കോഴിക്കോട് ഒരാള്‍ക്ക് മലേറിയ; രോഗം ബാധിച്ചത് മധ്യപ്രദേശില്‍ നിന്നെത്തിയ അതിഥി തൊഴിലാളിക്ക്

കോഴിക്കോട്: ജില്ലയില്‍ ഒരാള്‍ക്ക് മലേറിയ(മലമ്പനി) സ്ഥിരീകരിച്ചു. തിക്കോടിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. മധ്യപ്രദേശില്‍ നിന്ന് വന്ന അതിഥി തൊഴിലാളിയാണിയാള്‍. മെയ് അവസാനവാരമാണ് ഇയാള്‍ കോഴിക്കോട് എത്തിയത്. ജൂണ്‍ എട്ടിന് പനിയും ലക്ഷണങ്ങളും പ്രകടിപ്പിച്ചു. പിന്നാലെ സാമ്പിള്‍ പരിശോധനയില്‍ മലേറിയ സ്ഥിരീകരിക്കുകയായിരുന്നു.

എന്താണ് മലേറിയ?

മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ(Malaria). ചതുപ്പ് പനി(Marsh Fever) എന്നും ഈ രോഗം അറിയപ്പെട്ടിരുന്നു. ഏകകോശ ജീവികള്‍ ഉള്‍ക്കൊള്ളുന്ന ഫൈലം പ്രോട്ടോസോവ വിഭാഗത്തില്‍, പ്ലാസ്‌മോഡിയം ജനുസ്സില്‍ പെട്ട പരാദങ്ങളാണ് ഈ രോഗമുണ്ടാക്കുന്നത്.

മനുഷ്യനിലേക്ക് രോഗം പകരുന്നത് അനോഫിലിസ് ഇനത്തില്‍പെട്ട പെണ്‍കൊതുകിലൂടെയാണ്. പ്ലാസ്‌മോഡിയം ശരീരത്തില്‍ പ്രവേശിച്ചാല്‍ 48 മുതല്‍ 72 മണിക്കൂറുകള്‍ക്കുള്ളില്‍ സാധാരണഗതിയില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. രക്തത്തിലൂടെ പരാദങ്ങള്‍ കരളിന്റെ കോശങ്ങളില്‍ പ്രവേശിച്ച് പെരുകുന്നു. തുടര്‍ന്ന് കരളിന്റെ കോശങ്ങള്‍ നശിക്കുമ്പോള്‍ അത് പരാദങ്ങളെ പുറത്തുവിടുന്നു. അടുത്തഘട്ടത്തില്‍ ഇവ ശരീരത്തിലെ ചുവന്ന രക്താണുക്കളെ ആക്രമിച്ച് അവിടെയും പെരുകുന്നു. ഇങ്ങനെ പെരുകുന്ന പരാദങ്ങള്‍ ചുവന്ന രക്താണുക്കളെ നശിപ്പിക്കുന്നതോടെ ശരീരത്തില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങും. അപൂര്‍വം അവസരങ്ങളില്‍ രക്തദാനത്തിലൂടെയും രോഗം പകരാവുന്നതാണ്.