ദുബായില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

ബായ്: ദുബായില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ മധുരബസാര്‍ സ്വദേശി ജസീല്‍ ആണ് മരിച്ചത്. 32 വയസായിരുന്നു. ദുബായിലെ അല്‍ഖൂസിലുള്ള അല്‍മനാര്‍ സെന്ററിന് സമീപമുള്ള താമസ സ്ഥലത്താണ് സംഭവം. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്കുതര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേല്‍ക്കുകയായിരുന്നു എന്നാണ് വിവരം.

തൊട്ടടുത്ത മുറിയിലുള്ളവര്‍ മദ്യപിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തര്‍ക്കത്തിലേക്ക് വഴിവെച്ചതെന്നാണ് വിവരം. ജസീലിനൊപ്പം താമസിക്കുന്നവര്‍ മദ്യപാനം ചോദ്യം ചെയ്തു. ഈ സമയം ഭക്ഷണം കഴിക്കാന്‍ പുറത്തുപോയതായിരുന്നു ജസീല്‍. തിരിച്ചെത്തിയപ്പോള്‍ തര്‍ക്കിക്കുന്നവരെയാണ് കണ്ടത്. തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കാനായി ജസീല്‍ ഇടപെടുകയും ഇതിനിടെ ജസീലിന് കുത്തേല്‍ക്കുകയുമായിരുന്നു.

ജസീലിന് കഴുത്തിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ജസീലിനെ ദുബായ് പൊലീസ് എത്തി റാശിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കേസിലെ പ്രതിയും മലയാളിയാണെന്നാണ് വിവരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍