ലേണേഴ്സ് ലൈസൻസ് പരീക്ഷയ്ക്ക് വന്നത് വാഹനം ഓടിച്ച്; 10,000 രൂപ പിഴ
ആലത്തൂർ: ലേണേഴ്സ് ലൈസൻസിനുള്ള പരീക്ഷയെഴുതാൻ മോട്ടോർവാഹന ഓഫീസ് അധികാരികളുടെ മുന്നിലേക്ക് ഇരുചക്രവാഹനം ഓടിച്ചുവന്ന യുവതി കുടുങ്ങി. വാഹനമോടിച്ച യുവതിക്കും വാഹനയുടമയായ ഭർത്താവിനും ആലത്തൂർ സബ് ആർ.ടി.ഒ. ഓഫീസ് 5000 രൂപവീതം പിഴ ചുമത്തി. ലൈസൻസില്ലാതെ വാഹനം ഓടിച്ചതിനും ലൈസൻസില്ലാത്തയാൾക്ക് വാഹനം ഓടിക്കാൻ കൊടുത്തതിനുമാണ് പിഴയിട്ടത്.
പരീക്ഷാകേന്ദ്രത്തിലേക്ക് ഇവർ വാഹനം ഓടിച്ചുവരുന്നത് മോട്ടോർവാഹനവകുപ്പ് അധികാരികൾ ശ്രദ്ധിച്ചിരുന്നു. പരീക്ഷയ്ക്ക് വന്നതാണെന്ന് അപ്പോൾ മനസ്സിലായില്ല. പിന്നീട് പരീക്ഷയ്‌ക്കെത്തിയപ്പോഴാണ് വാഹനമോടിച്ചുവന്ന കാര്യം ചോദിച്ച് ഉറപ്പാക്കിയതും പിഴ ചുമത്തിയതും.
1988-ലെ മോട്ടോർവാഹന നിയമത്തിലെ 180, 181 വകുപ്പുകൾ പ്രകാരമാണ് പിഴ ചുമത്തിയതെന്ന് ആലത്തൂർ ജോ. ആർ.ടി.ഒ. കെ.ആർ. രാജു വ്യക്തമാക്കി.
