കട്ടിപ്പാറയിൽ നാജിയ ചികിത്സാ സഹായ കമ്മിറ്റി ഓഫീസ് പ്രവർത്തനം ആരംഭിച്ചു

കട്ടിപ്പാറ: ഗുരുതര രോഗബാധിതയായ നാജിയയുടെ ചികിത്സാ സഹായ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി രൂപീകരിച്ച ചികിത്സാ സഹായ കമ്മിറ്റിയുടെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു.

കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീന ടീച്ചർ, വൈസ് പ്രസിഡന്റ് പ്രേംജി ജയിംസ് എന്നിവരുടെ സാന്നിധ്യത്തിൽ അബ്ദുസബൂർ ബാഹസ്സൻ തങ്ങൾ നാടമുറിച്ച് ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു.

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കളമ്പന ജോണി സൗജന്യമായി വിട്ടുനൽകിയ മുറിയിലാണ് കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്നത്. ചികിത്സാ സഹായ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഏകോപനവും വേഗതയും കൈവരിക്കുകയാണ് ഓഫീസ് ആരംഭിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

ചടങ്ങിൽ ചികിത്സാ സഹായ കമ്മിറ്റി ട്രഷറർ മുഹമ്മദ് ഹാജി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സജി മണിമല, ഷാഹിം ഹാജി, സാലിം കരുവാറ്റ, സി.കെ.സി. അസ്സൈനാർ എന്നിവരും നിരവധി പൊതുപ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.

നാജിയയുടെ ചികിത്സയ്ക്കാവശ്യമായ ധനസമാഹരണ പ്രവർത്തനങ്ങൾ ഇനി ഈ ഓഫീസ് കേന്ദ്രീകരിച്ച് കൂടുതൽ ഊർജിതമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.