പ്രഭാത വാർത്തകൾ

2026 | മേയ് 11, തിങ്കള്‍ 
1201 | മേടം 28, ചതയം
1447  ദുൽഖഅ്ദ 23
◾  തമിഴ്നാട്ടില്‍ ദളപതി വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഒമ്പതു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. 120 എംഎല്‍എമാരുടെ പിന്തുണയോടെയാണു വിജയ് മുഖ്യമന്ത്രിയാകുന്നത്. സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു.  'സി ജോസഫ് വിജയ് എന്ന ഞാന്‍' എന്നു തുടങ്ങിയ വിജയ് സത്യപ്രതിജ്ഞയുടെ ആദ്യഭാഗം പേപ്പറില്‍ നോക്കാതെയാണ് ചൊല്ലിയത്. ആണ്ടവന്‍ മീതെ ആണയിട്ടായിരുന്നു സത്യപ്രതിജ്ഞ.

◾  കോതമംഗലത്ത് വടാട്ടുപാറ പലവന്‍പടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നു വിദ്യാര്‍ത്ഥികള്‍ മരിച്ചു. തിരുവല്ല സ്വദേശി ബിയോണ്‍, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുല്‍ എന്നിവരാണ് മരിച്ചത്. കോതമംഗലം ബസേലിയോസ് ഡെന്റല്‍ കോളേജിലെ വിദ്യാര്‍ഥികളാണ് ഇവര്‍.

◾  യുദ്ധം തുടരുന്ന സാഹചര്യത്തില്‍ സാമ്പത്തിക സുരക്ഷിതത്വത്തിനായി ജനങ്ങള്‍ കര്‍ശന സ്വയം നിയന്ത്രണം പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പെട്രോള്‍, ഡീസല്‍, പാചകവാതകം ഇന്ധന ഉപയോഗം കുറയ്ക്കണം. സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി പൊതുവാഹനങ്ങള്‍ ഉപയോഗിക്കണം. സ്വര്‍ണം അടക്കം വിദേശത്തുനിന്നുള്ള ഉല്‍പന്നങ്ങള്‍ വാങ്ങുന്നതും വിദേശ യാത്രകളും കുറയ്ക്കണം. കൊവിഡ് കാലത്തിനു സമാനമായ ജാഗ്രത വേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

◾  തെരഞ്ഞെടുപ്പു ഫലം വന്ന് ഒരാഴ്ചയായിട്ടും മുഖ്യമന്ത്രിക്കാര്യത്തില്‍ തീരുമാനമെടുക്കാനാകാതെ കോണ്‍ഗ്രസ്. വി.ഡി. സതീശന് അനുകൂലമായ ജനവികാരം ആറിത്തണുത്തശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ കാത്തിരിക്കുകയാണു ഹൈക്കമാന്‍ഡെന്ന് സൂചന. ഇതേസമയം, എംഎല്‍എമാര്‍ക്കിടയില്‍ ഭൂരിപക്ഷമുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും എല്ലാ എംഎല്‍എമാരുടെയും വിജയം ഉറപ്പാക്കാനാണു ശ്രമിച്ചതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

◾  രാഹുല്‍ ഗാന്ധിയും കെ സി വേണുഗോപാലും രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തയെക്കുറിച്ച് അറിയില്ലെന്ന് രമേശ് ചെന്നിത്തല. ഡല്‍ഹിയിലെ ഹൈക്കമാന്‍ഡ് ചര്‍ച്ചയ്ക്ക് മുന്‍പ് കൂടിക്കാഴ്ച നടന്നെന്നാണു വാര്‍ത്തയുണ്ടായിരുന്നത്. ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിക്കുമെന്നും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ് താനെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

◾  പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതില്‍ പൊളിറ്റ് ബ്യൂറോ ഇടപെടുമെന്നു സൂചന നല്‍കി ജനറല്‍ സെക്രട്ടറി എംഎ ബേബി. പ്രതിപക്ഷ നേതാവായി പിണറായി വിജയന്‍ തുടരണമെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിലെ ഭൂരിപക്ഷ വികാരം. എന്നാല്‍ തീരുമാനം പിണറായി വിജയന്‍ അറിയിക്കുന്നതുതന്നെയായിരിക്കും.

◾  പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്കു വേണമെന്ന് ആവര്‍ത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഎം സാങ്കേതിക കാരണങ്ങളാണ് പറയുന്നതെന്നും ചിലത് മാറണമെന്നും പ്രതിപക്ഷ നേതാവ് ആരാണെന്ന് സിപിഎം തീരുമാനിക്കുമെന്നും ബിനോയ് വിശ്വം.

◾  കെ.സി.വേണുഗോപാലിനെ പിന്തുണച്ചു ഫ്‌ളക്‌സ് ബോര്‍ഡ് വച്ച സിപിഎം നേതാവ് സിസിവിടിയില്‍ കുടുങ്ങി. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അരവശ്ശേരി മുഹമ്മദ് ഫ്‌ള്ക്‌സുമായി എത്തി റോഡരികില്‍ സ്ഥാപിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളില്‍. തൃശ്ശൂര്‍ വാടാനാപ്പള്ളിയില്‍ സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് ഫ്‌ളക്‌സ് വച്ചത്.  

◾  മലപ്പുറം ജില്ല വിഭജിക്കണമെന്ന അഭിപ്രായവുമായി തിരൂര്‍ സബ് കലക്ടര്‍ ദിലീപ്.കെ.കൈനിക്കര. പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്നും, മലയാളം മീഡിയം എന്ന സംഗതി പരമാവധി ഒരു എല്‍പി തലത്തിന് അപ്പുറം കൊണ്ട് പോവരുതെന്നും കലക്ടര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെടുന്നുണ്ട്.

◾  ചാലക്കുടി പുഴക്കു കുറുകെയുള്ള പഴയ പാലത്തിന്റെ ബെയറിങ് മാറ്റുന്നതിനായി അടച്ചതോടെ ഗതാഗത കുരുക്ക്. പ്രവൃത്തികള്‍ക്ക് 20 ദിവസത്തോളം വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

◾  അനധികൃത അവയവ കൈമാറ്റത്തിനു വ്യാജരേഖ ചമച്ച കേസിലെ മുഖ്യപ്രതി നജീബ് അറസ്റ്റില്‍. ഡല്‍ഹി - ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ നിന്നാണ് പിടികൂടിയത്. നജീബിന്റെ ഭാര്യ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശസ്ത്രക്രിയക്കു വൃക്ക നല്‍കുന്നതിന് രോഗിയുടെ ബന്ധുക്കളില്‍നിന്ന് 20 ലക്ഷം രൂപ വരെ വാങ്ങുകയും ദാതാവിന് ഒമ്പതു ലക്ഷം രൂപ നല്‍കി ബാക്കി തുക നജീബ് കൈക്കലാക്കുകയാണു പതിവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

◾  പത്തനാപുരം മണ്ഡലത്തില്‍ യുഡിഎഫ് -ബിജെപി ഡീല്‍ ആരോപണവുമായി മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍. ബിജെപി വോട്ടുകള്‍ കുത്തനെ യുഡിഎഫിലേക്ക് ഒഴുകിയെന്നാണ് ഗണേഷ് കുമാറിന്റെ വാദം.

◾  പാലക്കാട് സിപിഎമ്മില്‍ കൂട്ടരാജി. ജില്ലാ നേതൃത്വത്തെ വിമര്‍ശിച്ച ഏരിയ കമ്മിറ്റി അംഗമായിരുന്ന അബ്ദുല്‍ ഷുക്കൂറിനെ തരം താഴ്ത്തിയതില്‍ പ്രതിഷേധിച്ച് ഇരുപതോളം പേര്‍ സിപിഎമ്മില്‍ നിന്ന് രാജിവയ്ക്കും.

◾  തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നിന്നു 'സ്വയം വിരമിക്കല്‍' പ്രഖ്യാപിച്ച് ചവറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മുന്‍ എംഎല്‍എയുമായ ഡോ. സുജിത്ത് വിജയന്‍ പിള്ള. സമൂഹ മാധ്യമത്തിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. എന്നാല്‍, പൊതുപ്രവര്‍ത്തകനായി തുടരുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പറയുന്നു. ഷിബു ബേബി ജോണ്‍ ആണ് ചവറയില്‍ ജയിച്ചത്.

◾  കൊച്ചി എളമക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവതിയോടു ലൈംഗികാതിക്രമം നടത്തിയ എസ്ഐ മുജീബ് റഹ്‌മാനെതിരേ കേസ്. കഴിഞ്ഞ വര്‍ഷം മുതല്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്നാണ് പരാതി. വഴങ്ങിയില്ലെങ്കില്‍ ലഹരി കേസില്‍പ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയെന്നും യുവതി പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

◾  മസാജ് സെന്ററിലെത്തിയ യുവാവിന്റെ സ്വര്‍ണമാലയും പണവും ബൈക്കും കവരുകയും ഹണിട്രാപ്പിനു ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഉടമയും രണ്ടു ജീവനക്കാരികളും അറസ്റ്റില്‍. തിരൂര്‍ എറ്റിരിക്കടവില്‍ പ്രവര്‍ത്തിക്കുന്ന ഓറ വെല്‍നെസ് സെന്ററിന്റെ ഉടമ തിരുവനന്തപുരം സ്വദേശി സൗദ് (36), ജീവനക്കാരികളായ കോട്ടയം സ്വദേശി ജയന്തി (39), ഓച്ചിറ സ്വദേശി വീണ (39) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

◾  നിലമ്പൂര്‍ രാമംകുത്തില്‍ വീടിന്റെ തൂണ്‍ ഇടിഞ്ഞുവീണ് ആറു വയസുകാരന്‍ മരിച്ചു. നിലമ്പൂര്‍ രാമംകുത്ത് പാറേങ്ങല്‍ മൊയ്തുവിന്റെ മകന്‍ സിഫ്രാന്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച സിഫ്രാന്റെ ജന്മദിനമായിരുന്നു.

◾  വെങ്ങാട് മൂര്‍ക്കനാട് റോഡിലെ ഷാപ്പില്‍ പട്ടാപ്പകല്‍ മോഷണം. ഷാപ്പുടമയുടെ സ്വര്‍ണമാലയും മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്. ഷാപ്പിലെത്തി കള്ളു കുടിച്ച രണ്ടു പേര്‍ ഷാപ്പിലെ കറിവെപ്പുകാരനെ അടുക്കളയില്‍ പുട്ടിയിട്ടശേഷം ഷാപ്പുടമയായ ദാമോദരന്റെ കഴുത്തിലെ എട്ടു പവന്‍ സ്വര്‍ണമാലയും മേശപ്പുറത്തുണ്ടായിരുന്ന 10,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും കവര്‍ന്ന് പ്രതികള്‍ കടന്നു കളഞ്ഞെന്നാണു പരാതി.

◾  ആലപ്പുഴ പാണാവള്ളിയില്‍ 64 കാരനെ തെങ്ങില്‍ കെട്ടിയിട്ട് മര്‍ദിച്ചു. തൃച്ചാറ്റുകുളം സ്വദേശി വിജയനാണ് മര്‍ദനമേറ്റത്. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് കാരണം. ആറു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

◾  സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണച്ചവര്‍ക്കു നന്ദി പറഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. രാഹുല്‍ ഗാന്ധി സഹോദരന്‍ ആണെന്നാണ് വിജയ് പറഞ്ഞത്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പിന്തുണ നല്‍കിയ സിപിഎം, സിപിഐ, വിസികെ, മുസ്ലീം ലീഗ് എന്നീ പാര്‍ട്ടികളുടെ നേതാക്കളുടെ പേരെടുത്ത് പറഞ്ഞും വിജയ് നന്ദി അറിയിച്ചു.

◾  താന്‍ വിശപ്പിന്റെ വില അറിയുന്നവനാണെന്നും ജനങ്ങളുടെ ചില്ലി കാശ് പോലും കൈ കൊണ്ട് തൊടില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രി വിജയ്. സത്യപ്രതിജ്ഞ ചെയ്തശേഷം സിനിമ സ്റ്റൈലില്‍ നടത്തിയ പഞ്ച് പ്രസംഗം ജനം ഹര്‍ഷാരവങ്ങളോടെയാണ് സ്വീകരിച്ചത്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ചാണ് ഇവിടംവരെ എത്തിയത്. ജനങ്ങള്‍ക്കൊപ്പം ഉണ്ടാകും. വിജയ് പ്രഖ്യാപിച്ചു.

◾  തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ വിജയ് ആദ്യം ഒപ്പിട്ടത് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കാനുള്ള ഫയലില്‍. സ്ത്രീകളുടെ സുരക്ഷയ്ക്കായി പ്രത്യേക സേന രൂപീകരിക്കാനും അദ്ദേഹം  ഉത്തരവിട്ടു.

◾  അധികാരമേറ്റതിനു പിറകേ, വിജയ് മുഖ്യമന്ത്രിയുടെ സെക്രട്ടറിമാരായി രണ്ട് ഐഎസുകാരെ നിയമിച്ചു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി ഡോ. പി. സെന്തില്‍കുമാര്‍ ഐഎഎസ്, ജി. ലക്ഷ്മി പ്രിയ, ഐഎഎസ് എന്നിവരെയാണ് നിയമിച്ചത്.

◾  2021 മുതല്‍ 2026 വരെ തമിഴ്നാടിന്റെ സാമ്പത്തിക നിലയെക്കുറിച്ച് തന്റെ സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കുമെന്ന് വിജയ്. ഡിഎംകെ സര്‍ക്കാര്‍ സംസ്ഥാനത്തെ 10 ലക്ഷം കോടി രൂപയുടെ കടക്കെണിയിലാക്കിയെന്നും വിജയ്.

◾  ഖജനാവില്‍ പണമുണ്ടെന്ന് ഡിഎംകെ നേതാവ് സ്റ്റാലിന്‍. കോവിഡും പ്രളയവും കേന്ദ്രസര്‍ക്കാര്‍ അവഗണനയും അതിജീവിച്ചാണ് അഞ്ചു വര്‍ഷം ഭരിച്ചത.് എന്നിട്ടും നിരവധി ക്ഷേമപദ്ധതികള്‍ നടപ്പാക്കിയെന്നും അദ്ദേഹം പറയുന്നു.

◾  മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിജയ് തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് രാജിവച്ചു. മന്ത്രി സെങ്കോട്ടയ്യനാണ് രാജിക്കത്ത് കൈമാറിയത്. രണ്ടിടത്ത് വിജയിച്ച സാഹചര്യത്തിലാണ് ഒരു മണ്ഡലത്തില്‍ നിന്ന് രാജിവച്ചത്.

◾  തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയ്യെ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണില്‍ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു. ജനജീവിതം മെച്ചപ്പെടുത്താന്‍ കേന്ദ്രം തമിഴ്നാട് സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

◾  തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ രാഹുല്‍ ഗാന്ധിയുമൊത്തുള്ള വൈറല്‍ റീല്‍സും ഫോട്ടോകളും ഇന്‍സ്റ്റാഗ്രാം നീക്കം ചെയ്തു.  കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് ബ്ലോക്ക് ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍, അത് ഇന്‍സ്റ്റാഗ്രാമിന്റെ സാങ്കേതിക പിഴവാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

◾  വിജയ്യുടെ ഓഫീസില്‍ സി.എന്‍ അണ്ണാദുരൈയുടെ ചിത്രം മാത്രം. അണ്ണാദുരൈയെക്കുറിച്ച് വിജയ് പ്രസംഗിച്ചിരുന്നത് ഡിഎംകെ - എഐഎഡിഎംകെ പാര്‍ട്ടികളെ ചൊടിപ്പിച്ചിരുന്നു. അണ്ണാദുരൈ ആരുടേയും സ്വത്ത് അല്ലെന്നും മുഴുവന്‍ തമിഴ്നാടിന്റെയും ആണെന്ന് വിജയ് മറുപടി നല്‍കിയിരുന്നു.

◾  വിജയിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കാതെ വന്ദേമാതരം ആദ്യം ആലപിച്ചതിനെതിരേ പ്രതിഷേധവുമായി ഡിഎംകെയും സിപിഐയും. തമിഴ് തായ് വാഴ്ത്ത് മൂന്നാമതായാണ് ആലപിച്ചതെന്ന് സിപിഐ കുറ്റപ്പെടുത്തി.

◾  ടിവികെ അധ്യക്ഷനും സൂപ്പര്‍ താരവുമായ സി ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തില്‍ സിനിമാതാം തൃഷ അടക്കം സിനിമാ താരങ്ങളും. വിജയിയും തൃഷയും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ക്കിടെ അമ്മ ഉമ കൃഷ്ണനൊപ്പമാണ് തൃഷ എത്തിയത്.

◾  തമിഴ്‌നാട്ടില്‍ ഡി എം കെ നിയമസഭാകക്ഷി നേതാവായി ഉദയനിധി സ്റ്റാലിനെ തെരഞ്ഞെടുത്തു.

◾  മുപ്പത് വര്‍ഷത്തോളം കൂടെനിന്ന ഡിഎംകെയെ കോണ്‍ഗ്രസ് ഒറ്റിക്കൊടുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരത്തോടുള്ള അത്യാര്‍ത്തി മൂലം കോണ്‍ഗ്രസ് ഡി.എം.കെയെ പിന്നില്‍നിന്ന് കുത്തിയെന്നും മോദി വിമര്‍ശിച്ചു.

◾  ആസാമില്‍ ബിജെപി നിയമസഭാ കക്ഷി നേതാവായി ഹിമന്ത ബിശ്വ ശര്‍മയെ വീണ്ടും തെരഞ്ഞെടുത്തു. സത്യപ്രതിജ്ഞ നാളെ നടക്കും. കേന്ദ്ര നിരീക്ഷകരായ ജെ.പി. നദ്ദ, നായാബ് സിങ് സെയ്നി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നിയമസഭാകക്ഷി യോഗം.

◾  കര്‍ണാടകയിലെ ചാമരാജനഗറില്‍ മലൈ മഹദേശ്വര കുന്നുകളിലേക്കു തീര്‍ത്ഥാടനത്തിന് പോയ സംഘത്തിലെ ഒരു കുട്ടിയെ പുള്ളിപ്പുലി കടിച്ചുകൊണ്ടുപോയി കൊന്നു. ബെംഗളൂരു ലഗ്ഗരെ സ്വദേശിയായ ഹര്‍ഷിത് എന്ന കുട്ടിയാണ് മരിച്ചത്. കുടുംബത്തിലെ പത്തോളം പേര്‍ക്കൊപ്പം മഹദേശ്വര ക്ഷേത്രത്തില്‍ നിന്ന് നാഗമലൈയിലേക്ക് കാല്‍നടയായി പോകുമ്പോഴായിരുന്നു സംഭവം.

◾  കര്‍ണാടകത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി.സുധാകര്‍ അന്തരിച്ചു. 66 വയസായിരുന്നു.

◾  ബെംഗളൂരുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം കടന്നുപോകാനിരുന്ന വഴിയില്‍ സുരക്ഷാവീഴ്ച. കഗ്ഗലിപുരയിലെ താത്തഗുനിക്ക് സമീപത്തു പാതയുടെ സമീപത്ത് രണ്ടു ജലാസ്റ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തി. ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ 45-ാം വാര്‍ഷികാഘോഷത്തിലും സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ 70-ാം പിറന്നാളാഘോഷത്തിലും പങ്കെടുക്കാനാണു മോദി ബെംഗളൂരുവിലെത്തിയത്.

◾  ആസാമില്‍ കോണ്‍ഗ്രസിനുണ്ടായ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഗൗരവ് ഗൊഗോയ് വ്യക്തമാക്കി. ഗൗരവ് ഗോഗോയി ജോര്‍ഹട്ടില്‍ 23,182 വോട്ടിന് വമ്പന്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു. ബിജെപി 99 സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ് 23 സീറ്റുകളിലൊതുങ്ങിയിരുന്നു.

◾  ഹാന്റവൈറസ് ബാധിച്ചെന്ന് കരുതുന്ന എംവി ഹോണ്ടിയസ് ക്രൂയിസ് കപ്പലിലെ യാത്രക്കാരെ ഒഴിപ്പിക്കുന്ന നടപടി ആരംഭിച്ചു. മൊറോക്കന്‍ തീരത്തിന് സമീപത്തെ സ്പാനിഷ് ദ്വീപായ ടെനറൈഫില്‍ നങ്കൂരമിട്ടിരിക്കുന്ന സ്ഥലത്ത് നിന്നാണ് ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചത്. യാത്രക്കാരില്‍ ഹാന്റവൈറസ് രോഗലക്ഷണങ്ങളില്ലെന്ന് സ്പാനിഷ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

◾  ഗള്‍ഫ് രാജ്യങ്ങളായ കുവൈറ്റ്, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലേക്ക് ഇറാനില്‍നിന്നും ഡ്രോണ്‍ ആക്രമണം. രണ്ട് ഡ്രോണ്‍ ആക്രമണ ശ്രമങ്ങളുണ്ടായെന്ന് യുഎഇ അറിയിച്ചു.  അതിനിടെ, അമേരിക്കയെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാന്‍ മുന്നറിയിപ്പു നല്കി.

◾  ഹോര്‍മുസില്‍ ചെറു മുങ്ങിക്കപ്പലുകള്‍ വിന്യസിക്കാന്‍ ഇറാന്‍. ശത്രു കപ്പലുകള്‍ ലക്ഷ്യമെന്ന് ഐആര്‍ഐബി. ദീര്‍ഘാകാലം അടിത്തട്ടില്‍ നിലനില്‍ക്കാന്‍ കഴിയുന്ന മുങ്ങിക്കപ്പലാണ് വിന്യസിക്കുന്നത്. മേഖലയില്‍ സംഘര്‍ഷ ആശങ്ക കനക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ നീക്കം.

◾  ഇറാന്‍ ഇനി നമ്മളെ നോക്കി ചിരിക്കാന്‍ പോകുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പാകിസ്ഥാന്‍ മധ്യസ്ഥന്‍ വഴി അമേരിക്കയുടെ സമാധാന നിര്‍ദ്ദേശത്തിന് ഇറാന്റെ മറുപടി ലഭിച്ചതോടെയാണ് ട്രംപ് പ്രകോപിതനായത്. കഴിഞ്ഞ 47 വര്‍ഷമായി ഇറാന്‍ അമേരിക്കയോടും ലോകത്തോടും ഒളിച്ചുകളി നടത്തുകയാണെന്നും തീരുമാനങ്ങള്‍ വൈകിപ്പിക്കുകയാണെന്നും ട്രംപ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.

◾  അമേരിക്കയും ഇറാനും തമ്മില്‍ തയാറാക്കുന്ന ഏതൊരു ധാരണയ്ക്കും ഗ്യാരണ്ടി നല്‍കാമെന്ന് ചൈന. ചൈനയിലെ ഇറാന്‍ സ്ഥാനപതിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

◾  വിമാനമിടിച്ച് ഒരാള്‍ മരിച്ചു. ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ വേലി ചാടിക്കടന്ന് റണ്‍വേയിലേക്ക് ഓടിയയാളെയാണ് ടേക്ക് ഓഫ് ചെയ്യുകയായിരുന്ന വിമാനം ഇടിച്ചത്. എന്‍ജിനില്‍ തീ പടര്‍ന്നതോടെ ടേക്ക് ഓഫ് റദ്ദാക്കി.  ലോസ് ഏഞ്ചല്‍സിലേക്ക് പുറപ്പെടാനിരുന്ന ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് റണ്‍വേയില്‍ ഒരാളെ ഇടിച്ചത്.

◾  മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. 167 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് രാജ് ബാവ എറിഞ്ഞ അവസാന ഓവറില്‍ 15 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. റൊമാരിയോ ഷെപ്പേര്‍ഡും റാസിക് സലാമുമായിരുന്നു ക്രീസില്‍. ആദ്യ രണ്ട് പന്തില്‍ വൈഡിലൂടെയും നോ ബോളിലൂടെയും നാല് റണ്‍സ് കിട്ടിയതോടെ ആര്‍സിബിയുടെ ലക്ഷ്യം 4 പന്തില്‍ 10 ആയി. മൂന്നാം പന്തില്‍ ഷെപ്പേര്‍ഡിനെ പുറത്താക്കിയ രാജ് ബാവ മുംബൈക്ക് മേല്‍ക്കൈ നല്‍കിയെങ്കിലും നാലാം പന്ത് വൈഡായി. വീണ്ടുമെറിഞ്ഞ പന്തില്‍ ഭുവനേശ്വര്‍ കുമാര്‍ സിക്സ് പറത്തി. ഇതോടെ ലക്ഷ്യം 2 പന്തില്‍ 3 റണ്‍സായി. അടുത്ത പന്തില്‍ ഭുവി സിംഗിളെടുത്തതോടെ അവസാന പന്തിലെ ലക്ഷ്യം 2 റണ്‍സായി. 11 കളികളില്‍ 6 പോയിന്റ് മാത്രമുള്ള മുംബൈ ലക്നൗ സൂപ്പര്‍ ജയന്റ്സിനൊപ്പം പ്ലേ ഓഫ് കാണാതെ പുറത്താവുന്ന രണ്ടാമത്തെ ടീമായി. സ്‌കോര്‍: മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 166-7, ആര്‍സിബി 20 ഓവറില്‍ 167-8.

◾  ഐപിഎല്ലിലെ മറ്റൊരു മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്സിന് അഞ്ചുവിക്കറ്റിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ 33 പന്തില്‍ 85 റണ്‍സ് നേടിയ ഓപ്പണര്‍ ജോഷ് ഇംഗ്ലിസിന്റെ കരുത്തില്‍ ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍ ശേഷിക്കേയാണ് ചെന്നൈ മറികടന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 13 പന്തില്‍ അര്‍ദ്ധസെഞ്ച്വറി നേടി ചരിത്രം കുറിച്ച ഉര്‍വില്‍ പട്ടേലിന്റെ കരുത്തില്‍ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടി. ഇതോടെ ഐ.പി.എല്‍. ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറി എന്ന യശസ്വി ജയ്‌സ്വാളിന്റെ റെക്കോര്‍ഡിനൊപ്പം ഉര്‍വില്‍ ഇടംപിടിച്ചു. ഉര്‍വില്‍ പട്ടേല്‍ 23 പന്തുകളില്‍ 65 റണ്‍സ് നേടിയ ശേഷമാണ് പുറത്തായത്.

◾  ഇന്ത്യന്‍ ഗുസ്തിതാരം വിനേഷ്‌ഫോഗട്ടിന് ഗുസ്തി ഫെഡറേഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ഒളിമ്പിക്‌സില്‍ ഫൈനലിലെത്തിയ ശേഷം ഭാരക്കൂടുതല്‍ കാരണം അയോഗ്യയാക്കപ്പെട്ടതിനും ഉത്തേജകവിരുദ്ധ നടപടികള്‍ പാലിക്കാത്തതിനും താരത്തിനോട് ഫെഡറേഷന്‍ വിശദീകരണം തേടി.

◾  സ്പാനിഷ് ഫുട്‌ബോള്‍ ലീഗ് കിരീടം നിലനിര്‍ത്തി ബാഴ്‌സലോണ. എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തിയാണ് ബാഴ്‌സ കിരീടം സ്വന്തമാക്കിയത്. മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ഫെറാന്‍ ടോറസ് എന്നിവരാണ് ബാഴ്‌സയുടെ സ്‌കോറര്‍മാര്‍. മൂന്നു മത്സരങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് ബാഴ്‌സ കിരീടം ഉറപ്പിച്ചത്.  

◾  ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ നാലെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം ഒരു ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. എസ്ബിഐയാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. എസ്ബിഐയുടെ മാത്രം നഷ്ടം 44,722 കോടിയാണ്. 9,41,107 കോടിയായാണ് എസ്ബിഐയുടെ വിപണി മൂല്യം താഴ്ന്നത്. ഭാരതി എയര്‍ടെലിന്റെ വിപണി മൂല്യത്തില്‍ 31,167 കോടിയുടെ നഷ്ടമാണ് നേരിട്ടത്. ടിസിഎസിന് 28,456 കോടിയുടെയും എല്‍ ആന്റ് ടിയ്ക്ക് 5,371 കോടിയുടെയും നഷ്ടം നേരിട്ടു. സെന്‍സെക്‌സ് 414 പോയിന്റ് ആണ് ഉയര്‍ന്നത്. അതേസമയം എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി 15,425 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ബജാജ് ഫിനാന്‍സ് 11,486 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 8,763 കോടി, റിലയന്‍സ് 6,563 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നില്‍.

◾  ഇന്‍സ്റ്റാഗ്രാം ഡയറക്ട് മെസ്സേജുകളിലെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ മെറ്റാ ഔദ്യോഗികമായി പിന്‍വലിച്ചു. ഇതോടെ ഉപയോക്താക്കളുടെ ഇന്‍സ്റ്റഗ്രാം ചാറ്റുകള്‍ക്ക് മുമ്പുണ്ടായിരുന്ന പൂര്‍ണ സ്വകാര്യത നഷ്ടപ്പെടും. 2023 മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ എന്‍ക്രിപ്റ്റഡ് ഡിഎം സൗകര്യം ലഭ്യമായിരുന്നു. ഈ മാറ്റം സംബന്ധിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ മെറ്റാ ഉപയോക്താക്കള്‍ക്ക് ഒരു ബ്ലോഗ് പോസ്റ്റിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ മാറ്റം മെറ്റാ കൊണ്ടുവന്നിരിക്കുന്നത് എന്നാണ് വ്യാപകമായി വിലയിരുത്തപ്പെടുന്നത്. എന്‍ക്രിപ്ഷന്‍ നീക്കം ചെയ്യുന്നതിലൂടെ, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍, ഓണ്‍ലൈന്‍ ഗ്രൂമിംഗ്, മറ്റ് ഉപദ്രവങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ കണ്ടെത്താന്‍ വേണ്ടി മെസ്സേജുകള്‍ സ്‌കാന്‍ ചെയ്യാന്‍ കമ്പനിക്ക് സാധിക്കും. ഈ സാഹചര്യത്തില്‍ ചാറ്റുകള്‍ക്ക് സ്വകാര്യത ആഗ്രഹിക്കുന്നവര്‍ എന്‍ക്രിപ്ഷന്‍ ലഭ്യമായ മറ്റ് ചാറ്റ് ആപ്പുകളിലേക്ക് മാറേണ്ടി വരും.

◾  ആകാശവാണിയുടെ 'അഖില കേരള റോഡിയോ നാടകോത്സവ'ത്തില്‍ ശബ്ദസാന്നിധ്യമായി മോഹന്‍ലാലും. തിരുവനന്തപുരം നിലയം നിര്‍മിക്കുന്ന ദൈവത്തിന്റെ മനമാരു കണ്ടു നാടകം മെയ് 11-ന് രാത്രി 9.30 ന് പ്രക്ഷേപണം ചെയ്യും. ജയരാജ് മിത്ര രചന നിര്‍വഹിക്കുന്ന ഈ നാടകം സംവിധാനം ചെയ്തിരിക്കുന്നത് റൂബി ബാബു ആണ്. എംആര്‍ ഗോപകുമാര്‍, ഭാഗ്യലക്ഷ്മി, സന്ധ്യ രാജേന്ദ്രന്‍, നന്ദു, സാജന്‍ സൂര്യ തുടങ്ങി നിരവധി താരങ്ങളാണ് മോഹന്‍ലാലിനൊപ്പം ഇതില്‍ അണിനിരക്കുന്നത്. കൊച്ചി നിലയം നിര്‍മിക്കുന്ന കടങ്കഥയിലെ വിരുന്നുകാരന്‍ മെയ് 17 ന് രാത്രി 9:30-ന് പ്രക്ഷേപണം ചെയ്യും. എം വി ശശികുമാറും എന്‍ എസ് ജയമോഹനും സംയുക്തമായി സംവിധാനം ചെയ്യുന്ന നാടകത്തിന്റെ രചന മുഹമ്മദ് റോഷന്‍ ആണ്. മോഹന്‍ലാല്‍ ഏക പുരുഷ കഥാപാത്രമായി ശബ്ദം നല്‍കുന്നുവെന്ന പ്രത്യേകതയും ഇതിനുണ്ട്. മാലാ പാര്‍വതി, ശിവദ, മുത്തുമണി, അദിതി രവി എന്നിവരും ഈ നാടകത്തില്‍ ശബ്ദം നല്‍കുന്നുണ്ട്.

◾  യുവനടന്മാരില്‍ ശ്രദ്ധേയനായ സന്ദീപ് പ്രദീപ് നായകനായി കിരണ്‍ ജോസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്ത മാസം പാലക്കാട് ആരംഭിക്കും. ഇതാദ്യമായാണ് ഭാവന സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് അഭിനയിക്കുന്നത്. ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ ആണ് ഇന്ദ്രജിത്ത് എത്തുന്നത്. പ്രേമലു, ചിത്രീകരണം പൂര്‍ത്തിയായ ബത്ലഹേം കുടുംബ യൂണിറ്റ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളിലൊരാളായ കിരണ്‍ ജോസിയുടെ ആദ്യ സംവിധാന സംരംഭം ആണ്. നടന്‍ അനുരാജ് ഒ.ബി ആണ് തിരക്കഥ.

◾  മെയ് മാസത്തില്‍ ജനപ്രിയ കാറുകളില്‍ പലതിനും വലിയ കിഴിവുകള്‍ വാഗ്ദാനം ചെയ്ത് മാരുതി സുസുക്കി. ബ്രെസ്സ, വിക്ടോറിസ്, ഗ്രാന്‍ഡ് വിറ്റാര, ഇന്‍വിക്ടോ തുടങ്ങിയ മോഡലുകള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഈ കാറുകള്‍ മൊത്തം 2.15 ലക്ഷം വരെ ആനുകൂല്യം വാഗ്ദാനം ചെയ്യുന്നു. 55,000 രൂപ വരെ മൊത്തം കിഴിവോടെ ബ്രെസ്സ വാങ്ങാം. ഇതിന്റെ എക്‌സ്‌ഷോറൂം വില 8.26 ലക്ഷം രൂപയില്‍ ആരംഭിച്ച് 13.01 ലക്ഷം രൂപ വരെ ഉയരുന്നു. വിക്ടോറിസിന് ആകെ 70,000 രൂപ വരെ കിഴിവ് ലഭിക്കുന്നു. വില 10.50 ലക്ഷം മുതല്‍ 19.99 ലക്ഷം വരെയാണ്. ഗ്രാന്‍ഡ് വിറ്റാരയുടെ ഹൈബ്രിഡ് വേരിയന്റില്‍ 1.85 ലക്ഷം വരെയുള്ള റോഡ് നികുതി ഒഴിവാക്കപ്പെടും. 90,000 വരെയുള്ള അധിക ഓഫറുകളും അഞ്ച് വര്‍ഷത്തെ സൗജന്യ എക്സ്റ്റന്‍ഡഡ് വാറണ്ടിയും ഉണ്ട്. 10.76 ലക്ഷം മുതല്‍ 19.72 ലക്ഷം വരെയാണ്. ഇന്‍വിക്ടോ എംപിവിക്ക് ആകെ 2.15 ലക്ഷം രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. വില 24.97 ലക്ഷം രൂപയും അതിന്റെ ഉയര്‍ന്ന മോഡല്‍ 28.60 ലക്ഷം രൂപ വരെയുമാണ്.

◾  എല്ലാ ജീവികളുടെയും മാതൃഗേഹമായി ഒരേയൊരു ഭൂമി മാത്രം. മനുഷ്യരുടെ നിലനില്‍പ്പിനായി അത് കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചേ പറ്റൂ. ഭൂമിയിലെ ചെറുതും വലുതുമായ ജീവികളില്‍ ഭൂമിയെ നശിപ്പിക്കുന്ന ഏകജീവി മനുഷ്യനാണ്. ജീവന്‍ തുടിക്കുന്ന, പ്രകൃതി വിഭവങ്ങളാല്‍ സമൃദ്ധമായ ഒരു ഭൂമിയെ നിലനിര്‍ത്താന്‍ മനു ഷ്യപ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ കഴിയൂ. ഇതിനു സ്വീകരി ക്കേണ്ട ശാസ്ത്രീയമാര്‍ഗ്ഗങ്ങളെക്കുറിച്ച് ദൃഷ്ടാന്ത കഥകളിലൂടെയും മറ്റും കുട്ടികള്‍ക്ക് അറിവും അവബോധവും നല്‍കുന്ന ബാലസാഹിത്യകൃതി. 'ഒരേയൊരു ഭൂമി ജീവനുള്ള ഭൂമി'. പി പി കെ പൊതുവാള്‍. എന്‍ബിഎസ്. വില 133 രൂപ.

◾  ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഇലക്ട്രോകെമിക്കല്‍ സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, അലുമിനിയം ഫോയിലില്‍ ഭക്ഷണം പൊതിയുന്നത് അത്ര സുരക്ഷിതമല്ലെന്ന് പറയുന്നു. അലൂമിനിയം ഫോയില്‍ അസിഡിറ്റി, കൂടുതല്‍ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയുമായി പ്രതിപ്രവര്‍ത്തിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. ഭക്ഷണം നേരിട്ട് അലുമിനിയം ഫോയിലുമായി ബന്ധപ്പെടാതെ ഒന്നോ രണ്ടോ ബട്ടര്‍ പേപ്പര്‍ വെച്ച് പൊതിഞ്ഞ ശേഷം അലുമിനിയം ഫോയില്‍ വെച്ച് പൊതിയാം. കൂടുതല്‍ സമയം ഭക്ഷണം അലുമിനിയം ഫോയിലില്‍ പൊതിഞ്ഞു സൂക്ഷിക്കുന്നതും ദോഷകരമാണ്. മൂന്നോ നാലോ മണിക്കൂര്‍ കഴിയുമ്പോള്‍ (കാലാവസ്ഥയും അന്തരീക്ഷ താപനിലയും അനുസരിച്ച്) ബാക്ടീരിയ പെരുകാന്‍ സാധ്യതയുണ്ട്. ഇത് ഛര്‍ദിക്കും ഭക്ഷ്യ വിഷബാധയ്ക്കും കാരണമാകാം. തക്കാളി, സിട്രസ് പഴങ്ങള്‍ തുടങ്ങിയ അസിഡിക് ഭക്ഷണങ്ങള്‍, ഗരം മസാല, ജീരകം, മഞ്ഞള്‍ തുടങ്ങിയ മസാലകള്‍, കറികളും അച്ചാറുകളും, ചീസ്, വെണ്ണ  എന്നിവ അലുമിനിയം ഫോയിലില്‍ സൂക്ഷിക്കരുത്. സാന്‍ഡ്വിച്ച്, ബ്രെഡ്, കേക്കുകളും മഫിനുകളും, റോസ്റ്റഡ് പച്ചക്കറികള്‍ അല്ലെങ്കില്‍ ചിക്കന്‍ എന്നിവ അലുമിനിയം ഫോയിലില്‍ സൂക്ഷിക്കാം.

*ശുഭദിനം*
*കവിത കണ്ണന്‍*
യാത്രയ്ക്കിടയില്‍ സുമുഖനായ ഒരാളെ യുവാവ് പരിചയപ്പെട്ടു.  ആരാണെന്ന ചോദ്യത്തിന് ചെകുത്താന്‍ എന്നയിരുന്നു മറുപടി. യുവാവ് പറഞ്ഞു:  നിങ്ങള്‍ നുണ പറയുകയാണ്.  ഞാന്‍ പറഞ്ഞുകേട്ടിട്ടുളള ചെകുത്താന്‍ വിരൂപനും അനാകര്‍ഷകവുമാണ്.  അപ്പോള്‍ ചെകുത്താന്‍ പറഞ്ഞു:  അത് ആളുകള്‍ എന്നെക്കുറിച്ച് അപവാദം പറയുന്നവര്‍ പറഞ്ഞുപരത്തുന്നതാണ്. കണ്ണുകൊണ്ട് കണ്ടതിന്റെ പേരില്‍ കാണുന്നതെല്ലാം സത്യമാണെന്നു വിശ്വസിക്കുന്നവര്‍ വിഢ്ഢികളും പ്രായോഗികജ്ഞാനമില്ലാത്തവരുമാണ്. ഒളിപ്പിക്കേണ്ടതെല്ലാം ഒളിപ്പിച്ചാണ് എല്ലാവരും പുറത്തിറങ്ങുന്നത്.  കാപട്യവും വഞ്ചനയും ശീലമാക്കിയവര്‍ തങ്ങള്‍ക്കനുയോജ്യമായ മുഖംമൂടികള്‍ മാറിമാറി അണിയുന്നവരാകും.  അത്തരക്കാരെ തിരിച്ചറിയാനാകാത്തവിധം മങ്ങിയതാകരുത് നമ്മുടെ കാഴ്ചകള്‍.  വികൃതമായെതെല്ലാം വിശുദ്ധമല്ലെന്ന് കരുതരുത്.  പുഞ്ചിരിക്കുന്നവരില്‍ പ്രതികാരം കണ്ടേക്കാം, പിണക്കം നടിക്കുന്നവരില്‍ സ്നേഹം ഒളിഞ്ഞിരിപ്പുണ്ടാകും. ശകാരിക്കുന്നവരില്‍ കരുതലുണ്ടാകാം.  പ്രണയിക്കുന്നവരില്‍ പ്രാകൃതസ്വഭാവവും ഉണ്ടാകും. പുറമേ പ്രദര്‍ശിപ്പിക്കപ്പെടുന്നവ കാണാനുള്ള കഴിവു മാത്രമേ കണ്ണുകള്‍ക്കുളളൂ.  അകകാമ്പ് കണ്ടെത്തണമെങ്കില്‍ അകത്തേക്കും നോക്കണം. - ശുഭദിനം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍