എറണാകുളത്ത് ശക്തമായ മഴയും കാറ്റും; മരങ്ങൾ കടപുഴകിവീണു, വീടുകൾക്കും നാശനഷ്ടം

കൊച്ചി: എറണാകുളം ജില്ലയിൽ ഞായർ 
വൈകിട്ട്‌ പെയ്‌ത വേനൽ മഴയിലും കാറ്റിലും വ്യാപകനാശനഷ്ടം. പലയിടങ്ങളിലും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആലുവയിൽ മരങ്ങൾ കടപുഴകിവീണു.

വീശിയടിച്ച ശക്തിയായ കാറ്റിൽ മരങ്ങൾ മറിഞ്ഞ് പറവൂർ ഏഴിക്കര പഞ്ചായത്തിൽ രണ്ട് വീടുകൾക്ക് നാശനഷ്ടമുണ്ടായി. അഞ്ചാം വാർഡിൽ സുമേഷിൻ്റെ വീടിനും നാലാം വാർഡിൽ ബേബിയുടെ വീടിനും മുകളിലാണ്‌ മരങ്ങൾ കടപുഴകി വീണത്‌. പെരുവാരം മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിൻ്റെ ഭാഗമായി നിർമിച്ച താൽക്കാലിക പന്തലിൻ്റെ ഷീറ്റുകൾ പറന്ന് പോയി. ഏഴിക്കര പഞ്ചായത്ത് ഒന്നാം വാർഡിൽ ചെറായി പാലത്തിന് സമീപം പിഡബ്ള്യുഡി റോഡിൽ മരം മറിഞ്ഞ് വീണു.

നെടുമ്പാശേരി അത്താണി ഭാഗത്തും നാശമുണ്ടായി. ഐശ്വര്യ നഗറിൽ പഴയ ദേശീയപാതയിൽ പാർക്ക് ചെയ്തിരുന്ന കാറിനു മുകളിൽ കണിക്കൊന്നയുടെ കൊമ്പ് ഒടിഞ്ഞു വീണ് കാർ ഭാഗികമായി തകർന്നു. കാറിൽ ആരും ഉണ്ടായിരുന്നില്ല.

പെരുമ്പാവൂർ വൈദ്യുതി ഭവന് മുമ്പിൽ റോഡിലേക്ക് മറിഞ്ഞ മരം അഗ്നിരക്ഷാസേന മുറിച്ചുമാറ്റുന്നു

പെരുമ്പാവൂരിൽ ശക്തമായ കാറ്റിലും മഴയിൽ കൃഷി നാശം ഉണ്ടായി. റോഡിലേക്ക് മരം വീണ് പലയിടത്തും ഗതാഗത തടസപ്പെട്ടു. വൈദ്യുതി വിതരണവും നിലച്ചു. കൂവപ്പടി, കോടനാട്, നെടുംമ്പാറ, കുറുപ്പം പടി, മുടിക്കാരായി എന്നിവിടങ്ങളിലാണ് മരങ്ങൾ കാറ്റിൽ മറിഞ്ഞത്. പൂപ്പാനി റോഡിൽ വൈദ്യുതി ഭവനുമുന്നിൽ തേക്ക് റോഡിലേക്ക് വീണ് ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു. ഐമുറി കയ്യുത്തിയാൽ റോഡിലേക്ക് പ്ലാവ് മറിഞ്ഞു വീണു. കാറ്റിൽ വാഴക്കൃഷിയും നശിച്ചിട്ടുണ്ട്. വല്ലം പാണം കുഴിറോഡിൽ പോളിടെക്നിക് സ്കൂളിന് സമീപവും മരങ്ങൾ റോഡിലേക്ക് മറിഞ്ഞു. അഗ്നിരക്ഷാസേനയെത്തി റോഡിലെ തടസങ്ങൾ നീക്കി.


ആലുവയിലും സമീപ പഞ്ചായത്തുകളിലും കനത്ത നാശനഷ്ടമാണുണ്ടായത്. ആലുവ ബാങ്ക് ജങ്‌ഷൻ ബസ് സ്റ്റോപ്പിന് സമീപത്തെ തണൽ മരം മറിഞ്ഞു. എട്ടാം വാർഡ് കടത്തു കടവ് സാംസ്‌കാരിക കേന്ദ്രത്തിന് സമീപം മരങ്ങൾ കടപുഴകി ഇലക്ട്രിക്ക് ലൈനിൽ വീണ് വൈദ്യുതി കമ്പികളും കേബിളുകളും പൊട്ടി. പലയിടങ്ങളിലും ഇലക്ട്രിക് പോസ്റ്റുകളും തകർന്നു.


കടുങ്ങല്ലൂർ പഞ്ചായത്തിലെ ഏലൂക്കരയിൽ വിവിധ ഇടങ്ങളിൽ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും മറിഞ്ഞു. ഏലൂക്കര മസ്ജിദ് റോഡിൽ പോസ്റ്റ് ഒടിഞ്ഞുവീണു. പുള്ളൂർപുള്ളിക്കാവ് അമ്പലത്തിന് സമീപം നാല് ഇലക്‌ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു വീണു. സേതുമാധവൻ, രാജേഷ്‌ എന്നിവരുടെ വീടിന് മുകളിൽ മരം വീണ്‌ ഭാഗികമായി കേടുപാടുകൾ ഉണ്ടായി. യുസി കോളേജ് കടൂപാടത്തെ വാഴകൃഷിയും നശിച്ചു. ശ്രീദുർഗ ഭഗവതി ക്ഷേത്രത്തിന്റെ ബോർഡുകൾ കാറ്റിൽ നിലം പൊത്തി. 11 കെവി വൈദ്യുതി ലൈനിലേക്ക് മരത്തിന്റെ ചില്ല ഒടിഞ്ഞു വീണ്‌ വൈദ്യുതി തടസപ്പെട്ടു.

ഐശ്വര്യനഗർ മണവാളൻ കുഞ്ഞവരയുടെ മാവ് റോഡിലേക്ക് മറിഞ്ഞു വീണു. വിമാനത്താവള റോഡിൽ സ്ഥാപിച്ചിരുന്ന ഇരുപതോളം വലിയ ഹോർഡിങ്ങുകൾ കാറ്റിൽ നിലം പതിച്ചു.

ഇടക്കൊച്ചിയിൽ തെങ്ങ് 11 കെ വി ലൈനിൽ വീണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഫോര്‍ട്ട്കൊച്ചി ഇഎസ്ഐ ആശുപത്രിക്ക് സമീപം മരം മറിഞ്ഞ് വീണ് വൈദ്യുതി ബന്ധം തകരാറിലായി.അഗ്നി രക്ഷാ സേനയെത്തി മരം മുറിച്ച് നീക്കി.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍