോ. തോമസ് ഐസക്. ഹിന്ദി സംസ്ഥാനങ്ങള്‍ക്ക് അമിത പ്രാതിനിധ്യം നല്‍കുന്ന ഈ നിയമത്തിന് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ബിജെപി എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുമെന്നു പ്രഖ്യാപിച്ചത്. ഇതിനു പിറകിലും അപകടമുണ്ടെന്ന് തോമസ് ഐസക്.

◾  കേരളത്തില്‍ വേനല്‍മഴ വൈകുന്നതിന് കാരണം കര്‍ണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും മുകളിലുള്ള ആന്റി സൈക്ലോണ്‍ എന്ന ഉന്നത മര്‍ദ്ദ മേഖല. ഈ പ്രതിഭാസം മേഘരൂപീകരണം തടയുന്നതിനാല്‍ കനത്ത ചൂട് അനുഭവപ്പെടുകയും മഴ ലഭിക്കാതിരിക്കുകയും ചെയ്യുന്നു. ഏപ്രില്‍ അവസാനത്തോടെ മാത്രമേ വേനല്‍മഴ സജീവമാകൂ എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

◾  സംസ്ഥാനത്ത് കനത്ത ചൂട് വര്‍ധിച്ചിരിക്കേ, എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിനാല്‍ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം. മന്ത്രി പറഞ്ഞു.

◾  കള്ളു ഷാപ്പിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചതിന് അധ്യാപകനെ വാഹനമിടിച്ച് കൊലപെടുത്താന്‍ ശ്രമിച്ചതായി പരാതി.  സുഗുണന്‍ എം.ജി (57) യെയാണ് ഇരിങ്ങാലക്കുട ബോയ്‌സ് സ്‌കൂളിനരികില്‍ വാഹനമിടിച്ച് അപായപെടുത്താന്‍ ശ്രമിച്ചത്. പൊറത്തിശ്ശേരി വിവണ്‍ നഗറില്‍ ജനവാസ മേഖലയില്‍ കള്ള്ഷാപ്പ് സ്ഥാപിക്കാനുള്ള ശ്രമത്തിനെതിരെ സുഗുണനും പരിസരവാസികളും പ്രക്ഷോഭ രംഗത്താണ്.

◾  തിരുവനന്തപുരം പാറശ്ശാലയില്‍ കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് പാറശ്ശാല പൊലീസ് കേസെടുത്തത്.

◾  സംസ്ഥാനത്തെ രണ്ടാമത്തെ ഡിജിറ്റല്‍ ലഗേജ് ലോക്കര്‍ സൗകര്യം തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആരംഭിച്ചു. പുതിയ സംവിധാനം ഉപയോക്തൃ സൗഹൃദപരവും അത്യന്തം സുരക്ഷിതവുമാണ്. കൂടാതെ യാത്രക്കാരുടെയും തീര്‍ത്ഥാടകരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്തതാണ്.

◾  ആലുവയില്‍ റിട്ടയേഡ് സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊടികുത്ത് മലയിലെ പാം ഗോള്‍ഡ് വില്ലയില്‍ താമസിക്കുന്ന 65 കാരനായ അയ്യപ്പനാണ് മരിച്ചത്. വില്ലയില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.

◾  ബിരിയാണിക്കു മുന്നില്‍ ശ്രീകൃഷ്ണന്റെ രൂപവുമായി വിഷു ആശംസ പോസ്റ്റര്‍ പുറത്തിറക്കിയ ചേര്‍ത്തലയിലെ മെഹര്‍ മന്തിക്കട ഉടമ ഹര്‍ഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ആലപ്പുഴയിലെ അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

◾  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന പരാതിയില്‍ അന്വേഷണം വേണമെന്ന് അലഹബാദ് ഹോക്കോടതിയുടെ ലക്നോ ബഞ്ച്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നേരിട്ടോ കേന്ദ്ര ഏജന്‍സി മുഖേനയോ അന്വേഷണം നടത്തണമെന്നാണു കോടതി ഉത്തരവ്. ബിജെപി പ്രവര്‍ത്തകനായ എസ് വിഘ്നേഷ് ശിശിര്‍ നല്‍കിയ പരാതിയിലാണ് നടപടി.  

◾  വനിത സംവരണത്തിനായി മനസാക്ഷി വോട്ടു ചെയ്യണമെന്നു പാര്‍ലമെന്റംഗങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചെങ്കിലും ഫലിച്ചില്ല. സ്ത്രീശക്തിയുടെ വികാരം വ്രണപ്പെടുത്തരുത്. രാജ്യത്തെ കോടിക്കണക്കിനു സ്ത്രീകള്‍ പാര്‍ലമെന്റിനെ ഉറ്റുനോക്കുകയാണ്. പ്രധാനമന്ത്രി പറഞ്ഞു.

◾  സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്ന ബില്‍ പരാജയപ്പെട്ടതിന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിജയാരവം മുഴക്കി ആഘോഷിക്കുന്നത് അങ്ങേയറ്റം മോശമാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. എല്ലാ സംസ്ഥാനങ്ങള്‍ക്കും 50 ശതമാനം ലോക്സഭ സീറ്റ് വര്‍ധിപ്പിക്കാമെന്ന വാഗ്ദാനം പ്രതിപക്ഷം അംഗീകരിച്ചില്ല. 48 ലക്ഷം വരെ ജനസംഖ്യയുള്ള മണ്ഡലങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലുണ്ട്. 20 ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള 127 മണ്ഡലങ്ങളുണ്ട്. ഒരു എംപിക്കു കൈകാര്യം ചെയ്യാവുന്നതിലും വലുതാണത്. 2027 സെന്‍സസിന്റെ അടിസ്ഥാനത്തില്‍ 2029 ല്‍ വനിതാ സംവരണം നടപ്പാക്കാനാവില്ല. 2011 ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കണം. എതിര്‍ക്കുന്നവര്‍ക്കു തലനര കൂടുകയേയുള്ളുവെന്നും ഭരണം കിട്ടില്ലെന്നും അമിത് ഷാ പരിഹസിച്ചു.

◾  വനിത സംവരണ ബില്ലിനു മറവില്‍ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റാനുള്ള ശ്രമമാണെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇതു രാജ്യവിരുദ്ധ നീക്കമാണ്. 'നമ്പര്‍ സിക്സ്റ്റീന്‍' പ്രധാനമന്ത്രിയെ അലോസരപ്പെടുത്തുന്നു എന്നും രാഹുല്‍ പറഞ്ഞതോടെ ആ പ്രയോഗം എന്താണെന്നു ചര്‍ച്ചയായി.

◾  പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ 'സിക്സ്റ്റീന്‍' പ്രയോഗത്തിന് അര്‍ത്ഥമെന്താണ്? 'സിക്സ്റ്റീന്‍' നമ്പര്‍ പ്രധാനമന്ത്രിയെ അലോസരപ്പെടുത്തുന്നു എന്നാണ് രാഹുല്‍ പറഞ്ഞത്. 'സിക്സ്റ്റീന്‍' എന്നതിലൂടെ രാഹുല്‍ ഗാന്ധി 'എപ്സ്റ്റീന്‍' ആണ് ഉദ്ദേശിച്ചതെന്നാണ് എഐസിസി എക്സ് അക്കൗണ്ടിലൂടെ സൂചിപ്പിച്ചു.

◾  സംഘര്‍ഷം തുടങ്ങിയതിനുശേഷം ഇറാനില്‍ നിന്ന് 2,361 പേരെ സുരക്ഷിതമായി ഇന്ത്യയില്‍ തിരിച്ചെത്തിച്ചെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇങ്ങനെ മടങ്ങിയെത്തിയവരില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടും.

◾  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ലോക്സഭയില്‍ പ്രിയങ്ക ഗാന്ധി ചിരിപ്പിച്ചത് 20 വര്‍ഷമായി തനിക്കു കഴിയാത്ത അനുഭവമാണെന്നു രാഹുല്‍ ഗാന്ധി. 'ആഭ്യന്തര മന്ത്രി ചിരിക്കുകയാണ്. അദ്ദേഹം എല്ലാ പദ്ധതികളും തയ്യാറാക്കി. ചാണക്യന്‍  ജീവിച്ചിരിപ്പുണ്ടെങ്കില്‍ താങ്കളുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ കണ്ട് അമ്പരന്നു പോകും' എന്നായിരുന്നു പ്രിയങ്കയുടെ വാക്കുകള്‍. അതു കേട്ട് അമിത് ഷാ പൊട്ടിച്ചിരിച്ചു. പ്രിയങ്കയുടെ ഒരു മൂത്ത സഹോദരന്‍ എന്ന നിലയില്‍ തനിക്ക് അഭിമാനം തോന്നിയെന്നും രാഹുല്‍ പറഞ്ഞു.

◾  പ്രധാനമന്ത്രിയെ പരിഹസിക്കുന്നതു ജനങ്ങളെ അപമാനിക്കുന്നതിനു തുല്യമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഓപറേഷന്‍ സിന്ദൂറിനെ ജാലവിദ്യയെന്നു പരിഹസിച്ച രാഹുല്‍ രാജ്യത്തെയാണു പരിഹസിക്കുന്നതെന്നും വ്യാഖ്യാനിച്ചു.

◾  ഡേറ്റിംഗ് ആപ്പുകളിലൂടെയും മറ്റും അഞ്ഞൂറിലേറെ സ്ത്രീകളെ വഞ്ചിച്ച് കോടികള്‍ തട്ടിയെടുത്ത ആനന്ദ് കുമാര്‍ എന്ന 35-കാരനെ ഡല്‍ഹി പൊലീസ് പിടികൂടി. പശ്ചിമ ബംഗാള്‍ സ്വദേശിയായ ഇയാളെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

◾  നാസിക് ടിസിഎസിലെ മതപരിവര്‍ത്തന ലൈംഗികചൂഷണവുമായി ബന്ധപ്പെട്ട കേസുകളില്‍ ദേശീയ വനിതാ കമ്മീഷന്‍ നിയോഗിച്ച സമിതി തെളിവെടുപ്പ് നടത്തി. ഇതുവരെ 10 പേര്‍ പൊലീസ് പിടിയിലായിട്ടുണ്ട്.

◾  ഇറാന്റെ സമ്പുഷ്ടീകരിച്ച ആണവസമ്പത്ത് അമേരിക്ക പിടിച്ചെടുക്കുമെന്നു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പണമിടപാടൊന്നും ഇല്ലാതെത്തന്നെ യുറേനിയവും ന്യൂക്ലിയര്‍ ഡസ്റ്റും പിടിച്ചെടുക്കുമെന്ന് ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു.

◾  ഇറാനെ വളഞ്ഞിരിക്കുന്ന അമേരിക്കന്‍ യുദ്ധക്കപ്പലില്‍ ഭക്ഷ്യക്ഷാമം. ഒരു കഷണം മാംസവും അല്‍പം കാരറ്റ് പുഴുങ്ങിയതും മാത്രമാണ് ഭക്ഷണം. യുഎസ്എസ് ട്രിപ്പൊളി എന്ന യുദ്ധക്കപ്പലിലുള്ള മകള്‍ അയച്ച ഫോട്ടോ കുടുംബം പുറത്തുവിട്ടതോടെ വൈറലായി.

◾  ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ശുഭ്മാന്‍ ഗില്‍ നയിച്ച ഗുജറാത്ത് ടൈറ്റന്‍സ് അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി. കൊല്‍ക്കത്ത മുന്നോട്ടുവച്ച 181 റണ്‍സിന്റെ വിജയലക്ഷ്യം രണ്ടു പന്ത് ബാക്കിനില്‍ക്കെയാണ് ഗുജറാത്ത് മറികടന്നത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കൊല്‍ക്കത്ത തുടക്കത്തില്‍ തകര്‍ച്ച നേരിട്ടെങ്കിലും 78 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനിന്റെ മികവിലൂടെ 20 ഓവറില്‍ 180 റണ്‍സെടുത്തു. അതേസമയം 50 പന്തില്‍ 86 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റെ മികവിലാണ് ഗുജറാത്ത് വിജയം സ്വന്തമാക്കിയത്.

◾  ഐപിഎല്‍ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വിറ്റ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ കാന്റീന്‍ ജീവനക്കാരന്‍ ചന്ദ്രശേഖറിനെ അറസ്റ്റു ചെയ്തു. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ലഖ്നൗ സൂപ്പര്‍ ജയന്റ്സും തമ്മിലുള്ള മത്സരത്തിന്റെ നൂറോളം ടിക്കറ്റുകളാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. 15,000 രൂപ മുതല്‍ 19,000 രൂപ വരെ ഈടാക്കിയാണ് ഇയാള്‍ ടിക്കറ്റുകള്‍ വിറ്റിരുന്നത്.

◾  സ്വര്‍ണം ഇറക്കുമതി സംബന്ധിച്ച് നിലനിന്ന ആശയക്കുഴപ്പം അക്ഷയതൃതീയയ്ക്ക് രണ്ടുനാള്‍ മാത്രം ശേഷിക്കേ നീക്കി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയിലേക്ക് സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ അനുമതിയുള്ള 17 ബാങ്കുകളുടെ പട്ടിക കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ടു. ഫെഡറല്‍ ബാങ്ക്, എസ്ബിഐ, ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി, ഡോയിച് ബാങ്ക്, ഐസിഐസിഐ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര, കരൂര്‍ വൈശ്യ ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈന, യെസ് ബാങ്ക് തുടങ്ങി 15 ബാങ്കുകള്‍ക്കാണ് സ്വര്‍ണം, വെള്ളി എന്നിവ ഇറക്കുമതി ചെയ്യാന്‍ അനുമതി. യൂണിയന്‍ ബാങ്ക്, എസ്ബെര്‍ ബാങ്ക് എന്നീ 2 ബാങ്കുകള്‍ക്ക് സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ മാത്രമാണ് അനുമതിയുള്ളത്. പുതിയ വിജ്ഞാപനം അനുസരിച്ച് 2029 മാര്‍ച്ച് 31 വരെയാണ് ഇറക്കുമതിക്ക് അനുമതിയുളളത്.

◾  ആപ്പിളിന്റെ ഇന്ത്യന്‍ വിതരണക്കാര്‍ ചൈനയിലേക്ക് കയറ്റി അയച്ചത് ഐഫോണ്‍ അടക്കമുള്ളവയുടെ 2.5 ബില്യണ്‍ (250 കോടി) ഡോളര്‍ മൂല്യമുള്ള ഘടകങ്ങള്‍. 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍നിന്ന് ചൈനയിലേക്കുള്ള ഇലക്ട്രോണിക്‌സ് കയറ്റുമതി 3.5 ബില്യണ്‍ (350 കോടി) ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ. ജനുവരിയില്‍ കയറ്റുമതി 2.8 ബില്യണ്‍ ഡോളറില്‍ എത്തിക്കഴിഞ്ഞു. 2025ലെ ഏകദേശം 920 മില്യണ്‍ (92 കോടി) ഡോളറില്‍ നിന്ന് കുത്തനെയുണ്ടായ വര്‍ധനയാണിത്. ഫോക്‌സ്‌കോണ്‍, ടാറ്റ ഇലക്ട്രോണിക്‌സ്, ടാറ്റയുടെ ഉടമസ്ഥതയിലുള്ള പെഗാട്രോണ്‍ ടെക്‌നോളജി ഇന്ത്യ, മോത്തര്‍സണ്‍, സല്‍ക്കോമ്പ്, ട്രില്‍ ബാംഗ്ലൂര്‍, യൂസാന്‍ ടെക്‌നോളജി തുടങ്ങി നിരവധി ആപ്പിള്‍ വിതരണക്കാരാണ് ചൈനയിലേക്ക് കയറ്റുമതി ചെയ്തത്. മറ്റ് മേഖലകളില്‍ നിന്നുള്ള ഡാറ്റ ലഭ്യമാകുമ്പോള്‍ ചൈനയിലേക്കുള്ള ഇന്ത്യയുടെ മൊത്തത്തിലുള്ള കയറ്റുമതി 18 ബില്യണ്‍ (1800 കോടി) ഡോളര്‍ കവിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

◾  ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'ഐ ആം ഗെയിം' ചിത്രീകരണം പൂര്‍ത്തിയായി. നഹാസ് ഹിദായത് ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷന്‍ ത്രില്ലര്‍ ഈ വര്‍ഷം ഓണം റിലീസായി ആഗോളതലത്തില്‍ തിയറ്ററുകളിലെത്തും. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം രചിച്ചത് സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്തു എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയത് ആദര്‍ശ് സുകുമാരനും ഷഹബാസ് റഷീദുമാണ്. സ്റ്റൈലിഷ്, മാസ്സ് ലുക്കിലാണ് ദുല്‍ഖര്‍ സല്‍മാനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആന്റണി വര്‍ഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്‌കിന്‍, കായദു ലോഹര്‍, കതിര്‍, പാര്‍ത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥന്‍ തുടങ്ങിയ താരനിര അണിനിരക്കുന്നു.

◾  നിവിന്‍ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'പ്രതിഛായ' ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഏപ്രില്‍ 24 മുതല്‍ ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. മാര്‍ച്ച് 26 നായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. 30 ദിവസങ്ങള്‍ക്ക് ശേഷമാണ് ഒടിടിയില്‍ എത്തുന്നത്. കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ഈ ചിത്രത്തില്‍ മുഖ്യമന്ത്രി വര്‍ഗീസായി എത്തിയ ബാലചന്ദ്രമേനോന്റെ പ്രകടനം ഏറെ ശ്രദ്ധേയമാണ്. സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ഇതുവരെ ആഗോള കളക്ഷനായി 8 കോടിയാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്നും ചിത്രം നേടിയത്. ജോണ്‍ വര്‍ഗീസ് എന്ന കഥാപാത്രമായി നിവിന്‍ പോളി ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് പുറത്തെടുത്തിരിക്കുന്നത്.ഹരിശ്രീ അശോകന്‍, ഷറഫുദ്ധീന്‍ തുടങ്ങിയവരുടെ അസാമാന്യ പ്രകടനവും കരുത്ത് പകരുന്നു.

◾  ബിഎംഡബ്ല്യൂവിന്റെ ഫൈവ് സീരീസ് സെഡാന്‍ സ്വന്തമാക്കി നടന്‍ സാഗര്‍ സൂര്യ. പ്രീ ഓണ്‍ഡ് വാഹനമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. മുമ്പത്തേതില്‍ നിന്നും മാറി ഇപ്പോള്‍ പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് വാഹനം എത്തുന്നത്. ബിഎംഡബ്ല്യു 5 സീരീസിന്റെ തലമുറ മോഡലാണ് വിപണിയിലുള്ളത്. ഫൈവ് സീരീസിന്റെ ലോങ് വീല്‍ബേസ് പതിപ്പ് മാത്രമാണ് വിപണിയില്‍ എത്തുന്നത്. ഇന്ത്യയില്‍ ഒരൊറ്റ വേരിയന്റില്‍ മാത്രം എത്തുന്ന ഈ മോഡലിന് 72.35 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. മുന്‍പ് വിപണിയിലുണ്ടായിരുന്ന 5 സീരീസ് മോഡലുകള്‍ കരുത്തുറ്റ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ലഭ്യമായിരുന്നത്. 190ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്ന 2.0 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍, 261 ബിഎച്ച്പി കരുത്തും 620 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്ന 3.0 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍, 248 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്ന പെട്രോള്‍ എന്‍ജിന്‍. ഇസെഡ്എഫ് 8സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇതില്‍ നല്‍കിയിരുന്നത്.

◾  ഒറ്റക്കേള്‍വിയില്‍ അധികാരത്തെ ഓര്‍മ്മപ്പെടുത്തുകയും ഇരിപ്പ് എന്ന ആശയംകൊണ്ട് മേലാളനെയും നില്‍പ്പ് എന്ന ചിത്രംകൊണ്ട് കീഴാളനെയും ഒരേസമയം അവതരിപ്പിക്കുകയും ചെയ്യുന്ന കസേരയെക്കുറിച്ചുള്ള ചിന്തകള്‍. ആദ്ധ്യക്ഷപദവികൊണ്ട് ചെയര്‍മാനെയും ആത്മീയതയാല്‍ ഭദ്രാസനാധിപനെയും നിയമനിര്‍വ്വഹണംകൊണ്ട് ന്യായാധിപനെയും രതിയുടെ പുത്തന്‍ അനുഭവത്താല്‍ കമിതാക്കളെയും പലവിധ ഇരിപ്പുശിക്ഷകൊണ്ട് കുറ്റവാളിയെയും പിന്നെ, ചിന്തകരെയും ഭരണാധികാരികളെയും അദ്ധ്യാപകരെയുമെല്ലാമെല്ലാം പലപ്പോഴായി സൃഷ്ടിച്ചെടുക്കുന്ന ഒരേ കസേരയെക്കുറിച്ച് ജീവിതത്തിന്റെ വിവിധ മേഖലകളിലൂടെ ഒഴുകിപ്പരന്ന് ആഴത്തില്‍ ചര്‍ച്ച ചെയ്യുന്ന രചനകള്‍. 'കസേര: സംസ്‌കാരത്തിലെ ഇരിപ്പ്'. ഇ.പി. രാജഗോപാലന്‍. മാതൃഭൂമി. വില 119 രൂപ.

◾  വേനലില്‍ ചുട്ടുപൊള്ളുന്ന സമയത്ത് ദാഹം തോന്നുമ്പോള്‍ മാത്രം വെള്ളം കുടിക്കുന്ന ശീലം അപകടമാകാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ദാഹം അനുഭവപ്പെടുമ്പോഴേക്കും ശരീരത്തില്‍ ജലാംശം തീരേ കുറഞ്ഞിരിക്കും. ക്ഷീണം, ചിന്തിക്കാനുള്ള പ്രയാസം, ശ്രദ്ധക്കുറവ് തുടങ്ങിയവയാണ് നിര്‍ജ്ജലീകരണ ലക്ഷണങ്ങള്‍. ശരീരത്തിലെ ലവണങ്ങളായ സോഡിയം, പൊട്ടാസ്യം എന്നിവ വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നത് ഹൃദയത്തിന്റെയും പേശികളുടെയും പ്രവര്‍ത്തനത്തെ ബാധിക്കും. നേരിയ തോതിലുള്ള ജലനഷ്ടം പോലും ഹൃദയാഘാത സാധ്യത 12 ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. എല്ലാവരെയും ചൂടു ബാധിക്കുമെങ്കിലും ചിലരില്‍ ഇത് കൂടുതല്‍ ?ഗുരുതരമാകാം. പ്രമേഹം, രക്തസമ്മര്‍ദം, അമിതവണ്ണം എന്നിവയുള്ളവരില്‍ ചൂട് താങ്ങാന്‍ പ്രയാസമായിരിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് മാറാനും ബോധക്ഷയം ഉണ്ടാകാനും ഇത് കാരണമാകും. എയര്‍ കണ്ടീഷന്‍ ചെയ്ത മുറികളില്‍ ഇരിക്കുന്നവര്‍ക്ക് ചര്‍മത്തിലൂടെയും ശ്വസനത്തിലൂടെയും ജലാംശം നഷ്ടപ്പെടുന്നത് അറിയില്ല. കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കുടിക്കുന്നത് മൂത്രവിസര്‍ജ്ജനം വര്‍ധിപ്പിക്കുകയും നിര്‍ജ്ജലീകരണത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നു. ഇവര്‍ പലപ്പോഴും ദാഹം തിരിച്ചറിയാനോ പ്രകടിപ്പിക്കാനോ വൈകുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. എപ്പോഴും വെറും വെള്ളം മാത്രം കുടിക്കുന്നതിന് പകരം മോര്, സംഭാരം, കരിക്കിന്‍ വെള്ളം, തണ്ണിമത്തന്‍ പോലുള്ളവ കൂടി ഉള്‍പ്പെടുത്താം. ഇത് ശരീരത്തിന് ആവശ്യമായ ലവണങ്ങള്‍ നല്‍കും.

*ശുഭദിനം*
*കവിത കണ്ണന്‍*
ഹൈവേയുടെ അരികില്‍ അയാളൊരു കാപ്പിക്കട തുടങ്ങി.  ഇരുപത്തിനാല് മണിക്കൂറും തുറക്കുന്നൊരു കാപ്പിക്കട.  പക്ഷേ, ആരും കാപ്പി കുടിക്കാനെത്തിയില്ല.  സുഹൃത്തുക്കള്‍ അയാളോട് പറഞ്ഞു:  ഇത് വിജയിക്കില്ല.  കാപ്പി മാത്രം കുടിക്കാന്‍ ആരും വരില്ല.  പക്ഷേ, അയാള്‍ ഇത് ശ്രദ്ധിച്ചതേയില്ല.. ദിവസങ്ങള്‍ കടന്നുപോയി. ഒരിക്കല്‍ അര്‍ദ്ധരാത്രി ചില യാത്രക്കാര്‍ വാഹനം നിര്‍ത്തി കാപ്പി കുടിച്ചു.  പിന്നീടുള്ള ദിവസങ്ങളിലും കുറച്ച് പേര്‍ എത്തി.  പതിയെ പതിയെ, അസമയത്തുള്ള യാത്രക്കാരുടെ ആശ്രയകേന്ദ്രമായി അവിടം.   കാപ്പി മെച്ചമായതുകൊണ്ടോ, എന്തെങ്കിലും കഴിക്കാന്‍ ലഭിക്കുമെന്നതുകൊണ്ടോ ആയിരുന്നില്ല അത്. അയാള്‍ അവിടെയുണ്ടാകുമെന്ന് ആളുകള്‍ക്ക് ഉറപ്പുണ്ടായിരുന്നു.  സ്ഥിരതയാണ് സമൃദ്ധിയേക്കാള്‍ പ്രധാനം.   എല്ലാ തയ്യാറെടുപ്പുകളോടെയും എല്ലാം തുടങ്ങാന്‍ കഴിഞ്ഞെന്ന് വരില്ല.  തുടങ്ങുമ്പോള്‍ തന്നെ എല്ലാം വിജയിക്കണമെന്നുമില്ല. എന്തൊക്കെ പോരായ്മകള്‍ സംഭവിച്ചാലും തുടരാനുളള തീരുമാനമാണ് മുഖ്യം.  കഴിവുളളവരല്ല വിജയിക്കുന്നത്, നിരന്തരം അധ്വാനിക്കുന്നവരാണ് വിജയം നേടുന്നത്.  ആദ്യ ദിനം തന്നെ പ്രശസ്തി നേടുന്നവരുണ്ട്.  പക്ഷേ, ആ പ്രശസ്തി പിടിച്ചുനിര്‍ത്തുന്നതാണ് പ്രയത്നത്തിന്റെ മറുവശം.  നിരാശപ്പെടാതെ ചെയ്യേണ്ട കാര്യങ്ങള്‍ തുടരുക തന്നെ വേണം.  സ്ഥിരത നമുക്ക് വിജയം കൊണ്ടുവരും - ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍