പ്രഭാത വാർത്തകൾ
2026 ഏപ്രില്‍ 27, തിങ്കള്‍
1201 മേടം 14, പൂരം
1447 ദുൽഖഅ്ദ 09
◾ പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. യൂണിറ്റിന് 10 രൂപ വരെ നിരക്കില്‍ പരമാവധി 250 മെഗാ വാട്ട് വരെ വാങ്ങാം. മെയ് 15 വരെയാണ് സമയ പരിധി. കടുത്ത ചൂടുമൂലം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി റെഗുലേറ്ററി കമ്മീഷന്റെ അനുമതി തേടിയത്.
◾ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരുക്കിയ വിരുന്നിനിടെ വെടിവയ്പു നടത്തിയയാള്‍ പിടിയില്‍. വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരുക്കിയ വിരുന്നിനിടെയാണ് വെടിവയ്പുണ്ടായത്. കുതിച്ചെത്തിയ അംഗരക്ഷകര്‍ ട്രംപിനെയും പത്നി മെലാനിയയേയും വേദിയില്‍നിന്ന് മാറ്റി. പ്രാണരക്ഷാര്‍ത്ഥം പലരും മേശയ്ക്കടിയില്‍ ഒളിച്ചു. ഒരു സുരക്ഷാ സൈനികനു വെടിയേറ്റെങ്കിലും അപായമില്ല. ഉടനേ അക്രമിയെ കീഴ്പ്പെടുത്തി. ഇതേ ഹോട്ടലില്‍ മുറിയെടുത്തു തങ്ങിയാണ് ആക്രമണം നടത്തിയത്. അയാളില്‍നിന്ന് തോക്കുകളും കത്തികളും പിടിച്ചെടുത്തു. ആക്രമണ ദൃശ്യങ്ങള്‍ ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടു.
◾ പാമ്പുകടിയേറ്റു രണ്ടു മരണംകൂടി. ഇടുക്കി കാഞ്ഞാര്‍ സ്വദേശി വിശാലാക്ഷിയാണ് (75) മരിച്ചത്. വീടിനു സമീപത്തു പാമ്പുകടിയേറ്റ വിശാലാക്ഷിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കണ്ണൂര്‍ തളിപ്പറമ്പ് പട്ടുവത്ത് വീട്ടില്‍ വെച്ച് പാമ്പ് കടിയേറ്റ മുതുകുടയിലെ നബീസ (70) മരിച്ചിരുന്നു. ഇന്നലെ സംസ്ഥാനത്ത് അഞ്ചു പേര്‍ക്കു പാമ്പുകടിയേറ്റു. പത്തനംതിട്ടയിലെ മല്ലപ്പള്ളി മുരണി സ്വദേശി രതീഷനെ പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ സംസ്ഥാനത്ത് ഇന്നലെ 12 പേര്‍ക്കു സൂര്യതപമേറ്റു. പാലക്കാട് ഒറ്റപ്പാലത്തും ലക്കിടിയിലുമായി രണ്ടു പേര്‍ക്ക് സൂര്യതപമേറ്റു. ലക്കിടി കൂട്ടുപാതയില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ ജയന്‍, ഒറ്റപ്പാലം സ്വദേശി ജയശ്രീ എന്നിവര്‍ക്കാണ് സൂര്യതപമേറ്റത്. ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി. കൊല്ലത്ത് യുവാവിന് സൂര്യതപമേറ്റു. കൊട്ടിയം സ്വദേശി നിഹാല്‍ നജീബിന്റെ കൈയ്ക്കാണ് പൊള്ളലേറ്റത്.
◾ തൃശൂര്‍ പൂരത്തിനു ജനസാഗരം. രാവിലെ ഘടകപൂരങ്ങള്‍ എത്തിയതോടെ വടക്കുന്നാഥന്റെ തട്ടകത്തില്‍ ജനം നിറഞ്ഞു. വാദ്യമേളങ്ങളോടെ ആനപ്പുറങ്ങളില്‍ ദേവകള്‍ എഴുന്നള്ളി. മഠത്തില്‍ വരവും ഇലഞ്ഞിത്തറ മേളവും മേളക്കമ്പക്കാരെ താളംതുള്ളിച്ചു. കുടമാറ്റം ലളിതമാക്കി. ഇന്ന് ഉച്ചയ്ക്കുശേഷം പൂരം സമാപിക്കും. വെടിക്കെട്ടുപുര ദുരന്ത സാഹചര്യത്തില്‍ ആര്‍ഭാടമില്ലാതെ പൂരം നടത്താനായിരുന്നു തീരുമാനം.
◾ തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടന ദുരന്തത്തില്‍ ഒരാള്‍ കൂടി മരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന എടപ്പാള്‍ സ്വദേശി ഉണ്ണികൃഷ്ണനാണ് മരിച്ചത്. 58 വയസായിരുന്നു. ഇതോടെ മരിച്ചവരുടെ എണ്ണം 16 ആയി. അതേസമയം ദുരന്തത്തില്‍ കാണാതായ നാലു പേരും മരിച്ചതായി പരിഗണിച്ചാല്‍ മരണസംഖ്യ 20 ആകും.
◾ മുണ്ടത്തിക്കോട്ടെ ദുരന്ത സ്ഥലം നാളെ സന്ദര്‍ശിക്കുമെന്ന് വെടിക്കെട്ടു ദുരന്ത ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍. ആദ്യം പരിക്കേറ്റവരെ കാണും. തുടര്‍ന്ന് അപകട സ്ഥലത്തേക്കു പോകുമെന്നും അദ്ദേഹം പറഞ്ഞു. വെടിക്കെട്ട് അപകടരഹിതമായി ഉപയോഗിക്കണം. അതിനുള്ള ചിട്ടകള്‍ രൂപപ്പെടുത്തുമെന്നും ജസ്റ്റിസ് സി എന്‍രാമചന്ദ്രന്‍ പറഞ്ഞു.
◾ കേരളത്തില്‍ 2027 ലെ സെന്‍സസ് രണ്ടു ഘട്ടങ്ങളിലായി ഡിജിറ്റല്‍ രീതിയില്‍ നടത്തും. ആദ്യഘട്ടമായി ഹൗസ് ലിസ്റ്റിംഗും ഹൗസിംഗ് സെന്‍സസും ജൂലൈ ഒന്നു മുതല്‍ 30 വരെ നടക്കും. ഇതിനു മുന്നോടിയായി ജൂണ്‍ 16 മുതല്‍ 15 ദിവസത്തേക്ക് സെല്‍ഫ് എന്യുമറേഷന്‍ ആരംഭിക്കും. രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയില്‍ നടക്കും. ഡിജിറ്റല്‍ സെന്‍സസിന്റെ ഭാഗമായി എന്യുമറേറ്റര്‍ മൊബൈല്‍ ആപ്പിലൂടെ വിവരശേഖരണം നടത്തും.
◾ വിരമിച്ചു മൂന്നു വര്‍ഷമായിട്ടും സ്വകാര്യ വാഹനത്തില്‍ നിയമവിരുദ്ധമായി ഡി.ജി.പി.യുടെ ഔദ്യോഗിക ചിഹ്നമായ സ്റ്റാര്‍ ബോര്‍ഡ് പതിപ്പിച്ച് യാത്ര ചെയ്ത മുന്‍ ഡി.ജി.പി. ടോമിന്‍ ജെ. തച്ചങ്കരിക്കെതിരേ കേസ്. സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ ഉത്തരവനുസരിച്ചാണു കേസ്.
◾ പൊലീസ് സ്റ്റേഷനിലേക്കു നടത്തിയ മാര്‍ച്ചില്‍ പൊലീസിനെ അധിക്ഷേപിച്ചു മുദ്യാവാക്യം വിളിക്കുകയും അക്രമാസക്തമാകുകയും ചെയ്ത കേസില്‍ മൊഴി രേഖപ്പെടുത്താന്‍ സ്റ്റേഷനില്‍ ഹാജരാകണമെന്ന് ഡിജിപി ആര്‍ ശ്രീലേഖ ഉള്‍പ്പെടെ 20 പേര്‍ക്ക് നോട്ടീസ് നല്‍കി.
◾ കെ സ്മാര്‍ട്ട് എന്ന സ്മാര്‍ട്ട് കെണി ഉപയോഗിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് വ്യാപാരികളെ ചൂഷണം ചെയ്യുന്നുവെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യാ ട്രേഡേഴ്സ് ദേശീയ സെക്രട്ടറിയുമായ എസ്. എസ്. മനോജ്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. റിമാന്‍ഡ് പ്രതിയായ ആലപ്പുഴ പുന്നപ്ര സ്വദേശി ശരത് പ്രസാദിനെയാണ് മരിച്ച നിലയില്‍ കണ്ടത്. ജനറല്‍ ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറെ അസഭ്യം പറഞ്ഞ കേസിലെ പ്രതിയാണ് ശരത്.
◾ കൊച്ചിയില്‍ പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട കവര്‍ച്ചകേസിലെ രണ്ടു പ്രതികളിലൊരാള്‍ പിടിയിലായി. ആലപ്പുഴ സ്വദേശി സൂരജിനെയാണ് കസ്റ്റഡിയിലെടുത്തത്. പത്തനതിട്ട സ്വദേശി റസലിനായി അന്വേഷണം തുടരുകയാണ്. ചേന്ദമംഗലത്ത് കനാലില്‍ ഒളിച്ചിരിക്കുകയായിരുന്നു സൂരജ്. മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ശേഷമാണ് പ്രതികള്‍ കടവന്ത്ര പൊലീസില്‍നിന്നു രക്ഷപ്പെട്ടത്.
◾ പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചന്ന കേസിലെ പ്രതി മൂന്നു വര്‍ഷത്തിന് ശേഷം പിടിയില്‍. ഇടുക്കി വണ്ടിപ്പെരിയാര്‍ ഇഞ്ചിക്കാട് സ്വദേശിയും 24 കാരനുമായ ധനുഷാണ് അറസ്റ്റിലായത്.
◾ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം മേയ് 25-ന് പ്രസിദ്ധീകരിക്കുമെന്നു പ്രഖ്യാപിച്ചിരിക്കേ, മൂല്യനിര്‍ണയ ക്യാമ്പുകളില്‍ അധ്യാപകര്‍ വിട്ടുനിന്നു. അടുത്ത ദിവസം മുതല്‍ ക്യാമ്പുകളില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത അധ്യാപകര്‍ക്കെതിരേ കര്‍ശന അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മുന്നറിയിപ്പ് നല്‍കി.
◾ സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില രേഖപ്പെടുത്താന്‍ സാധ്യത. വിവിധ ജില്ലകളില്‍ സാധാരണയെക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം. അതേസമയം ഇന്ന് സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലോടു കൂടിയ വ്യാപക മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
◾ പുതുപ്പള്ളി പള്ളിയിലെ പ്രധാന പെരുന്നാളിനു വെടിക്കെട്ട് വേണ്ടെന്ന് ഇടവക ഭരണസമിതി അറിയിച്ചു. ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുടെ ആഹ്വാനം കണക്കിലെടുത്താണു വെടിക്കെട്ട് ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
◾ കണ്ണൂര്‍ പൊയിലൂരില്‍ കണ്ടെത്തിയത് വ്യാജ ബോംബുകളെന്ന് പൊലീസ്. പൊയിലൂര്‍ മേപ്പാടുളള തെങ്ങിന്‍ തോട്ടത്തില്‍ ബക്കറ്റില്‍ മണല്‍ നിറച്ച് സൂക്ഷിച്ച നിലയിലായിരുന്നു ഐസ്‌ക്രീം കണ്ടെയ്നറുകള്‍. പിന്നാലെ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
◾ കെ.എസ്.ആര്‍.ടി.സി.ക്ക് 30,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മിഷന്‍. തോട്ടശ്ശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീന്‍ കോര്‍മത്തിന്റെ പരാതിയിലാണ് നടപടി. രോഗിയായ യാത്രക്കാരനു സീറ്റ് നല്‍കാത്തതിനും സ്റ്റോപ്പിലിറക്കാത്തതിനും കെ.എസ്.ആര്‍.ടി.സി. എം.ഡി.യാണ് പിഴ അടയ്‌ക്കേണ്ടത്.
◾ വയനാട് മാനന്തവാടി കുഴിനിലം ചെക്ക് ഡാമില്‍ ഇതര സംസ്ഥാന തൊഴിലാളി മുങ്ങി മരിച്ചു. കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മാനന്തവാടി ഫയര്‍ഫോഴ്സ് സംഘം ചെക്ക് ഡാമില്‍ നിന്നും മൃതദേഹം കണ്ടെടുത്തു.
◾ തിരുവനന്തപുരത്ത് യുവതിയെ കുത്തിക്കൊന്നതിനു ഭര്‍ത്താവ് പിടിയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വ്ളാത്താങ്കര സ്വദേശിയായ 33 വയസുകാരി അല്‍മയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
◾ ബിജെപിയില്‍ ചേര്‍ന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയര്‍മാന്‍ സി.പി. രാധാകൃഷ്ണന് ആം ആദ്മി പാര്‍ട്ടി അപേക്ഷ നല്‍കി. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും എംപിയുമായ സഞ്ജയ് സിങ്ങാണ് ഞായറാഴ്ച കത്ത് കൈമാറിയത്.
◾ ബംഗാളില്‍ കാട്ടുനീതിയാണെന്നും ബിജെപി അധികാരത്തിലെത്തിയാല്‍ കുറ്റവാളികളെയെല്ലാം നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകളാണ് കൂടുതല്‍ കഷ്ടപ്പെടുന്നതെന്നും മോദി തെരഞ്ഞെടുപ്പു പ്രചാരണ സമ്മേളനത്തില്‍ പറഞ്ഞു.
◾ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കേ പശ്ചിമബംഗാളില്‍ വ്യാപക അക്രമം. ബിജെപി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പലയിടങ്ങളിലും ഏറ്റുമുട്ടി.
◾ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വിസ് എയര്‍ വിമാനത്തിന്റെ എന്‍ജിന് തീപിടിച്ചതിനെത്തുടര്‍ന്ന് എമര്‍ജന്‍സി എക്സിറ്റിനിടെ ആറു യാത്രക്കാര്‍ക്കു പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ ഡല്‍ഹിയില്‍ നിന്ന് സൂറിച്ചിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്വിസ് എയര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ടേക്ക് ഓഫിനായി വേഗത കൂട്ടുന്നതിനിടെ വിമാനത്തിന്റെ ഒരു എന്‍ജിന്‍ തകരാറിലായി തീപിടിക്കുകയായിരുന്നു.
◾ ഇന്ത്യന്‍ ഫോട്ടോ ജേണലിസത്തിന്റെ കുലപതിയും പത്മശ്രീ ജേതാവുമായ പ്രശസ്ത ഫൊട്ടോഗ്രഫര്‍ രഘു റായ് (83) അന്തരിച്ചു. കാന്‍സറിനെത്തുടര്‍ന്നു ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 1984ലെ ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ ഭീകരത ലോകത്തിനു മുന്നിലെത്തിച്ച 'അജ്ഞാതനായ കുട്ടിയുടെ ശവസംസ്‌കാരം' എന്ന ചിത്രം രാജ്യാന്തര പ്രശസ്തമായിരുന്നു.
◾ ഹണി ട്രാപ്പിലൂടെ 9.35 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ തെലുങ്ക് നടിയും സാമൂഹികമാധ്യമ താരവുമായ വെങ്കട അശ്വനി റെഡ്ഡി (അശു റെഡ്ഡി)ക്കെതിരേ കേസ്. ലണ്ടനില്‍ താമസമാക്കിയ സോഫ്‌റ്റ്വെയര്‍ എന്‍ജിനിയര്‍ വൈ.വി. ധര്‍മേന്ദ്ര നല്‍കിയ പരാതിയിലാണ് കേസ്. നടിയുടെ പിതാവ് വെങ്കട കൃഷ്ണ കൊയ്യ, അമ്മ കൊയ്യ യശോദ റെഡ്ഡി, സഹോദരി കൊയ്യ വെങ്കട ദിവ്യ റെഡ്ഡി എന്നിവര്‍ക്കെതിരേയും ഹൈദരാബാദ് സെന്‍ട്രല്‍ ക്രൈം സ്റ്റേഷനില്‍ കേസെടുത്തു.
◾ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി എംബിഎ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 67 വയസ്സുകാരനായ പലചരക്കു വ്യാപാരിയെ പൊലീസ് അറസ്റ്റു ചെയ്തു. ഒഡീഷയിലെ ഭുവനേശ്വര്‍ ഗംഗപാദയില്‍ കട നടത്തുന്ന ദീപക് പ്രധാന്‍ ആണ് അറസ്റ്റിലായത്.
◾ ഡല്‍ഹിയിലെ ദ്വാരകയില്‍ തര്‍ക്കത്തിനിടെ പൊലീസുകാരന്റെ വെടിയേറ്റ് ഒരു തൊഴിലാളി കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ജാഫര്‍പൂര്‍ കലാന്‍ ഗ്രാമത്തിലെ ലേബര്‍ കോളനിയിലെ തൊഴിലാളികളുടെ പാര്‍ട്ടി കൂട്ടത്തല്ലായതോടെയാണ് വെടിവയ്പില്‍ കലാശിച്ചത്.
◾ തന്നെ വധിക്കാന്‍ ശ്രമിച്ചത് അതീവ മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിരവധി ആയുധങ്ങള്‍ അക്രമി കൈവശം വച്ചിരുന്നു. 50 വാര അകലെ നിന്നാണ് അക്രമി വേദിയിലേക്കു കുതിച്ചത്. ആദ്യ വെടിയൊച്ച കേട്ടപ്പോള്‍ തളിക വീണതാണെന്നാണു താന്‍ കരുതിയത്. എന്നാല്‍ സുരക്ഷാസേന മിന്നല്‍ വേഗത്തില്‍ പ്രവര്‍ത്തിച്ചു. അക്രമിയുടെ പിന്നില്‍ മറ്റു ശക്തികളുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. വലിയ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെയാണ് വധശ്രമം ഉണ്ടാകാറുള്ളതെന്നും ട്രംപ് പറഞ്ഞു.
◾ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിരുന്നിനിടെ വെടിയുതിര്‍ത്ത 31 കാരന്‍ കാലിഫോര്‍ണിയയിലെ ടോറന്‍സില്‍ നിന്നുള്ള കോള്‍ തോമസ് അലന്‍ ആണെന്നു പോലീസ്. മെക്കാനിക്കല്‍ എഞ്ചിനീയറും കമ്പ്യൂട്ടര്‍ വിദഗ്ധനുമായ ഇയാള്‍ ടോറന്‍സിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപകനാണ്. നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി ഫെലോഷിപ്പ് നേടിയിരുന്നു.
◾ ഹില്‍ട്ടണ്‍ ഹോട്ടലില്‍ യുഎസ് പ്രസിഡന്റ് ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ്‌കറസ്പോണ്ടന്റ്‌സ് അത്താഴവിരുന്നിനിടെവെടിവയ്പുണ്ടായതോടെ അതിഥികള്‍ വിലയേറിയ മദ്യക്കുപ്പികള്‍ കൈക്കലാക്കി സ്ഥലംവിട്ടു. പലരും മദ്യക്കുപ്പികള്‍ അടിച്ചുമാറ്റുന്ന വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു.
◾ ഇറാനിലുള്ള തകര്‍ന്ന വിശ്വാസം വീണ്ടെടുക്കാന്‍ ദീര്‍ഘകാലം വേണ്ടിവരുമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ്. ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനും മേഖലയിലെ മറ്റു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പഴയപടിയാകാന്‍ എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.
◾ ഗള്‍ഫിലെ അമേരിക്കന്‍ സൈനിക താവളങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ അതീവ ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍. മേഖലയിലെ യുഎസ് താവളങ്ങള്‍ക്കും സൈനിക ഉപകരണങ്ങള്‍ക്കും കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചതായും അറ്റകുറ്റപ്പണികള്‍ക്കായി ലക്ഷക്കണക്കിന് ഡോളര്‍ ചെലവാകുമെന്നും ഉന്നത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
◾ ഭീഷണിക്കും സമ്മര്‍ദ്ദത്തിനും വഴങ്ങി ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. ആണവ പദ്ധതികള്‍ ഉപേക്ഷിക്കില്ലെന്നും ഹോര്‍മുസിന്റെ നിയന്ത്രണം മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന ഉപാധി പാക്കിസ്ഥാന്‍ വഴി അമേരിക്കയെ അറിയിച്ചിട്ടുണ്ടെന്നും തങ്ങളുടെ നിലപാടുകള്‍ അംഗീകരിക്കുമെങ്കില്‍ മാത്രമേ ഇനി ചര്‍ച്ചയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
◾ ഇറാന്റെ പുതിയ പരമോന്നത നേതാവ് മോജ്തബ ഖമേനിയുടെ ചിത്രങ്ങള്‍ കൊല്ലപ്പെട്ട രക്തസാക്ഷികള്‍ക്കൊപ്പം പ്രത്യക്ഷപ്പെട്ടു. മഷാദില്‍ നടന്ന ചടങ്ങില്‍ അധികൃതര്‍ അനാവരണം ചെയ്ത ചുവര്‍ചിത്രത്തില്‍, യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട പ്രമുഖര്‍ക്കൊപ്പമാണ് മോജ്തബയുടെയും ചിത്രം. പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാത്ത അദ്ദേഹവും കൊല്ലപ്പെട്ടോ എന്നാണ് സംശയം.
◾ മാലിയില്‍ സൈനിക ഭരണകൂടത്തിലെ പ്രതിരോധ മന്ത്രി സാദിയോ കാമറ കാര്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബമാകോയ്ക്ക് സമീപമുള്ള കിറ്റയിലെ വീടിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടാം ഭാര്യയും രണ്ട് പേരക്കുട്ടികളും മരിച്ചു.
◾ പത്തു ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് മെറ്റ. എണ്ണായിരം പേരെ പിരിച്ചുവിടുമെന്ന് ചീഫ് പീപ്പിള്‍ ഓഫീസര്‍ ജാനെല്‍ ഗെയ്ല്‍ ജീവനക്കാര്‍ക്ക് അയച്ച ഇന്റേണല്‍ മെമ്മോയിലാണ് അറിയിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പദ്ധതികളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്ന സാഹചര്യത്തിലാണു കൂട്ടപ്പിരിച്ചുവിടല്‍.
◾ ടെക് ലോകത്തെ എഐ കീഴടക്കിയെന്ന് ഗൂഗിള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട്. കമ്പനിയില്‍ സൃഷ്ടിക്കുന്ന പുതിയ കോഡിന്റെ 75 ശതമാനവും ഇപ്പോള്‍ എഐ സിസ്റ്റങ്ങളാണ് നിര്‍മ്മിക്കുന്നതെന്ന് സിഇഒ സുന്ദര്‍ പിച്ചൈ വെളിപ്പെടുത്തി.
◾ കൈക്കൂലി വാങ്ങി പ്രവാസികള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയും കള്ളക്കേസുകള്‍ ചമയ്ക്കുകയും ചെയ്ത സൈനിക ഉദ്യോഗസ്ഥന് കുവൈറ്റ് ക്രിമിനല്‍ കോടതി 10 വര്‍ഷം കഠിനതടവിനു ശിക്ഷിച്ചു. തലസ്ഥാന ഗവര്‍ണറേറ്റിലെ പൊലീസ് സ്റ്റേഷനില്‍ സേവനമനുഷ്ഠിച്ചിരുന്ന ഉദ്യോഗസ്ഥനെ ശിക്ഷിച്ചത്.
◾ മക്കയില്‍ വ്യാജ ഹജ്ജ് തീര്‍ത്ഥാടന പദ്ധതികള്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിവന്ന അഞ്ചംഗ സംഘത്തെ സുരക്ഷാ സേന പിടികൂടി. ഒരു സ്വദേശിയും രണ്ട് ഈജിപ്ഷ്യന്‍ പൗരന്മാരും രണ്ട് ലെബനീസ് പൗരന്മാരുമാണ് അറസ്റ്റിലായത്.
◾ ആളോഹരി ജിഡിപിയില്‍ ഇന്ത്യയെ ബംഗ്ലാദേശ് പിറകിലാക്കുമെന്ന് ഐഎംഎഫ്. ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യ ആറാം സ്ഥാനത്തേക്കു താഴുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാസത്തോടെ ബംഗ്ലാദേശിന്റെ ആളോഹരി ജിഡിപി 2911 ഡോളറും ഇന്ത്യയുടേത് 2,812 ഡോളറുമാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയുടെ ജിഡിപി വളരെ ഉയര്‍ന്നതാണെങ്കിലും ജനസംഖ്യ കൂടുതലായതിനാലാണ് ആളോഹരി നിരക്കില്‍ പിറകിലാകുന്നത്.
◾ സുരക്ഷാ സാഹചര്യം വഷളായതിനെത്തുടര്‍ന്ന് പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മാലിയിലെ പ്രധാന നഗരങ്ങളിലും സൈനിക താവളങ്ങളിലും ഭീകരര്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
◾ സുന്നി തീവ്രവാദ ഗ്രൂപ്പായ ജെയ്ഷ് അല്‍-അദലില്‍ അംഗമായ ആളെ ഇറാനില്‍ തൂക്കിലേറ്റി. തെക്കുകിഴക്കന്‍ ഇറാനില്‍ നടന്ന തീവ്രവാദ വിരുദ്ധ ഓപ്പറേഷനില്‍ അറസ്റ്റിലായ ആമേര്‍ റാമേഹ് എന്നയാളെയാണ് തൂക്കിലേറ്റിയത്.
◾ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തകര്‍ത്ത ഗുജറാത്ത് ടൈറ്റന്‍സിന് എട്ടു വിക്കറ്റ് ജയം. ചെപ്പോക്കില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. 60 പന്തില്‍ പുറത്താകാതെ 74 റണ്‍സെടുത്ത നായകന്‍ റുതുരാജ് ഗെയ്ക്വാദ് മാത്രമാണ് ചെന്നൈക്കായി പൊരുതിയത്. മലയാളി താരം സഞ്ജു സാസംണ്‍ 15 പന്തില്‍ 11 റണ്‍സെടുത്ത് പുറത്തായി. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 16.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 46 പന്തില്‍ 87 റണ്‍സ് നേടിയ തമിഴ്നാട്ടുകാരനായ സായ് സുദര്‍ശനാണ് ഗുജറാത്തിനെ വിജയത്തിലേക്കു നയിച്ചത്.
◾ ഐപിഎല്ലിലെ മറ്റൊരു മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ സൂപ്പര്‍ ഓവറില്‍ ജയം. ലക്നൗവില്‍ നടന്ന മത്സരത്തില്‍ നിശ്ചിത ഓവറില്‍ 155 റണ്‍സ് വീതമാണ് നേടിയത്. 51 പന്തില്‍ 83 റണ്‍സെടുത്ത റിങ്കു സിംഗിന്റെ മികവിലാണ് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തത്. മറുപടി ബാറ്റിംഗില്‍ അവസാന പന്ത് സിക്സടിച്ച് ഷമി ലക്നൗവിനെ ഒപ്പമെത്തിക്കുകയായിരുന്നു. 38 പന്തില്‍ 42 റണ്‍സെടുത്ത റിഷഭ് പന്താണ് ലക്നൗവിന്റെ ടോപ് സ്‌കോറര്‍.
◾ ഓഹരി വിപണിയില്‍ പത്തുമുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം രണ്ടു ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. സെന്‍സെക്‌സ് 1,829 പോയിന്റ് ആണ് ഇടിഞ്ഞത്. ടിസിഎസിന് മാത്രം 66,699 കോടിയുടെ നഷ്ടമാണ് നേരിട്ടത്. 8,67,364 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം താഴ്ന്നത്. റിലയന്‍സിന് 50,670 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. 17,96,647 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം താഴ്ന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് 23,090 കോടി, എല്‍ഐസി 19,670 കോടി, ഭാരതി എയര്‍ടെല്‍ 19,406 കോടി, ഐസിഐസിഐ ബാങ്ക് 14,663 കോടി, എല്‍ആന്റ്ടി 11,142 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. വിപണി മൂല്യത്തില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറിന് 20,652 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നില്‍.
◾ മനുഷ്യന്റെ സ്വപ്നങ്ങളെ നിയന്ത്രിക്കാന്‍ തങ്ങളുടെ വെയറബിള്‍ ഡിവൈസുകള്‍ക്ക് കഴിയുമെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് സ്റ്റാര്‍ട്ടപ്പായ പ്രോഫെറ്റിക് എഐ. മനുഷ്യന്‍ സ്വപ്നം കാണുന്ന രീതി തന്നെ മാറ്റാന്‍ കഴിവുള്ളതാണ് ഇവയെന്നാണ് കമ്പനിയുടെ വാദം. ഇതിനായി ഡ്യുവല്‍, ഫേസ് എന്നിങ്ങനെ രണ്ട് വെയറബിള്‍ ഉപകരണങ്ങളാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്. തലയില്‍ ധരിക്കുന്ന ബാന്‍ഡിന്റെ രൂപത്തിലുള്ളതാണ് ഡിവൈസുകള്‍. അതില്‍ ഒരു വയറും ഘടിപ്പിച്ചിട്ടുണ്ട്. സ്വപ്നം കാണുകയാണെന്ന തിരിച്ചറിവോടെ കാണുന്ന ലൂസിഡ് സ്വപ്നങ്ങള്‍ ഉത്തേജിപ്പിക്കാന്‍ ഈ ഡിവൈസുകള്‍ക്ക് കഴിയും എന്നാണ് കമ്പനി പറയുന്നത്. ഈ ഉപകരണങ്ങളുടെ വില 449 ഡോളര്‍ (ഏകദേശം 43,200 രൂപ), 1,299 ഡോളര്‍ (ഏകദേശം 1,22,000 രൂപ) ആയിരിക്കും.
◾ രശ്മിക മന്ദാന തന്റെ കരിയറില്‍ ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്ന 'മൈസ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കേരളത്തിലാണ് നടക്കുന്നത്. 15 ദിവസത്തെ ഷൂട്ടിംഗ് ആണ് കേരളത്തില്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നത്. അത്യധികം ഉദ്വേഗജനകമായ ആക്ഷന്‍ രംഗങ്ങളാണ് കേരളത്തില്‍ ചിത്രീകരിക്കുന്നത്. വളരെ ബോള്‍ഡ് ആയിട്ടുള്ള റോളിലാണ് പടത്തില്‍ രശ്മിക എത്തുന്നതെന്നാണ് നേരത്തെ പുറത്തുവിട്ട പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഏറെ ട്രെന്‍ഡിങ് ആയി മാറിയിരുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനില്‍ സയ്യാപുരെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
◾ മോഹന്‍ലാലിന്റെ 'തുടരും' കേരളത്തില്‍ നിന്ന് നേടിയ ലൈഫ്ടൈം കളക്ഷനായ 118.90 കോടി രൂപ മറികടന്ന് 'വാഴ 2'. ാഷിര്‍, അലന്‍, വിനായക്, അജിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സവിന്‍ സാ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ 200 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരിക്കുകയാണ്. മാത്രമല്ല കേരളം ബോക്സ് ഓഫീസില്‍ നിന്ന് മാത്രമായി 119.50 കോടി നേടാനും വാഴ 2വിന് സാധിച്ചു. സൗഹൃദത്തിന്റെ തീവ്ര വികാരങ്ങളും നൊസ്റ്റാള്‍ജിയയും അടങ്ങുന്ന വിധത്തില്‍ മനോഹരമായാണ് തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ സാങ്കേതിക വശങ്ങളും മികച്ച നില്‍ക്കുന്നുണ്ട്. ഓരോ നിമിഷവും പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതില്‍ സംവിധായകന്‍ സവിനും തിരക്കഥകൃത്ത് വിപിന്‍ ദാസും വിജയിച്ചിട്ടുണ്ട്.
◾ 150 സിസി മുതല്‍ 200 സിസി വരെയുള്ള മോട്ടോര്‍സൈക്കിള്‍ വിഭാഗം 2026 മാര്‍ച്ചില്‍ വില്‍പനയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. മൊത്തം വില്‍പ്പന 189,703 യൂണിറ്റിലെത്തി, 2025 മാര്‍ച്ചിലെ 147,025 യൂണിറ്റുകളെ അപേക്ഷിച്ച് 29.03 ശതമാനമാണ് വര്‍ധന. ബജാജ് ഓട്ടോയുടെ പള്‍സറായിരുന്നു ഈ വിഭാഗത്തില്‍ മുന്നില്‍. ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ അപ്പാച്ചെ രണ്ടാം സ്ഥാനത്തും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ യൂണികോണ്‍ മൂന്നാം സ്ഥാനത്തുമെത്തി. യമഹ മോട്ടോര്‍ ഇന്ത്യയും മികച്ച പ്രകടനം കാഴ്ചവച്ചു. ഹീറോ മോട്ടോകോര്‍പ്പിന്റെ എക്സ്പള്‍സ് 200 ആണ് ഏറ്റവും വേഗത്തില്‍ വളരുന്ന ബൈക്ക്. കെടിഎമ്മിന്റെ 200 ഡ്യൂക്കിന്റെ വില്‍പ്പനയും വര്‍ധിച്ചു. അതേസമയം ഹോണ്ടയുടെ എസ്പി160, സിബി200എക്സ്, ഹോര്‍ണറ്റ് 2.0 എന്നിവയുടെ വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തി. സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യയ്ക്ക് നേരിയ ഇടിവ് നേരിട്ടു.
◾ പ്രണയവും കാല്പനികതയുമാണ് എന്‍. മോഹനന്റെ രചനാലോകത്തെ കഥനത്തിന്റെ മുഖ്യപാത. സൗഹൃദത്തിന്റെയും രാഷ്ട്രീയത്തിന്റെയും കുടുംബബന്ധങ്ങളുടെയും ചില ഉപരഥ്യകളുമുണ്ട്. റബ്ബറും കുരുമുളകും തുളസിയും നന്ത്യാര്‍വട്ടവും പള്ളിയും അമ്പലവും ഗ്രാമവും നഗരവും പഴമയും പുതുമയും ബ്യൂറോക്രസിയും രാഷ്ട്രീയവും പത്ര പ്രവര്‍ത്തനവും വൈദ്യവൃത്തിയും അധ്യാപനവും സാഹിത്യവും പോലുള്ള സാംസ്‌കാരികവും പ്രാദേശികവും തൊഴില്‍പരവുമായ പലമകളാല്‍ സമ്പന്നമായ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ കേരളീയജീവിതത്തിന്റെ പരിച്ഛേദംപോലെ ഈ കഥകള്‍. 'എന്‍. മോഹനന്റെ കഥകള്‍'. എന്‍ മോഹനന്‍. ഡിസി ബുക്സ്. വില 807 രൂപ.
◾ ആര്‍ത്തവ വേദന നിയന്ത്രിക്കാന്‍ കഴിയാതെ വരുമ്പോള്‍ വേദനസംഹാരികളെ ആശ്രയിക്കുന്ന നിരവധി സ്ത്രീകളുണ്ട്. ഇവ താല്‍ക്കാലിക ആശ്വാസം നല്‍കുമെങ്കിലും അമിത ഉപയോഗം ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാം. ഇബുപ്രോഫെന്‍ പോലുള്ള നോണ്‍-സ്റ്റിറോയിഡല്‍ ആന്റി-ഇന്‍ഫ്ലമേറ്ററി മരുന്നുകള്‍ അമിതമായി ഉപയോഗിക്കുന്നത് ദഹനനാളത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. ഇത് ആമാശയ പാളിയെ പ്രകോപിപ്പിക്കുകയും അള്‍സര്‍, ഗ്യാസ്ട്രൈറ്റിസ് പോലുള്ള രോ?ഗങ്ങളിലേക്ക് നയിക്കുകയും ചെയ്യാം. ഗുരുതര സാഹചര്യങ്ങളില്‍ രക്തസ്രാവവും ഉണ്ടാകാം. ഇത് ജീവന് തന്നെ ഭീഷണിയായേക്കും. നോണ്‍-സ്റ്റിറോയിഡല്‍ ആന്റി-ഇന്‍ഫ്ലമേറ്ററി മരുന്നുകളുടെ ദീര്‍ഘകാല ഉപയോഗം ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയുടെ അപകടസാധ്യതയും വര്‍ധിപ്പിക്കുന്നു. ഇതിനോടകം ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ അല്ലെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദം പോലുള്ള മറ്റ് ഘടകങ്ങള്‍ ഉള്ള സ്ത്രീകളിലും ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത് അപകടമാണ്. മറ്റൊരു വേദനസംഹാരിയായ അസറ്റാമിനോഫെന്റെ അമിത ഉപയോഗം കരളിന്റെയും വൃക്കയുടെയും ആരോഗ്യത്തെ ബാധിക്കും. കാലക്രമേണ വൃക്കയെ തകരാറിലാക്കാം.
*ശുഭദിനം*
*കവിത കണ്ണന്‍*
ബീച്ചില്‍ എന്നും ഒരേ സ്ഥലത്ത് ധാന്യപ്പൊടി വില്‍ക്കാന്‍ അയാളുണ്ടാകും. അയാളുടെ ഉപജീവന മാര്‍ഗ്ഗം അതാണ്. ധാന്യപ്പൊടി വില്‍ക്കുന്നതിനോടൊപ്പം അയാള്‍ നാരങ്ങവെള്ളവും നല്‍കുന്നുണ്ട്. അത് പക്ഷേ, തീര്‍ത്തും സൗജന്യമാണ്. ഇതെല്ലാം ശ്രദ്ധിച്ച ഒരാള്‍ അയാളോട് ചോദിച്ചു: നിങ്ങള്‍ എന്തിനാണ് നാരങ്ങവെള്ളം സൗജന്യമായി നല്‍കുന്നത്. അയാള്‍ പറഞ്ഞു: ധാന്യം വാങ്ങി പൊടിച്ചാണ് ഞാന്‍ വില്‍ക്കുന്നത്, എനിക്കതിന് മുതല്‍മുടക്കുണ്ട്. വരുമാനവുമുണ്ട്. വീട്ടില്‍ നാരങ്ങ സമൃദ്ധമായുണ്ട്. അതുകൊണ്ടാണ് അത് സൗജന്യമായി നല്‍കുന്നത്. മതി എന്നത് ഒരു മനോഭാവമാണ്. അത് നേടാനായാല്‍ ജീവിതത്തില്‍ സംതൃപ്തിക്ക് മറ്റൊന്നും വേണ്ട. ആഗ്രഹിച്ചതെല്ലാം നേടിയെടുക്കുമ്പോള്‍ ഉടലെടുക്കുന്ന മനോഭാവമല്ല മതി എന്നത്. സ്വയം പരിധി നിശ്ചയിച്ച് അതിനപ്പുറത്തുളളതെല്ലാം മററുളളവര്‍ക്ക് നല്‍കാന്‍ അനവദിച്ചുനല്‍കുന്ന മനഃസ്ഥിതിയാണിത്. ആഗ്രഹങ്ങള്‍ക്ക് പരിധിയില്ലാത്തതുകൊണ്ട് സംതൃപ്തിക്കും അതിരുണ്ടാകാറില്ല. മറ്റൊരുവരുമാനത്തിന് കൂടി സാധ്യതയുണ്ടാകുമ്പോഴും അതു വേണ്ടെന്ന് വെക്കുന്നതാണ് മതി എന്ന മനോഭാവം. അത് സൗജന്യമായി മറ്റൊരാള്‍ക്ക് നല്‍കുമ്പോള്‍ അവിടെ മഹനീയത കൈവരുന്നു. കൊതി അവസാനിക്കാതെ മതി രൂപപ്പെടാറില്ല. അനാവശ്യമായതിന്റെ പിറകെ അലഞ്ഞ് തിരിഞ്ഞ് ജീവിതാവസാനത്തിലാണ് നാം തിരിച്ചറിയുക, നേടേണ്ടതൊന്നും നാം നേടില്ല എന്നത്. എന്തൊക്കെ വേണമെന്നും എത്ര അളവില്‍ വേണമെന്നും നാം അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ നമുക്ക് ക്രിയാതമകമായി ജീവിതത്തെ സമീപിക്കാന്‍ സാധിക്കില്ല- ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍