താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം; ഭാരവാഹനങ്ങൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തി.
താമരശ്ശേരി ചുരത്തിൽ നാളെ (ബുധൻ) മുതൽ വിവിധ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിലെ ആറാം വളവിൽ കഴിഞ്ഞ ദിവസം കൊക്കയിലേക്ക് മറിഞ്ഞ ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതാണ് പ്രധാന തടസ്സം. ഇതിനുപുറമെ ചുരത്തിന്റെ വിവിധ ഭാഗങ്ങളിൽ അറ്റകുറ്റപ്പണികളും ഒരേസമയം നടക്കും.
നിയന്ത്രണങ്ങൾ ഇങ്ങനെ:
മൾട്ടി ആക്സിൽ വാഹനങ്ങൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾക്ക് ചുരത്തിൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തി. കാറുകൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്ക് ഭാഗികമായ നിയന്ത്രണം ഉണ്ടായിരിക്കും. ബുധനാഴ്ച രാവിലെ മുതൽ പ്രവൃത്തികൾ അവസാനിക്കുന്നത് വരെയാണ് നിയന്ത്രണമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
ചുരത്തിൽ നാളെ നടക്കുന്ന പ്രധാന പ്രവൃത്തികൾ
ആറാം വളവിൽ അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ഉയർത്തുന്ന പ്രവൃത്തി. വ്യൂ പോയിന്റിൽ പാറ ഇടിഞ്ഞ ഭാഗത്ത് സുരക്ഷാ വല (Net) സ്ഥാപിക്കൽ. ഒമ്പതാം വളവിലെ തകർന്ന സംരക്ഷണ ഭിത്തിയുടെ നിർമ്മാണം. രണ്ടാം വളവിനോട് ചേർന്ന് പുതിയ കൾവർട്ടിന്റെ പണികൾ കൂടി ആരംഭിക്കുന്നു.
ഈ സാഹചര്യത്തിൽ യാത്രക്കാർ പകൽ സമയത്ത് ചുരം ഒഴിവാക്കി ഇതര പാതകൾ ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍