ഭർത്താവിനെ അറിയിച്ചില്ല, പ്രസവശേഷം യുവതി ബസിൽ വന്നിരുന്നു'; ചെറൂട്ടി കോൺവെന്റിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത
കോഴിക്കോട്: ചെറൂട്ടി കോൺവെന്റ് റോഡിലെ പള്ളി പരിസരത്ത് നിന്ന് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർദ്ധിക്കുന്നു. പാലക്കാട് നിന്നുവന്ന തീർത്ഥാടക സംഘത്തിലെ യുവതിയാണ് ആറ് മാസം പ്രായമുള്ള കുഞ്ഞിനെ പ്രസവിച്ചത്. കോഴിക്കോട് ദേവമാതാ കത്തിഡ്രീലിൽ വച്ച് ഭർത്താവോ ബന്ധുക്കളോ പോലും അറിയാതെയായിരുന്നു സംഭവം. പാലക്കാട് സ്വദേശിയായ ഫ്രാങ്കോ എന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തീർത്ഥാടക സംഘത്തിലെ മറ്റൊരു യുവാവാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊക്കിൾക്കൊടി മുറിച്ച നിലയിലായിരുന്നു മൃതദേഹം. പള്ളി വികാരി പൊലീസിനെ അറിയിച്ചതോടെ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് യുവതിയെ കണ്ടെത്തി. പ്രസവത്തിന് ശേഷം ബസിൽ കയറിയിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു.
ഭർത്താവോ ബന്ധുക്കളോ തീർത്ഥാടക സംഘത്തിൽ ഉൾപ്പെട്ട ആരും തന്നെ പ്രസവവിവരം അറിഞ്ഞില്ലെന്നാണ് യുവതിയുടെ മൊഴി. ഇതാണ് ദുരൂഹതയ്ക്ക് വഴിവയ്ക്കുന്നത്. ഇക്കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്. കുടുംബാംഗങ്ങളെയും തീർത്ഥാടക സംഘത്തിലുള്ളവരെയും വിശദമായി ചോദ്യം ചെയ്യും. യുവതിയെ കോട്ടപ്പുറം ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അസ്വാഭാവിക മരണത്തിന് കേസ് എടുത്താണ് ടൗൺ പൊലീസ് അന്വേഷണം നടത്തുന്നത്. ശിശുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍