തലക്ക് ക്ഷതമേറ്റ് യുവാവിന്റെ മരണം; അന്വേഷിക്കണമെന്ന് കുടുംബം



 എകരൂൽ: പൂനൂർ 19 ൽ തലക്ക് ക്ഷതമേറ്റ നിലയിൽ  അബോധാവസ്ഥയിലായ യുവാവ് മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബന്ധുക്കൾ ബാലുശ്ശേരി പൊലീസിൽ പരാതി നൽകി. ഉണ്ണികുളം  പഞ്ചായത്തിലെ 
പൂനൂർ -19 
ചിറക്കൽ ഷരീഫിനെയാണ് (48) കഴിഞ്ഞ ബുധനാഴ്ച രാത്രി ഒമ്പതരയോടെ ബൈക്കിൽ ഒരാൾ വീടിനു മുമ്പിൽ എത്തിച്ചത്. ബൈക്കിൽ നിന്ന് ഇറക്കുമ്പോൾ ബോധമറ്റ നിലയിൽ ഷരീഫ് റോഡിൽ വീഴുകയായിരുന്നുവെന്ന് ബാലുശ്ശേരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് ഷരീഫിനെ കൊണ്ടുവന്നയാളും ഷരീഫിന്റെ സഹോദരൻ സിദ്ദീഖും ചേർന്ന് പൂനൂരിലെയും  ഓമശ്ശേരിയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും തലക്കേറ്റ ക്ഷതം ഗുരുതരമായതിനാൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സക്കിടെ വെള്ളിയാഴ്ച ഉച്ചയോടെയാണ് ഷരീഫ് മരിച്ചത്. സാധാരണ വീഴ്ച കൊണ്ടുണ്ടായ പരിക്കല്ലെന്നും ശക്തമായ പ്രഹരം ഏറ്റിട്ടുണ്ടെന്ന് സംശയിക്കുന്നതായി ഡോക്ടർമാർ പറഞ്ഞതായും സഹോദരൻ സിദ്ദീഖിൻ്റെ പരാതിയിലുണ്ട്.  സംഭവദിവസം തൊട്ടടുത്ത പ്രദേശമായ പെരിങ്ങളം വയലിൽ വെച്ച് നടന്ന സംഘർഷത്തിൽ ഷരീഫ് ഉൾപ്പെട്ടിരുന്നതായി സംശയിക്കുന്നുണ്ടെന്നും സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും സഹോദരൻ സിദ്ദീഖ് ബാലുശ്ശേരി പൊലീസിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ ബാലുശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
ചിറക്കൽ പരേതനായ കോയാമുട്ടിയുടെയും പാത്തുമ്മയുടെയും മകനാണ് മരിച്ച ഷരീഫ്. ഭാര്യ: ഷമീന. മക്കൾ: നൂഹ ഫാത്തിമ, ഹാദി മുഹമ്മദ്, നഹാൻ മുഹമ്മദ്. സഹോദരങ്ങൾ: സിദ്ദീഖ്, ജംഷീദ്, സുബൈദ, ബുഷ്റ, റസീന, സബീന, പരേതനായ റഹീം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍