അഞ്ചു ദിവസം ശക്തമായ മഴ; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു ദിവസം ശക്തമായ മഴ തുടരും. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. തെക്കുപടിഞ്ഞാറൻ അറബിക്കടലിനും അതിനോട് ചേർന്നുള്ള ലക്ഷദ്വീപിനും കേരള തീരത്തിനും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നതിനാൽ മെയ് 13 വരെ സംസ്ഥാനത്ത് കനത്ത മഴ തുടരും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും ഇടിമിന്നലിനും സാധ്യതയുണ്ട്.
മെയ് പതിനൊന്നോടെ തെക്ക് പടിഞ്ഞാറൻബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍