പ്രഭാത വാർത്തകൾ

2026  മേയ് 9, ശനി
1201  മേടം 26, തിരുവോണം
1447  ദുൽഖഅ്ദ 21

◾  തമിഴ്നാട് മുഖ്യമന്ത്രിയാകാനുള്ള നടന്‍ വിജയിന്റെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍. കേവല ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ സത്യപ്രതിജ്ഞ അനുവദിക്കില്ലെന്നു ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. കേവല ഭൂരിപക്ഷമായ 118 നു പകരം പിന്തുണക്കത്തില്‍ 116 പേരേയുള്ളൂവെന്നു ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. 120 പേരുടെ പിന്തുണ അവകാശപ്പെട്ട് ടിവികെ നേതാവ് വിജയ് ഗവര്‍ണറുമായി മൂന്നാംവട്ടം കൂടിക്കാഴ്ച നടത്തിയിരുന്നു. ടിവികെയ്ക്കു 108 സീറ്റുണ്ടെങ്കിലും വിജയ് രണ്ടിടത്തു ജയിച്ചതിനാല്‍ യഥാര്‍ത്ഥ അംഗബലം 107 ആണ്. കോണ്‍ഗ്രസ് 5, സിപിഎം 2, സിപിഐ 2, മുസ്ലിം ലീഗ് 2, വിസികെ 1, എന്നീ കക്ഷികളുടെ എംഎല്‍എമാര്‍ പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ മുസ്ലിം ലീഗിന്റേയും വിസികെയുടേയും പിന്തുണക്കത്ത് ഇല്ല. ഇതേസമയം മന്ത്രിസഭയുണ്ടാക്കാന്‍ എഐഎഡിഎംകെ നേതാവ് എടപ്പാടി പഴനിസ്വാമിയെ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് എഎംഎംകെ നേതാവ് ടിടിവി ദിനകരന്‍ ഗവര്‍ണറെ കണ്ട് കത്തുനല്‍കി. കത്തില്‍ ദിനകരന്റെയും പാര്‍ട്ടിയുടെ ഏക എംഎല്‍എയുടെയും ഒപ്പുമാത്രമേയുള്ളൂ.

◾  കേരളത്തില്‍ യുഡിഎഫ് ഭരണം ആരംഭിക്കുന്നതിനു മുമ്പേ, വിവിധ വകുപ്പുകളില്‍ കൂട്ടസ്ഥലംമാറ്റം. വിദ്യാഭ്യാസ വകുപ്പിനു പിറകേ, ലോക്കല്‍ ഫണ്ട് ഓഡിറ്റ്, സ്റ്റാറ്റിറ്റിക്സ് വകുപ്പുകളില്‍ സ്ഥലംമാറ്റ ഉത്തരവിറങ്ങി. ഇടതു യൂണിയന്‍ നേതാക്കളെയാണ് കൂട്ടത്തോടെ സ്ഥലം മാറ്റിയത്. ഇതിനെതിരെ എന്‍ ജി ഒ യൂണിയന്‍ പ്രതിഷേധിച്ചു. വികാസ്ഭവനില്‍ സ്ഥലമാറ്റ ഉത്തരവ് കത്തിച്ചു.

◾  കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്രയെന്ന യുഡിഎഫ് വാഗ്ദാനം നടപ്പാക്കാന്‍ പ്രാഥമിക നടപടികള്‍ തുടങ്ങി. ടിക്കറ്റ് മെഷീനില്‍ ഇന്നു മുതല്‍ ലിംഗഭേദം രേഖപ്പെടുത്തും. ഇതിനായി കെഎസ്ആര്‍ടിസിയുടെ അഡിഷണല്‍ ജനറല്‍ മാനേജരാണ് ഉത്തരവിറക്കിയത്.

◾  കവി കെ സച്ചിദാനന്ദന്‍ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ചു. ഈ മാസം 31 വരെ കാലാവധി ഉണ്ടായിരുന്നു. ഭരണ മാറ്റത്തിന്റെ ഭാഗമായിട്ടാണ് രാജി. 2022 മാര്‍ച്ചിലാണ് കെ സച്ചിദാനന്ദന്‍ അക്കാദമി അധ്യക്ഷനായി ചുമതലയേറ്റത്. തുടര്‍ഭരണം വേണ്ടെന്നും അതു ഫാസിസത്തിലേക്കു നയിക്കുമെന്നും തെരഞ്ഞെടുപ്പിനു മുമ്പേ തുറന്നടിച്ചത് വിവാദമായിരുന്നു.

◾  കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച ഡല്‍ഹിയില്‍. നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്കു വിളിപ്പിച്ചു. വിഡി സതീശനും രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ഇന്ന് ഡല്‍ഹിയിലെത്തും. കെ.സി വേണുഗോപാല്‍ ഡല്‍ഹിയില്‍ത്തന്നെയുണ്ട്.

◾  ചേരിതിരിഞ്ഞ് പ്രകടനങ്ങള്‍ നടത്തുന്നതും ഫ്ളക്സുകള്‍ സ്ഥാപിക്കുന്നതും അവസാനിപ്പിക്കണമെന്ന് വി.ഡി. സതീശന്‍ ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു. തൃശൂരിലും തിരുവനന്തപുരത്തും കോഴിക്കോട്ടും മലപ്പുറത്തും സതീശന്‍ അനുകൂലികള്‍ പ്രകടനം നടത്തുന്നതിനിടെയാണ് അഭ്യര്‍ത്ഥന.

◾  തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പാര്‍ട്ടി നേതൃത്വം. മാധ്യമങ്ങള്‍ കള്ളക്കഥ പ്രചരിപ്പിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിറക്കി.

◾  പൊന്നൊരുക്കുന്നിടത്ത് പൂച്ചയ്ക്കു കാര്യമില്ലെങ്കിലും മുഖ്യമന്ത്രി ആലപ്പുഴയില്‍ നിന്നായാല്‍ വളരെ സന്തോഷമെന്ന് വെള്ളാപ്പള്ളി നടേശന്‍. കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി ഡി സതീശനും മുഖ്യമന്ത്രിയാകാന്‍ യോഗ്യരാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

◾  വി.ഡി. സതീശനെ പിന്തുണച്ച് പ്രമുഖ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാറാ ജോസഫ്. സതീശന്റെ കഴിയും രാഷ്ട്രീയ തന്ത്രങ്ങളും പരമാവധി ഉപയോഗിക്കാനുള്ള വിവേകം ഹൈക്കമാന്‍ഡ് കാണിക്കണമെന്ന് സാറാ ജോസഫ് ഫേസ് ബുക്കില്‍ കുറിച്ചു.  

◾  വി.ഡി സതീശന്റെ പുതിയ പുസ്തകം ഇന്നു പ്രകാശിതമാകും. 'ആദം നീ എവിടെ ആകുന്നു?' എന്ന പേരില്‍ ക്രിസ്ത്യന്‍ പ്രമേയമായുള്ള പുസ്തകമാണ് പുറത്തിറക്കുന്നത്. ഡിസി ബുക്‌സാണ് പ്രസാധകര്‍. ദൈവത്തെ അന്വേഷിക്കുന്ന ഒരു രാഷ്ട്രീയക്കാരന്റെ നിരീക്ഷണമാണു പുസ്തകമെന്നാണ് അവതാരിക എഴുതിയ ഡോ. സിറിയക് തോമസ് അഭിപ്രായപ്പെട്ടത്.

◾  എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു. പ്രതിഭ തോറ്റതിനു തന്നെ പഴിച്ചിട്ടു കാര്യമില്ല, മകന്‍ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോള്‍ ഓര്‍ക്കണമായിരുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍. താനാണ് തോല്‍പ്പിച്ചതെങ്കില്‍ തനിക്കതൊരു പൊന്‍തൂവലാണെന്നും ജനം എല്ലാം കാണുന്നുണ്ടെന്ന് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

◾  കണ്ണൂര്‍ - തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്‌സ്പ്രസിന് ആലുവ സ്റ്റേഷനില്‍ സ്റ്റോപ് അനുവദിച്ചതായി ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.

◾  സിപിഎം ബ്രാഞ്ച് കഴക്കൂട്ടം, കല്‍പ്പന ബ്രാഞ്ച് സെക്രട്ടറി റിബ്സണ്‍ ബലാല്‍സംഗ കേസില്‍ പിടിയില്‍. കഴക്കൂട്ടത്ത് 23 കാരിയെ സ്പായില്‍ പീഡിപ്പിച്ചെന്നാണ് കേസ്.  സ്പാ നടത്തിയിരുന്ന ആലപ്പുഴ സ്വദേശിനിയും പിടിയിലായി.

◾  ദത്തെടുത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 44 വര്‍ഷം കഠിന തടവും 1,04,000 രൂപ പിഴയും. മാങ്ങാട്ടിടം സ്വദേശി സി ജി ശശികുമാറിനെയാണ് തലശ്ശേരി പോക്സോ കോടതി ശിക്ഷിച്ചത്. അതിജീവിതയുടെ സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഏഴു വര്‍ഷം തടവും 15,000 രൂപ പിഴയും ശിക്ഷയും നേരത്തെ വിധിച്ചിരുന്നു.

◾  സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ബ്രഹ്‌മഹഗിരി ഡവലപ്‌മെന്റ് സൊസൈറ്റിയിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുല്‍ത്താന്‍ബത്തേരിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തി. 600 നിക്ഷേപകരില്‍ നിന്നായി 100 കോടി രൂപയിലധികം സമാഹരിച്ചെന്നും നിക്ഷേപകര്‍ക്ക് പലിശയോ നിക്ഷേപതുകയോ നല്‍കുന്നില്ലെന്നുമാണ് ആരോപണം.

◾  കൊച്ചിയില്‍ യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ മൂന്നാമത്തെ പ്രതിയും പിടിയില്‍. അരൂര്‍ സ്വദേശി സഞ്ജയ് ആണ് പിടിയിലായത്. കൊച്ചി മെഡിക്കല്‍ ട്രസ്റ്റിന് സമീപത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

◾  പത്തനംതിട്ടയില്‍ ജ്യൂസില്‍ മയക്കുമരുന്നു നല്‍കി 28 കാരിയെ ബലാത്സംഗം ചെയ്തെന്നു പരാതി. അയല്‍വാസിയായ ഓട്ടോ ഡ്രൈവര്‍ക്കെതിരേ കേസെടുത്തു. നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്. മില്‍മ ടാങ്കര്‍ ഡ്രൈവര്‍ കൂടിയാണ് പ്രതി.

◾  ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള പഴയപാലം ഇന്നു മുതല്‍ വീണ്ടും അടച്ചിടും. ബെയറിങ് മാറ്റുന്ന പ്രവര്‍ത്തികള്‍ക്കായാണ് ഇപ്പോള്‍ പാലം അടയ്ക്കുന്നത്. പാലത്തിലെ ബെയറിങ് മാറ്റുന്ന പ്രവര്‍ത്തികള്‍ക്കായി 20 ദിവസത്തോളം വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍.

◾  ലഹരി മാഫിയ സംഘം നാലു ദിവസം തടവിലാക്കിയ യുവാവിനെ താമരശ്ശേരി പൊലീസ് രക്ഷപ്പെടുത്തി. മാനന്തവാടി സ്വദേശി മുഹമ്മദ് സാജിദ് (30) നെയാണ് രക്ഷപ്പെടുത്തിയത്. ബാംഗ്ലൂരുവില്‍നിന്നു തട്ടിക്കൊണ്ടുവന്ന് താമരശ്ശേരി മുടൂര്‍ വെളിമണ്ണ റോഡിലെ വാടക വീട്ടിലാണ് യുവാവിനെ പൂട്ടിയിട്ടത്.

◾  കേരളത്തിലേക്ക് എംഡിഎംഎ ഉള്‍പ്പടെയുള്ള രാസലഹരികള്‍ കയറ്റി അയക്കുന്ന സംഘത്തിലെ പ്രധാന കണ്ണികള്‍ ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായി. കൊല്ലം മുണ്ടയ്ക്കല്‍ അദ്വൈതം വീട്ടില്‍ അദ്വൈത (27), കണ്ണൂര്‍ പറശ്ശിനിക്കടവ് സല്‍വ മന്‍സിലില്‍ മുഹമ്മദ് സിജാഹ് (32) എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവില്‍ റേഡിയോളജി വിദ്യാര്‍ത്ഥിയാണ് അദ്വൈത.

◾  നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസിലെ പ്രതി സജിയുടെ വീടിനു സമീപം കുഴിച്ചപ്പോള്‍ അസ്ഥിയുടെ അവശിഷ്ടം കണ്ടെത്തി. 2018ല്‍ കാണാതായ സജിയുടെ പിതാവ് മാത്യു തിരോധാന കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.

◾  തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ടിവികെ നേതാവ് വിജയിനെ ക്ഷണിക്കാത്ത തമിഴ്നാട് ഗവര്‍ണറുടെ നടപടി ഭരണഘടനവിരുദ്ധമാണെന്ന് ആരോപിച്ച് ടിവികെ അംഗം സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശം ടിവികെയ്ക്കാണെന്നും ഹര്‍ജിയില്‍ പറയുന്നു.

◾  തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് പുതിയ സഖ്യമുണ്ടാക്കിയ സാഹചര്യത്തില്‍ ഇന്ത്യ മുന്നണിയില്‍നിന്നു പിന്മാറിയ ഡിഎംകെ പാര്‍ലമെന്റില്‍ പുതിയ ഇരിപ്പടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കര്‍ക്ക് കനിമൊഴി എംപി കത്തു നല്‍കി. കോണ്‍ഗ്രസ് അംഗങ്ങള്‍ക്കൊപ്പം ഇരിക്കാനാകില്ലെന്നാണ് കത്തില്‍ പറയുന്നത്.

◾  ഡി എം കെയും അണ്ണാ ഡി എം കെയും സഖ്യമുണ്ടാക്കി ഭരിക്കാനുള്ള നീക്കത്തില്‍നിന്ന് ഡിഎംകെ പിന്മാറി. ഡിഎംകെ ബിജെപിയുമായാണു സഖ്യമുണ്ടാക്കുന്നതെന്നു കോണ്‍ഗ്രസ് വിമര്‍ശിച്ചതിനു പിറകേ, അങ്ങനെയൊരു സഖ്യമില്ലെന്ന് ഡിഎംകെ നേതാവ് ടി കെ എസ് ഇളങ്കോവന്‍ വ്യക്തമാക്കി.

◾  തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഡിഎംകെ- എഐഎഡിഎംകെ സഖ്യം വേണ്ടെന്ന് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായിരുന്ന വി.കെ. ശശികല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എഴുതിയ തുറന്ന കത്തിലാണ് നിലപാടു വ്യക്തമാക്കിയത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിജയ് നേതൃത്വം നല്‍കുന്ന ടിവികെ പാര്‍ട്ടിക്ക് അവസരം നല്‍കണമെന്നും ശശികല ആവശ്യപ്പെട്ടു.

◾  പശ്ചിമബംഗാളില്‍ സുവേന്ദു അധികാരി മുഖ്യമന്ത്രിയാകും. ബിജെപി നിയമസഭ കക്ഷി യോഗത്തിലാണ് തീരുമാനം. ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് സുവേന്ദു അധികാരി. പ്രതിപക്ഷ നേതാവായിരുന്ന ഇദ്ദേഹമാണു മമത ബാനര്‍ജിയെ പരാജയപ്പെടുത്തിയത്.

◾  തെലങ്കാനയിലെ വാറങ്കല്‍ ജില്ലയില്‍ 800 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം തകര്‍ത്തെന്ന് പരാതി. അശോക് നഗറില്‍ സര്‍ക്കാര്‍ സ്‌കൂളിന് കെട്ടിടം നിര്‍മ്മിക്കാനാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. പതിമൂന്നാം നൂറ്റാണ്ടില്‍ കാകതീയ രാജാവായിരുന്ന ഗണപതിദേവന്റെ ഭരണ കാലത്ത് നിര്‍മ്മിക്കപ്പെട്ടതാണ് ക്ഷേത്രം. എന്നാല്‍ ക്ഷേത്രമല്ലെന്നും 30 ഏക്കര്‍ സ്ഥലത്തെ കുറ്റിക്കാടുകള്‍ നീക്കം ചെയ്യുന്നതിനിടെ തകര്‍ന്നു വീഴാറായ പഴയൊരു നിര്‍മ്മിതിയുടെ അവശിഷ്ടങ്ങള്‍ മാത്രമാണെന്നുമാണ് ജില്ലാ അധികൃതര്‍ പറയുന്നത്.

◾  ട്രെയിന്‍ യാത്രക്കാര്‍ക്ക് വില്‍ക്കുന്ന വെള്ളരിക്കകളില്‍ മാരകമായ കൃത്രിമ നിറം ചേര്‍ക്കുന്ന സംഘത്തെ റെയില്‍വേ സംരക്ഷണ സേന പിടികൂടി. ബീഹാറിലെ കതിഹാര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് നടപടി.

◾  ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാന് ഓണ്‍-സൈറ്റ് സാങ്കേതിക സഹായം നല്‍കിയെന്നു ചൈന സ്ഥിരീകരിച്ചതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന  സൈനിക നടപടി സ്വീകരിച്ചത്.

◾  ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. മരണം സ്ഥിരീകരിച്ച് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. കപ്പല്‍ ഉടമയുമായി കോണ്‍സുലേറ്റ് ബന്ധപ്പെട്ടിട്ടുണ്ട്.

◾  വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുമ്പോഴും ഇറാനും അമേരിക്കയും തമ്മില്‍ ഏറ്റുമുട്ടലുകള്‍ തുടരുന്നു. ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തി. പ്രകോപനമില്ലാതെ ഇറാന്‍ തങ്ങളുടെ യുദ്ധക്കപ്പലുകള്‍ ആക്രമിച്ചതിന് തിരിച്ചടിയായാണ് ആക്രമണമെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചത്.

◾  സിറിയയില്‍നിന്നു തിരികേവന്ന ഐഎസ് ബന്ധമുള്ള രണ്ടു സ്ത്രീകളെ ഓസ്‌ട്രേലിയന്‍ വിമാനത്താവളത്തില്‍ അറസ്റ്റു ചെയ്തു. ഏഴു വര്‍ഷത്തിലേറെ സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിഞ്ഞ് ഓസ്‌ട്രേലിയയില്‍ മടങ്ങിയെത്തിയ 53, 31 വയസ്സുള്ള സ്ത്രീകളെയാണ് ഗുരുതര കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്.

◾  തായ്വാന് ചുറ്റും വീണ്ടും സൈനിക വിന്യാസവുമായി ചൈന. 12 ചൈനീസ് സൈനിക വിമാനങ്ങളും ആറ് യുദ്ധക്കപ്പലുകളും രണ്ട് ഔദ്യോഗിക കപ്പലുകളും തായ്വാന് സമീപമെത്തി. പത്തു വിമാനങ്ങള്‍ അതിര്‍ത്തി രേഖ കടന്ന് തായ്വാന്റെ വടക്ക്, തെക്ക്-പടിഞ്ഞാറ്, കിഴക്ക് ഭാഗങ്ങളിലുള്ള വ്യോമ പ്രതിരോധ മേഖലയിലേക്കു പ്രവേശിച്ചു.

◾  ക്യൂബയ്ക്കെതിരെ സൈനികാക്രമണം നടത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പദ്ധതിയില്ലെന്ന് ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ. വൈറ്റ് ഹൗസില്‍ ഇരുനേതാക്കളും തമ്മില്‍ നടത്തിയ ഉന്നതതല കൂടിക്കാഴ്ചയ്ക്കുശേഷമാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

◾  ഇന്തോനേഷ്യയിലെ ഡുകോണോ പര്‍വതത്തില്‍ പര്‍വ്വതാരോഹണം നടക്കുന്നതിനിടെ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു. വിദേശികള്‍ അടക്കം മൂന്നു പേര്‍ മരിച്ചു. നിരവധി പര്‍വ്വതാരോഹകര്‍ കുടുങ്ങി. ഇവരെ സുരക്ഷിതമായി താഴെയെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾  ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ എട്ട് വിക്കറ്റ് വിജയം. ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 14.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 47 പന്തില്‍ പുറത്താവാതെ 100 റണ്‍സ് നേടിയ ഫിന്‍ അലനാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ജയത്തോടെ കൊല്‍ക്കത്ത 10 മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി ഏഴാമതെത്തി. ഡല്‍ഹി എട്ട് പോയിന്റുമായി എട്ടാമതാണ്.

◾  2026 സാമ്പത്തിക വര്‍ഷത്തില്‍ പ്രമുഖ അമ്യൂസ്മെന്റ് പാര്‍ക്ക് ശൃംഖലയായ വണ്ടര്‍ല ഹോളിഡേയ്സ് ലിമിറ്റഡിന്റെ മൊത്തം വരുമാനം 32% വര്‍ധനയോടെ 142.05 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 107.59 കോടി രൂപയായിരുന്നു. പുതുതായി ആരംഭിച്ച ചെന്നൈ പാര്‍ക്കിന്റെയും 'ഐല്‍ ബൈ വണ്ടര്‍ല'എന്ന റിസോര്‍ട്ടിന്റെയും മികച്ച പ്രകടനമാണ് കമ്പനിയെ റെക്കോര്‍ഡ് നേട്ടത്തിലേക്ക് നയിച്ചത്. എബിറ്റ മുന്‍വര്‍ഷത്തെ 30.54 കോടി രൂപയെ അപേക്ഷിച്ച് 64% വര്‍ധനയോടെ 50.01 കോടി രൂപയിലെത്തി. നാലാം പാദത്തിലെ അറ്റാദായം 49% വര്‍ധിച്ച് 164.2 കോടി രൂപയായി. ജനുവരി-മാര്‍ച്ച് പാദത്തില്‍ മാത്രം 8.79 ലക്ഷം പേര്‍ വണ്ടര്‍ല പാര്‍ക്കുകള്‍ സന്ദര്‍ശിച്ചു. 2026 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 32.19 ലക്ഷം സന്ദര്‍ശകരാണ് വണ്ടര്‍ലയുടെ വിവിധ പാര്‍ക്കുകളിലായി എത്തിയത്. റിസോര്‍ട്ട് മേഖലയില്‍ പാദവര്‍ഷത്തില്‍ 84% വളര്‍ച്ചയും സാമ്പത്തിക വര്‍ഷത്തില്‍ 55% വളര്‍ച്ചയും രേഖപ്പെടുത്തി.

◾  പുതിയ 'ലിക്വിഡ് ഗ്ലാസ്' ഡിസൈന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്. വാട്സ്ആപ്പിന്റെ ഐഒഎസ് പതിപ്പിലാണ് പുതിയ അപ്‌ഡേറ്റ് എത്തുന്നത്. പുതിയ അപ്‌ഡേറ്റിലൂടെ ചാറ്റ് ഇന്റര്‍ഫേസിലും ഈ മാറ്റങ്ങള്‍ വന്നേക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചാറ്റ് ബാര്‍ താഴെ തന്നെ തുടരുകയും എന്നാല്‍ ഇതൊരു ഫ്‌ലോട്ടിങ് ഇലമെന്റായി പ്രത്യക്ഷപ്പെടുകയും ചെയ്യും. ഗ്ലാസ് പോലുള്ള സുതാര്യമായ രൂപകല്‍പ്പന ഉപയോഗിച്ച് പശ്ചാത്തലത്തിലുള്ള ചാറ്റ് വാള്‍പേപ്പര്‍ ഭാഗികമായി പ്രതിഫലിപ്പിക്കുന്ന തരത്തിലായിരിക്കും ഡിസൈന്‍. കൂടാതെ, പുതിയ മെസേജിലേക്ക് പെട്ടെന്ന് പോകാനുള്ള ബട്ടണ്‍ പോലുള്ള നിയന്ത്രണങ്ങളും പുതുക്കിയ രൂപത്തില്‍ അവതരിപ്പിക്കുമെന്നും സൂചനകള്‍ ഉണ്ട്. നാവിഗേഷന്‍ ബാറിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇത് ഭാഗികമായി സുതാര്യമായി മാറുകയും ചാറ്റ് ഉള്ളടക്കവും വാള്‍പേപ്പറും പിന്നില്‍ കാണാവുന്ന രീതിയിലും ആയിരിക്കും. വായനാസൗകര്യം നിലനിര്‍ത്താന്‍ ചെറിയ ബ്ലര്‍ അല്ലെങ്കില്‍ ഫേഡ് ഇഫക്റ്റുകള്‍ ചേര്‍ക്കാനും സാധ്യതയുണ്ട്. ഇതോടൊപ്പം, വോയിസ് നോട്ട് പ്ലെയര്‍ പോലുള്ള മറ്റ് ഘടകങ്ങളും ഇതേ ഡിസൈന്‍ ശൈലിയിലേക്ക് മാറ്റാനുള്ള ശ്രമമുണ്ട്.

◾  പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ ഹിന്ദി ചിത്രം 'ബന്ദറി'ല്‍ ഇന്ദ്രജിത്ത് സുകുമാരനും ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നു. ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. ടീസറില്‍ ഇന്ദ്രജിത്തിന്റെ കഥാപാത്രവും ഉണ്ട്. 16 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇന്ദ്രജിത്ത് ഒരു ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നത്. 2010 ല്‍ പുറത്തിറങ്ങിയ ദി വെയ്റ്റിംഗ് റൂം എന്ന ചിത്രമാണ് ഇന്ദ്രജിത്ത് ഇതിന് മുന്‍പ് അഭിനയിച്ച ഒരേയൊരു ഹിന്ദി ചിത്രം. സീ സ്റ്റുഡിയോസിനൊപ്പം സാഫ്രോണ്‍ മാജിക് വര്‍ക്സിന്റെ ബാനറില്‍ നിഖില്‍ ദ്വിവേദി ആണ് ബന്ദറിന്റെ നിര്‍മ്മാതാവ്. സുദീപ് ശര്‍മ്മയും അഭിഷേക് ബാനര്‍ജിയും ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. ബോബി ഡിയോള്‍, സന്യ മല്‍ഹോത്ര, ഇന്ദ്രജിത്ത് എന്നിവര്‍ക്കൊപ്പം രാജ് ബി ഷെട്ടി, സപ്ന പബ്ബി, സബ ആസാദ്, റിദ്ധി സെന്‍, ജിതേന്ദ്ര ജോഷി, നാഗേഷ് ഭോണ്‍സ്ലെ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജൂണ്‍ 5 ന് ബന്ദര്‍ ലോകമെമ്പാടും റിലീസ് ചെയ്യും.

◾  ആഗോള പ്രീമിയറിനൊരുങ്ങി ആമസോണ്‍ പ്രൈം വീഡിയോയുടെ പുതിയ ഹൈ-സ്റ്റേക്ക്‌സ് കോര്‍ട്ട്‌റൂം ത്രില്ലര്‍ ചിത്രം 'സിസ്റ്റം'. അധികാരവും നീതിയും തമ്മിലുള്ള പോരാട്ടം ശക്തമായി അവതരിപ്പിക്കുന്ന ചിത്രം മെയ് 22 മുതല്‍ ലോകമെമ്പാടുമുള്ള 240-ത്തിലധികം രാജ്യങ്ങളിലായി പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് ആരംഭിക്കും. അശ്വിനി അയ്യര്‍ തിവാരി സംവിധാനം ചെയ്യുന്ന ചിത്രം ബവേജ സ്റ്റുഡിയോസിന്റെ ബാനറില്‍ പമ്മി ബവേജ, ഹര്‍മന്‍ ബവേജ, സ്മിത ബാലിഗ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഹര്‍മന്‍ ബവേജ, അരുണ്‍ സുകുമാര്‍, അശ്വിനി അയ്യര്‍ തിവാരി, തസ്‌നീം ലോക്ഹണ്ഡ്വാല, അക്ഷത് ഘില്‍ഡിയാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സൊനാക്ഷി സിന്‍ഹ, ജ്യോതിക, ആശുതോഷ് ഗോവാരികര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ പ്രീതി അഗര്‍വാള്‍, ആദിനാഥ് കൊത്താരെ, ആശ്രിയ മിശ്ര, ഗൗരവ് പാണ്ഡെ, സയന്‍ദീപ് ഗുപ്ത എന്നിവര്‍ സുപ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

◾  ഐക്കണിക്ക് അമേരിക്കന്‍ വാഹന ബ്രാന്‍ഡായ ജീപ്പ് ഇന്ത്യ 2026 മെയ് മാസത്തില്‍ അതിന്റെ വ്യത്യസ്ത മോഡലുകളില്‍ ബമ്പര്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ ശ്രേണിയില്‍, കമ്പനിയുടെ ജനപ്രിയ എസ്യുവി കോമ്പസും വളരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. ഈ കാലയളവില്‍, ജീപ്പ് കോംപസ് വാങ്ങുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് 1.50 ലക്ഷം രൂപ വരെ ലാഭിക്കാം. ക്യാഷ് ഡിസ്‌കൗണ്ടിന് പുറമേ, ഈ ഓഫറില്‍ മറ്റ് ആനുകൂല്യങ്ങളും ഉള്‍പ്പെടുന്നു. 60-ലധികം സുരക്ഷാ സവിശേഷതകള്‍ ഇതില്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, 360ഡിഗ്രി ക്യാമറ എന്നിവ ഉള്‍പ്പെടുന്നു. ഉയര്‍ന്ന വകഭേദങ്ങളില്‍ എഡിഎഎസ് ഉള്‍പ്പെടുന്നു. പ്രകടനത്തിനായി, 170 ബിഎച്പി പവറും 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിനാണ് ഇതിനുള്ളത്. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഇത് ജോടിയാക്കിയിരിക്കുന്നു. വില ഏകദേശം 17.99 ലക്ഷം രൂപ മുതല്‍ 30.70 ലക്ഷം രൂപ വരെ. ഈ എസ്യുവിക്ക് പൂര്‍ണ്ണ 5-സ്റ്റാര്‍ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് ലഭിച്ചിട്ടുണ്ട്.

◾  വിഷാദംപിടിച്ച മനസ്സില്‍ എല്ലാം കരച്ചിലായി മാറിക്കൊണ്ടിരിക്കുമ്പോള്‍, 'എന്തുകൊണ്ട് ആരും എന്നെ കാണുന്നില്ല, കേള്‍ക്കുന്നില്ല, മനസ്സിലാക്കുന്നില്ല!' എന്നത് പല കരച്ചിലുകളിലെ ഒരു കരച്ചിലാകുമ്പോള്‍, ഒരു വലിയ വിഷമം എടുത്തുമാറ്റാന്‍ പറ്റാത്ത ഭാരമായി ഉള്ളിലങ്ങനെ കനംവെച്ചുകൊണ്ടിരിക്കുമ്പോള്‍, ചോദ്യങ്ങള്‍ ഒരു നിസ്സഹായതയായി മനസ്സില്‍ പിന്നെയും പിന്നെയും മുഴങ്ങുമ്പോള്‍ എങ്ങനെയാണ് നാളെയിലേക്ക് നടക്കാനാവുക എന്ന കടുപ്പമേറിയ ചോദ്യം സ്വയം ചോദിക്കേണ്ടിവന്ന ഒരു മനുഷ്യന്‍ നല്‍കുന്ന സ്‌നേഹസമ്മാനം. നമ്മള്‍ എന്തുകൊണ്ട് ജീവിതം തുടരണം എന്ന് സ്വയവും മറ്റുള്ളവരെയും ഓര്‍മ്മിപ്പിക്കാന്‍ ഒരു കൈപ്പുസ്തകം. 'ആര്‍ക്കും ആരുമല്ലാത്ത എല്ലാവര്‍ക്കും'. ബ്രിട്ടന്‍. മാതൃഭൂമി. വില 272 രൂപ.

◾  കേപ് വെര്‍ഡെ ദ്വീപുകളില്‍ കുടുങ്ങിയ ക്രൂസ് കപ്പലില്‍ ഹാന്റാവൈറസ് സ്ഥിരീകരിച്ച യാത്രക്കാരോട് പരമാവധി സാമൂഹിക അകലംപാലിക്കാന്‍ നിര്‍ദേശം നല്‍കി ലോകാരോഗ്യസംഘടന. വൈറസിന്റെ അപൂര്‍വ്വമായ ആന്‍ഡീസ് വകഭേദത്തിന്റെ വ്യാപനം കണ്ടെത്താനും തടയാനുമുള്ള ശ്രമം തുടരുകയാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. ഹാന്റാ വൈറസ് എന്നത് ഒരു മാരകമായ വൈറസ് ബാധയാണ്. എലികള്‍, വവ്വാല്‍ പോലുള്ളവയിലൂടെയാണ് വൈറസ് മനുഷ്യരിലെത്തുന്നത്. ഇവയുടെ മൂത്രം, കാഷ്ഠം അല്ലെങ്കില്‍ ഉമിനീര്‍ എന്നിവയിലെ വളരെ ചെറിയ കണങ്ങള്‍ വായുവുമായി കലരുകയും ഇത് ശ്വസിക്കുകയോ, സ്പര്‍ശിക്കുകയോ, അറിയാതെ ഭക്ഷണത്തില്‍ കലരുകയോ, അണുബാധയുള്ള എലികളുടെ കടിയേല്‍ക്കുകയോ ചെയ്താല്‍ രോഗം പകരാം. വൈറസ് ശ്വാസകോശത്തെയോ വൃക്കകളെയോ ആണ് പ്രധാനമായും ബാധിക്കുക. ശ്വാസകോശത്തെ ബാധിക്കുന്ന ഹാന്റാ വൈറസ് പള്‍മണറി സിന്‍ഡ്രോം എന്ന വിഭാഗമാണ് ഏറ്റവും അപകടകരം. ഇതിന്റെ മരണനിരക്ക് ഏകദേശം 40 ശതമാനം വരെയാണ്. ശരീരത്തില്‍ വൈറസ് കയറിക്കൂടിയാല്‍ മൂന്ന് മുതല്‍ 39 ദിവസത്തിനകം ലക്ഷണങ്ങള്‍ പ്രകടമാകും. സാധാരണ പനി (പനിയും ശരീരവേദനയും) ലക്ഷണങ്ങളാണ് തുടക്കത്തില്‍ ഉണ്ടാവുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അതിവേഗം സ്ഥിതി വഷളാകാനും ശ്വാസതടസ്സം, രക്തസമ്മര്‍ദം കുറയല്‍, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയിലേക്കും നയിക്കും. അടിയന്തര ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാം.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒരു ധനികനായ പ്രഭു ദൂരയാത്ര പോകുന്നതിന് മുന്‍പ് തന്റെ മൂന്ന് സേവകരെ വിളിച്ചു.  ഓരോരുത്തര്‍ക്കും അദ്ദേഹം സ്വര്‍ണ നാണയങ്ങള്‍ നല്‍കി.  കാലം കടന്നു... പ്രഭു യാത്ര കഴിഞ്ഞ് തിരികെയെത്തി.  താന്‍ നല്‍കിയ നാണയങ്ങള്‍ അവര്‍ എങ്ങനെ ഉപയോഗിച്ചു എന്നറിയാന്‍  അദ്ദേഹത്തിന് ആകാംക്ഷയുണ്ടായി.  പത്തു സ്വര്‍ണ നാണയങ്ങള്‍ ലഭിച്ച സേവകന്‍ സന്തോഷത്തോടെ പറഞ്ഞു:  ''പ്രഭോ... അങ്ങ് നല്‍കിയ നാണയങ്ങള്‍ കൊണ്ട് ഞാന്‍ വ്യാപാരം ചെയ്തു. അതിനെ ഇരട്ടിയാക്കി.'' ഇത് കേട്ട് പ്രഭുവിന് ഏറെ സന്തോഷമായി. അയാളെ പത്തു നഗരങ്ങളുടെ അധികാരിയായി വാഴിച്ചു.  അടുത്ത സേവകനും തനിക്കു ലഭിച്ച നാണയങ്ങള്‍ വര്‍ധിപ്പിച്ച കാര്യം പറഞ്ഞു. അയാള്‍ക്കും പ്രഭു പാരിതോഷികം നല്‍കി.  അവസാനം മൂന്ന് നാണയങ്ങള്‍ ലഭിച്ച സേവകന്‍ മുന്നോട്ട് വന്നു. അയാള്‍ ഭയത്തോടെ പറഞ്ഞു: ''പ്രഭോ...അങ്ങ് കഠിന ഹൃദയനാണെന്ന് ഞാന്‍ കരുതി. അതുകൊണ്ട് ഈ നാണയങ്ങള്‍ ചിലവാക്കാന്‍ പേടിച്ചു.  ഞാന്‍ അവ കുഴിച്ചിട്ടു സൂക്ഷിക്കുകയായിരുന്നു... ഇതാ, തിരികെ എടുത്തുകൊള്ളൂ...'  ഇത് കേട്ട പ്രഭുവിന് ദേഷ്യം വന്നു. അവസരങ്ങള്‍ ഉപയോഗിക്കാതെ  ഭയപ്പെട്ട ആ സേവകനെ അദ്ദേഹം നാടുകടത്തി.   ജീവിതത്തില്‍ ലഭിക്കുന്ന അവസരങ്ങള്‍  ഒളിപ്പിച്ചുവെക്കാനുള്ളതല്ല... അവ ഉപയോഗിച്ച് വളരാനുള്ളതാണ്.   ഭയം കാരണം ഒന്നും ശ്രമിക്കാത്തവര്‍ അതേ സ്ഥലത്ത് തന്നെ നില്‍ക്കും.   പക്ഷേ...  റിസ്‌ക് എടുത്ത് പരിശ്രമിക്കുന്നവര്‍ക്ക്  ജീവിതം പുതിയ വാതിലുകള്‍ തുറക്കും.  പ്രതിഭയും കഴിവും മാത്രം പോര ,  പ്രവര്‍ത്തിയാക്കാനുള്ള ധൈര്യവും വേണം. അവസരങ്ങളെ പേടിക്കാതെ അവയെ പ്രയോജനപ്പെടുത്താന്‍ പഠിക്കാം... കാരണം... പ്രകാശമുള്ള ജീവിതം അവസരങ്ങള്‍  കൃത്യമായി  ഉപയോഗിക്കുന്നവര്‍ക്കാണ് ലഭിക്കുക.  - ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍