പ്രഭാത വാർത്തകൾ
2026 മേയ് 14, വ്യാഴം
1201 മേടം 31, രേവതി
1447 ദുൽഖഅ്ദ 26
◾ കേരള മുഖ്യമന്ത്രിയെ ഇന്നു പ്രഖ്യാപിക്കുമെന്നു എഐസിസി വക്താവ് ജയറാം രമേശ്. വാര്‍ത്താസമ്മേളനം പ്രതീക്ഷിച്ച് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന ഖാര്‍ഗെയുടെ വസതിക്കു മുന്നില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും അരമണിക്കൂര്‍ ചര്‍ച്ച നടത്തി പിരിഞ്ഞശേഷമാണ് ഈ തീരുമാനം. പ്രഖ്യാപനം ഇന്നലെ വൈകുന്നേരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
◾ കോണ്‍ഗ്രസ് നിയസഭാ കക്ഷി യോഗം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കും യുഡിഎഫ് നിയമസഭാ കക്ഷി യോഗം രണ്ടു മണിക്കും കെപിസിസി ആസ്ഥാനത്തു ചേരും. ഈ യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി മുഖ്യമന്ത്രി പ്രഖ്യാപനം നടക്കും. എല്ലാ എംഎല്‍എമാരും എത്തണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിര്‍ദേശം നല്‍കി. ഘടകകക്ഷി നേതാക്കളേയും തിരുവനന്തപുരത്തേക്കു വിളിച്ചിട്ടുണ്ട്.
◾ നീറ്റ് യുജി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസില്‍ യുവമോര്‍ച്ച നേതാക്കള്‍ അടക്കം അഞ്ചു പേരെ സിബിഐ അറസ്റ്റു ചെയ്തു. ജയ്പൂരില്‍ നിന്ന് മൂന്ന് പേരെയും നാസിക്, ഗുരു ഗ്രാം എന്നിവിടങ്ങളില്‍ നിന്നായി രണ്ടു പേരെയുമാണ് അറസ്റ്റ് ചെയ്തത്. 15 പേരെ ചോദ്യം ചെയ്യുന്നുണ്ട്. രാജസ്ഥാനില്‍ യുവമോര്‍ച്ച നേതാവ് ദിനേശ് ബിവാള്‍, സഹോദരന്‍ മാംഗിലാല്‍ ബിവാള്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ 30 ലക്ഷം രൂപ നല്‍കിയാണ് ചോദ്യപേപ്പര്‍ വാങ്ങിയതെന്ന് സിബിഐ പറയുന്നു.
◾ എസ്എസ്എല്‍സി പരീക്ഷാഫലം നാളെ ഉച്ചയ്ക്കു പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ മന്ത്രി ഇല്ലാത്തതിനാല്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡിജിഇയും ചേര്‍ന്നായിരിക്കും ഫലം പ്രഖ്യാപിക്കുക.
◾ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനുമെതിരേ വിമര്‍ശനം. സംഘടനാ തലത്തില്‍ വീഴ്ചയുണ്ടായി. ന്യൂനപക്ഷങ്ങള്‍ അകന്നു. വെള്ളാപ്പള്ളിയെ സംരക്ഷിച്ചത് ഗുണത്തേക്കാള്‍ ദോഷമായി. കണ്ണൂരില്‍ അണികള്‍ മാത്രമല്ല അംഗങ്ങളും പാര്‍ട്ടിയില്‍നിന്ന് അകന്നു. പയ്യന്നൂരിലും തളിപ്പറമ്പിലും മാത്രമല്ല, പികെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തിലും വീഴ്ചയുണ്ടായി. പാര്‍ട്ടി തിരുത്തണമെന്നും പ്ലീനം വിളിച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യമുയര്‍ന്നു.
◾ സര്‍ക്കാര്‍ രൂപീകരണം വൈകിയതിനാല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. സ്‌കൂള്‍ തുറക്കല്‍, മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍, പിഎന്‍ജിയിലേക്കുള്ള മാറ്റം, ദേശീയപാത വികസനം തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ യോഗം വിലയിരുത്തി. നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കി.
◾ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലേക്ക്. ചോദ്യപേപ്പര്‍ കിട്ടിയെന്ന് രാജസ്ഥാന്‍ പൊലീസ് കണ്ടെത്തിയ 200 വിദ്യാര്‍ത്ഥികളുടെ ലിസ്റ്റില്‍ കേരളത്തിലെ രണ്ട് ജില്ലകളില്‍ നിന്നുള്ളവരും ഉണ്ടെന്നാണ് വിവരം. സിബിഐ അടുത്ത ദിവസം കേരളത്തിലെത്തും.
◾ കേരളത്തിലെ മുഖ്യമന്ത്രി ആരാകണമെന്നു തീരുമാനിക്കാന്‍ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയെ രാഹുല്‍ ഗാന്ധി വിളിച്ച് അഭിപ്രായംതേടി. കൊടിക്കുന്നില്‍ സുരേഷിനെയും ഹൈക്കമാന്‍ഡ് വിളിച്ചു.
◾ കോണ്‍ഗ്രസ് മുഖ്യമന്ത്രി ചര്‍ച്ചയില്‍ ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ക്ക് എന്തു കാര്യമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണം. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ 30 സീറ്റ് യുഡിഎഫിനു കുറയും. ഇനി ഒരു ഉപതെരെഞ്ഞെടുപ്പ് വന്നാലും ഈ വികാരം ഉണ്ടാകും. 102 സീറ്റിന്റെ മേന്മ നശിപ്പിച്ചു. അദ്ദേഹം പറഞ്ഞു.
◾ ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ മിക്സഡ് സ്‌കൂളാക്കാനുള്ള അനുമതി ഉത്തരവ് തുടരാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ഉത്തരവിനെതിരായ അപ്പീല്‍, ജസ്റ്റിസ് എ ബദറുദ്ദീന്‍ ജസ്റ്റിസ് എസ് മുരളി കൃഷ്ണ എന്നിവരുള്ള ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയില്‍ വന്നെങ്കിലും സ്റ്റേ അനുവദിക്കാന്‍ കോടതി വിസമ്മതിച്ചു.
◾ പെരുമ്പാവൂരില്‍ തലയിണ കമ്പനി തീവച്ച് നശിപ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍. മുടിക്കല്‍ എല്ലുംവിളയില്‍ വീട്ടില്‍ സിദ്ദിഖിനെ(39)യാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 21 ന് മുടിക്കല്‍ മൗലൂദ് പുരയ്ക്ക് സമീപമുള്ള തലയണ കമ്പനിയാണ് കത്തിനശിച്ചത്. 17 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായി.
◾ മാതൃകയാകേണ്ട രാഷ്ട്രീയ നേതാക്കള്‍ പോടാ, ചെറ്റ എന്നീ പദപ്രയോഗങ്ങള്‍ നടത്തി കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്നുവെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. പിണറായി വിജയനെതിരെയാണു പരോക്ഷ വിമര്‍ശനം.
◾ നൂറ്റമ്പതോളം മോഷണ കേസുകളിലെ പ്രതി മോഷണ ശ്രമത്തിനിടെ പിടിയില്‍. നെടുമങ്ങാട് സ്വദേശിയായ യാത്ര വിജയന്‍ എന്ന വിജയന്‍ (57) ആണ് പിടിയിലായത്. പടന്താലു മൂട്ടിലെ ഫ്രൂട്സ് കടയില്‍ മോഷണം നടന്നതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
◾ വ്യാജരേഖ ചമച്ചുള്ള അവയവ കച്ചവടക്കേസിലെ പ്രതികള്‍ വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തിയെന്നു സംശയിക്കുന്നതായി പോലീസ്. മുഖ്യപ്രതി നജീബിന്റെ മെഡിക്കല്‍ ടൂറിസം സെന്റര്‍ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണസംഘം അന്വേഷണം തുടങ്ങി.
◾ തൊടുപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തെന്ന കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിന തടവ്. തൊടുപുഴ ബംഗ്ലാകുന്ന് സ്വദേശി വിനീഷ് വിജയനെയണ് ഇടുക്കി അഡീഷണല്‍ ആന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്. പെണ്‍കുട്ടിയുടെ പുനരധിവാസത്തിന് നാല് ലക്ഷംരൂപ നല്‍കാനും കോടതി വിധിച്ചു. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെ, 17 കാരിയെ ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന വിനീഷ് പലതവണ പീഡിപ്പിച്ചെന്നാണ് കേസ്.
◾ സൗദി അറേബ്യയിലെ റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിനെ 19 നു മോചിപ്പിക്കും. നടപടിക്രമങ്ങള്‍ അതിനകം പൂര്‍ത്തിയാകുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. മേയ് 20 ന് റഹീം നാട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി ബാലനെ കൊലപ്പെടുത്തിയ കേസിലാണ് അബ്ദുല്‍ റഹീം അറസ്റ്റിലായത്.
◾ ആലുവ മണപ്പുറം റോഡില്‍ എസ്പിയുടെ ക്യാമ്പ് ഓഫീസിനു സമീപം നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ച കള്ളനെ വിട്ടയച്ചു. മോചിതനായ ഇയാള്‍തന്നെ വീണ്ടും മോഷണ ശ്രമം നടത്തിയെന്നു നാട്ടുകാര്‍. ബുധനാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെ ഐഎക്‌സ്ഐഎന്‍ ഓഫീസിലാണ് അന്യ സംസ്ഥാന മോഷ്ടാവ് ആദ്യമെത്തിയത്. നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. വിട്ടയച്ച ഇതേ മോഷ്ടാവ് പുലര്‍ച്ചെ നാലിന് സമീപത്തെ വീട്ടിലെത്തി. വീട്ടുകാര്‍ ഉണര്‍ന്നു ബഹളംവച്ചപ്പോള്‍ ഓടിക്കളഞ്ഞെന്നാണു നാട്ടുകാരുടെ പരാതി.
◾ തമിഴ്നാട് നിയമസഭയില്‍ വിജയ്യ്ക്ക് അനുകൂലമായി നിലപാടെടുത്ത വിമത എംഎല്‍എമാരെ എഐഎഡിഎംകെ സ്ഥാനങ്ങളില്‍നിന്നു നീക്കി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിയാണ് നടപടിയെടുത്തത്. മുതിര്‍ന്ന നേതാക്കളായ എസ് പി വേലുമണി, സി വി ഷണ്‍മുഖം എന്നിവരടക്കം 25 എംഎല്‍എമാര്‍ക്കെതിരെയാണ് നടപടി.
◾ കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏറെ വിവാദങ്ങള്‍ക്കു വഴിവച്ച ഹിജാബ് നിയന്ത്രണ നയം തിരുത്തി. 2022-ല്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന യൂണിഫോം നിയന്ത്രണ ഉത്തരവ് റദ്ദാക്കി വിജ്ഞാപനം പുറത്തിറക്കി. ഇതനുസരിച്ച് സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ്, പൂണൂല്‍ തുടങ്ങിയ മതപരമായ ചിഹ്നങ്ങള്‍ ധരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവാദമുണ്ടാകും.
◾ ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ 'നീറ്റ്' ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്. നീറ്റ് പരീക്ഷാ രീതി നിര്‍ത്തലാക്കണമെന്നും പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താന്‍ സംസ്ഥാനങ്ങളെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾ പാല്‍ വില വര്‍ധിപ്പിച്ച് അമുല്‍. ലിറ്ററിന് രണ്ടു രൂപയാണു വര്‍ധിപ്പിച്ചത്.
◾ പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി മത്സരിച്ചു ജയിച്ച രണ്ടു നിയമസഭാ സീറ്റുകളില്‍ ഭവാനിപ്പുര്‍ നിലനിര്‍ത്തി നന്ദിഗ്രാം ഉപേക്ഷിച്ചു. ബുധനാഴ്ച നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
◾ ആസാമില്‍ ഭരണം നിലനിര്‍ത്തിയതിന് പിന്നാലെ ഏകീകൃത സിവില്‍ കോഡ് അവതരിപ്പിക്കാന്‍ ബിജെപി സര്‍ക്കാര്‍ ഒരുങ്ങുന്നു. മെയ് 26 ന് നിയമസഭയില്‍ ഏകീകൃത സിവില്‍ കോഡ് ബില്ല് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ പ്രഖ്യാപനം.
◾ കൊവിഡ് കാലത്തെ പോലെ നിയന്ത്രണം വേണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന ചെലവ് ചുരുക്കലിന്റെ ഭാഗമാണെന്ന വിമര്‍ശനം ശരിയല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇന്ധന ഉപഭോഗം കുറയ്ക്കണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും മാധ്യമങ്ങള്‍ തെറ്റിദ്ധാരണ പരത്തിയെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
◾ മണിപ്പൂരില്‍ ക്രൈസ്തവ വൈദികര്‍ സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചുരാചന്ദ്പൂരില്‍ നിന്ന് കാങ്‌പോക്പിയിലേക്ക് സഭാ യോഗത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന തദൗ ബാപ്റ്റിസ്റ്റ് അസോസിയേഷന്‍ അംഗങ്ങളാണ് ആക്രമിക്കപ്പെട്ടത്.
◾ ക്രൂയിസ് കപ്പലില്‍ പൊട്ടിപ്പുറപ്പെട്ട ഹാന്റ വൈറസ് രോഗബാധയുടെ ആശങ്ക നിലനില്‍ക്കെ, മറ്റൊരു ക്രൂയിസ് കപ്പലില്‍ പുതിയൊരു വൈറസ് ബാധയെന്ന് സംശയം. ഫ്രഞ്ച് നഗരത്തില്‍ എത്തിച്ചേര്‍ന്ന ക്രൂയിസ് കപ്പലില്‍ നോറോവൈറസ് ബാധ സംശയിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാരെ നിരീക്ഷണത്തിലാക്കി.
◾ ബ്രിട്ടനിലെ സൗത്ത് കേംബ്രിഡ്ജ്ഷെയര്‍ ഡിസ്ട്രിക്റ്റ് കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മലയാളിക്ക് ചരിത്ര വിജയം. പാലാരിവട്ടം സ്വദേശിയായ ജിയോ സെബാസ്റ്റ്യനാണ് ഹിസ്റ്റണ്‍ ആന്‍ഡ് ഇംപിംഗ്ടണ്‍ വാര്‍ഡില്‍നിന്ന് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത്.
◾ യുക്രൈനില്‍ റഷ്യന്‍ ചാരന് തടവുശിക്ഷ. സ്‌കോട്ടിഷ് പൗരനായ റോസ് ഡേവിഡ് കട്ട്മോറിനാണ് യുക്രൈനിലെ ഒഡീസയിലുള്ള കോടതി തടവുശിക്ഷ വിധിച്ചത്. യുക്രൈനില്‍നിന്ന് തന്ത്രപ്രധാന വിവരങ്ങള്‍ റഷ്യയ്ക്ക് കൈമാറിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് റഷ്യന്‍ നിയമപ്രകാരമാണ് നടപടി.
◾ ഇസ്രായേല്‍-ഹിസ്ബുള്ള വെടിനിര്‍ത്തല്‍ ലംഘിച്ച് ബെയ്റൂട്ടില്‍ ഇസ്രായേലിന്റെ ആക്രമണം. ബെയ്റൂട്ടിന്റെ തെക്ക് ഹൈവേയിലുള്ള വാഹനങ്ങള്‍ ലക്ഷ്യമാക്കി ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ രണ്ട് കുട്ടികളടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടെന്ന് ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
◾ ദ്വിദിന സന്ദര്‍ശനത്തിനായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ചൈനയില്‍ എത്തി. എയര്‍ ഫോഴ്സ് വണ്‍ വിമാനത്തില്‍ ബീജിങ്ങില്‍ ഇറങ്ങിയ ട്രംപിന് ചൈനീസ് ഭരണകൂടം അതിഗംഭീര സ്വീകരണമൊരുക്കി. ചൈനീസ് വൈസ് പ്രസിഡന്റ് ഹാന്‍ ഷെങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണു ട്രംപിനെ സീകരിച്ചത്. ഇരു രാജ്യങ്ങളുടേയും പ്രസിഡന്റുമാര്‍ തമ്മിലുള്ള ചര്‍ച്ച ലോകം വളരെ കൗതുകത്തോടെയാണ് ഉറ്റുനോക്കുന്നത്.
◾ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിനു തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു 16 പോയിന്റുമായി പ്ലേ ഓഫിനരികിലെത്തി. തുടര്‍ച്ചയായ രണ്ടു ഡക്കുകള്‍ക്കുു ശേഷം സെഞ്ചുറിയുമായി വിരാട് കോലി ഒരിക്കല്‍ കൂടി ചേസ് മാസ്റ്ററായി. ആദ്യം ബാറ്റ് ചെയ്ത് കൊല്‍ക്കത്ത ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം വിരാട് കോലിയുടെ സെഞ്ചുറിക്കരുത്തില്‍ ആര്‍സിബി 19.1 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 58 പന്തില്‍ സെഞ്ചുറി തികച്ച കോലി 60 പന്തില്‍ 105 റണ്‍സുമായി പുറത്താകാതെ നിന്നു.
◾ ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് തന്നെ മാറ്റിയത് ഒരു വിദേശ പരിശീലകനെ നിയമിക്കാനാണെന്ന് ആരോപിച്ച് ഒളിംപ്യന്‍ പി.ആര്‍. ശ്രീജേഷ്. ഒന്നര വര്‍ഷമായി ശ്രീജേഷിന്റെ കീഴിലായിരുന്ന ഇന്ത്യന്‍ ജൂനിയര്‍ ടീം അഞ്ച് ടൂര്‍ണമെന്റുകളില്‍ നിന്നായി അഞ്ചു മെഡലുകള്‍ നേടിയിരുന്നു. എന്നാല്‍ പുറത്താക്കിയതല്ലെന്നും കരാര്‍ കഴിഞ്ഞ വര്‍ഷം അവസാനിച്ചെന്നും ഹോക്കി ഇന്ത്യ വിശദീകരിച്ചു.
◾ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ എക്കാലത്തെയും ഉയര്‍ന്ന അറ്റാദായം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11.1 ശതമാനം വളര്‍ച്ചയോടെ 1.98 ലക്ഷം കോടി രൂപയാണ് ബാങ്കുകളുടെ ആകെ അറ്റാദായം. ബാങ്കുകളുടെ ആകെ ബിസിനസ് 12.8 ശതമാനം വര്‍ധിച്ച് 283.3 ലക്ഷം കോടി രൂപയിലെത്തി. 10.6 ശതമാനം വളര്‍ച്ചയോടെ ആകെ നിക്ഷേപം 156.3 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. വായ്പാ വിതരണത്തില്‍ 15.7 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയതോടെ ആകെ വായ്പകള്‍ 127 ലക്ഷം കോടി രൂപയായി. റീറ്റൈയ്ല്‍ വായ്പകളില്‍ 18.1 ശതമാനവും കാര്‍ഷിക വായ്പകളില്‍ 15.5 ശതമാനവും എംഎസ്എംഇ വായ്പകളില്‍ 18.2 ശതമാനവുമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. കിട്ടാക്കടം ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി. മൊത്തം കിട്ടാക്കടം 1.93 ശതമാനമായും അറ്റ കിട്ടാക്കടം 0.39 ശതമാനമായും കുറഞ്ഞു. 86,971 കോടി രൂപ കിട്ടാക്കടം വീണ്ടെടുക്കാന്‍ ബാങ്കുകള്‍ക്ക് സാധിച്ചു.
◾ ഫൈബര്‍ ഒപ്റ്റിക് ഇന്റര്‍നെറ്റ് കേബിളുകള്‍ രഹസ്യ നിരീക്ഷണ ഉപകരണങ്ങളാക്കി മാറ്റാന്‍ കഴിയുമെന്ന് പഠനം. സാധാരണ ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍ക്ക് സമീപത്തുള്ള മനുഷ്യരുടെ സംസാരം ഉള്‍പ്പെടെയുള്ള ശബ്ദങ്ങള്‍ സൃഷ്ടിക്കുന്ന ചെറിയ വൈബ്രേഷനുകള്‍ തിരിച്ചറിയാന്‍ കഴിയുമെന്നാണ് പഠനം നടത്തിയ ഗവേഷകര്‍ പറയുന്നത്. ഈ വിറയലുകള്‍ കേബിളുകളിലൂടെ സഞ്ചരിക്കുന്ന സിഗ്‌നലുകളില്‍ നേരിയ മാറ്റങ്ങള്‍ വരുത്തുന്നു. പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് വിദഗ്ധര്‍ക്ക് ഈ മാറ്റങ്ങള്‍ വിശകലനം ചെയ്യാനും സംഭാഷണങ്ങള്‍ വീണ്ടെടുക്കാനും കഴിയും. ഭൂകമ്പങ്ങള്‍ പ്രവചിക്കാനും ട്രാഫിക് നിരീക്ഷിക്കാനും കടലിനടിയിലെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാനും ഈ സാങ്കേതികവിദ്യ ഇതിനകം ഉപയോഗിക്കുന്നുണ്ട്. എന്നിരുന്നാലും, ദുരുപയോഗം ചെയ്താല്‍ ഈ സാങ്കേതികവിദ്യ സ്വകാര്യതയുമായി ബന്ധപ്പെട്ട പുതിയ ആശങ്കകള്‍ ഉയര്‍ത്തുമെന്ന് പുതിയ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ സാധാരണ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ഭീഷണി പരിമിതമാണെന്നും അവര്‍ പറയുന്നു.
◾ 'ബറേലി കി ബര്‍ഫി', 'നില്‍ ബത്തേയ് സന്നാട്ട' എന്നീ ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സംവിധായിക അശ്വിനി അയ്യര്‍ തിവാരിയുടെ പുതിയ പ്രൈം വിഡിയോ ചിത്രം 'സിസ്റ്റമിന്റെ' ട്രെയിലര്‍ പുറത്തിറങ്ങി. അശ്വിനി സംവിധാനം ചെയ്ത 'നില്‍ ബത്തേയ് സന്നാത' മലയാളത്തില്‍ മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായ 'ഉദാഹരണം സുജാത' എന്ന ചിത്രമായി റീമേക്ക് ചെയ്തിരുന്നു. മെയ് 22 മുതല്‍ ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടുമുള്ള 240-ത്തിലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ഹിന്ദിയില്‍ ആമസോണ്‍ പ്രൈം വിഡിയോയില്‍ 'സിസ്റ്റം' സ്ട്രീമിംഗ് ആരംഭിക്കും. സൊനാക്ഷി സിന്‍ഹ, ജ്യോതിക, ആശുതോഷ് ഗോവാരികര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ പ്രീതി അഗര്‍വാള്‍, ആദിനാഥ് കൊത്താരെ, ആശ്രിയ മിശ്ര, ഗൗരവ് പാണ്ഡെ, സയന്‍ദീപ് ഗുപ്ത എന്നിവര്‍ സുപ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
◾ അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും എയ്ഞ്ചലീന മേരിയും നിര്‍മ്മിച്ച് അല്‍ഫോണ്‍സ് പുത്രന്‍ അവതരിപ്പിച്ച ചിത്രം 'കപ്പ്' ഒടിടിയിലേക്ക്. മനോരമ മാക്സിലൂടെ മെയ് 15ന് ഒടിടിയില്‍ എത്തും. മാത്യു തോമസ് പ്രധാന വേഷത്തില്‍ എത്തിയ ചിത്രം സംവിധാനം ചെയ്യുന്നത് സഞ്ജു വി സാമുവല്‍ ആണ്. സംഗീതം ഷാന്‍ റഹ്‌മാന്‍. ബാഡ്മിന്റണ്‍ പശ്ചാത്തലമാക്കുന്ന ചിത്രമായ കപ്പിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. നിധിന്‍ എന്ന കഥാപാത്രമായി മാത്യു തോമസ് വേഷമിടുമ്പോള്‍ ബാബു എന്ന അച്ഛന്‍ കഥാപാത്രത്തെ ഗുരു സോമസുന്ദരവും അമ്മയായി തുഷാര പിള്ളയും ചേച്ചി ആയി മൃണാളിനി സൂസന്‍ ജോര്‍ജ്ജും എത്തുന്നു. മുഴുനീള കഥാപത്രമായി ബേസില്‍ എത്തുമ്പോള്‍ വളരെ പ്രധാപ്പെട്ട വ്യത്യസ്തമായ റോളില്‍ നമിത പ്രമോദും കൂട്ടുകാരന്റെ വേഷത്തില്‍ കാര്‍ത്തിക് വിഷ്ണുവും കേന്ദ്ര കഥാപാത്രങ്ങള്‍ ആകുന്നു. അനിഖ സുരേന്ദ്രനും റിയ ഷിബുവുമാണ് നായികമാരായി എത്തിയത്.
◾ 2026 മോഡല്‍ സ്‌കോഡ കോഡിയാക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 37 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പുറത്തിറങ്ങിയ ഈ രണ്ടാം തലമുറ കോഡിയാക്കിന് പുതിയ അപ്ഡേറ്റിലൂടെ അഡാസ് ഫീച്ചര്‍ കൂടി ലഭിച്ചു. ഫോക്സ്വാഗണ്‍ വാഹനങ്ങളിലേതിന് സമാനമായാണ് അഡാസ് ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുറംമോടിയിലും ഇന്റീരിയര്‍ ഡിസൈനിലും മാറ്റങ്ങളൊന്നുമില്ല. സ്‌കോഡയുടെ സിഗ്‌നേച്ചര്‍ ഗ്രില്ല്, ഏറോ-എന്‍ഹാന്‍സ്ഡ് വീലുകള്‍, കണക്റ്റഡ് ടെയില്‍ ലാമ്പ് എന്നിവ ഇതിലുമുണ്ട്. 201 ബിഎച്പി കരുത്തും 320 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് കോഡിയാക്കിനുള്ളത്. 7-സ്പീഡ് ഡിസിടി ഗിയര്‍ബോക്‌സും ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവുമുണ്ട്. 'ലോഞ്ച്' വേരിയന്റിന്റെ വിലയില്‍ 3 ലക്ഷം രൂപയുടെ കുറവുണ്ടായപ്പോള്‍, സ്‌പോര്‍ട്ട്ലൈന്‍, എല്‍&കെ വേരിയന്റുകള്‍ക്ക് യഥാക്രമം 1 ലക്ഷം രൂപയും 50,000 രൂപയും വര്‍ദ്ധിച്ചു.
◾ കോവിഡിനോടൊപ്പം ജീവിക്കേണ്ടി വരുമ്പോള്‍ കോവിഡാനന്തര കാലം നമ്മില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നുള്ള അന്വേഷണമാണ് ഇതിലെ ഓരോ സംഭാഷണങ്ങളും. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ വിജയിച്ച പ്രമുഖരുമായുള്ള അഭിമുഖങ്ങളിലോരോന്നിലും ജീവിതത്തിന്റെ വ്യത്യസ്ത വീക്ഷണങ്ങള്‍ കാണാനാവും. ഡോ.ടി.എം.തോമസ് ഐസക്ക്, ഡോ.എം.വി. പിള്ള, ഡോ.ജി. വിജയരാഘവന്‍, ജോസ് ഡൊമിനിക്, ഡോ.സി.ജെ. ജോണ്‍, കൊച്ചൗസേപ്പ് ചിറ്റില
പ്പിള്ളി, ഡോ.കെ.എന്‍. രാഘവന്‍, ഡോ. മധുസൂദനന്‍, ജോസ് മാത്യുകൊച്ചുകുടി, വിജു ബി. തുടങ്ങിയവരുമായുള്ള ഹൃദയാവര്‍ജകമായ സംഭാഷണങ്ങള്‍. ഒരു ജനപ്രതിനിധി നടത്തിയ തികച്ചും വ്യത്യസ്തമായ അഭിമുഖക്കുറിപ്പുകള്‍. 'ഡയലോഗ് - വി.ഡി സതീശന്റെ സംഭാഷണങ്ങള്‍'. വി ഡി. സതീശന്‍. ഒലീവ് പബ്ളിക്കേഷന്‍സ്. വില 195 രൂപ.
◾ ശരീരഭാരം നിയന്ത്രിക്കുന്നതിന് സോഷ്യല്‍മീഡിയയിലടക്കം വൈറലാകുന്ന ഭക്ഷണ രീതിയാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്. എന്ത് കഴിക്കണം എന്നതിനെക്കാള്‍ എപ്പോള്‍ കഴിക്കണമെന്നതാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിന്റെ പ്രത്യേകത. നിശ്ചിത സമയപരിധിക്കുള്ളില്‍ മാത്രം ഭക്ഷണം കഴിക്കുകയും ബാക്കിയുള്ള സമയം ഉപവസിക്കുകയും ചെയ്യുകയെന്നതാണ് ഈ ഭക്ഷണരീതി. പല സമയക്രമത്തില്‍ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് പിന്തുടരുന്നവരുണ്ട്. 16:8 രീതി - 16 മണിക്കൂര്‍ ഉപവാസം, 8 മണിക്കൂര്‍ ഭക്ഷണസമയം. 5:2 രീതി - ആഴ്ചയില്‍ 5 ദിവസം സാധാരണ ഭക്ഷണം, 2 ദിവസം കുറഞ്ഞ കലോറി. ഉപവാസം - ആഴ്ചയില്‍ ഒന്ന് അല്ലെങ്കില്‍ രണ്ട് ദിവസം 24 മണിക്കൂര്‍ ഉപവാസം. ശരീരഭാരം നിയന്ത്രിക്കല്‍, ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്തല്‍, മെറ്റബോളിസം മെച്ചപ്പെടുത്തല്‍, ഹൃദയാരോഗ്യം, കോശങ്ങളെ വീണ്ടെടുക്കല്‍, മാനസിക ഏകാഗ്രത എന്നിവയാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് ആരോഗ്യഗുണങ്ങള്‍. എല്ലാവര്‍ക്കും ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് ഗുണകരമായിരിക്കണമെന്നില്ല, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, പ്രമേഹരോഗികള്‍, മറ്റ് ആരോഗ്യപ്രശ്നമുള്ളവര്‍ ഡോക്ടറുടെ ഉപദേശ പ്രകാരം മാത്രം ഭക്ഷണശീലത്തില്‍ മാറ്റം വരുത്തുക. ഫാസ്റ്റിങ് സമയത്ത് കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധ വേണം. ഉപവാസസമയത്ത് ജങ്ക് ഫുഡ് അല്ലെങ്കില്‍ ഫാസ്റ്റ് ഫുഡ് പോലുള്ളത് ഒഴിവാക്കുക. തുടക്കത്തില്‍ തലചുറ്റല്‍, വിശപ്പ് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ട്, ക്ഷീണം എന്നിവ അനുഭവപ്പെടാം.
*ശുഭദിനം*
*കവിത കണ്ണന്‍*
അയാളുടെ കഴുത വളരെ പരിശ്രമശാലിയായിരുന്നു. അതിന്റെ കഠിനപ്രയത്നം കണ്ട് അയാള്‍ കഴുതയെ ധാരാളം പ്രശംസിച്ചു. എന്നിട്ട് ഒരു സ്വര്‍ണ്ണപടച്ചട്ട അതിനെ അണിയിച്ച് പറഞ്ഞു: ഇനിയും പരിശ്രമിച്ചാല്‍ കൂടുതല്‍ സമ്മാനങ്ങള്‍ ലഭിക്കും. രാപകലില്ലാതെ കഴുത ജോലി തുടര്‍ന്നു. അസുഖം വന്നപ്പോഴും കഴുത വിശ്രമിക്കാന്‍ കൂട്ടാക്കിയില്ല. ഉടമ പിന്നെയും സമ്മാനങ്ങള്‍ നല്‍കി. വിശ്രമമില്ലാതെ കഴുതയുടെ അസുഖം കൂടി. താമസിയാതെ അത് മരണപ്പെട്ടു. ഉടമ കഴുതയുടെ സ്വര്‍ണ്ണപടച്ചട്ടയെടുത്ത് അടുത്ത കഴുതയെ അണിയിച്ച് അതിനെ പ്രശംസിക്കാന്‍ തുടങ്ങി. പ്രതിഫലം പ്രചോദനമാകാം. പക്ഷെ, പ്രലോഭനമാകരുത്. പണിയെടുപ്പിക്കുന്നവര്‍ക്കെല്ലാം അവര്‍ക്ക് ലഭിക്കേണ്ട ലാഭമാണ് പ്രഥമ പരിഗണന. തങ്ങള്‍ക്ക് ലഭിക്കേണ്ട നേട്ടത്തിനെക്കുറിച്ച് മാത്രം ചിന്തിക്കുന്നവരുടെ കൂടെ പ്രവര്‍ത്തിച്ചാല്‍ ഒരാള്‍ക്കും ആത്മാഭിമാനത്തോടെ കര്‍മ്മനിരതരാകാന്‍ കഴിയില്ല. സത്യസന്ധമായി ഇടപെടുന്നവരുടെ കൂടെ പ്രവര്‍ത്തിക്കാനാണ് ആളുകള്‍ക്കിഷ്ടം. അത് ഭാഗ്യസമയത്തായാലും നിര്‍ഭാഗ്യസമയത്തായാലും. സ്വയം കണ്ടെത്തുക എന്നതാണ് പ്രവര്‍ത്തനക്ഷമതയും സ്ഥിരതയും നിലനിര്‍ത്താനുളള മാര്‍ഗ്ഗം. ജോലിയിലെ വൈദഗ്ദ്യം പ്രകടിപ്പിക്കുമ്പോഴെല്ലാം ഓര്‍ക്കേണ്ട ചില കാര്യങ്ങളുണ്ട്. ശ്വാസം നിലച്ചാല്‍ പിന്നെ ആര്‍ക്കും വേണ്ടാതാകും. അപരന്റെ ആഡംബരാവാശ്യങ്ങള്‍ക്ക് വേണ്ടി അവനവന്റെ അടിസ്ഥാനസൗകര്യങ്ങള്‍ ഉപേക്ഷിക്കരുത്. ജീവിക്കാന്‍ വേണ്ടിയാണ് ജോലി ചെയ്യുന്നത്, ജോലി ചെയ്യാന്‍വേണ്ടി ജീവിക്കരുത് - ശുഭദിനം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍