ഭർത്താവും പെണ്‍സുഹൃത്തും ചേർന്ന് പീഡനത്തിനിരയാക്കിയെന്ന് പരാതി; ആഴത്തിൽ മുറിവേൽപ്പിച്ചു; വണ്ടൂർ സ്വദേശി അറസ്റ്റിൽ
കാളികാവ് (മലപ്പുറം): ഭാര്യയെ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിക്കുകയും പെണ്‍സുഹൃത്തിന്റെ മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത കേസുകളിൽ വണ്ടൂർ വടക്കേകര തുള്ളിശ്ശേരി സ്വദേശി ഷാഹുൽ ഹമീദിനെ (40) കാളികാവ് പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നിലമ്പൂർ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
പ്രതിയുടെ അവിഹിതബന്ധം ചോദ്യംചെയ്തതിലുള്ള വിരോധം കാരണം മാർച്ച് 16നാണ് ക്രൂരമായ അതിക്രമം നടന്നത്. രണ്ടാം പ്രതിയായ പെണ്‍സുഹൃത്ത് താമസിക്കുന്ന പുറ്റമണ്ണയിലെ വാടക ക്വാർട്ടേഴ്സിൽ യുവതിയെ എത്തിച്ച് കൈ കാലുകൾ ബന്ധിക്കുകയും വായിൽ തുണിതിരുകി മർദിക്കുകയുമായിരുന്നു. പേപ്പർ മുറിക്കാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് യുവതിയുടെ ശരീരത്തിൽ ആഴത്തിൽ മുറിവുകളുണ്ടാക്കി. തുടർന്ന്, അപകടത്തിൽ പരിക്കേറ്റതാണെന്ന് വരുത്തിത്തീർക്കാൻ മാർച്ച് 17ന് പ്രതി യുവതിയെ ആശുപത്രിയിൽ കാണിച്ചശേഷം വീട്ടിലെത്തിച്ചു. തുടർന്ന് മാർച്ച് 23ന് യുവതി കാളികാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
രണ്ടാം പ്രതിയായ വിവാഹമോചിതയായ യുവതിയുടെ മകളെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന പരാതിയിൽ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ജനുവരിയിൽ അതിക്രമം നടത്തിയെന്നാണ് കുട്ടികളിൽ ഒരാൾ പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍