അങ്കണവാടി ജീവനക്കാരുടെ സേവന പ്രവർത്തനങ്ങൾ മാതൃകാപരം സജിന ടീച്ചർ
കോളിക്കൽ : തുച്ഛമായ വേതനം മാത്രമാണ് ലഭിക്കുന്നതെങ്കിലും ലഭിക്കുന്ന വേതനത്തിൻ്റെ ഖനം നോക്കാതെ സമൂഹത്തിൻ്റെ നന്മക്കു വേണ്ടി അങ്കണവാടി ജീവനക്കാർ നടത്തിക്കൊണ്ടിരിക്കുന്ന സേവന പ്രവർത്തനങ്ങൾ തീർത്തും മാതൃകാപരമാണെന്ന് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജിന ടീച്ചർ അഭിപ്രായപ്പെട്ടു. ഓരോ ജീവനക്കാരും ഭാരിച്ച ഉത്തരവാദിത്തമാണ് നിർവ്വഹിച്ചു വരുന്നതെന്നും പ്രസിഡണ്ട് കൂട്ടിച്ചേർത്തു. മൂന്നര പതിറ്റാണ്ടുകാലം കോളിക്കൽ അങ്കണവാടിയിൽ സ്തുത്യർഹമായ സേവനത്തിനു ശേഷം സെൻ്ററിൽ നിന്നും പടിയിറങ്ങുന്ന അസ്മാബി ടീച്ചർക്ക് പൗരാവലി ഒരുക്കിയ യാത്രയയപ്പു പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. വാർഡ് മെമ്പറും വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ജംഷീന വി കെ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രേംജി ജെയിംസ് മുഖ്യ അതിഥിയായിരുന്നു. ഒ വി ഫാത്തിമ ടീച്ചറുടെ പ്രാർഥനാ ഗാനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്.
സ്വാഗതസംഘം ജനറൽ കൺവീനർ അഷ്‌റഫ് അച്ചൂർ സ്വാഗതവും ജാഫർ കോളിക്കൽ നന്ദിയും പറഞ്ഞു.
കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് മുഹമ്മദ് മോയത്ത്,,ഷാഫി സകറിയ, അസ്മ മോയത്ത് അബ്ദുലത്തീഫ് പി പി,ഐ പി മരക്കാർ, ഐ കെ അബ്ദുസ്സലാം, ഷാഹിർ തോട്ടത്തിൽ,ഐ ബവിതേഷ്, റാഫി ഗുരുക്കൾ, ഐ കെ അബ്ദുൽ സലീം, എ കെ. ജാഫർ, ഐ സി ഡി എസ് സൂപ്പർവൈസർ ജാസ്‌മിൻ, വി കെ സി അബു, തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. പൗരാവലിക്കു വേണ്ടിയുള്ള സ്‌നേഹോപഹാരം സ്വാഗതസംഘം വർക്കിംഗ് പ്രസിഡണ്ട് ഒ വി അബൂബക്കർ ടീച്ചർക്കു സമർപിച്ചു. സൗപർണ്ണിക കുടുംബശ്രീ, വി പി സൺസ് എഫ് സി , സംസ്‌കൃതി ചാരിറ്റബ്ൾ ട്രസ്റ്റ്, ശ്രേയസ്സ് കുടുംബശ്രീ, എ ഡി എസ് കോളിക്കൽ, എൻ ആർ ഐ ഫോറം കോളിക്കൽ, 2023 - 24 അങ്കണവാടി ബാച്ചിലെ കുട്ടികൾ എന്നിവരും ഉപഹാരങ്ങൾ നൽകി. അസ്മാബി ടീച്ചർ മറുമൊഴി നടത്തി. കൊച്ചുകുട്ടികളുടെയും, മുതിർന്നവരുടെയും ഗാനാലാപനങ്ങളും അരങ്ങേറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍