പ്രഭാത വാർത്തകൾ
2026 മേയ് 16, ശനി
1201 എടവം 2, ഭരണി
1447 ദുൽഖഅ്ദ 28
◾ വി.ഡി. സതീശന്‍ മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരേയും ഇന്നു പ്രഖ്യാപിക്കും. ആരെല്ലാം മന്ത്രിമാരാകുമെന്ന് ചര്‍ച്ച പൂര്‍ത്തിയായി വരികയാണ്. എല്ലാ മന്ത്രിമാരും തിങ്കളാഴ്ച നടക്കുന്ന മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു.
◾ എസ്എസ്എല്‍സി പരീക്ഷയ്ക്ക് 99.07 ശതമാനം വിജയം. വിജയിച്ച 4,14,290 വിദ്യാര്‍ത്ഥികളില്‍ 30,514 പേര്‍ക്ക് ഫുള്‍ എ പ്ലസ്. കഴിഞ്ഞ തവണ 61,449 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചിരുന്നു. വിജയശതമാനത്തില്‍ പെണ്‍കുട്ടികളാണ് മുന്നില്‍- 99.22 ശതമാനം. 20,771 പെണ്‍കുട്ടികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചപ്പോള്‍ 9743 ആണ്‍കുട്ടികള്‍ക്കു മാത്രമേ ഫുള്‍ എ പ്ലസ് നേടാനായുള്ളൂ. പുനര്‍ മൂല്യനിര്‍ണ്ണയത്തിന് 21 വരെ അപേക്ഷിക്കാം. പ്ലസ് വണ്‍ പ്രവേശന നടപടികള്‍ 25 ന് ആരംഭിക്കും.
◾ പിണറായി വിജയനും എം വി ഗോവിന്ദനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗം. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം തെറ്റാണെന്നും തിരുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടെന്നാണു റിപ്പോര്‍ട്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ സംരക്ഷിച്ചത് പാര്‍ട്ടിയെയല്ല ഭാര്യയെ മാത്രമാണെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
◾ വി.ഡി സതീശന്‍ മന്ത്രിസഭയില്‍ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന നേതാവായ അദ്ദേഹം ആഭ്യന്തര വകുപ്പിനോടാണ് താത്പര്യം പ്രകടിപ്പിച്ചത്. വി.ഡി. സതീശനും ഹൈക്കമാന്‍ഡിലെ നേതാക്കളും ഇടഞ്ഞു നിന്ന ചെന്നിത്തലയുമായി സംസാരിച്ച് അനുനയിപ്പിച്ചിട്ടുണ്ട്. എന്നാല്‍ രമേശ് ചെന്നിത്തല യുഡിഎഫ് യോഗത്തില്‍ പങ്കെടുത്തില്ല.
◾ തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി വിജയ്യും എത്തും. ക്ഷണം അദ്ദേഹം സ്വീകരിച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരേയും ചീഫ് സെക്രട്ടറി ക്ഷണിച്ചിട്ടുണ്ട്.
◾ പുതിയ കാര്‍ വേണ്ടെന്നും നിലവിലുള്ള കാര്‍ ഉപയോഗിക്കുമെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍. കാറിന്റെ നിറമൊന്നും വിഷയമല്ല. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് പുതിയ വാഹനം വാങ്ങിപ്പിക്കുന്നതു തെറ്റായ സന്ദേശം നല്‍കുമെന്നും സതീശന്‍.
◾ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ലീഗ് സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് എല്ലാ വശവും പരിശോധിച്ച് തീരുമാനമെടുത്തത്. മന്ത്രിമാരുടെ കാര്യത്തില്‍ ലീഗ് അവകാശവാദം ഉന്നയിച്ചിട്ടില്ല. മുസ്ലിം ലീഗിന് അഞ്ചു മന്ത്രിമാരുണ്ടാകുമോ എന്ന ചോദ്യത്തിന് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പ്രതികരിച്ചു.
◾ ഒരുപാട് പിച്ചി ചീന്തിയില്ലേ എന്ന വൈകാരിക പ്രതികരണവുമായി മുഖ്യമന്ത്രി സ്ഥാനത്തേക്കു മുന്‍നിരയിലുണ്ടായിരുന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ തിരുവനന്തപുരത്തത്തി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പി സി വിഷ്ണുനാഥ്, പഴകുളം മധു, കെ ജയന്ത്, പ്രവീണ്‍ കുമാര്‍, മാത്യു കുഴല്‍നാടന്‍ എന്നിവര്‍ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തി.
◾ ദേശീയപാത 66 ല്‍ വെള്ളക്കെട്ടു പരിഹരിക്കാന്‍ 34.8 കോടി രൂപ അനുവദിച്ചു. ഇതില്‍ 10.91 കോടി രൂപ മലപ്പുറം ജില്ലയ്ക്കും, 14.92 കോടി രൂപ തൃശൂര്‍ ജില്ലയ്ക്കും, 8.97 കോടി രൂപ കൊല്ലം ജില്ലയ്ക്കുമാണ് വകയിരുത്തിയിരിക്കുന്നത്.
◾ ഇക്കുറി എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് നാല്‍പതു വര്‍ഷം മുമ്പത്തെ റാങ്കുകാരി. 1986-ലെ എസ്എസ്എല്‍സി മൂന്നാം റാങ്കുകാരിയായിരുന്ന ഷര്‍മിള മേരി ജോസഫ് ഐഎഎസ് ആണ് എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത്.
◾ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചും, പരാജയപ്പെട്ടവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നുമുള്ള സന്ദേശവുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍. പരീക്ഷാ വിജയം മാത്രമല്ല ജീവിത വിജയമെന്ന് അദ്ദേഹം കുട്ടികളെ ഓര്‍മ്മിപ്പിച്ചു.
◾ എസ്എസ്എല്‍സി പരീക്ഷയില്‍ വിജയം നേടിയ കുട്ടികളെ അഭിനന്ദിച്ച് കെ.സി വേണുഗോപാല്‍. പ്രതീക്ഷിച്ച വിജയം നേടാനാകാതിരുന്നവര്‍ നിരാശരാകരുത്. വിജയത്തിലേക്കുള്ള ചവിട്ടുപടി മാത്രമാണത്. പതറാതെ, ആത്മവിശ്വാസത്തോടെ മുന്നേറുക. വിജയിച്ചവര്‍ മുന്നോട്ടുള്ള വഴികള്‍ ശ്രദ്ധാപൂര്‍വം തെരഞ്ഞെടുക്കുക. എന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പ്.
◾ സംസ്ഥാനത്ത് കാലവര്‍ഷം നേരത്തെയെത്തും. ഈ മാസം അവസാന വാരത്തോടെ തെക്ക്-പടിഞ്ഞാറന്‍ കാലവര്‍ഷം എത്തിച്ചേരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മധ്യ, വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് മത്സ്യബന്ധത്തിന് വിലക്കുണ്ട്.
◾ വി.ഡി. സതീശന്‍ കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം ബോസ്റ്റണിലായതിനാല്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍.
◾ ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ പിസി ജോര്‍ജിനും ഷോണ്‍ ജോര്‍ജിനും കടുത്ത വിമര്‍ശനം. വോട്ടെണ്ണും മുമ്പ് ജോര്‍ജും ഷോണും സഭാധ്യക്ഷന്മാരെ വിമര്‍ശിച്ചതു ശരിയായില്ലെന്ന് നേതാക്കള്‍ പറഞ്ഞു. ഇങ്ങനെ ആയാല്‍ എങ്ങനെ ക്രൈസ്തവ വോട്ട് കിട്ടുമെന്നും നേതാക്കള്‍ യോഗത്തില്‍ ചോദിച്ചു.
◾ പോലീസ് സ്റ്റേഷനുകളിലെ ലോക്കപ്പിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാന്‍ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്. ഇക്കാര്യത്തില്‍ പോലീസ് ആസ്ഥാനത്തുനിന്നും നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ഉറപ്പു വരുത്തണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
◾ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു. ഓപ്പറേഷന്‍ നംഖോറിന്റെ ഭാഗമായാണ് നീക്കം. കളമശ്ശേരിയിലെ സിഗ്നേച്ചര്‍ കാര്‍സില്‍ സൂക്ഷിച്ച നിസ്സാന്‍ പട്രോള്‍ കാറാണ് പിടിച്ചെടുത്തത്. ലക്കി ഭാസ്‌കര്‍ സിനിമയില്‍ ഉപയോഗിച്ച വാഹനമാണിത്.
◾ കോഴിക്കോട് മാങ്കാവിനു സമീപം സ്വകാര്യ ആശുപത്രിക്കു മുന്നില്‍ കെഎസ്ആര്‍ടിസി ബസ് നിര്‍ത്താത്തതില്‍ പ്രതിഷേധിച്ച് ബസിന്റെ വശത്തെ ഗ്ലാസ് അടിച്ചുപൊട്ടിച്ച യുവതിയെ പിഴ ഈടാക്കി വിട്ടയച്ചു. 25,000 രൂപ പിഴ ഈടാക്കി കെഎസ്ആര്‍ടിസി അധികൃതര്‍ കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു.
◾ പരാതി പരിഹരിക്കാനെത്തിയ പൊലീസുദ്യോഗസ്ഥനെ മറ്റൊരു പൊലീസുകാരന്‍ ആക്രമിച്ചു. തിരുവനന്തപുരം വികാസ് ഭവന്‍ പൊലീസ് ക്വര്‍ട്ടേഴ്‌സിലെ ഉദ്യോഗസ്ഥന്‍ ഭാര്യയുമായി വഴക്കുണ്ടാക്കുന്നുവെന്ന് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനു കുത്തേറ്റു. എ ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനായ അനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
◾ പേരാമ്പ്രയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ചു. ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റു. ചെറുവണ്ണൂര്‍ സ്വദേശി പൂവത്തും ചാലില്‍ ലാലുവിന്റെ ഭാര്യ സോനയാണ് മരിച്ചത്. ഡോക്ടറെ കാണിച്ച് തിരിച്ചുവരവേ സോന കാറിന്റെ പിന്‍സീറ്റിലാണ് ഇരുന്നത്. വാഹനം ഓടിച്ചിരുന്നത് ഭര്‍ത്താവ് ലാലുവാണ്.
◾ വാതിലിന്റെ ഹാന്‍ഡിലിലേക്കു വൈദ്യുതി കടത്തിവിട്ട് കൊലപ്പെടുത്താന്‍ ശ്രമം. നെയ്യാറ്റിന്‍കര മഞ്ചവിളാകത്ത് രമ്യയെന്ന സ്ത്രീയുടെ വീട്ടിലാണ് വൈദ്യുതി കടത്തിവിട്ട് അമ്മയെയും മക്കളെയും ഷോക്കടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമമുണ്ടായത്. വാതില്‍ തുറക്കാന്‍ ഹാന്‍ഡിലില്‍ കൈവച്ചയുടനേ രമ്യയുടെ മൂത്ത മകന്‍ അലന്‍ വൈദ്യുതാഘാതമേറ്റു തെറിച്ചു വീണു. മാരായമുട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.
◾ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ചെറുപ്പമാണെന്നും ഊര്‍ജ്ജ്വസ്വലനാണെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. കേരളത്തിന്റെ വികസനത്തിന് എല്ലാ പിന്തുണയും സഹായവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
◾ മെഡിക്കല്‍ പഠനപ്രവേശന പരീക്ഷയായ നീറ്റിന്റെ ചോദ്യപ്പേപ്പര്‍ ചോര്‍ന്ന കേസില്‍ സൂത്രധാരനെ സിബിഐ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര ലാത്തൂര്‍ സ്വദേശിയും കെമിസ്ട്രി അധ്യാപകനുമായ പി വി കുല്‍ക്കര്‍ണി ആണ് അറസ്റ്റിലായത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്കുവേണ്ടി ചോദ്യപേപ്പര്‍ തയാറാക്കിയ സംഘത്തിലെ അംഗമാണ് ഇയാളെന്ന് സിബിഐ.
◾ ഉത്തര്‍പ്രദേശില്‍ പെരുമഴമൂലം വന്‍ നാശനഷ്ടങ്ങള്‍. മരിച്ചവരുടെ എണ്ണം 117 ആയി. ഇരുന്നൂറിലേറെ പേര്‍ക്കു പരിക്കേറ്റു. മരങ്ങള്‍ കടപുഴകി വീണ് മുന്നൂറിലേറെ വീടുകള്‍ തകര്‍ന്നു. പലയിടത്തും റോഡുകള്‍ ഒലിച്ചുപോയ നിലയിലാണ്.
◾ കര്‍ണാടകയിലെ ഹോസ്പേട്ടില്‍ തുംഗഭദ്ര ഡാമിന് സമീപം ട്രാക്ടര്‍ മറിഞ്ഞ് ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഹോസ്പേട്ടിലെയും കൊപ്ലയിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണ്. 19 പേരാണ് ട്രാക്ടറില്‍ ഉണ്ടായിരുന്നത്. ദാവണ്‍ഗരെയിലെ സന്ദൂരില്‍ നിന്ന് ഹൂളിഗമ്മ ക്ഷേത്ര ദര്‍ശനത്തിനായി തിരിച്ചവരാണ് അപകടത്തില്‍പ്പെട്ടത്.
◾ പഞ്ചാബില്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ മതിയെന്ന് സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി. ഇലക്ടോണിക് വോട്ടിങ് മെഷീന്‍ വേണമെന്ന് ബിജെപി. തെരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പുവരുത്താനാണ് ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുന്നതെന്ന് എഎപി വാദിക്കുമ്പോള്‍ തോല്‍വി ഭയന്ന് ക്രമക്കേട് നടത്താനാണ് എഎപിയുടെ ശ്രമമെന്നാണ് ബിജെപിയുടെ ആരോപണം.
◾ ഇന്ധനം ലാഭിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ മുന്‍ സെക്രട്ടറി സാമന്ത് ഗോയല്‍. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നേരിട്ട ആക്രമണങ്ങളടക്കം ചൂണ്ടിക്കാട്ടിയാണ് റോയുടെ മുന്‍ സെക്രട്ടറിയുടെ പ്രതികരണം.
◾ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി വിജയ് രംഗത്ത്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭയിലേക്കു തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷമാണ് കേന്ദ്രം പെട്രോള്‍ വില വര്‍ധിപ്പിച്ചതെന്ന് വിജയ് വിമര്‍ശിച്ചു. ഇന്ധനവില വര്‍ധന അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ വിജയ്, കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.
◾ രാഹുല്‍ ഗാന്ധിയുടെ വിദേശ യാത്രകള്‍ സംബന്ധിച്ചു ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു. രാഹുല്‍ ഇതുവരെ 54 വിദേശ യാത്രകള്‍ നടത്തി. രാഹുല്‍ ഗാന്ധി എത്ര ദിവസം ഇന്ത്യയ്ക്ക് പുറത്തു താമസിച്ചെന്നും വിദേശ യാത്രയ്ക്കിടെ എത്ര ചെലവു വന്നെന്നും റിജ്ജു ചോദിച്ചു.
◾ അഞ്ചുമാസം മുന്‍പ് വിവാഹിതയായ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍തൃമാതാവായ മുന്‍ ജഡ്ജിക്കെതിരേ കേസ്. നോയിഡ സ്വദേശിയായ ട്വിഷ ശര്‍മ(33)യെയാണ് മധ്യപ്രദേശിലെ ഭോപാലിലെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ ഭര്‍ത്താവും അഭിഭാഷകനുമായ സമര്‍ഥ് സിങ്, ഭര്‍തൃമാതാവും റിട്ട. ജഡ്ജിയുമായ ഗിരിബാല സിങ് എന്നിവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
◾ യുദ്ധ പ്രതിസന്ധിക്കിടെ ഇന്ത്യക്കു മൂന്നു കോടി ബാരല്‍ പെട്രോളിയം. പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ യുമായി ഒപ്പുവച്ച കരാറിലാണ് ഈ ധാരണ. നിലവിലുള്ള വിവിധ സംഭരണികള്‍ക്ക് പുറമെ ഗ്യാസ് ശേഖരവും വര്‍ധിപ്പിക്കും. കപ്പല്‍ നിര്‍മ്മാണ മേഖലയില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡുമായും കരാറുണ്ട്. യുഎഇ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയ പ്രധാനമന്ത്രി യുഎഇ പ്രസിഡന്റിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു.
◾ യുഎഇക്കു നേരെ നടന്ന ആക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആക്രമണങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. രാജ്യ സുരക്ഷയ്ക്കും ഐക്യത്തിനും പരമാധികാരത്തിനും യുഎഇ എടുക്കുന്ന നടപടികള്‍ സ്വാഗതം ചെയ്യുന്നതായും മോദി പറഞ്ഞു. മേഖലയിലെ സങ്കീര്‍ണ്ണമായ സാഹചര്യങ്ങള്‍ക്കിടയിലും യുഎഇ നേതൃത്വം പ്രകടിപ്പിക്കുന്ന വിവേകത്തെയും മനോധൈര്യത്തെയും അദ്ദേഹം പ്രശംസിച്ചു.
◾ അമേരിക്കന്‍ ചാര സംഘടനയായ സി ഐ എയുടെ തലവന്‍ ജോണ്‍ റാറ്റ്ക്ലിഫ് ക്യൂബന്‍ രഹസ്യാന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി. ക്യൂബയ്ക്ക് മേല്‍ അമേരിക്ക കൂടുതല്‍ പിടിമുറുക്കിയേക്കുമെന്നുള്ള സൂചനകള്‍ക്കിടെയാണ് നീക്കം. അമേരിക്കന്‍ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കടുത്ത ഇന്ധനക്ഷാമം നേരിടുകയാണ് നിലവില്‍ ക്യൂബ.
◾ ഇറാന്‍-അമേരിക്ക യുദ്ധത്തില്‍ അപ്രതീക്ഷിതമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് പാകിസ്ഥാന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണെന്ന് ഡൊണാള്‍ഡ് ട്രംപ്. താന്‍ ഈ വെടിനിര്‍ത്തലിന് അനുകൂലമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ പ്രധാനമന്ത്രിയെയും ഫീല്‍ഡ് മാര്‍ഷലിനെയും പ്രശംസിച്ച ട്രംപ്, അവരോടുള്ള ബഹുമാനസൂചകമായാണ് ഈ തീരുമാനമെടുത്തതെന്നും വ്യക്തമാക്കി.
◾ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇനി അമേരിക്കയിലേക്ക്. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ക്ഷണമേറ്റെടുത്ത് സെപ്റ്റംബര്‍ 24ന് ഷി ജിന്‍പിങ് വൈറ്റ് ഹൗസ് സന്ദര്‍ശിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി അറിയിച്ചു. ട്രംപ് ചൈനീസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിപ്പോയി.
◾ ഹജ്ജ് കര്‍മങ്ങള്‍ക്കായി ഇതുവരെ എട്ടുലക്ഷത്തി അറുപതിനായിരത്തിലധികം തീര്‍ത്ഥാടകര്‍ മക്കയിലെത്തി. ആകെ 15 ലക്ഷത്തിലധികം ഹാജിമാരെ സ്വീകരിക്കാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. 126 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇടനിലക്കാരില്ലാതെ സേവനങ്ങള്‍ ബുക്ക് ചെയ്യാന്‍ 'നുസ്‌ക്' സ്മാര്‍ട്ട് കാര്‍ഡുകളും പ്ലാറ്റ്‌ഫോമും ഇത്തവണ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
◾ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് ലക്നൗ സൂപ്പര്‍ ജയന്റ്സ്. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ ഉയര്‍ത്തിയ 188 റണ്‍സിന്റെ വിജയലക്ഷ്യം മിച്ചല്‍ മാര്‍ഷിന്റെ വെടിക്കെട്ട് അര്‍ധ സെഞ്ചുറിയുടെ മികവില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 16.4 ഓവറില്‍ ലക്നൗ മറികടന്നു. 38 പന്തില്‍ 90 റണ്‍സടിച്ച മിച്ചല്‍ മാര്‍ഷ് ആണ് ലക്നൗവിന്റെ വിജയശില്‍പി.
◾ എഐയുടെ വരവോടെ രാജ്യത്തെ മുന്‍നിര ഐടി കമ്പനികളുടെ വിപണി മൂല്യത്തിലുണ്ടായത് കനത്ത ഇടിവ്. 2024ലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍നിന്ന് 19 ലക്ഷം കോടി രൂപ(200 ബില്യണ്‍ ഡോളര്‍) അപ്രത്യക്ഷമായി. മൊത്തം മൂല്യത്തില്‍ 45 ശതമാനം ഇടിവ് ഇതിനകം സംഭവിച്ചുകഴിഞ്ഞു. ടിസിഎസ്, വിപ്രോ തുടങ്ങിയ കമ്പനികള്‍ക്ക് പകുതിയോളം മൂല്യം നഷ്ടമായി. 2024 ഡിസംബര്‍ 13-ന് ഐടി മേഖലയിലെ പ്രധാന കമ്പനികളുടെ മൊത്തം വിപണി മൂല്യം 40 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍ 2026 മെയ് 14-ഓടെ 21 ലക്ഷം കോടി രൂപയായി കുറഞ്ഞു. അതായത് ഏകദേശം 19 ലക്ഷം കോടി രൂപയുടെ (45%) ഇടിവ്. 2026-ന്റെ തുടക്കം മുതല്‍ ഇതുവരെ വിപണി മൂല്യത്തില്‍ 9.5 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചു. ഓരോ കമ്പനികളുടെയും മൂല്യം പ്രത്യേകമെടുത്ത് കണക്കാക്കിയാല്‍ നഷ്ടം 20 ലക്ഷം കോടിയോളം വരും. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ഐടി ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചകളിലൊന്നായി ഇതിനെ വിലയിരുത്തുന്നു.
◾ ആഗോളതലത്തില്‍ ജീവനക്കാരെ വെട്ടിക്കുറക്കാനൊരുങ്ങി മുന്‍നിര കമ്പനികള്‍. ആമസോണ്‍, സിസ്‌കോ, ലിങ്ക്ഡ്ഇന്‍ കമ്പനികളാണ് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നത്. സിസ്‌കോ 4000ത്തോളം ജീവനക്കാരെ കുറക്കും. ആഗോളതലത്തില്‍ 80,000 ജീവനക്കാരാണ് സിസ്‌കോക്കുള്ളത്. മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ലിങ്ക്ഡ്ഇന്‍ എന്‍ജിനീയറിങ്, മാര്‍ക്കറ്റിങ് ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാരെ കുറക്കുന്നു. ആഗോളതലത്തില്‍ 17,500 ഓളം ജീവനക്കാരാണ് ലിങ്ക്ഡ് ഇന്നിനുള്ളത്. ആമസോണ്‍ തങ്ങളുടെ സെല്ലിംഗ് പാര്‍ട്ണര്‍ സര്‍വീസസ് വിഭാഗത്തില്‍ പുതിയ പിരിച്ചുവിടലുകള്‍ പ്രഖ്യാപിച്ചു. തേര്‍ഡ് പാര്‍ട്ടി ട്രേഡേഴ്സിനെ സഹായിക്കുന്ന ഈ വിഭാഗത്തില്‍ എത്ര പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് കമ്പനി കൃത്യമായി വ്യക്തമാക്കിയിട്ടില്ല. എഐ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ കമ്പനികളുടേയും പിരിച്ചുവിടല്‍.
◾ പ്രശസ്ത തെലുങ്കു താരം റാം പൊതിനേനി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. അദ്ദേഹം തന്നെ നായകനായി എത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് റാപോ സിനിമാറ്റിക്സ് ബാനറില്‍ കൃഷ്ണ പൊതിനേനി ആണ്. റാം പൊതിനേനിയുടെ 23 -ാം ചിത്രമായാണ് ഒരുങ്ങുന്നത്. തന്റെ മുന്‍ ചിത്രമായ ആന്ധ്ര കിംഗ് താലൂക്കയിലൂടെ ഗായകനായും ഗാനരചയിതാവായും കൂടെ അരങ്ങേറ്റം കുറിച്ച റാം പൊതിനേനി തന്റെ ബഹുമുഖ പ്രതിഭ പ്രേക്ഷകരിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. തെലുങ്ക് സിനിമയില്‍ അപൂര്‍വമായി മാത്രം വന്നിട്ടുള്ള ഒരു സ്‌റ്റൈലിഷ് സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ആയാണ് ഈ ചിത്രം ഒരുക്കാന്‍ പോകുന്നത്. കൂടാതെ, റാം പൊതിനേനിയുടെ വീര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശ്രദ്ധേയമായ പോസ്റ്ററും പുറത്തിറക്കി. ജൂണില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും ഈ വര്‍ഷം ഡിസംബറില്‍ ചിത്രം റിലീസ് ചെയ്യുമെന്നും നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നു.
◾ മാരി സെല്‍വരാജിന്റെ ബ്ളോക് ബസ്റ്റര്‍ ചിത്രം വാഴൈയുടെ രണ്ടാം ഭാഗം 'വാഴൈ 2' എന്നുപേരില്‍ ഒരുങ്ങുന്നു. കതിര്‍, കയാദു ലോഹര്‍, അനുപമ പരമേശ്വരന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. നെറ്റ് ഫ്ലിക്സാണ് നിര്‍മ്മാണം. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും എന്നാണ് സൂചന. കലൈയരശന്‍, നിഖില വിമല്‍, പൊന്‍വേല്‍ എം, രാകുല്‍ .ആര്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്ത വാഴൈ കേരളത്തിലും മികച്ച വിജയം നേടി. 2024 ആഗസ്റ്റ് 30 നാണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്തത്. ബാലതാരങ്ങള്‍ക്കൊപ്പം നിഖില വിമലിന്റെ മികച്ച പ്രകടനം ചിത്രത്തിന്റെ ഹൈലൈറ്റാണ്. പരിയേറും പെരുമാള്‍, കര്‍ണന്‍, മാമന്നന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സംവിധായകന്‍ മാരി സെല്‍വരാജ്.
◾ മെയ് മാസം ഇലക്ട്രിക് കാറുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി ചൈനീസ് ഇലക്ട്രിക് കാര്‍ കമ്പനിയായ ബിവൈഡി. 2026 ജൂലൈ മുതല്‍ കാറുകളുടെ വില വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച സമയത്താണ് ഈ ഓഫര്‍ വരുന്നത്. ബിവൈഡി ഇ-മാക്സ് 7 ന് 5.2 ലക്ഷം വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. പഴയ കാര്‍ മാറ്റി പുതിയ ബിവൈഡി ഇ-മാക്സ് 7 വാങ്ങുകയാണെങ്കില്‍, അവര്‍ക്ക് അധിക ആനുകൂല്യങ്ങള്‍ ലഭിക്കും. ഏകദേശം 300,000 കിലോമീറ്റര്‍ ദീര്‍ഘിപ്പിച്ച വാറന്റിയും ഏഴ് വര്‍ഷത്തേക്ക് സൗജന്യ അറ്റകുറ്റപ്പണി പാക്കേജും കമ്പനി വാഗ്ദാനം ചെയ്യുന്നു. ബിവൈഡി അറ്റോ 3 യിലും ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ മോഡലിനൊപ്പം രണ്ട് വര്‍ഷത്തെ സൗജന്യ അറ്റകുറ്റപ്പണി പാക്കേജും കമ്പനി വാഗ്ദാനം ചെയ്യുന്നു.
◾ സാങ്കേതികവിദ്യയില്‍ അറിവുള്ള പൂച്ച ഒരു കുട്ടിയെഴുതുന്ന നോവലിലെ കഥാപാത്രമായാല്‍ എന്ത് സംഭവിക്കും എന്ന ചോദ്യത്തിനുത്തരമാണ് അമ്മയും പൊന്നുവും പൂച്ചയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഈ നോവല്‍. മറ്റു വളര്‍ത്തുമൃഗങ്ങളില്‍നിന്ന് വ്യത്യസ്തമായി പൂച്ചകള്‍ക്കുള്ള ചില സ്വഭാവസവിശേഷതകളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവിഷ്‌കരിക്കുകയും ചെയ്യുന്ന ഈ വല്ലിയില്‍നിന്നു ചെമ്മേ എന്ന ബാലനോവല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദനക്ഷമമാണ്. 'ഈ വല്ലിയില്‍നിന്നു ചെമ്മേ'. വി.എം. ഗിരിജ. മാതൃഭൂമി. വില 112 രൂപ.
◾ പിസിഒഎസ് അഥവാ പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇന്ന് വ്യാപകമായി കൂടിവരികയാണ്. പലപ്പോഴും ആര്‍ത്തവ തകരാറെന്ന് നിസാരവല്‍ക്കരിക്കുന്ന പിസിഒഎസ്സിന്റെ ഗൗരവം കൂടുതല്‍ മനസ്സിലാക്കുന്നതിന് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം എന്ന രോഗത്തിന്റെ പേര് ആഗോളതലത്തില്‍ പരിഷ്‌കരിച്ചു. ഇനി മുതല്‍ ഇത് ' പോളിഎന്‍ഡോക്രെയ്ന്‍ മെറ്റബോളിക്ക് ഒവേറിയന്‍ സിന്‍ഡ്രോം'എന്നാണ് അറിയപ്പെടുക. ഇതു സംബന്ധിച്ച് മോണാഷ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് ദി ലാന്‍സെറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകമെമ്പാടും ഏകദേശം എട്ടില്‍ ഒരു സ്ത്രീക്ക് പിസിഒഎസ് ബാധിക്കുന്നു. ഇത് കൂടുതല്‍ ഗൗരവത്തോടെ കണക്കാക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ചതിലാണ് പേരുമാറ്റത്തിനുള്ള നിര്‍ദേശം. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം എന്ന പേര് കേള്‍ക്കുമ്പോള്‍ അണ്ഡാശയത്തിലെ സിസ്റ്റുകളെക്കുറിച്ചുള്ള ഒരു അവസ്ഥ മാത്രമാണെന്ന് ചിന്തിക്കുന്നവരാണ് ഏറെയും. അണ്ഡാശയങ്ങള്‍ക്ക് അപ്പുറം പലവിധ ശാരീരിക പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്ന ആരോഗ്യപ്രശ്നം എന്നതു കൊണ്ടു കൂടിയാണ് ആ രീതിയില്‍ പേരു മാറ്റണമെന്ന വാദമുയര്‍ന്നത്. ആര്‍ത്തവ തകരാറുകള്‍ക്കൊപ്പം പ്രത്യുത്പാദനക്ഷമത, ശരീരഭാരം കൂടുക, ചര്‍മം, മാനസികാരോഗ്യം, രക്തത്തിലെ ഷുഗറിന്റെ അളവില്‍ വ്യതിയാനം, ഹൃദയത്തിന്റെ ആരോഗ്യം എന്നിവയെ ബാധിക്കുന്ന ഒരു സങ്കീര്‍ണ്ണമായ ഹോര്‍മോണല്‍, മെറ്റബോളിക് ഡിസോര്‍ഡര്‍ ആണിതെന്നും ആ രീതിയില്‍ തന്നെ ഗൗരവകരമായി വിഷയത്തെ സമീപിക്കണമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
അയാളുടെ മകന് ഭയങ്കര ദേഷ്യം ആയിരുന്നു. മകന്റെ ദേഷ്യം കുറയ്ക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ദേഷ്യം തിളച്ചുപൊന്തുമ്പോള്‍ മുറ്റത്ത് നില്‍ക്കുന്ന മരത്തിനരികിലേക്ക് പോകുക. മരത്തില്‍ ഒരു ആണിയടിച്ചു കയറ്റുക. ദേഷ്യം വന്നപ്പോഴൊക്കെ മകന്‍ മരത്തില്‍ ആണിയടിച്ചുകയറ്റി. ദേഷ്യത്തിന്റെ ശക്തിയനുസരിച്ച് ആണിയില്‍ ആഞ്ഞടിച്ചു. ആണിയടിച്ചുതീര്‍ന്നപ്പോഴേക്കും ദേഷ്യം ശമിച്ചു. ഇങ്ങനെ ഓരോ കോപാവേശത്തിലും ഓരോ ആണി. അങ്ങനെ മരം നിറയെ ആണികളായി. ഈ ആണി ചികിത്സക്കൊപ്പം അവന്റെ മുന്‍കോപവും കുറഞ്ഞുവന്നു. മരത്തില്‍ ആണിയടിച്ചുകയറ്റുന്നത് ഓര്‍ക്കുമ്പോള്‍ തന്നെ അവന്റെ ദേഷ്യം കുറഞ്ഞുവന്നു. മകന്റെ പെരുമാറ്റത്തിലെ ശാന്തതയും സൗമ്യതയും മടങ്ങിവന്നു എന്ന് കണ്ടപ്പോള്‍ അച്ഛന്‍ അവനെ ആണിപീഢനങ്ങള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ട മരത്തിനടുത്തേക്ക് കൊണ്ടുപോയി. ഒരു ചവണകയ്യില് കൊടുത്തിട്ടു ഓരോ ആണിയും പറിച്ചെടുക്കാന്‍ ആവശ്യപ്പെട്ടു. അവന്‍ ആണികളെല്ലാം പറിച്ചെടുത്തു. അപ്പോള്‍ അച്ഛന്‍ ചോദിച്ചു: ഇപ്പോള്‍ നീ മരത്തില്‍ എന്താണ് കാണുന്നത്? കുറെ പാടുകള്‍, ആണിയടിച്ചു കയറ്റിയ പാടുകള്‍. അവന്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞു: അവ മുറിവുകളാണ്. മരത്തിനേററ മുറിവുകള്‍. ആരോടെങ്കില്‍ ദേഷ്യം തോന്നി നീ ചെയ്തുപോന്ന കാര്യങ്ങള്‍ അവശേഷിപ്പിച്ചിരുന്നതും ഇത്തരം മുറിവുകളാണ്. നാം മാപ്പുപറഞ്ഞാലും ഇതുപോലുളള മുറിവുകള്‍ പിന്നേയും അവശേഷിക്കും. ചെറിയ പ്രകോപനത്തില്‍ പോലും ദേഷ്യം വരിക, ദേഷ്യം വന്നാല്‍ വായില്‍തോന്നിയതുപോലെ വിളിച്ചുപറയുക, വികാരക്ഷോഭത്തില്‍ ആക്രമണകാരിയാകുക... ഇതെല്ലാം അപകടകരമായ പെരുമാറ്റ വൈകല്യത്തിന്റെ പരസ്യപ്രയോഗങ്ങളാണ്. മുന്‍കോപത്തിന്റെ മുറിപ്പാടുകള്‍ ഒരിക്കലും മായില്ല. നമുക്ക് പ്രിയപ്പെട്ടവര്‍ക്ക് ഇത്തരം മുറിപ്പാടുകള്‍ നല്‍കാതിരിക്കാന്‍ ശ്രമിക്കാം - ശുഭദിനം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍