വിവാഹ വാഗ്ദാനവും ബിസിനസ് പങ്കാളിത്തവും; യുവാക്കളിൽ നിന്ന് കോടികൾ തട്ടിയെടുത്ത യുവതി പെരുമ്പാവൂരിൽ പിടിയിൽ.


പെരുമ്പാവൂർ: സമൂഹമാധ്യമങ്ങളും മാട്രിമോണിയൽ സൈറ്റുകളും വഴി പരിചയപ്പെടുന്ന യുവാക്കളെ വിവാഹം കഴിക്കാമെന്നും ബിസിനസ് പങ്കാളിയാക്കാമെന്നും വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവതി പെരുമ്പാവൂർ പോലീസിന്റെ പിടിയിലായി. ആലുവ എടത്തല സ്വദേശിനിയായ “ഷംല ഷമീർ” (29) ആണ് അറസ്റ്റിലായത്. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശിയായ യുവാവിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പെരുമ്പാവൂർ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

2024 സെപ്റ്റംബർ 3 മുതൽ നവംബർ 20 വരെയുള്ള കാലയളവിൽ വിവിധ ദിവസങ്ങളിലായി ബാങ്ക് അക്കൗണ്ടുകളും ഗൂഗിൾ പേയും ഉപയോഗിച്ച് യുവാവിൽ നിന്ന് പണം കൈപ്പറ്റിയെന്നാണ് പരാതി. ബിസിനസ് പങ്കാളിയാക്കാമെന്നും പിന്നീട് പണം തിരികെ നൽകാമെന്നും പറഞ്ഞ് വിശ്വാസം നേടിയ ശേഷമാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറയുന്നു.യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പെരുമ്പാവൂർ പോലീസ്, ഓടക്കാലിയിലെ വസതിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.പ്രാഥമിക അന്വേഷണത്തിൽ വയനാട്, കോഴിക്കോട്, മലപ്പുറം, കോതമംഗലം, ആലുവ തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള യുവാക്കളെയും സമാനരീതിയിൽ പ്രതി കബളിപ്പിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന യുവാക്കളിൽ നിന്ന് ആദ്യം ചെറിയ തുകകൾ കൈപ്പറ്റുകയും പിന്നീട് വിവാഹ വാഗ്ദാനവും ബിസിനസ് നിക്ഷേപ വാഗ്ദാനവും നൽകി വലിയ തുകകൾ തട്ടിയെടുക്കുകയും ചെയ്തിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.

എറണാകുളത്തെ ഒരു പ്രമുഖ ഷോപ്പിംഗ് മാളിലേക്ക് കാരിബാഗുകൾ വിതരണം ചെയ്യുന്നതിനുള്ള ഓർഡർ വാങ്ങി നൽകാമെന്ന് പറഞ്ഞ് കോതമംഗലം സ്വദേശിയിൽ നിന്ന് ഏകദേശം 20 ലക്ഷം രൂപയും ആലുവ സ്വദേശിയിൽ നിന്ന് 11 ലക്ഷം രൂപയും തട്ടിയെടുത്തതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.തട്ടിപ്പിലൂടെ സമ്പാദിച്ച പണം ആഡംബര ജീവിതത്തിനായി ചെലവഴിച്ചിരുന്നതായും പോലീസ് അറിയിച്ചു.

പ്രതി വിവാഹിതയാണെന്നും കൂടുതൽ തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.പെരുമ്പാവൂർ എ.എസ്.പി ഹർദ്ദിക് മീണയുടെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ അനിൽകുമാർ എൽ., എസ്.ഐമാരായ അസരിഫ് ഷഫീഖ്, ജോജോ ജോർജ്, വിഷ്ണു മുരളി, എ.എസ്.ഐ സുബൈർ എം.ബി., സീനിയർ സി.പി.ഒമാരായ രജിത് രാജൻ, ജയന്തി എം.ബി., മുഹമ്മദ് ഷാൻ, സി.പി.ഒമാരായ നജ്മി എ.കെ., സിബിൻ എന്നിവർ അംഗങ്ങളായിരുന്നു.അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.