ബുധനാഴ്ച മുതൽ കനത്ത മഴയെന്ന് കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: കൊടും ചൂടിനിടെ കുളിരും ആശ്വാസവുമായി ബുധനാഴ്ച മുതൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നലെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ ലഭിച്ചിരുന്നു. കടുത്ത ചൂടിനും സുര്യാതപത്തിനും ഇടയിൽ വലിയ ആശ്വാസമായിരിക്കും വേനൽ മഴ. വേനൽചൂട് അതിരൂക്ഷമായി തുടരുന്നതിനിടെ ഇന്നലെയും നിരവധി പേർക്ക് സൂര്യാതപമേറ്റിരുന്നു. പാലക്കാട് ജില്ലയിൽ മൂന്നുപേർക്കും കണ്ണൂരിൽ ഓട്ടോ ഡ്രൈവർക്കുമാണ് സൂര്യാതപമേറ്റത്. പാലക്കാട് ലക്കിടി കൂട്ടുപാതയിലെ ഓട്ടോറിക്ഷാ ഡ്രൈവർ ജയൻ, ഒറ്റപ്പാലം സ്വദേശിനി ജയശ്രീ, അട്ടപ്പാടി താവളം സ്വദേശി പഴനിസ്വാമി എന്നിവർക്കാണ് പൊള്ളലേറ്റത്. ജയശ്രീക്ക് വാണിയംകുളത്തുനിന്ന് തോട്ടക്കരയിലേക്കുള്ള യാത്രയ്ക്കിടയിലാണ് പൊള്ളലേറ്റത്. ലക്കിടിയിൽ ഓട്ടോ ഓടിക്കുന്നതിനിടയിലാണ് ജയന് സൂര്യാതപമേറ്റത്. രണ്ടുപേരും ആശുപത്രിയിൽ ചികിത്സ തേടി. ജയന്റെ കഴുത്തിലും വയറ്റിലും ഉൾപ്പെടെ ശരീരത്തിൽ മൂന്നിടത്ത് പൊള്ളലേറ്റ പാടുകളുണ്ട്. അട്ടപ്പാടിയിൽ കൂലിപ്പണിക്കാരനായ പഴനിസ്വാമിക്ക് കൃഷിയിടത്തിൽ നിന്നാണ് കൈയ്ക്ക് പൊള്ളലേറ്റത്.
പാലക്കാട്ട് കഴിഞ്ഞ ദിവസം താപനില 41.9 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിരുന്നു. ഇത് സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയർന്നതാണ്. വരും ദിവസങ്ങളിൽ ചൂട് ഇനിയും കൂടാൻ സാധ്യതയുള്ളതിനാൽ ഉഷ്ണതരംഗ ജാഗ്രതാ നിർദേശവും ജില്ലയിൽ നിലവിലുണ്ട്.
കണ്ണൂരിൽ പാനൂരിന് സമീപം വള്ളങ്ങാട്ടെ ഓട്ടോ ഡ്രൈവർ നെല്ലിയുള്ളതിൽ ശശി (60) യ്ക്കാണ് സൂര്യാതപമേറ്റത്. കഴിഞ്ഞ ദിവസം രാവിലെ 11.30 ഓടെ ചൊക്ലിയിൽ യാത്രക്കാരനെ ഇറക്കി തിരിച്ചുവരുന്നതിനിടെയാണ് ശശിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ശക്തമായ ചൂടിൽ ദീർഘസമയം ഓട്ടോ ഓടിച്ചപ്പോൾ കൈകളിൽ പൊള്ളലേൽക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍