പ്രഭാത വാർത്തകൾ

2026 | ജൂണ്‍ 5, വെള്ളി 
1201 | ഇടവം 22 , തിരുവോണം
1447  ദുൽഹിജ്ജ 18

◾  പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ തൃണമൂല്‍ കോണ്‍ഗ്രസിലെ പകുതിയോളം പാര്‍ലമെന്റ് അംഗങ്ങളും ബിജെപിയിലേക്ക്. ലോക്‌സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നുമായി 20 തൃണമൂല്‍ എംപിമാരാണ് ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയത്. ടിഎംസിക്ക് ലോക്‌സഭയില്‍ 28 എംപിമാരും രാജ്യസഭയില്‍ 13 എംപിമാരുമാണുള്ളത്. ആകെ 41 പേര്‍. പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ കൂടുതല്‍ എംപിമാരുള്ള രണ്ടാമത്തെ കക്ഷിയാണ് ടിഎംസി.

◾  കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യയാത്രയുടെ പണം ബജറ്റില്‍ വകയിരുത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കി. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പൊതുസ്ഥാപനങ്ങളെ സ്വയം പര്യാപ്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

◾  നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിവേണമെന്ന ആവശ്യത്തില്‍നിന്ന് പിന്നോട്ടു പോകേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്. പാര്‍ട്ടി അഭിമാനം സിപിഎമ്മിന് മുന്‍പില്‍ പണയം വെയ്ക്കേണ്ടതില്ലെന്നാണ് സിപിഐ വിലയിരുത്തല്‍.



◾  മാസപ്പടി കേസില്‍ തുടര്‍നടപടികള്‍ക്കായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഡയറക്ടര്‍ കൊച്ചിയിലെത്തി. വീണ വിജയന്‍ അടക്കമുഉള്ളവര്‍ക്കെതിരായ തുടര്‍നടപടികള്‍, റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ അക്രമിച്ചതിനെതിരായ നടപടികള്‍ എന്നിവ  ചര്‍ച്ച ചെയ്യും. അതേസമയം, സിഎംആര്‍എല്‍ കേസില്‍ ഇന്നു ഹൈക്കോടതി വിധി പ്രസ്താവിച്ചേക്കും.

◾  വൈദ്യുതി മേഖല പൂര്‍ണ്ണമായും സ്വകാര്യവല്‍ക്കരിക്കാനാണ് വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ നീക്കമെന്ന് മുന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ കേരളത്തിന് ആറ് ലക്ഷം കോടി രൂപയുടെ കടമുണ്ടെന്നാണ് ആരോപിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ധവളപത്രത്തില്‍ അത് അഞ്ചു ലക്ഷം കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. പി എം ശ്രീ പദ്ധതിയില്‍ 1500 കോടിയോളം രൂപ കേന്ദ്രത്തില്‍നിന്ന് ലഭിക്കാനുണ്ടെന്നും ബാലഗോപാല്‍ പറഞ്ഞു.

◾  റിയാദ് - കൊച്ചി സെക്ടറിലേക്ക് ആകാശ എയര്‍ പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ജൂലൈ രണ്ടു മുതലാണ് പുതിയ വിമാന സര്‍വീസുകള്‍. റിയാദില്‍ നിന്നും കൊച്ചിയിലേക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് സര്‍വിസ്.

◾  രാജ്യസഭ സീറ്റ് ലഭിക്കാത്തതിനാല്‍ ജോര്‍ജ് കുര്യന് കേന്ദ്ര മന്ത്രിസ്ഥാനം നഷ്ടമായേക്കും. കേന്ദ്രമന്ത്രിസഭ പുനസംഘടനയില്‍ സുരേഷ് ഗോപി തുടരാനാണ് സാധ്യത. കേരളത്തില്‍ നിന്ന് സദാനന്ദന്‍ മാസ്റ്റര്‍, അനില്‍ ആന്റണി എന്നിവരെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

◾  കേന്ദ്രസര്‍ക്കാര്‍ പണം തരുന്നില്ലെന്നു പരാതിപ്പെടാനാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നു പറഞ്ഞു ധവളപത്രം പുറത്തിറക്കുന്നതെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി ഗോപകുമാര്‍. ഇരു മുന്നണികളും ഇതുതന്നെയാണു ചെയ്യുന്നതെന്നും ഗോപകുമാര്‍ പറഞ്ഞു.

◾  അടുത്ത അഞ്ചു ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. വരും ദിവസങ്ങളില്‍ മഴ വടക്കന്‍ ജില്ലകളിലേക്കും വ്യാപിക്കും.

◾  നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിച്ച കേസില്‍ എസ്ഐമാരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഗ്രേഡ് എസ്ഐമാരായ ഗിരീഷ്, ശ്രീകാന്ത് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരായത്.

◾  കേരള പോലീസിന്റെ 'തൂഫാന്‍' ലഹരിവേട്ടയുടെ ഭാഗമായി കൊച്ചിയില്‍ നടത്തിയ റെയ്ഡുകളില്‍ 36 പേര്‍ അറസ്റ്റിലായി. 437.28 ഗ്രാം എം.ഡി.എം.എ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളും, ഒരു ലക്ഷം രൂപയും, ആഡംബര കാറും പോലീസ് പിടിച്ചെടുത്തു.

◾  കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. നാല് ഗ്രാം എംഡിഎംഎയും 850 ഗ്രാമോളം ഹാഷിഷ് ഓയിലുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞാറയ്ക്കല്‍ ഓച്ചന്തുരുത്ത് മേത്താശ്ശേരി വീട്ടില്‍ ജിഷ്ണു പ്രിയന്‍ (28) ആണ് പിടിയിലായത്.

◾  'ഓപ്പറേഷന്‍ തൂഫാന്‍' പദ്ധതിയുടെ ഭാഗമായി തൃശ്ശൂര്‍ സിറ്റി പൊലീസ് പിടിച്ചെടുത്ത വന്‍ ലഹരിവസ്തുക്കളുടെ ശേഖരം നശിപ്പിച്ചു. പാലിയേക്കരയ്ക്കടുത്തുള്ള ചിറ്റിശേരിയിലെ ചൂളയില്‍ കത്തിച്ചു നശിപ്പിക്കുകയായിരുന്നു.

◾  പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള യുഡിഎഫ് സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ യുവജനപ്രക്ഷോഭം ഉയര്‍ത്തുമെന്ന് ഡിവൈഎഫ്ഐ. റിട്ടയര്‍മെന്റ് പ്രായപരിധി വര്‍ധിപ്പിക്കണമെന്നു ധവളപത്രത്തിലെ നിര്‍ദ്ദേശം യുവജനങ്ങളുടെ തൊഴില്‍  സ്വപ്നത്തെ തകര്‍ക്കും. ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി.

◾  സ്‌കൂളുകളില്‍ ആഴ്ചയില്‍ ഒരു ദിവസം കളര്‍ ഡ്രസ് അനുവദിക്കാമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനക്കെതിരെ കെഎസ്യു. മന്ത്രിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് ആന്‍ സെബാസ്റ്റ്യന്‍ മന്ത്രിക്കു കത്തു നല്‍കി.

◾  വിവിധ പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് യുവാക്കള്‍ ഉള്‍പ്പെടുന്ന സംഘത്തിന്റെ വന്‍ പണമിടപാട് തട്ടിപ്പ് വ്യാപകമാകുന്നു. പമ്പുകളിലെ ഓണ്‍ലൈന്‍ പണമിടപാടില്‍ ക്യുആര്‍ കോഡുകള്‍ ദുരുപയോഗം ചെയ്ത് വ്യാജ ഇടപാടുകള്‍ നടത്തിയാണ് സംഘം ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നത്.

◾  നിയമസഭാ മന്ദിരത്തിലും ചേര ശല്യം. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം മുഖ്യമന്ത്രി നിയമസഭയില്‍ സമര്‍പ്പിച്ചതിനെത്തുടര്‍ന്നുള്ള ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ സഭാമന്ദിരത്തിലെത്തിയ ചേരയെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് പിടികൂടിയത്.

◾  വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡ് തടവുകാരന്‍ രേഷ് ബാബു മരിച്ചത് രക്തത്തിലെ പ്ലേറ്റ്ലറ്റ് കുറഞ്ഞതുമൂലം തലയില്‍ രക്തസ്രാവം ഉണ്ടായതുകൊണ്ടാണെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. രക്തസ്രാവത്തിനു പിറകേ അവയങ്ങളുടെ പ്രവര്‍ത്തനം നിലച്ചുവെന്നും ശരീര ഭാഗത്തുള്ള മുറിവുകള്‍ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞതുമൂലം സംഭവിച്ചതാണെന്നുമാണു ജയില്‍ അധികൃതര്‍ പറയുന്നത്.

◾  കല്ലുവാതുക്കലിലും കൊല്ലം നഗരഹൃദയത്തിലും വയോധികരെ തലയ്ക്കടിച്ചു കൊന്ന കന്യാകുമാരി തക്കല സ്വദേശി വിജു സുരേഷ് (42) പിടിയില്‍. തമിഴ്നാട്ടിലെത്തി കൊല്ലം ഷാഡോ പൊലീസാണ് ഇയാളെ പിടികൂടിയത്.

◾  യുഡിഎഫ് മന്ത്രിമാര്‍ വെള്ളാപ്പള്ളി നടേശനുമായും മകനുമായും സൗഹൃദം പങ്കിടുന്നതിനെതിരെ കെ. സച്ചിദാനന്ദന്‍, സാറാ ജോസഫ് തുടങ്ങിയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്ത്. ബിന്ദു കൃഷ്ണ വെള്ളാപ്പള്ളിയുടെ അനുഗ്രഹം വാങ്ങിയത് ഞെട്ടലുണ്ടാക്കിയെന്നും, ഈ വിഷയത്തില്‍ മുസ്ലിം ലീഗ് പുലര്‍ത്തുന്ന മൗനം അമ്പരപ്പിക്കുന്നുവെന്നും അവര്‍ പ്രസ്താവനയില്‍ പറയുന്നു.

◾  മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തിന് 1000 പേജുണ്ട്. നടന്‍ സൗബിന്‍ ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണ് പ്രതികള്‍. സിനിമയുടെ ലാഭത്തിന്റെ 40 ശതമാനം നല്‍കാമെന്നു വിശ്വസിപ്പിച്ച് പ്രതികള്‍ ഏഴു കോടി രൂപ തട്ടിയെടുത്തെന്നാണ് അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ ഹമീദ് നല്‍കിയ പരാതി.

◾  തമിഴ്‌നാട് അതിര്‍ത്തിയില്‍ കടന്ന് പിടികൂടിയ പ്രതി കസ്റ്റഡിയിലിരിക്കെ മരിച്ച കേസില്‍, കേരള പൊലീസിലെ ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കാന്‍ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചു. ഇരയുടെ കുടുംബവുമായി ഒത്തുതീര്‍പ്പിലെത്തിയെന്നു പറഞ്ഞ് കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. 2017-ല്‍ ദിണ്ടിഗലില്‍ മൊക്കയ്യന്‍ എന്നയാള്‍ മരിച്ച കേസിലാണ് കേരള പൊലീസിന്റെ നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങള്‍ പ്രതികളായത്.

◾  നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരു വര്‍ഷത്തിനകം വീഴുമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അടുത്ത കൊല്ലം മോദിയായിരിക്കില്ല പ്രധാനമന്ത്രി. ബിജെപിയില്‍ ആഭ്യന്തര കലഹം രൂക്ഷമാണെന്നും, അകത്തെ വിവരങ്ങള്‍ പ്രതിപക്ഷത്തിന് ചോര്‍ന്ന് കിട്ടുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധി തെറ്റായ പ്രചാരണം നടത്തുകയാണെന്നും ആഭ്യന്തര കലഹം കോണ്‍ഗ്രസിലാണെന്നും ബി ജെ പി വക്താവ് ഷെഹ്സാദ് പുനെവാലെ പ്രതികരിച്ചു.

◾  പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസിലേക്ക് മടങ്ങുമെന്ന് രാഷ്ട്രീയ അഭ്യൂഹങ്ങള്‍. 2027-ലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഈ നീക്കം. അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസ് നേതൃത്വവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ഹരിയാന മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ പറഞ്ഞിരുന്നു.

◾  കര്‍ണാടകയില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു. ധനവകുപ്പ് മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ തന്നെ കൈകാര്യം ചെയ്യും. പ്രിയങ്ക് ഖര്‍ഗേക്കാണ് ആഭ്യന്തരവകുപ്പ്. ബെംഗളൂരു നഗര വികസന വകുപ്പ് കൃഷ്ണ ബൈരെ ഗൗഡയ്ക്കും നല്‍കി. കെ ജെ ജോര്‍ജിന് ഊര്‍ജ്ജവും വിനോദസഞ്ചാരവും യുടി ഖാദറിന് ആരോഗ്യവും കുടുംബക്ഷേമ വകുപ്പും നല്‍കി.

◾  മമത ബാനര്‍ജിയുടെ ജനപ്രീതിയുടെ നിഴലില്‍ മാത്രം ജയിച്ചുവന്നവരാണു തൃണമൂല്‍ കോണ്‍ഗ്രസിലെ വിമതരെന്ന്  മഹുവ മൊയ്ത്ര എംപി. വിമതര്‍ 'ഒന്നിനും കൊള്ളാത്ത'വരാണെന്നും അവര്‍ക്ക് പ്രതിപക്ഷത്തിരുന്ന് ബിജെപിയോട് പോരാടാനുള്ള കഴിവില്ലെന്നും മഹുവ മൊയ്ത്ര പരിഹസിച്ചു.

◾  നമ്മള്‍ തെരുവിലൂടെ വോട്ട് ചോദിച്ച് നടന്നു. സ്വന്തം വീട്ടിലെ വോട്ട് മറന്നുപോയെന്ന് ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്‍. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി ചര്‍ച്ച ചെയ്ത യോഗത്തിലാണ് അദ്ദേഹം വികാരാധീനനായത്. രാഷ്ട്രീയവും വികസന നേട്ടങ്ങളും ബോധ്യപ്പെടുത്താനാകാത്തതിനാലാണു ഡിഎംകെ കുടുംബങ്ങളിലെ വോട്ട് നഷ്ടമായതെന്ന് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

◾  കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, നേതാക്കളായ പവന്‍ ഖേര, പ്രവീണ്‍ ചക്രവര്‍ത്തി, മന്‍സൂര്‍ അലിഖാന്‍, മീനാക്ഷി നടരാജന്‍ എന്നിവര്‍ക്കു രാജ്യസഭയിലേക്കു മല്‍സരിക്കാന്‍ എഐസിസി അംഗീകാരം നല്‍കി. ദിഗ് വിജയ് സിംഗിന് ഇക്കുറി സീറ്റ് നല്‍കിയില്ല.

◾  നിരവധി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറാന്‍ തങ്ങളെ സമീപിക്കുന്നുണ്ടെന്നും എന്നാല്‍ അവര്‍ക്കായി ബിജെപിയുടെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കുമെന്നും ബംഗാള്‍ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ദിലീപ് ഘോഷ്. പാര്‍ട്ടിയിലെ പ്രതിസന്ധി തിരിച്ചറിയാനാകാതായത് മമത ബാനര്‍ജിയുടെ രാഷ്ട്രീയ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.

◾  ലോക്സഭയില്‍ തങ്ങളുടെ എം പിമാര്‍ക്ക് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കൊപ്പം അല്ലാതെ പ്രത്യേക ഇരിപ്പിടങ്ങള്‍ അനുവദിക്കണമെന്ന ഡി എം കെയുടെ ആവശ്യം ലോക്സഭാ സെക്രട്ടറിയേറ്റ് അംഗീകരിച്ചു. കനിമൊഴിയാണ് ഇതുസംബന്ധിച്ച കത്തു നല്‍കിയത്.

◾  ദേശീയതലത്തില്‍ പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യ സഖ്യത്തിന്റെ ജൂണ്‍ എട്ടിന് നടക്കുന്ന യോഗത്തില്‍ നിന്ന് ഡി എം കെ വിട്ടുനില്‍ക്കും. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് തങ്ങളെ വഞ്ചിച്ചുവെന്നും അതിനാല്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്ന ഒരു യോഗത്തിലും തങ്ങള്‍ ഭാഗമാകില്ലെന്നും ഡി എം കെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

◾  കോക്രോച്ച് ജനത പാര്‍ട്ടിയുടെ ശനിയാഴ്ചത്തെ പ്രതിഷേധത്തില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികളും പങ്കെടുക്കും. സിജെപി ക്ഷണിച്ചതനുസരിച്ച് എസ്എഫ്ഐ ഡല്‍ഹി സെക്രട്ടറി ഐഷി ഘോഷ് പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന് എസ്എഫ്ഐ അറിയിച്ചു.

◾  തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ, തന്റെ രാഷ്ട്രീയ നിലപാട് ഇന്ന് പ്രഖ്യാപിക്കും. സോഷ്യല്‍ മീഡിയയിലൂടെ തത്സമയം ജനങ്ങളുമായി സംവദിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ബിജെപിയെ പരാമര്‍ശിക്കാത്ത സമീപകാല ട്വീറ്റ് ഈ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

◾  ആഗോള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, ഇന്ത്യ 20,000 കോടിയിലധികം രൂപയുടെ സൈനിക ഡ്രോണുകള്‍ ആഭ്യന്തര കമ്പനികളില്‍ നിന്ന് വാങ്ങാന്‍ ഒരുങ്ങുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഈ ഡ്രോണ്‍ ഇടപാട്, അതിര്‍ത്തിയിലെ സുരക്ഷാ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി 'ഫാസ്റ്റ് ട്രാക്ക്' രീതിയിലായിരിക്കും നടപ്പാക്കുക.

◾  പതിറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായ ലൈംഗിക പീഡന പരാതികളില്‍ ഇരകളായ 280 വിദ്യാര്‍ത്ഥികള്‍ക്ക് 958 കോടി രൂപ  നഷ്ടപരിഹാരമായി നല്‍കാന്‍ അമേരിക്കന്‍ സര്‍വകലാശാല തീരുമാനിച്ചു. പ്രശസ്തമായ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ കാമ്പസ് ഡോക്ടര്‍ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് വന്‍തുക നഷ്ടപരിഹാരമായി നല്‍കുന്നത്. ഇരകളുടെ അഭിഭാഷകനും സര്‍വകലാശാല അധികൃതരും നടത്തിയ ചര്‍ച്ചകളിലാണ് നഷ്ടപരിഹാരത്തിന് തീരുമാനമായത്.

◾  ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ ഫീല്‍ഡ് ഏജന്റുമാരായി പ്രവര്‍ത്തിച്ച 15 പേരെ ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. രാജ്യത്ത് യുവാക്കളെ സ്വാധീനിച്ച് അട്ടിമറി നീക്കങ്ങള്‍ നടത്താന്‍ ഇവര്‍ ശ്രമിച്ചുവെന്നാണ് ആരോപണം. അടുത്തിടെയുണ്ടായ ഇറാന്‍ മിസൈല്‍ ആക്രമണത്തിന് പിന്നാലെയാണ് ഈ നിര്‍ണ്ണായക നടപടി.

◾  ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മിഡില്‍ ഈസ്റ്റിലെ ഗുരുതരമായ പ്രതിസന്ധിയെക്കുറിച്ച് ഫോണില്‍ ചര്‍ച്ച ചെയ്തു. സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും സൈനിക നടപടികള്‍ക്ക് പകരം നയതന്ത്രപരമായ പരിഹാരങ്ങള്‍ കണ്ടെത്താനും ഇരു നേതാക്കളും ധാരണയായി.

◾  ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന ലുഫ്താന്‍സ എയര്‍ലൈന്‍സിന്റെ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനത്തിന്റെ മുന്‍ചക്രങ്ങള്‍ ഒടിഞ്ഞ് അപകടം. വിമാനത്തിലേക്ക് യാത്രക്കാര്‍ കയറുന്നതിനിടെയാണ്  അപകടം ഉണ്ടായത്. വിമാന ജീവനക്കാരും ഗ്രൗണ്ട് സ്റ്റാഫും യാത്രക്കാരും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.

◾  ഓഹരി വിപണിയിലേക്ക് കടക്കാനൊരുങ്ങി എഐ കമ്പനിയായ ആന്ത്രോപിക്. എതിരാളികളായ ഓപ്പണ്‍ എ.ഐയെ മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യമേറിയ എ.ഐ സ്റ്റാര്‍ട്ടപ്പ് എന്ന പദവി സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ആന്ത്രോപിക്കിന്റെ ഈ നീക്കം. പ്രഥമ ഓഹരി വില്‍പ്പനക്കുള്ള നടപടിക്രമങ്ങള്‍ അതീവ രഹസ്യമായാണ് കമ്പനി പൂര്‍ത്തിയാക്കിയത്. സമീപകാലത്ത് ഒരു സാങ്കേതികവിദ്യാ കമ്പനി നടത്തുന്ന ഏറ്റവും വലിയ ഓഹരി വിപണി പ്രവേശനമായിരിക്കും ഇതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ആഗോള ടെക് ഭീമന്മാരായ ആമസോണും ഗൂഗിളും വന്‍തോതിലാണ് ആന്ത്രോപിക്കില്‍ നിക്ഷേപം നടത്തിയിട്ടുള്ളത്. പ്രമുഖ ടെക് നിക്ഷേപകര്‍ അടുത്തിടെ കമ്പനിയില്‍ വന്‍തോതില്‍ പണം ഇറക്കിയിരുന്നു. പുതിയ ഫണ്ടിങ് റൗണ്ടില്‍ 6,500 കോടി ഡോളര്‍ കൂടി സമാഹരിച്ചതോടെ ആന്ത്രോപിക്കിന്റെ ആകെ വിപണി മൂല്യം 96,500 കോടി ഡോളറായി കുതിച്ചുയര്‍ന്നു.

◾  ചെറുകിട-വന്‍കിട വ്യവസായങ്ങള്‍ക്ക് വലിയ സഹായവുമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പുതിയ 'ബിസിനസ് ഏജന്റ്' മെറ്റാ അവതരിപ്പിച്ചു. വാട്‌സാപ്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം എന്നിവയിലൂടെ ബിസിനസ് നടത്തുന്നവര്‍ക്ക് ഉപഭോക്താക്കളുമായുള്ള ആശയവിനിമയം പൂര്‍ണമായും ഓട്ടോമേറ്റ് ചെയ്യാനും വില്‍പന വര്‍ധിപ്പിക്കാനും ഈ എ.ഐ ടൂള്‍ സഹായിക്കും. ഈ എ.ഐ അസിസ്റ്റന്റിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിന് ഉപഭോക്താക്കളുടെ പ്രാദേശിക ഭാഷയില്‍ സംസാരിക്കാനാകും എന്നതാണ്. മിനിറ്റുകള്‍ക്കുള്ളില്‍ സെറ്റ് ചെയ്യാവുന്ന ഈ സംവിധാനത്തില്‍ ബിസിനസിന്റെ സ്വഭാവത്തിനനുസരിച്ചുള്ള ശൈലിയും ടോണും ഉടമകള്‍ക്ക് തന്നെ തിരഞ്ഞെടുക്കാം. ജീവനക്കാരുടെ വലിയ നിര ഇല്ലാതെ തന്നെ ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് 24 മണിക്കൂറും കൃത്യമായ മറുപടി നല്‍കാന്‍ ഇതിലൂടെ സാധിക്കും. ഭാവിയില്‍ മാര്‍ക്കറ്റ് റിസര്‍ച്ച്, കലണ്ടര്‍ മാനേജ്‌മെന്റ് തുടങ്ങിയ സേവനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തും.

◾  മലയാളത്തിന്റെ പ്രിയ നടന്‍ ഇന്ദ്രന്‍സും തെന്നിന്ത്യന്‍ താരം മധുബാലയും ആദ്യമായി ഒന്നിക്കുന്ന 'ചിന്ന ചിന്ന ആസൈ' എന്ന സിനിമയിലെ മനോഹര മെലഡിഗാനം ശ്രദ്ധനേടുന്നു. കര കവിയാതെ.. എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയത് അന്‍വര്‍ അലിയാണ്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. അഭിജിത്ത് അനില്‍ കുമാര്‍ ആണ് ആലാപനം. വര്‍ഷ വാസുദേവ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ചിന്ന ചിന്ന ആസൈ. പൂര്‍ണ്ണമായും വാരണാസിയില്‍ ചിത്രീകരണം പൂര്‍ത്തിയായ ചിത്രം, അധികം വൈകാതെ തന്നെ തിയേറ്ററുകളിലെത്തും. ദുല്‍ഖറിന്റ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത് ബാബുജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

◾  മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തിയ മഹേഷ് നാരായണന്‍ ചിത്രം 'പേട്രിയറ്റ്' ജൂണ്‍ അഞ്ച് മുതല്‍ സീ ഫൈവില്‍ സ്ട്രീമിങ് ആരംഭിക്കും. മമ്മൂട്ടിയും മോഹന്‍ലാലും പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച 'പേട്രിയറ്റ്' വമ്പന്‍ താരനിരയില്‍ ഒരുക്കിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി, രാജീവ് മേനോന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. കൂടാതെ, ജിനു ജോസഫ്, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് എന്നിവരും 'മദ്രാസ് കഫേ', 'പത്താന്‍' തുടങ്ങിയ സിനിമയിലൂടെ ശ്രദ്ധേയനായ തിയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിലുണ്ട്.

◾  എഥനോളില്‍ ഓടുന്ന സ്‌പ്ലെന്‍ഡര്‍ പ്ലസ് ഫ്‌ലെക്‌സ് ഫ്യുവല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഹീറോ മോട്ടോകോര്‍പ്പ്. 82,810 രൂപയാണ് (എക്‌സ്-ഷോറൂം) വില. സാധാരണയായി ലഭിക്കുന്ന ഇ20 അധിഷ്ഠിതമായ ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലസിനെ അപേക്ഷിച്ച് ഇതിന് 5,000 രൂപയോളം വില കൂടുതലാണ്. നിലവിലുള്ള സ്‌പ്ലെന്‍ഡര്‍ പ്ലസ് മോഡലിനെ അടിസ്ഥാനമാക്കിയാണ് ഈ ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഇ85 പെട്രോളില്‍ (85 ശതമാനം എഥനോള്‍ + 15 ശതമാനം പെട്രോള്‍) വരെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നവിധം 36-ഓളം മാറ്റങ്ങള്‍ ഇതിന് വരുത്തിയിട്ടുണ്ട്. പുതിയ ഫ്യുവല്‍ പമ്പ്, പുതിയ സെക്കന്‍ഡറി എയര്‍ ഫില്‍ട്ടര്‍, കാലിബ്രേറ്റ് ചെയ്ത ഇസിയു മാപ്പ് എന്നിവ ഈ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. ഇ85 ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ 8.4 ബിഎച്പി കരുത്തും 8.3 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 97.2സിസി, എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതിലുള്ളത്.

◾  എഴുത്തുകാരനും നര്‍മ്മപ്രഭാഷകനുമായ വി.സുരേശന്റെ പുതിയ നര്‍മ്മ കഥാസമാഹാരം. ചിരിയിലൂടെ വിവിധ സാമൂഹ്യപ്രശ്നങ്ങളിലേക്ക് വിരല്‍ചൂണ്ടുകയും, നന്മതിന്മകളെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യുന്ന, സിന്‍ഗിള്‍ വിന്‍ഡോ കൗണ്ടര്‍, വിഗ്രഹമോഷണം, പൊറിഞ്ചുസാറിന്റെ പരീക്ഷ, വിഷുക്കെണി, റോബോട്ട് ഹോട്ടല്‍ തുടങ്ങിയ ഇരുപതില്‍പ്പരം കഥകള്‍. ഹാസ്യം തുളുമ്പുന്ന അവതരണശൈലി, ഉചിതമായ നര്‍മ്മഭാഷണങ്ങള്‍, പരിചിതമായ പ്രമേയങ്ങള്‍, ലാളിത്യമാര്‍ന്ന രചനാവൈഭവം ഇവയെല്ലാംകൊണ്ട് അനുഗ്രഹീതമാണ് ഈ രചനകള്‍. 'ചിരിക്കുന്നവര്‍ ഭാഗ്യവാന്മാര്‍'. വി സുരേശന്‍. പരിധി പബ്ളിക്കേഷന്‍സ്. വില 190 രൂപ.

◾  പതിവായി നീന്താന്‍ പോകുന്ന ആളുകള്‍ നീന്തല്‍ക്കുളത്തില്‍ പോകുന്നതിന് മുമ്പും ശേഷവും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അവരുടെ ചര്‍മ്മത്തെയും മുടിയെയും സംരക്ഷിക്കാന്‍ കഴിയും. പതിവായി നീന്തുന്നവര്‍ക്ക് വരണ്ടതും ചൊറിച്ചിലുമുള്ള ചര്‍മ്മം, മങ്ങിയ മുടി, അറ്റം പിളരല്‍, മുടി പൊട്ടല്‍ എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നു. സെന്‍സിറ്റീവ് ചര്‍മ്മം, എക്സിമ, അല്ലെങ്കില്‍ കളര്‍ ചെയ്ത മുടി എന്നിവയുള്ള ആളുകളില്‍ ഇതിന്റെ ഫലങ്ങള്‍ കൂടുതല്‍ പ്രകടമാകും. നീന്തലിന് പോകുന്നതിന് മുമ്പ് ഒരു ചെറിയ തയ്യാറെടുപ്പ് നടത്തുന്നത് ക്ലോറിന്‍ എക്സ്പോഷര്‍ ഗണ്യമായി കുറയ്ക്കും. നീന്തലിന് ഇറങ്ങുന്നതിന് മുമ്പ് കുളിക്കുക. കാരണം, ചര്‍മ്മത്തിലും മുടിയിലും ആഗിരണം ചെയ്യപ്പെടുന്ന ക്ലോറിനേറ്റ് ചെയ്ത വെള്ളത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. നീന്തലിന് പോകുന്നതിന് മുമ്പ് നേരിയ മോയ്‌സ്ചറൈസര്‍ പുരട്ടുക. ഇത് ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ശുദ്ധമായ വെള്ളത്തില്‍ ആദ്യമേ കുളിക്കുമ്പോള്‍ ക്ലോറിനേറ്റ് ചെയ്ത വെള്ളം ആഗിരണം ചെയ്യുന്നത് കുറവാണ്. ദിവസം മുഴുവന്‍ നല്ല ജലാംശം നിലനിര്‍ത്തുക, ഔട്ട്ഡോര്‍ പൂളുകള്‍ ഉപയോഗിക്കുന്നതിന് മുമ്പ് സണ്‍സ്‌ക്രീന്‍ പുരട്ടുക, സ്ഥിരമായ ചര്‍മ്മ, മുടി സംരക്ഷണ ദിനചര്യ പിന്തുടരുക, എക്സിമ അല്ലെങ്കില്‍ സെന്‍സിറ്റിവിറ്റി ഉണ്ടെങ്കില്‍ ചര്‍മ്മത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുക, മുടിക്ക് നിറം നല്‍കിയതോ രാസവസ്തുക്കള്‍ ചേര്‍ത്തതോ ആണെങ്കില്‍ അധിക മുടി സംരക്ഷണം നല്‍കുക എന്നിവ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

*ശുഭദിനം*
*കവിത കണ്ണന്‍*
'എന്തുകൊണ്ടാണ് ജീവിതത്തില്‍ ഇത്രയും പ്രശ്‌നങ്ങള്‍? എന്തുകൊണ്ടാണ് എനിക്ക് മാത്രം ഇങ്ങനെ കഷ്ടതകള്‍ വരുന്നത്?''  ഈ ചിന്തകള്‍ അവനെ പലപ്പോഴും നിരാശനാക്കി. ഒരു ദിവസം അവന്‍ ഒരു ജ്ഞാനിയുടെ അടുത്തെത്തി.  അവന്റെ വിഷമങ്ങള്‍ എല്ലാം കേട്ടശേഷം ജ്ഞാനി ഒരു ഗ്ലാസ് വെള്ളം കൊണ്ടുവരാന്‍ പറഞ്ഞു. വെള്ളം കൊണ്ടുവന്നപ്പോള്‍ അദ്ദേഹം ഒരു പിടി ഉപ്പ് അതിലിട്ട് കലക്കി. ശേഷം പറഞ്ഞു:  ''ഇത് ഒന്ന് കുടിച്ചുനോക്കൂ.'' ഒരു കവിള്‍ കുടിച്ചതും യുവാവ് മുഖം ചുളിച്ചു.  ''വളരെ കയ്പാണ്...'' ജ്ഞാനി ഒന്നും പറഞ്ഞില്ല. അദ്ദേഹം യുവാവിനെയും കൂട്ടി അടുത്തുള്ള ഒരു വലിയ തടാകത്തിന്റെ കരയിലേക്ക് നടന്നു. അതേ അളവിലുള്ള ഉപ്പ് തടാകത്തിലേക്കും ഇട്ടു. ശേഷം തടാകത്തില്‍ നിന്ന് ഒരു കൈ വെള്ളമെടുത്ത് കുടിക്കാന്‍ പറഞ്ഞു. വെള്ളം കുടിച്ച അവനോട് അദ്ദേഹം ചോദിച്ചു:  ''ഇപ്പോഴും കയ്പുണ്ടോ?''  ''ഇല്ല... ഇത് സാധാരണ വെള്ളം പോലെയാണ്.'' അവന്‍ പറഞ്ഞു. അപ്പോള്‍ ജ്ഞാനി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: ''ജീവിതത്തിലെ വേദനകളും പ്രശ്‌നങ്ങളും ഈ ഉപ്പുപോലെയാണ്.   അവയുടെ അളവ് പലപ്പോഴും മാറില്ല.  പക്ഷേ അവയെ സ്വീകരിക്കുന്ന മനസ്സിന്റെ വലിപ്പമാണ് വ്യത്യാസം ഉണ്ടാക്കുന്നത്.  ചെറിയ ഒരു ഗ്ലാസ്സില്‍ വീഴുന്ന ഉപ്പ് വെള്ളത്തെ മുഴുവന്‍ കയ്പാക്കും. പക്ഷേ വിശാലമായ ഒരു തടാകത്തിന് അതിനെ ഉള്‍ക്കൊള്ളാന്‍ കഴിയും.''  അദ്ദേഹം തുടര്‍ന്നു:   ''ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഇല്ലാത്തവരാരുമില്ല.  പക്ഷേ ചിലര്‍ അതില്‍ തളരുന്നു...  ചിലര്‍ അതില്‍ നിന്ന് വളരുന്നു.  വ്യത്യാസം പ്രശ്‌നങ്ങളിലല്ല..  മനസ്സിന്റെ വിശാലതയിലാണ്.''   ജീവിതത്തിലെ കഷ്ടതകള്‍ ഒഴിവാക്കാന്‍ നമുക്ക് എല്ലായ്‌പ്പോഴും കഴിയില്ല.  പക്ഷേ അവയെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നത്ര നമ്മുടെ മനസ്സിനെ വളര്‍ത്താന്‍ കഴിയും. കാരണം, പ്രശ്‌നങ്ങള്‍ ചെറുതാകുമ്പോഴല്ല ജീവിതം മനോഹരമാകുന്നത്...  നമ്മുടെ മനസ്സ് വലുതാകുമ്പോഴാണ്.  -  ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍