പ്രഭാത വാർത്തകൾ*
2026 ഏപ്രില്‍ 20, തിങ്കള്‍
1201 മേടം 7, രോഹിണി
1447 ദുൽഖഅദ് 2
◾ പശ്ചിമേഷ്യ വീണ്ടും യുദ്ധ ഭീതിയില്‍. ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിച്ച ഇറാന്റെ ചരക്കുകപ്പല്‍ എന്‍ജിന്‍ റൂം തകര്‍ത്ത് അമേരിക്കന്‍ സൈന്യം പിടിച്ചെടുത്തു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ച ഇറാന്‍, യുദ്ധത്തിന് സജ്ജമാണെന്നും സമാധാന ചര്‍ച്ചകളില്‍ നിന്ന് പിന്മാറുന്നതായും പ്രഖ്യാപിച്ചു. അതേസമയം ഹോര്‍മുസ് കടലിടുക്കില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇറാന്‍ നിയമനിര്‍മ്മാണത്തിന് ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനായി ഇറാന്‍ പാര്‍ലമെന്റ് പ്രത്യേക ബില്‍ തയ്യാറാക്കിയതായാണ് സൂചന.
◾ വനിതാ സംവരണ ബില്‍ ലോക്സഭയില്‍ പരാജയപ്പെട്ടതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് നടത്തിയ അഭിസംബോധനക്കെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. നടപടി പെരുമാറ്റ ചട്ട ലംഘനമെന്ന് കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മോദിയുടേത് നേരത്തെ തയ്യാറാക്കിയ പ്രസംഗമായിരുന്നുവെന്നും, നാടകത്തിന്റെ അവസാനമാണ് പ്രസംഗമെന്നും ആരോപിച്ച് പ്രധാനമന്ത്രിക്കെതിരെ സിപിഐ യുടെ പി സന്തോഷ് കുമാര്‍ എംപിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയത്. കോണ്‍ഗ്രസില്‍ നിന്ന് അനില്‍ അക്കരയും പരാതി നല്‍കി. പ്രധാനമന്ത്രിയുടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സിപിഎം പരാതി നല്‍കിയെന്ന് ദേശീയ ജനറല്‍ സെക്രട്ടറി എംഎ ബേബിയും വ്യക്തമാക്കി. പ്രധാനമന്ത്രി ദൂരദര്‍ശന്‍ ഉള്‍പ്പടെയുള്ള ഔദ്യോഗിക മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തിയത് രാഷ്ട്രീയ പ്രചരണമാണെന്ന് എംഎ ബേബി പറഞ്ഞു. അതേസമയം പ്രതിപക്ഷത്തിന് എതിരെ വനിതകളെ അണിനിരത്തി രാജ്യവ്യാപക പ്രതിഷേധത്തിനാണ് ബിജെപി ആഹ്വാനം.
◾ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലാണെന്ന് വെള്ളാപ്പള്ളി നടേശന്‍. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയാകാന്‍ കെ സി വേണുഗോപാല്‍ അയോഗ്യനാണ് എന്ന് താന്‍ പറയില്ലെന്നും എന്നാല്‍ ആരാണ് യോഗ്യന്‍ എന്നും പറയില്ലെന്നും വെള്ളാപ്പള്ളി. വി ഡി സതീശന്‍ കൂടുതല്‍ പ്രവര്‍ത്തിച്ചത് ടെലിവിഷനിലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
◾ തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുന്നേയുള്ള കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ എം.എന്‍. കാരശേരി. കോണ്‍ഗ്രസ് നേതാക്കള്‍ കുറച്ചുകൂടി മര്യാദ കാണിക്കണമെന്നും ജനാധിപത്യത്തോടും ബഹുജനങ്ങളോടും കുറച്ചുകൂടി വിനയം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
◾ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോരില്‍ പ്രതികരിച്ച് കെ മുരളീധരന്‍. ടേം വ്യവസ്ഥയൊന്നും ഇല്ലെന്നും തെരഞ്ഞെടുക്കുന്നയാള്‍ അഞ്ച് വര്‍ഷം മുഖ്യമന്ത്രിയാകുമെന്നും കെ മുരളീധരന്‍ പറഞ്ഞു. സുധാകരന്റെ പരസ്യ പ്രതികരണം മുരളീധരന്‍ തള്ളുകയും ചെയ്തു.
◾ സിപിഎം വിട്ട എല്ലാ നേതാക്കളുമായും ചര്‍ച്ച നടത്തുമെന്ന് പിവി അന്‍വര്‍. പിണറായിയുടെ നേതൃത്വത്തില്‍ ഇവര്‍ക്കെതിരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇവരുടെ കൂട്ടായ്മ ഉണ്ടാക്കാന്‍ ശ്രമിക്കും. അതിന്റെ രൂപം യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾ സംസ്ഥാനത്ത് ഏപ്രില്‍ 22 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കൊടും ചൂടിനിടെ ഇന്നലെ ഇടുക്കി, എറണാകുളം ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ വേനല്‍ മഴ പെയ്തു. ശക്തമായ കാറ്റിമൊപ്പമെത്തിയ മഴയില്‍ ആലുവയിലടക്കം ജില്ലയില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി.
◾ വയനാട് ടൗണ്‍ഷിപ്പിലെ വിള്ളല്‍ വിവാദം തിരിച്ചടിയാകുമോ എന്ന ആശങ്കയില്‍ സര്‍ക്കാര്‍. വിള്ളല്‍ ഇല്ല എന്ന മന്ത്രിയുടെ വാദം വീട്ടുടമ നൗഫല്‍ തള്ളിപ്പറഞ്ഞതോടെ പ്രതിപക്ഷവും സംഭവത്തെ രാഷ്ട്രീയ ആയുധമാക്കുകയാണ്. നൗഫലിന്റെ വീടിന്റെ ടെറസില്‍ തുടര്‍ പരിശോധനയ്ക്കായി വിള്ളലിന് ചുറ്റും വെള്ളം കെട്ടി നിര്‍ത്താന്‍ ഉണ്ടാക്കിയ സംവിധാനം പൊളിച്ചു മാറ്റി. ആദ്യഘട്ട വീടുകളില്‍ രണ്ടാംഘട്ട കോണ്‍ക്രീറ്റ് നടത്താനുള്ള നടപടികള്‍ ആരംഭിച്ചു.
◾ ടൗണ്‍ഷിപ്പ് വീടുകളില്‍ വിള്ളല്‍ വന്നെന്ന ആരോപണത്തില്‍ പ്രതികരിച്ച് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീക്ക്. കോണ്‍ഗ്രസിന്റെ ഭവനപദ്ധതി എവിടെയെത്തിയെന്ന് പറഞ്ഞിട്ട് മതി വിള്ളല്‍ പൊറാട്ട് നാടകമെന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
◾ മുണ്ടക്കെ പുനരധിവാസ പദ്ധതിയിലെ വീടുകളില്‍ വിള്ളലെന്ന പരാതിയിലെ രാഷ്ട്രീയത്തിനു മറുപടി പറയാനില്ലെന്നും പറയാനുള്ളത് സാങ്കേതിക കാര്യങ്ങള്‍ മാത്രമാണെന്നും ഊരാളുങ്കല്‍ സിഇഒ അരുണ്‍ ബാബു. ജോലി ചെയ്തു തീര്‍ക്കുംമുന്‍പ് പ്രശ്നമാക്കി ഉയര്‍ത്തിക്കാട്ടി വിവാദമുണ്ടാക്കിയാല്‍ മറുപടി പറയാനില്ലെന്നാണ് അരുണ്‍ ബാബുവിന്റെ വാദം.
◾ കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹവും കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി കൊച്ചിയിലെത്തിയ മധ്യപ്രദേശ് പൊലീസ് തിരിച്ചുപോയി. പെണ്‍കുട്ടിയെയും പങ്കാളിയെയും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് മധ്യപ്രദേശ് പൊലീസ് നാട്ടിലേക്ക് തിരിച്ചത്. അതേസമയം കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും പൊലീസിന് മുന്നില്‍ ഉടന്‍ നേരിട്ട് ഹാജരാകാനാകില്ലെന്നും ഭര്‍ത്താവ് ഫര്‍മാന്‍ മധ്യപ്രദേശ് പോലിസിനെ വിവരമറിയിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.
◾ മലപ്പുറം അങ്ങാടിപ്പുറത്ത് മന്തിയുടെ ചിത്രം ഉള്‍പ്പെടുത്തിയുള്ള വിഷു ആശംസയ്ക്ക് പിന്നാലെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേരും ഹോട്ടല്‍ ഉടമകളാണ്. മുസ്തഫ, ഷാഹുല്‍ ഹമീദ്, മുഹമ്മദ് ഷാഹില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
◾ കണ്ണൂര്‍ അഞ്ചരക്കണ്ടി ഡന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ കോളജില്‍ ആര്‍ക്കും പങ്കില്ലെന്നും ജീവനൊടുക്കാന്‍ കാരണം ലോണ്‍ ആപ്പ് ഭീഷണിയാണെന്നും മാനേജ്മെന്റിന്റെ വിശദീകരണക്കുറിപ്പ്. ജാതി വിവേചന ആരോപണം തെറ്റെന്നും മാനേജ്മെന്റ് വ്യക്തമാക്കുന്നു.
◾ ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഒരു സ്ത്രീയും ആറുമാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. നാരകക്കാനത്ത് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
◾ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥ ഉള്‍പ്പെടെ രണ്ട് പ്രതികള്‍ക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. കസ്റ്റംസ് ഹവില്‍ദാര്‍ തിരുമല അണ്ണൂര്‍ ബിന്ദുവിലാസത്തില്‍ ജി. റാണിമോള്‍, പൂന്തുറ പരുത്തിക്കുഴി ത്രിവേണി നഗര്‍ 57ല്‍ സബീര്‍ അബ്ദുല്‍ കരീം എന്നിവരെയാണ് സിബിഐ പ്രത്യേക കോടതി ശിക്ഷിച്ചത്.
◾ വഴുതക്കാട് വാഹനാപകടക്കേസില്‍ നടന്‍ മണിയന്‍പിള്ള രാജുവിന് ക്ലീന്‍ ചിറ്റ്. അപകടസമയത്ത് മണിയന്‍പിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു. ഇതോടെ മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ഒഴിവാക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
◾ തൃശ്ശൂര്‍ കോടാലിയില്‍ എട്ട് വയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചു. കാവുങ്ങല്‍ സില്‍ജൊയുടെയും ജോണ്‍സിയുടെയും മകന്‍ ആല്‍ജോയാണ് മരിച്ചത്. ആല്‍ജോയുടെ സഹോദരന്‍ അനോജിനും പാമ്പ് കടിയേറ്റു. അനോജ് അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കുട്ടികള്‍ കിടന്ന മുറിയിലെ തലയണയ്ക്കടിയില്‍ നിന്ന് പാമ്പിനെ കണ്ടെത്തി.
◾ നാസിക് ടിസിഎസ് കേസില്‍ പരാതി നല്‍കിയ യുവതി പട്ടിക വിഭാഗത്തില്‍ നിന്നായതുകൊണ്ട് ഒന്നാംപ്രതി ഡാനിഷ് ഷെയ്ഖിനെതിരെ എസ് സി, എസ്ടി നിയമപ്രകാരവുമുള്ള വകുപ്പ് കൂടി ചുമത്തി. ലൈംഗികാതിക്രമം, മതപരിവര്‍ത്തനം തുടങ്ങിയ ആരോപണങ്ങളിലാണ് കേസിലെ മുഖ്യപ്രതി ഡാനിഷിനെതിരെ കേസ് എടുത്തിരുന്നത്.
◾ എം കെ സ്റ്റാലിന് പിന്തുണയുമായി തമിഴ്നാട്ടിലെ ബിഷപ്പുമാര്‍. വോട്ടെടുപ്പിന് മുമ്പുള്ള ഞായറാഴ്ച ബിഷപ്പുമാരുടെ സംഘം സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. റോമന്‍ കത്തോലിക്കാ, സിറോ മലബാര്‍, ലാറ്റിന്‍, സിഎസ്ഐ, യാക്കോബായ, ലൂഥറന്‍, ഇവാഞ്ചലിക്കല്‍ സഭകളിലെ ബിഷപ്പുമാരും വൈദികരും സംഘത്തിലുണ്ടായിരുന്നു.
◾ തമിഴ്‌നാട് വിരുദുനഗര്‍ കട്ടനാര്‍പട്ടിയിലെ ഒരു പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. എട്ടോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വനജ പടക്കനിര്‍മാണ ശാലയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം നടക്കുമ്പോള്‍ ഇവിടെ 30ഓളം തൊഴിലാളികളുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
◾ നിരോധിത സാറ്റലൈറ്റ് ഫോണ്‍ കൈവശം വെച്ചതിന് ശ്രീനഗര്‍ വിമാനത്താവളത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജെഫ്രി സ്‌കോട്ട് പ്രഥര്‍ എന്ന അമേരിക്കന്‍ പൗരനും ഹല്‍ദാര്‍ കൗശിക് എന്ന കൊല്‍ക്കത്ത സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്.
◾ പോളിംഗ് ഉദ്യോഗസ്ഥരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് ഭയപ്പെടുത്തുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പോളിംഗ് ഏജന്റുമാരെയും പ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്താന്‍ ഇ.ഡിയെ ഉപയോഗിക്കുകയാണെന്നും, തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഇത്തരം റെയ്ഡുകള്‍ നടത്തുന്നതിന്റെ ഉദ്ദേശ്യമെന്താണെന്നും മമത ചോദിച്ചു.
◾ ബംഗ്ലാദേശിലെ പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി മുന്‍ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ ദിനേശ് ത്രിവേദിയെ നിയമിച്ചു. നിലവിലെ ഹൈക്കമ്മീഷണര്‍ പ്രണയ് വര്‍മ്മയ്ക്ക് പകരക്കാരനായാണ് അദ്ദേഹം എത്തുന്നത്.
◾ സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി അടച്ചിട്ടിരുന്ന ദുബായിലെ ഗ്ലോബല്‍ വില്ലേജ് ഇന്ന് വൈകുന്നേരം അഞ്ച് മണി മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാ ദിവസവും വൈകുന്നേരം 5 മണി മുതല്‍ അര്‍ധരാത്രി 12 മണി വരെയാണ് പ്രവര്‍ത്തന സമയം.
◾ ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍, കേരളത്തിന്റെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നുവെന്ന് ശശി തരൂര്‍ എംപി. നിലവിലെ ഭൗമരാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലും വിഴിഞ്ഞം കൈവരിക്കുന്ന അഭൂതപൂര്‍വ്വമായ വളര്‍ച്ചയെക്കുറിച്ച് എക്സ് ഹാന്‍ഡിലിലൂടെയാണ് അദ്ദേഹം വിശദീകരിച്ചത്.
◾ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, വോട്ടര്‍മാരോട് നേരിട്ട് അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ 'ഡബിള്‍ എഞ്ചിന്‍' ഭരണം ഉറപ്പാക്കുമെന്നും കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം നേരിട്ട് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഇടനിലക്കാരെ ബംഗാളിലെ മാര്‍ക്കറ്റുകളില്‍ നിന്ന് പുറത്താക്കുമെന്നും അതുവഴി കര്‍ഷകര്‍ക്ക് അവരുടെ ഉത്പ്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
◾ താനും രാഹുലും ഒരേ ലക്ഷ്യത്തോടെയാണ് രണ്ട് ദിശയില്‍ സഞ്ചരിച്ചതെന്നും സഖ്യത്തിന്റെ ജയത്തിനായി വിവിധ സ്ഥലങ്ങളില്‍ പോയെന്നും ബിജെപിക്ക് പരോക്ഷ മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഞാന്‍ ചെന്നൈയിലും രാഹുല്‍ തെക്കന്‍ തമിഴ്നാട്ടിലും പ്രചാരണം നടത്തുമെന്നും സ്റ്റാലിന്‍ പറഞ്ഞു. ഡിഎംകെ-കോണ്‍ഗ്രസ്സ് സഖ്യം തകരുന്നതായും രണ്ട് പാര്‍ട്ടികള്‍ക്കും ഇടയിലെ ഭിന്നത പുറത്തുവന്നു കഴിഞ്ഞെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് സ്റ്റാലിന്‍ രംഗത്തെത്തിയത്.
◾ ഇന്ത്യന്‍ പതാകയുള്ള പത്താമത്തെ കപ്പല്‍ ഹോര്‍മുസ് കടന്നതായി റിപ്പോര്‍ട്ട്. രണ്ട് ഇന്ത്യന്‍ പതാകയുള്ള ടാങ്കറുകള്‍ തിരിച്ചുപോയിരുന്നു. മാരിടൈം ട്രാഫിക്കില്‍ ലഭ്യമായ വിശദാംശങ്ങള്‍ പ്രകാരം നിരവധി ഇന്ത്യന്‍, വിദേശ പതാകയുള്ള കപ്പലുകള്‍ ഇപ്പോഴും ഹോര്‍മുസ് കടക്കാന്‍ കാത്തിരിക്കുന്നുവെന്നാണ് വിവരം
◾ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഹോര്‍മുസ് കടലിടുക്കില്‍ ഉണ്ടായ വെടിവയ്പ്പില്‍ നാശനഷ്ടമുണ്ടായിട്ടില്ലെന്ന് വിവരം. ഐആര്‍ജിസിയുടെ രണ്ട് ഗണ്‍ബോട്ടുകള്‍ ആണ് വെടിയുതിര്‍ത്തതെന്ന് ഒരു കപ്പലിലെ ക്യാപ്റ്റന്‍ റിപ്പോര്‍ട്ട് ചെയ്തു. കപ്പലുകളുടെ ഗതി മാറ്റാനാണ് വെടിയുതിര്‍ത്തത് എന്നാണ് ഇറാന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.
◾ ചരിത്ര തീരുമാനവുമായി ബ്രിട്ടനിലെ ചര്‍ച്ച് ഇന്‍ വെയ്ല്‍സ്. സ്വവര്‍ഗ ദമ്പതികളുടെ വിവാഹത്തിന് പള്ളികളില്‍ ഔദ്യോഗികമായി ആശിര്‍വാദം നല്‍കുന്നതിനുള്ള ബില്ലിന് ഭൂരിപക്ഷത്തോടെ അംഗീകാരം നല്‍കി.
◾ അമേരിക്കയ്ക്കും ഇസ്രയേലിനും പുതിയ കയ്‌പേറിയ തോല്‍വികള്‍ ഉണ്ടാകുമെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി. ഇറാന്‍ സ്റ്റേറ്റ് ടിവിയിലൂടെയാണ് മുജത്ബയുടെ പ്രസ്താവന. ഇറാനും അമേരിക്കയും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ചകള്‍ അനിശ്ചിതത്വത്തില്‍ തുടരുന്നതിനിടെയാണ് പരമോന്നത നേതാവിന്റെ പ്രസ്താവന.
◾ അമേരിക്കയുടെ മഹത്തായ സഖ്യകക്ഷിയാണ് ഇസ്രയേല്‍ എന്ന് തെളിയിക്കപ്പെട്ടുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സംഘര്‍ഷങ്ങളുടെയും പോരാട്ടങ്ങളുടെയും സമയത്ത് തനിനിറം കാട്ടിയ മറ്റു പലരെയും പോലെയല്ല ഇസ്രയേല്‍. ഇസ്രയേലിന് ശക്തമായി പോരാടാനും എങ്ങനെ വിജയിക്കാമെന്ന് അറിയാമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
◾ ഇറാനുമായുള്ള അടുത്ത ഘട്ട ചര്‍ച്ചകള്‍ക്കായി യുഎസ് പ്രതിനിധികള്‍ പാകിസ്ഥാനിലെത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. കരാറിലെത്തിയില്ലെങ്കില്‍ ഊര്‍ജനിലയങ്ങള്‍ ഉള്‍പ്പെടെ തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയ ട്രംപ്, ഹോര്‍മുസ് കടലിടുക്കില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത് ഇറാനാണെന്നും ആരോപിച്ചു.
◾ നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന നിലപാടില്‍ ഇറാന്‍. തന്റെ പ്രതിനിധികള്‍ ഇറാനുമായുള്ള അടുത്ത ഘട്ട ചര്‍ച്ചയ്ക്കായി പാകിസ്ഥാനിലേക്ക് പോയെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇറാനിലെ തസ്‌നിം ഏജന്‍സിയുടെ റിപ്പോര്‍ട്ട് . ചര്‍ച്ചയ്ക്ക് സംഘത്തെ അയക്കില്ലെന്ന നിലപാടിലാണ് ഇറാന്‍. അതേസമയം മധ്യസ്ഥ ശ്രമവുമായി പാകിസ്ഥാന്‍ രംഗത്തെത്തി.
◾ യുഎസ്-ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മൃതദേഹം 51 ദിവസങ്ങള്‍ കഴിഞ്ഞിട്ടും സംസ്‌കരിച്ചില്ല. സുരക്ഷാ ഭീഷണികളും പ്രതിഷേധ സാധ്യതയും കണക്കിലെടുത്താണ് നടപടി വൈകുന്നത്.
◾ ഐപിഎല്ലില്‍ ആദ്യ ജയം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ നാല് വിക്കറ്റിനാണ് കൊല്‍ക്കത്ത രാജസ്ഥാനെ കീഴടക്കിയത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ കെകെആര്‍ മറികടന്നു. 85 ന് 6 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ കൊല്‍ക്കത്തയെ റിങ്കു സിങ്-അനുകുള്‍ റോയ് ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് ജയത്തിലെത്തിച്ചത്. ആദ്യ മൂന്ന് കളികള്‍ ജയിച്ച രാജസ്ഥാന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.
◾ ഐപിഎല്ലില്‍ തോല്‍വിയറിയാതെ പഞ്ചാബിന്റെ കുതിപ്പ്. ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിന് 54 റണ്‍സിന് കീഴടക്കിയാണ് പഞ്ചാബ് ജൈത്രയാത്ര തുടരുന്നത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 37 പന്തില്‍ 93 റണ്‍സെടുത്ത പ്രിയാന്‍ഷ് ആര്യയുടേയും 46 പന്തില്‍ 87 റണ്‍സെടുത്ത കൂപ്പര്‍ കൊണോലിയുടേയും മികവില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ലക്നൗവിന് 5 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുക്കാനേ സാധിച്ചുള്ളു.
◾ ഓഹരി വിപണിയില്‍ പത്തുമുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1,87,497 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഭാരതി എയര്‍ടെല്‍ ആണ് ഏറ്റവുമധികം നേട്ടം സ്വന്തമാക്കിയത്. സെന്‍സെക്‌സ് 943 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 1.25 ശതമാനത്തിന്റെ നേട്ടമാണ് സ്വന്തമാക്കിയത്. ഭാരതി എയര്‍ടെലിന്റെ വിപണി മൂല്യത്തില്‍ മാത്രം 58,831 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 11,25,125 കോടിയായാണ് എയര്‍ടെലിന്റെ വിപണി മൂല്യം ഉയര്‍ന്നത്. എല്‍ഐസി 27,608 കോടി, ടിസിഎസ് 20,731 കോടി, റിലയന്‍സ് 20,231 കോടി, എല്‍ ആന്റ് ടി 18,577 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. എച്ച്ഡിഎഫ്‌സി ബാങ്കിന് 16,163 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. 12,31,315 കോടിയായാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം ഇടിഞ്ഞത്. മൂല്യത്തില്‍ ഇത്തവണയും റിലയന്‍സ് തന്നെയാണ് ഒന്നാം സ്ഥാനത്ത്.
◾ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. ആഗോളതലത്തില്‍ നൂറിലേറെ രാജ്യങ്ങളില്‍ ഇതിനകം സേവനം നല്‍കിവരുന്ന സ്റ്റാര്‍ട്ടപ്പിന് ഇന്ത്യയില്‍ സേവനം ആരംഭിക്കുന്നതിനുള്ള സര്‍ക്കാര്‍ അനുമതി ഇനിയും ലഭിച്ചിട്ടില്ല. സ്റ്റാര്‍ലിങ്കിന്റെ മാതൃകമ്പനിയായ സ്പേസ് എക്സിനെ കേന്ദ്രീകരിച്ചുള്ള ചില സംശയങ്ങളാണ് പുതിയ വെല്ലുവിളിയായിരിക്കുന്നത്. നിലവിലെ ഭൗമരാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ സ്റ്റാര്‍ലിങ്ക് ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി മാറില്ലെന്ന് ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. യുദ്ധം പോലുള്ള നിര്‍ണായകമായ ദേശീയ സുരക്ഷാ സാഹചര്യങ്ങളില്‍ സ്റ്റാര്‍ലിങ്ക് ഉയര്‍ത്തിയേക്കാവുന്ന ഭീഷണിയെക്കുറിച്ച് സര്‍ക്കാരിന് ആശങ്കയുണ്ട്. അഞ്ചുവര്‍ഷക്കാലമായി സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ സേവനം ആരംഭിക്കുന്നതിന് അനുമതി ലഭിക്കുന്നതിനുള്ള ശ്രമത്തിലാണ്.
◾ ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജയേഷ് വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന 'പാതിരാക്കുറുക്കന്‍ ' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നിര്‍മല്‍ പാലാഴി, റിയാസ് നര്‍മ്മകല, സുധീര്‍ പറവൂര്‍, കുട്ടി അഖില്‍, അനീഷ് ഗോപാല്‍, ടെസ്സ ജോസഫ്, അജയന്‍ മാടയ്ക്കല്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍മാരായ അശ്വിത-അശ്വിജ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. അപ്പായ് സിനിമാസിന്റെ ബാനറില്‍ സിജോ ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന സുനില്‍ കര്‍മ്മ, നിഖില്‍ ജിനന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു വ്യത്യസ്ത സാഹചര്യത്തില്‍പ്പെട്ട നാലുപേര്‍ ഒരിക്കല്‍ ഒരു പ്രതിസന്ധിയില്‍ പെടുന്നതും തുടര്‍ന്നുള്ള അവരുടെ അതിജീവനത്തിന്റെ കഥയുമാണ് നര്‍മ്മത്തില്‍ ചാലിച്ച് ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.
◾ മലയാളത്തിലെ ഏറ്റവും ആരാധകരുള്ള ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്റേഴ്‌സില്‍ ഒന്നായ 'കരിക്ക്' ടീം ആദ്യമായി ഒരുക്കുന്ന ചിത്രം ആരംഭിച്ചു. കരിക്ക് സ്റ്റുഡിയോക്ക് ഒപ്പം ചേര്‍ന്ന് ഡോക്ടര്‍ അനന്തു എന്റെര്‍റ്റൈന്മെന്റ്‌സ് ബാനറില്‍ ഡോക്ടര്‍ അനന്തു എസ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. നിഖില്‍ ജി പ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2018ല്‍ നിഖില്‍ പ്രസാദ് സ്ഥാപിച്ച 'കരിക്ക്' യൂട്യൂബ് ചാനല്‍ ഇതിനോടകം 10 മില്യണോളം സബ്‌സ്‌ക്രൈബേര്‍സ് നേടിയെടുത്ത ഡിജിറ്റല്‍ കണ്ടെന്റ് പ്ലാറ്റ്ഫോമാണ്. 'കരിക്ക്' അഭിനേതാക്കളായ ആനന്ദ് മാത്യൂസ്, അനു കെ അനിയന്‍, അര്‍ജുന്‍ രത്തന്‍, ബിനോയ് ജോണ്‍, ജീവന്‍ സ്റ്റീഫന്‍, കിരണ്‍ വിയ്യത്ത്, കൃഷ്ണ ചന്ദ്രന്‍, ശബരീഷ് സജ്ജിന്‍, ഉണ്ണി മാത്യൂസ് എന്നിവരും മലയാള സിനിമയിലെ ശ്രദ്ധേയരായ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകും.
◾ ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ എസ്യുവി മോഡല്‍ എക്‌സ്3 സ്വന്തമാക്കി സിനിമാതാരം ഗ്രേസ് ആന്റണി. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ മൂന്ന് വേരിയന്റുകളില്‍ വിപണിയില്‍ എത്തുന്ന ഈ വാഹനത്തിന്റെ എക്‌സ് ഡ്രൈവ് 30 എം സ്‌പോര്‍ട്ട് പ്രോ പതിപ്പാണ് ഗ്രേസ് തിരഞ്ഞെടുത്തത്. ഏകദേശം 75 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. 2.0 ലിറ്റര്‍ ടര്‍ബോ എന്‍ജിനാണ് പെട്രോള്‍ മോഡലിന്റെ ഹൃദയം. 255 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് എക്‌സ് 3-യില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 6.3 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ വാഹനത്തിനാകും.
◾ കൊയ്‌നര്‍ എന്ന സാങ്കല്പിക കഥാപാത്രത്തെ കേന്ദ്രമാക്കി വിവിധ കാലങ്ങളിലായി ബ്രെഹ്റ്റ് എഴുതിയ മിനിക്കഥകള്‍. ഇതില്‍ ചിരിയുണ്ട്, ചിന്തയുണ്ട്, ആഴത്തില്‍ത്തൊടുന്ന സ്വയംവിമര്‍ശനവും കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യവുമുണ്ട്, മനുഷ്യന്റെ തലയ്ക്കുള്ളില്‍ നടക്കുന്ന എല്ലാമെല്ലാമുണ്ട്. വി.കെ.എന്നിന്റെ പയ്യനെ നെഞ്ചേറ്റിയ മലയാളിക്കുവേണ്ടി സമാഹരിച്ച ബെര്‍തോള്‍ഡ് ബ്രെഹ്റ്റിന്റെ കൊയ്‌നര്‍ കഥകള്‍. ഇരുണ്ടകാലത്തെ അതിജീവിച്ച 'ചിന്തിക്കുന്ന മനുഷ്യ'ന്റെ കഥകള്‍. 'കൊടുങ്കാറ്റുകളെ അതിജീവിക്കുന്നതിനെപ്പറ്റി'. പരിഭാഷ - വിപിന്‍ എന്‍.പി. മാതൃഭൂമി. വില 161 രൂപ.
◾ കാപ്പി കരളിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കാപ്പിയില്‍ അടങ്ങിയ ക്ലോറോജെനിക് ആസിഡ് ശക്തമായ ഒരു ആന്റിഓക്സിഡന്റ് ആയി പ്രവര്‍ത്തിക്കുകയും കരളിനെ സംരക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ കാപ്പിക്ക് ആന്റിഇന്‍ഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു. ദിവസവും മൂന്ന് മുതല്‍ നാല് കപ്പ് കാപ്പി വരെ കുടിക്കുന്നത് ഫാറ്റിലിവര്‍, ഫൈബ്രോസിസ്, സിറോസിസ് എന്നീ കരള്‍ രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാന്‍ സഹായിക്കും. ചായയില്‍ ആന്റിഓക്‌സിഡന്റുകള്‍ ഉണ്ടെങ്കിലും കാപ്പിയാണ് കൂടുതല്‍ ഫലപ്രദമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പോളിഫിനോളുകള്‍, കഫീന്‍, മെലനോയിഡിനുകള്‍ പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ കാപ്പിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കാപ്പിയെന്ന് പറയുമ്പോള്‍ കട്ടന്‍ കാപ്പി മാത്രമല്ല, കാപ്പിയില്‍ പാലൊഴിച്ചു കുടിക്കുന്ന ശീലക്കാരുമുണ്ട്. എന്നാല്‍ ആ ശീലം കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ കാര്യമായ പങ്ക് വഹിക്കുന്നില്ല. കാരണം, കാപ്പിയിലേക്ക് പാല്‍ ചേര്‍ക്കുമ്പോള്‍ അതില്‍ അടങ്ങിയ പ്രോട്ടീനുകള്‍ കാപ്പിയില്‍ അടങ്ങിയ ക്ലോറോജെനിക് ആസിഡന്റെ ഫലപ്രാപ്തി 20 ശതമാനം വരെ കുറയ്ക്കും. കൂടാതെ കാപ്പിയിലേക്ക് പാലും പഞ്ചസാരയും ചേരുന്നത് കലോറി കൂട്ടാന്‍ കാരണമാകുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
ബര്‍ഗര്‍ കട നഷ്ടത്തിലായതിന്റെ സങ്കടം തീര്‍ക്കാനാണ് അയാള്‍ സിനിമയ്ക്ക് പോയത്. ഇടവേളയില്‍ അയാള്‍ പോപ്‌കോണ്‍ വാങ്ങി. സുഹൃത്തായ തിയേറ്റര്‍ ഉടമ അയാളോട് പറഞ്ഞു: ഇവിടെ യഥാര്‍ത്ഥ ബിസിനസ്സ് പോപ് കോണ്‍ ആണ്. സിനിമ അതിലേക്കുളള ഒരു ചൂണ്ടമാത്രം. അതുകൊണ്ടാണ് ഞാന്‍ ടിക്കറ്റ് 100 രൂപയ്ക്കും പോപ്‌കോണ്‍ 200 രൂപയ്ക്കും കൊടുക്കുന്നത്. അപ്പോള്‍ അയാള്‍ പറഞ്ഞു: എന്റെ അടുത്തുളള കടയില്‍ ബര്‍ഗര്‍ 40 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഞാന്‍ 50 രൂപയക്കും. എനിക്ക് ബര്‍ഗര്‍ ഉണ്ടാക്കാന്‍ തന്നെ 40 രൂപ ചിലവാകും. പിന്നെയെങ്ങനെ അത് 40 രൂപയ്ക്ക് വില്‍ക്കും. അപ്പോള്‍ തിയേറ്റര്‍ ഉടമ പറഞ്ഞു: ഇനി നീ ബര്‍ഗര്‍ 30 രൂപയ്ക്ക് വില്‍ക്കണം. കൂടെ ഫ്രെഞ്ച് ഫ്രൈസും ശീതളപാനീയവും. 15 രൂപയുളള അവയും 30 രൂപയ്ക്ക് വില്‍ക്കണം. ബര്‍ഗര്‍ കഴിക്കാന്‍ വരുന്നവര്‍ അതും വാങ്ങും. ബര്‍ഗറിന്റെ വില മാത്രം പരസ്യം ചെയ്യണം. പിറ്റേന്നുമുതല്‍ അയാളുടെ കടയില്‍ ജനം ഇടിച്ചുകയറി. വിലക്കുറവാണെന്ന് കണ്ടാല്‍ മറ്റെല്ലാം മറന്ന് തള്ളിക്കയറുന്ന ആളുകളുടെ മനോഭാവം അദ്ദേഹം മുതലെടുത്തു. ചില സന്ദര്‍ഭങ്ങളില്‍ വഴിമാറി നടക്കേണ്ടിവരാം. മറ്റുളളവര്‍ക്ക് വലിയ ഉപദ്രവമാകാതെ അത് ചെയ്യുന്നതാണ് വിവേകം. എന്നും സഞ്ചരിക്കുന്ന പാതകളിലൂടെ സഞ്ചരിച്ചാല്‍ എന്നും കാണുന്ന കാഴ്ചകളേ കാണൂ. കാഴ്ചകള്‍ മാറണമെങ്കില്‍ വഴികളും മാറണം. വൈവിധ്യമാര്‍ന്ന കാഴ്ചകളിലേക്കുളള വഴികള്‍ സ്വയം കണ്ടെത്തുക.. ഇടക്കൊക്കെ വഴിമാറി നടക്കാന്‍ ശ്രമിക്കുക - ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍