പ്രഭാത വാർത്തകൾ

2026  ജൂലൈ 22, ബുധന്‍ 
1201  കര്‍ക്കടകം 6, ചോതി
1448  സ്വഫർ 07

◾  പ്രതിഷേധ ചൂടില്‍ ഡല്‍ഹി. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ബലം പ്രയോഗിച്ചും വലിച്ചിഴച്ചും അറസ്റ്റു ചെയ്തു. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ ഉപരോധ സമരത്തിനു നേതൃത്വം നല്‍കിയവരെയാണ് പൊലീസ് നീക്കിയത്. ബലപ്രയോഗത്തിനിടെ രാഹുല്‍ ഗാന്ധിയുടെ മുഖത്ത് പരിക്കേറ്റു. ഡല്‍ഹിയില്‍ യുവജനങ്ങളെ തല്ലിച്ചതച്ചതിനു വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രിയുടെ വസതിക്കുമുന്നില്‍ സമരം നടത്തിയത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കൂടി ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് സ്ഥലത്തെത്തി രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയെങ്കിലും രാഹുല്‍ വഴങ്ങിയില്ല. രാത്രിയും സമരം തുടരുമെന്നു പ്രഖ്യാപിച്ചതോടെയാണ് അറസ്റ്റുണ്ടായത്. സിജെപിയുടെ പ്രതിഷേധം കൂടിയായപ്പോള്‍ ഡല്‍ഹി ഇന്നലെയും യുദ്ധക്കളമായി.

◾  നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും, പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജിലും പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്കു മുന്നിലേക്കു നടത്തിയ മാര്‍ച്ച് മോദി ഭരണകൂടത്തെ ഞെട്ടിച്ചു. മാര്‍ച്ചിന് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്  എന്നിവരാണു നേതൃത്വം നല്‍കിയത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍, കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, മന്ത്രി പി.സി. വിഷ്ണുനാഥ്, കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ള എംപിമാര്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുത്തു.

◾  അറസ്റ്റിലായ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെയുള്ള എല്ലാ എംപിമാരെയും  രാത്രി ഒമ്പതരയോടെ വിട്ടയച്ചു. ഛത്രസാല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരെ വിട്ടയച്ചത്. പ്രിയങ്ക ഗാന്ധിയെ മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ നിന്നാണ് മോചിപ്പിച്ചത്. നേതാക്കളെ കാണാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി അടക്കം വന്‍ ജനാവലി പൊലീസ് സ്റ്റേഷനുകള്‍ക്കു മുന്നില്‍ തടിച്ചുകൂടി പ്രതിഷേധിച്ചു. കൂടുതല്‍ സംഘര്‍ഷം ഭയന്ന് അറസ്റ്റു രേഖപ്പെടുത്താതെയാണ് നേതാക്കളെയെല്ലാം വിട്ടയച്ചത്.


◾  മല്ലികാര്‍ജ്ജുന ഖര്‍ഗെയുടെ വസതിയില്‍ ജന്മദിനാഘോഷത്തിന് എന്ന പേരില്‍ സംഘടിച്ച രാഹുല്‍ ഗാന്ധിയും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കള്‍ അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രിയുടെ വസതിയിലേക്കു മാര്‍ച്ച് നടത്തിയത്. പ്രധാനമന്ത്രിയുടെ വസതിയുടെ അതീവസുരക്ഷാ ഗേറ്റിലേക്ക് ജാഥയായി എത്തിയ നേതാക്കള്‍ ഗേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

◾  നീറ്റ്, സിബിഎസ്ഇ പരീക്ഷ ക്രമക്കേടുകളിലും പോലീസ് നടത്തിയ അതിക്രമങ്ങളിലും ചര്‍ച്ച വേണമെന്ന ആവശ്യം സ്പീക്കര്‍ അംഗീകരിക്കാതിരുന്നതിനാലാണ് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലേക്കു മാര്‍ച്ചു നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം, പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ഇന്നുതന്നെ വിഷയം വിശദമായി ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു.

◾  ബലപ്രയോഗത്തിനിടെ തന്റെ വസ്ത്രമടക്കം പൊലീസ് വലിച്ചുകീറിയെന്ന് പ്രിയങ്ക ആരോപിച്ചു. ശാന്തമായി പ്രതിഷേധിക്കുക എന്നത് ഭരണഘടനാപരമായ അവകാശമാണ്.  കേന്ദ്ര സര്‍ക്കാരും പൊലീസും ചേര്‍ന്ന് വിദ്യാര്‍ത്ഥികളുടെയും ജനപ്രതിനിധികളുടെയും ശബ്ദത്തെ ക്രൂരമായി അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

◾  പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്ന് കോണ്‍ഗ്രസ്. മൂന്ന് പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കും വരെ പ്രക്ഷോഭം തുടരുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ഉടനടി രാജിവയ്ക്കണം, പ്രതിഷേധക്കാര്‍ക്കെതിരെയെടുത്ത കേസുകള്‍ പിന്‍വലിക്കണം, നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ച നടത്തുക എന്നിവയാണ് പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍.


◾  പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അരാജകത്വത്തിന്റെ പ്രതീകമായി മാറിയെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍. ചര്‍ച്ചക്ക് മുന്നേ അരാജകത്വ പ്രക്ഷോഭം നയിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ശൈലി രാജ്യത്ത് അസ്വസ്ഥതയുണ്ടാക്കുന്നു. രാജ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിന്നില്‍ ഉറച്ചു നില്‍ക്കുമെന്നും ബി ജെ പി അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.

◾  രാജ്യത്തിന്റെ പ്രതീക്ഷകളായ യുവജനങ്ങളും വിദ്യാര്‍ത്ഥികളും രാജ്യതലസ്ഥാനത്ത് ക്രൂരമായി ആക്രമിക്കപ്പെട്ടെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍. കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിനൊപ്പം താനും കേരളത്തില്‍ നിന്നുള്ള എംപിമാരും ഡല്‍ഹിയിലെ കോണ്‍ഗ്രസ് മാര്‍ച്ചില്‍ പങ്കെടുത്തു. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്. എല്ലാവരും ഒപ്പമുണ്ടാകണമെന്ന് സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

◾  പാര്‍ലമെന്റിലെത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗയേയും സോണിയ ഗാന്ധിയേയും കണ്ട് മുഖ്യമന്ത്രി വി.ഡി സതീശന്‍. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആരെ നിശ്ചയിക്കണമെന്നത് സംബന്ധിച്ച ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്.

◾  ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചു കേരളത്തില്‍ പ്രതിഷേധവുമായി കേണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇന്നു സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തും.  കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലോക്ഭവനിലേക്ക് മാര്‍ച്ച് നടത്തി. കെപിസിസി അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫ്, മന്ത്രിമാരായ എം ലിജു, കെ എ തുളസി തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ അടക്കം വിവിധയിടങ്ങളില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലറങ്ങി.

◾  സംസ്ഥാന ആസൂത്രണബോര്‍ഡ് പുനഃസംഘടിപ്പിച്ചു. മുന്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖറാണ് ഉപാദ്ധ്യക്ഷന്‍. മുഖ്യമന്ത്രി അദ്ധ്യക്ഷനായ ബോര്‍ഡില്‍ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, സി.പി.ജോണ്‍ എന്നിവരാണ് അംഗങ്ങള്‍.



◾  ആലപ്പുഴയില്‍ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിച്ചെന്ന പരാതിയില്‍ എ ഡി ജിപി എംആര്‍ അജിത് കുമാറിന്റെ വിശദീകരണം ഡിജിപിക്കു കൈമാറി. വിശദീകരണം പരിശോധിച്ച ശേഷം ഡിജപി റിപ്പോര്‍ട്ട് ഇന്നുതന്നെ സര്‍ക്കാരിന് കൈമാറും. ഡിജിപി സ്ഥാനക്കയറ്റത്തിനുള്ള സ്‌ക്രീനിങ് കമ്മിറ്റി ചേരാനിരിക്കെ സര്‍ക്കാരിന്റെ തുടര്‍നടപടി നിര്‍ണായകമാണ്.

◾  അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ മുഖ്യപ്രതി ഡോ. എം കെ റാമിനെ വീണ്ടും അറസ്റ്റു ചെയ്യാന്‍ തലശ്ശേരി കോടതിയില്‍ അന്വേഷണ സംഘം അപേക്ഷ നല്‍കി. മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി കോടതി റാമിന്റെ ആദ്യ അറസ്റ്റ് അസാധുവാക്കിയിരുന്നു. അറസ്റ്റിന്റെ കാരണം പ്രതിയെ രേഖാമൂലം അറിയിക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവു പാലിച്ചില്ലെന്ന വീഴ്ചയാണ് ക്രൈംബ്രാഞ്ചിനെതിരേ ഉന്നയിച്ചത്.

◾  ശബരിമല തീര്‍ഥാടകര്‍ക്ക് സുഗമവും സുരക്ഷിതവുമായ യാത്രയ്ക്കായി റോഡുകള്‍ മികച്ച നിലവാരത്തില്‍ നിര്‍മിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍. 450 കോടിയോളം രൂപയുടെ ശബരിമല പാക്കേജാണ് സര്‍ക്കാര്‍ തയ്യാറാക്കുന്നത്. തീര്‍ഥാടനമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിന് പമ്പ ശ്രീരാമസാകേതം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

◾  കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദറിന് ജാമ്യം. കൊച്ചി പിഎംഎല്‍എ കോടതിയാണ് ജാമ്യം അനുവദിച്ചത്. കള്ളപ്പണ ഇടപാട് കേസില്‍ ഇഡി സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയെ പ്രതി ചേര്‍ത്തിരുന്നു. മുതിര്‍ന്ന നേതാക്കളായ കെ രാധാകൃഷ്ണന്‍ എംപി, എ സി മൊയ്തീന്‍ എംഎല്‍എ അടക്കമുള്ളവര്‍ നേരത്തെ ജാമ്യം നേടിയിരുന്നു. കേസില്‍ സിപിഎം ജില്ലാ കമ്മിറ്റി ഉള്‍പ്പെടെ 83 പ്രതികളാണുള്ളത്.


◾  കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ പാര്‍ക്ക് സെന്ററില്‍ സംഘടിപ്പിച്ച 'കേരള ജിസിസി ഔട്ട്‌ലുക്ക് 2026' സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

◾  വി എസിന് പകരക്കാരനായി വി എസ് മാത്രമേയുള്ളൂവെന്നും, പാര്‍ട്ടിയെ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റാന്‍ അദ്ദേഹം നല്‍കിയ നേതൃത്വം നിര്‍ണായകമായിരുന്നുവെന്നും പിണറായി വിജയന്‍ അനുസ്മരിച്ചു. വി എസ് വിട പറഞ്ഞ ഒരു വര്‍ഷക്കാലം പ്രയാസങ്ങളുടെ കാലമാണെന്നും പിണറായി ചൂണ്ടിക്കാട്ടി. അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു പിണറായി.

◾  സിക്കിമിലെ നാംചിയില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കത്തില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ കോട്ടയം സ്വദേശിയായ ജിയോളജിസ്റ്റിനെ കാണാതായി. മണര്‍കാട് ഇല്ലിവളവ് സ്വദേശിയായ അനീഷ് മോഹനെയാണ് (43) അപകടത്തെ തുടര്‍ന്ന് കാണാതായത്. 2010 മുതല്‍ നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷനില്‍ ജോലി ചെയ്ത് വരികയായിരുന്നു അനീഷ്. അപകടത്തില്‍ 20 പേര്‍ മരിച്ചെന്നാണ് സൂചന.

◾  ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടവര്‍ 'അമ്മ' സംഘടനയുടെ തലപ്പത്തേക്ക് വരാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച കുറ്റാരോപിതരുടെ പേരുകള്‍ ശ്വേതാ മേനോന്‍ പുറത്തുവിടണമെന്നു മാലാ പാര്‍വതി. പൊതുസമൂഹത്തോടും സംഘടനാംഗങ്ങളോടും വിശദീകരിക്കാനുള്ള ഉത്തരവാദിത്തം ശ്വേതാ മേനോനുണ്ടെന്ന് മാലാ പാര്‍വതി.

◾  ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മോഹന്‍ലാലിന്റെ മകള്‍ വിസ്മയ. വില്‍ മേക്ക് ഇറ്റ് എസ്.കെ എന്ന പേജിന്റെ പോസ്റ്റ് പങ്കിട്ടുകൊണ്ടാണ് വിസ്മയ പിന്തുണ പ്രഖ്യാപിച്ചത്. സ്വന്തം പൗരന്മാരോട് ഇങ്ങനെ പെരുമാറുന്നതാണ് ജനാധിപത്യം എന്നാണോ നിങ്ങള്‍ കരുതുന്നതെന്ന ചോദ്യമാണു പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.



◾  കോക്രോച്ച് ജനത പാര്‍ട്ടി ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിനെതിരായ പൊലീസ് നടപടിയില്‍ വിമര്‍ശനവുമായി നടന്‍ ടൊവിനോ തോമസ്. സമാധാനപരമായി നടക്കുന്ന ഒരു വിദ്യാര്‍ഥി സമരത്തെ ഇങ്ങനെയാണോ നേരിടേണ്ടതെന്ന് ടൊവിനോ.

◾  തോപ്പുംപടിയിലെ 'പിക് എന്‍ സേവ്' സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷത്തോളം രൂപ കവര്‍ന്ന കേസിലെ പ്രതികളെ തോപ്പുംപടി പോലീസ് പിടികൂടി. സ്ഥാപനത്തിലെ കാഷ്യറായിരുന്ന മട്ടാഞ്ചേരി നസ്രത്ത് ഹോളിക്രോസ് നഗര്‍ സ്വദേശി എം.എ. സനമോള്‍ (31), മുന്‍ ജീവനക്കാരനായ പള്ളുരുത്തി സ്വദേശി രഞ്ജു സാജ് എബ്രഹാം (23) എന്നിവരാണ് അറസ്റ്റിലായത്. ദിവസേന ക്യാഷ് കൗണ്ടറില്‍ നിന്ന് പണം കവര്‍ന്ന സനമോള്‍, തുക രഞ്ജുവിന് കൈമാറി ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കുകയായിരുന്നു.

◾  തിരുവനന്തപുരം പോത്തന്‍കോട് സ്റ്റേഷന്‍ പരിധിയില്‍ ഗൃഹനാഥനെ മദ്യം കുടിപ്പിച്ച് അബോധാവസ്ഥയിലാക്കി പത്തുലക്ഷം രൂപയുടെ കവര്‍ച്ച നടത്തിയ കേസില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ പിടിയില്‍. നെയ്യാറ്റിന്‍കര സ്വദേശികളായ സുനില്‍, ഭാര്യ ദീപ, മകന്‍ അഖില്‍ എന്നിവരെയാണ് ആലപ്പുഴയില്‍ പോലീസ് അറസ്റ്റു ചെയ്തത്.

◾  തമിഴ്‌നാട് സ്വദേശിയായ അതിഥി തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ. തമിഴ്‌നാട് കടലൂര്‍ ജില്ലയില്‍ വിരുദാചലം താലൂക്കില്‍ സാത്തുകുടല്‍ വില്ലേജില്‍ സ്ട്രീറ്റ് കോളനിയില്‍ പഴനിവേലിനെ (52) കൊലപ്പെടുത്തിയ കേസിലാണ് ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി തെങ്ങുകയറ്റ തൊഴിലാളി ചേര്‍ത്തല തുറവൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കിഴക്കേ നികാരത്തില്‍ ഉണ്ണികൃഷ്ണനെ (44) ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.

◾  പാലാ നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസ പ്രമേയത്തില്‍ കോണ്‍ഗ്രസ് വിപ്പ് ലംഘിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. പാര്‍ട്ടിയെ ചതിച്ചവരെ പാര്‍ട്ടിക്ക് ആവശ്യമില്ലെന്നും വ്യക്തമാക്കി.

◾  വെള്ളമുണ്ടയില്‍ കഞ്ചാവും എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാക്കള്‍ പൊലീസിന്റെ പിടിയില്‍. കുപ്പാടിത്തറ പുതുശ്ശേരിക്കടവ് മേലെ നറുക്കില്‍ വീട്ടില്‍ എം എന്‍ നന്ദു (27), പടിഞ്ഞാറത്തറ പന്തിപ്പൊയില്‍ ഐക്കാരന്‍ വീട്ടില്‍ എ കെ സുബൈര്‍ (34) എന്നിവരെയാണ പിടികൂടിയത്. ലക്കിടി ഓറിയന്റല്‍ കോളേജിലെ ജീവനക്കാരനായ നന്ദുവിനെതിരെ നേരത്തെത്തന്നെ പരാതികളുണ്ടായിരുന്നു.

◾  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഒളിവില്‍ പോയ വയോധികനെ കൊടുമണ്‍ പോലീസ് പിടികൂടി. പന്തളം തെക്കേക്കര കണ്ഠളന്‍ തറ ചെറുലയം വള്ളിപ്പറമ്പില്‍ സുകുമാരന്‍ (76) ആണ് പിടിയിലായത്.

◾  കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്തും പ്രതിഷേധം. വിദ്യാര്‍ത്ഥികളും യുവാക്കളും ഇന്ന് മാനവീയം വീഥിയില്‍ ഒത്തുകൂടും.

◾  കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ വിളിച്ച സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം ഇന്ന്. തടഞ്ഞുവെച്ച എസ്.എസ്.കെ ഫണ്ട് അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെടും. പി.എം ശ്രീ അജണ്ടയില്‍ ഇല്ലെങ്കിലും എസ്.എസ്.കെ ഫണ്ട് ലഭിക്കാന്‍ പി.എം ശ്രീയില്‍ ഒപ്പുവെക്കണമെന്നുള്ള കേന്ദ്രത്തിന്റെ പഴയ നിലപാട് കേന്ദ്രമന്ത്രി ആവര്‍ത്തിക്കും. മന്ത്രി എന്‍. ഷംസുദ്ദീന്‍ യോഗത്തില്‍ പങ്കെടുക്കും.

◾  പൊലീസ് കസ്റ്റഡിയിലുള്ളവരെ കാണാന്‍ അഭിഭാഷകരെ അനുവദിക്കുന്നില്ലെന്നും കസ്റ്റഡിയില്‍ ഉള്ളവരുടെ പട്ടിക പുറത്തുവിടണമെന്നും സിജെപി വക്താവ് സൗരവ് ദാസ്. ഡല്‍ഹി പൊലീസ് ഇതിന് തയ്യാറായില്ലെങ്കില്‍ പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ സമാധാനപരമായി ധര്‍ണ നടത്തുമെന്നും സൗരവ് ദാസ് പറഞ്ഞു.

◾  കോക്റോച്ച് ജനത പാര്‍ട്ടി പാര്‍ലമെന്റ് മാര്‍ച്ചിനിടെ പൊലീസ് നടത്തിയ അതിക്രമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍. പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരേ നിരായുധരായി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചെന്നും ഭാര്യയും മക്കളുമില്ലാത്ത ഭരണാധികാരികള്‍ക്ക് അതിന്റെ വേദന അറിയില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.

◾  രാഹുല്‍ ഗാന്ധി നിലപാട് മാറ്റിയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. നീറ്റ് വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് സമ്മതിച്ചപ്പോള്‍ രാഹുല്‍ വിദ്യാഭ്യാസ മന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടെന്ന് മന്ത്രി പറഞ്ഞു.

◾  സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സാമൂഹ്യപ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. സോനത്തെ ഏത് ആശുപത്രിയിലേക്ക് മാറ്റിയാലും കുഴപ്പമില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.

◾  കോക്രോച്ച് ജനത പാര്‍ട്ടിയുടെ സമരത്തിന് ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളിലൂടെ പിന്തുണ. ജന്തര്‍ മന്തര്‍ സമരവേദി ലൊക്കേഷന്‍ നല്‍കി നൂറുകണക്കിന് ഭക്ഷണ പൊതികള്‍ സമര വേദിയിലേക്ക് എത്തി.

◾  ബെംഗളൂരുവില്‍ വന്‍ മയക്കുമരുന്ന് വേട്ട. ചുരിദാര്‍ പാക്കറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തിയ 26 കോടി രൂപ വിലവരുന്ന എംഡിഎംഎ ആണ് പൊലീസ് പിടികൂടിയത്. നാലുപേരെ അറസ്റ്റ് ചെയ്തു.

◾  ഐഎസ്ആര്‍ഒയില്‍ പ്രമുഖ പദവികളില്‍ നേതൃമാറ്റങ്ങള്‍ തുടരുന്നു. അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷന്‍സ് സെന്റര്‍ പുതിയ ഡയറക്ടറായി ഡോ. സി. എച്ച്. വി. നരസിംഹ റാവു ഓഗസ്റ്റ് ഒന്നിന് ചുമതലയേല്‍ക്കും.

◾  സഹപ്രവര്‍ത്തകയായ വനിതാ ഐ.പി.എസ് ട്രെയിനിയുടെ ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ഐ.പി.എസ് ട്രെയിനി ഉദയ് കൃഷ്ണ റെഡ്ഡി ആത്മഹത്യക്കു ശ്രമിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താനും പരാതിക്കാരിയും പ്രണയത്തിലായിരുന്നുവെന്നും ആരോപണങ്ങള്‍ വ്യാജമാണെന്നും അവകാശപ്പെടുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.

◾  പശ്ചിമ ബംഗാളില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യ ആഹ്വാനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി. ബംഗാളിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് ബിജെപിക്കെതിരെ ഒന്നിക്കണമെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടു.

◾  അര്‍ജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് ലോകകപ്പ് നേടിയ സ്പാനിഷ് ടീമിലെ 26 കളിക്കാര്‍ക്കും 756,000 യൂറോ അഥവാ 8.32 കോടി രൂപ വീതം ബോണസ് ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോകകപ്പ് വിജയത്തിലൂടെ സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന് ഫിഫയില്‍നിന്ന് 50 ദശലക്ഷം യുഎസ് ഡോളര്‍ അഥവാ 482 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്.

◾  റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച പ്രത്യേക എഫ്‌സിഎന്‍ആര്‍ ആനുകൂല്യ പദ്ധതിക്ക് പ്രവാസികളില്‍ നിന്ന് വന്‍ പ്രതികരണം. പദ്ധതി ആരംഭിച്ച ജൂണ്‍ 8 മുതല്‍ ജൂലൈ 17 വരെയുള്ള ചുരുങ്ങിയ കാലയളവിനുള്ളില്‍ 17.41 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 1.67 ലക്ഷം കോടിയിലധികം രൂപ) എഫ്‌സിഎന്‍ആര്‍ നിക്ഷേപമാണ് പ്രവാസികള്‍ വഴി ഇന്ത്യന്‍ ബാങ്കുകളിലെത്തിയത്. ഡോളര്‍ സ്വാപ്പ് വിന്‍ഡോ വഴി ആകെ ലഭിച്ച 20.72 ബില്യണ്‍ ഡോളറിന്റെ (1.99 ലക്ഷം കോടിയിലധികം) സിംഹഭാഗവും ഈ പ്രവാസി നിക്ഷേപങ്ങളാണ്. ഇതിനുപുറമെ, വിദേശ ഫോറിന്‍ കറന്‍സി വായ്പകള്‍ വഴി 1.97 ബില്യണ്‍ ഡോളറും (19,000 കോടി രൂപ) എക്‌സ്റ്റേണല്‍ കൊമേഴ്‌സ്യല്‍ ബോറോയിംഗ്‌സ് വഴി 1.34 ബില്യണ്‍ ഡോളറും (12,900 കോടി രൂപ) ബാങ്കിംഗ് വ്യവസ്ഥയിലെത്തിയിട്ടുണ്ട്. ഉയര്‍ന്ന പലിശയും ഹെഡ്ജിംഗ് ചെലവ് പൂര്‍ണമായും ആര്‍ബിഐ വഹിക്കുന്നതുമാണ് പ്രവാസികളെ ഈ പദ്ധതിയിലേക്ക് വന്‍തോതില്‍ ആകര്‍ഷിച്ചത്. 14 ശതമാനം വരെ റിട്ടേണ്‍ നേടാന്‍ പ്രവാസികള്‍ക്ക് ഇതിലൂടെ സാധിക്കും. സെപ്റ്റംബര്‍ 30 വരെയാണ് എഫ്‌സിഎന്‍ആര്‍ ആനുകൂല്യ പദ്ധതിയുടെ കാലാവധി.

◾  ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ എക്സിന്റെ പരിഷ്‌കരിച്ച ആന്‍ഡ്രോയിഡ് ആപ്പ് ഔദ്യോഗികമായി പുറത്തിറക്കി. ഒരു വര്‍ഷത്തോളം നീണ്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ജൂലായ് 20-ന് പരിഷ്‌കരിച്ച ആപ്പ് അവതരിപ്പിച്ചത്. കമ്പനിയുടെ ഇതുവരെ ഉണ്ടായതില്‍ ഏറ്റവും വലിയ എഞ്ചിനീയറിങ് പ്രൊജക്ട് ആയിരുന്നു ഇത്. പഴയ ആപ്പിനേക്കാള്‍ കൂടുതല്‍ വേഗമേറിയ പ്രവര്‍ത്തനം, സുഗമമായ സ്‌ക്രോളിങ്, കുറഞ്ഞ ലോഡിങ് സമയം, മെച്ചപ്പെട്ട നോട്ടിഫിക്കേഷനുകള്‍ എന്നിവ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. വര്‍ഷങ്ങളായി ഐഒഎസ് പതിപ്പിനെ അപേക്ഷിച്ച് ആന്‍ഡ്രോയിഡ് ആപ്പ് പിന്നിലായതിനാലാണ് പുതിയൊരു മാറ്റത്തിന് കമ്പനി തയ്യാറായത്. ഒക്ടോബറില്‍ ആന്‍ഡ്രോയിഡ് ഡൗണ്‍ലോഡുകളില്‍ റെക്കോഡ് വര്‍ദ്ധനവ് ഉണ്ടായതിന് ശേഷമാണ് ആന്‍ഡ്രോയിഡ് ആപ്പ് മെച്ചപ്പെടുത്താന്‍ കമ്പനി തീരുമാനിച്ചത്. പുതിയ ആപ്പ് ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണെങ്കിലും, കൂടുതല്‍ മികച്ച ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള പണിപ്പുരയിലാണ് എക്സ്.

◾  'തബാഹി' എന്ന ഗാനത്തിന് ലഭിച്ച വന്‍ സ്വീകരണത്തിന് പിന്നാലെ, മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ്, കെ.വി.എന്‍. പ്രൊഡക്ഷന്‍സ്, സീ മ്യൂസിക് കമ്പനി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന 'ടോക്‌സിക്: എ ഫെയറിടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്സ്' എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ 'മധുമോഹിനി' പുറത്തിറങ്ങി. റോക്കിങ് സ്റ്റാര്‍ യഷും താര സുതാരിയയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഗാനം പ്രണയത്തിന്റെ പുതിയ ഭാവമാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്. തനിഷ്‌ക് ബാഗ്ചി, അര്‍സ്ലാന്‍ നിസാമി, ഫഹീം അബ്ദുള്ള എന്നിവര്‍ ചേര്‍ന്ന് സംഗീതം നല്‍കിയ ഗാനത്തിന് അഞ്ച് ഭാഷകളിലുമുള്ള പതിപ്പുകള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് സിദ്ധാര്‍ഥ് ബസ്രൂറാണ്.  യഷ്, നയന്‍താര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് 'ടോക്‌സിക്: എ ഫെയറിടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്സ്'. ചിത്രത്തിന്റെ സംവിധാനം ഗീതു മോഹന്‍ദാസാണ്. ഓഗസ്റ്റ് 26-ന് തിയേറ്ററിലെത്തും.

◾  '2018', 'മാളികപ്പുറം', 'രേഖാചിത്രം', 'ആട് 3' എന്നീ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം കാവ്യാ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പിള്ളി നിര്‍മിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'പരിപാടി' ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലേക്ക്. നടന്‍ ജോജു ജോര്‍ജ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. നൂറോളം പുതുമുഖങ്ങള്‍ അഭിനയിക്കുന്ന ചിത്രം വമ്പന്‍ കാന്‍വാസില്‍ ഡിസംബര്‍ റിലീസ് ആയാണ് ഒരുങ്ങുന്നത്. ഒരു വര്‍ഷത്തോളം നടന്ന പ്രീ- പ്രൊഡക്ഷന്‍ ജോലികള്‍ക്ക് ശേഷം ചിത്രീകരണം ആരംഭിച്ച ചിത്രത്തിന് വേണ്ടി നാലുമാസത്തോളം സമയമെടുത്ത് ആണ് ആക്ടേഴ്‌സ് ഗ്രൂമിങ് പ്രോഗ്രാം നടന്നത്. കേരളത്തിന് അകത്തും പുറത്തുമായാണ് ബിഗ് ബജറ്റ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. പ്രശസ്ത ഛായാഗ്രഹകന്‍ രാജീവ് രവി ക്യാമറ ചലിപ്പിക്കുന്ന ചിത്രം കൂടിയാണിത്. അന്‍പറിവ് മാസ്റ്റേഴ്‌സ് ഒരുക്കിയ സംഘട്ടന രംഗങ്ങളുടെ ചിത്രീകരണവും പൂര്‍ത്തിയായി. യുവാന്‍ ശങ്കര്‍ രാജ ആദ്യമായി മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് 'പരിപാടി'.

◾  മഹീന്ദ്ര ബിഇ6 വാഹനം സ്വന്തമാക്കി തെന്നിന്ത്യന്‍ സൂപ്പര്‍ താരമായ കിച്ച സുദീപ്. ബിഇ 6 ഇലക്ട്രിക് എസ്യുവിയുടെ ഡെസേര്‍ട്ട് മിസ്റ്റ് നിറത്തിലുള്ള ബിഇ6 പാക്ക് ത്രീ പതിപ്പാണ് അദ്ദേഹം സ്വന്തമാക്കിയതെന്നാണ് വിവരം. പാക്ക് വണ്‍, പാക്ക് ടൂ, പാക്ക് ത്രീ എന്നീ മൂന്ന് വേരിയന്റുകളിലാണ് മഹീന്ദ്ര ബിഇ6 എത്തുന്നത്. ഇതില്‍ ഉയര്‍ന്ന വേരിയന്റായ പാക്ക് ത്രീയുടെ വില 24.50 ലക്ഷം രൂപയിലും, അടിസ്ഥാന വേരിയന്റായ പാക്ക് വണ്ണിന് 18.90 ലക്ഷം രൂപയിലും ബി.ഇ.6 പാക്ക് ടൂ വേരിയന്റിന് 21.90 ലക്ഷം രൂപയിലുമാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. 59 കിലോവാട്ട്, 79 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷുകളാണ് ബിഇ6-ലുള്ളത്. ഇതിലെ ഇലക്ട്രിക് മോട്ടോര്‍ 280 പിഎസ് പവറും 380 എന്‍എം ടോര്‍ക്കുമേകും. ഈ വാഹനത്തിന്റെ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ വെറും 20 മിനിറ്റ് മതിയെന്നതാണ് മറ്റൊരു സവിശേഷത. 59 കിലോവാട്ട് ബാറ്ററി പാക്ക് നല്‍കിയിട്ടുള്ള ബിഇ6 മോഡല്‍ 556 കിലോമീറ്ററും 79 കിലോവാട്ട് ബാറ്ററി പാക്ക് നല്‍കിയിട്ടുള്ള പതിപ്പ് 682 കിലോമീറ്റര്‍ റേഞ്ചുമാണ് നല്‍കുന്നത്.

◾  ബഷീറിന്റെ സംഗീതാഭിരുചികളിലൂടെ ഒരു സഞ്ചാരം. അദ്ദേഹം ഇഷ്ടപ്പെട്ടതും ശേഖരിച്ചതുമായ പാട്ടുകളെയും പാട്ടുകാരെയും ഒരുമിച്ചു ചേര്‍ക്കുകയാണിവിടെ. പ്രണയത്തിലും വിരഹത്തിലും ബഷീറിനു കൂട്ടാവുന്ന വിഷാദ മോഹന സുന്ദരഗാനങ്ങള്‍ മാങ്കോസ്റ്റിന്‍ മരത്തണലിലെ കാറ്റിലെന്നപോലെ ഈ പഠനത്തില്‍ ഒഴുകിപ്പരക്കുന്നു. പ്രിയപ്പെട്ട എഴുത്തുകാരന്റെ സംഗീതസാന്ദ്രമായ മറ്റൊരു ലോകം അന്വേഷിച്ചുപോകുന്ന പുസ്തകം. വൈക്കം മുഹമ്മദ് ബഷീറിന്റെ സംഗീതലോകത്തെക്കുറിച്ചുള്ള പഠനം. 'വിഷാദ മോഹന സുന്ദരഗാനം'. നദീം നൗഷാദ്. മാതൃഭൂമി. വില 161 രൂപ.

◾  ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കരുതല്‍ വേണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍. ചെറിയ അളവ് വെള്ളത്തില്‍പ്പോലും ഈഡിസ് കൊതുകുകള്‍ മുട്ടയിട്ടു പെരുകും. ആഴ്ചയിലൊരിക്കല്‍ കൊതുകിന്റെ ഉറവിടനശീകരണം നടത്തിയാല്‍ മാത്രമേ പ്രതിരോധം സാധ്യമാകൂ. പനിയോടൊപ്പം തലവേദന, കണ്ണിനു പുറകിലെ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. കൂടാതെ ശരീരത്തില്‍ ചുവന്നുതടിച്ച പാടുകളും ഉണ്ടാകാം. തുടര്‍ച്ചയായ ഛര്‍ദ്ദി, വയറുവേദന, ശരീരഭാഗങ്ങളില്‍നിന്ന് രക്തസ്രാവം, കറുത്തമലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നു തടിക്കല്‍, ശരീരം തണുത്തു മരവിക്കുക, തളര്‍ച്ച, രക്തസമ്മര്‍ദം വല്ലാതെ താഴുക, കുട്ടികളില്‍ തുടര്‍ച്ചയായ കരച്ചില്‍ തുടങ്ങിയവ ഡെങ്കിപ്പനിയുടെ അപായസൂചനകളാണ്. ഡെങ്കിപ്പനി ബാധിതര്‍ പകല്‍സമയം വിശ്രമിക്കുന്നതും ഉറങ്ങുന്നതും പൂര്‍ണമായും കൊതുകു വലയ്ക്കുള്ളില്‍ ആയിരിക്കണം. ഒരു തവണ ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് വീണ്ടും രോഗബാധയുണ്ടായാല്‍ മാരകമാകുന്നതിനുള്ള സാധ്യത കൂടുതലായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. പനി പല രോഗങ്ങളുടെയും ലക്ഷണമായതിനാല്‍ സ്വയം ചികിത്സ ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

*ശുഭദിനം*
*കവിത കണ്ണന്‍*
അസുഖബാധിതയായ മകള്‍ക്ക് അപൂര്‍വ രക്തഗ്രൂപ്പായിരുന്നു വേണ്ടത്. രക്തം തേടി ആശുപത്രി വരാന്തയിലൂടെ നിരാശനായി അച്ഛന്‍ അലഞ്ഞുനടന്നു.  അപ്പോഴാണ് ഒരു ഏജന്റിനെ കണ്ടത്. 'അയ്യായിരം രൂപ വേണം.' മറ്റൊരു വഴിയുമില്ലാതെ കടം വാങ്ങി അദ്ദേഹം പണം നല്‍കി.  രക്തദാനം കഴിഞ്ഞ് പോകാന്‍ തുടങ്ങിയ ഏജന്റിനോട് അദ്ദേഹം പറഞ്ഞു: 'ഒരിക്കല്‍ എന്റെ മകളെ കണ്ടിട്ട് അവള്‍ക്കുവേണ്ടി പ്രാര്‍ഥിക്കണം.'  മുറിയിലേക്ക് ചെന്ന ഏജന്റിനോട് പെണ്‍കുട്ടി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:   'അച്ഛന്‍ പറഞ്ഞു... നിങ്ങള്‍ ഒരു രൂപ പോലും വാങ്ങാതെയാണ് എനിക്ക് രക്തം തന്നതെന്ന്. നന്ദി...'  ആ വാക്കുകള്‍ ഏജന്റിന്റെ മനസ്സിനെ തൊട്ടു.   പുറത്തിറങ്ങിയ അദ്ദേഹം വാങ്ങിയ പണം മുഴുവന്‍ തിരികെ നല്‍കി.  'നിര്‍വാഹമില്ലാതെയാണ് ഞാന്‍ അത് വാങ്ങിയത്. വീട്ടിലെ പട്ടിണി മാറ്റാന്‍ മറ്റൊരു വഴിയുണ്ടായിരുന്നില്ല.' ആരും പുറമേ കാണുന്നതുപോലെയല്ല.  എല്ലാവര്‍ക്കും അവരുടേതായ അതിജീവനകഥകളുണ്ട്.  തനിക്കു മാത്രമറിയാവുന്ന വേദനകളെ തന്റേതു മാത്രമാക്കി ഒളിപ്പിക്കുന്നതിലൂടെ സംരക്ഷിക്കപ്പെടുന്ന അന്തസ്സ് എല്ലാവര്‍ക്കും പ്രധാനമാണ്.  സ്വന്തം ധാരണകളിലേക്ക് ഒരാളുടെ ജീവിതത്തേയും വലിച്ചിഴക്കരുത്.  ആര്‍ക്കും ആരേയും അത്ര എളുപ്പത്തില്‍ പിടികിട്ടില്ല.  എല്ലാവരേയും മനസ്സിലാക്കേണ്ട ആവശ്യവുമില്ല. പക്ഷേ, അബദ്ധധാരണകളിലൂടെ ആരേയും അപമാനിക്കരുത്.  എല്ലാം മറ്റൊന്നില്‍ നിന്ന് ആരംഭിച്ച് വേറൊന്നില്‍ അവസാനിക്കും.  പരസ്പരം കഴിയുന്നത്ര മനസ്സിലാക്കുക എന്നതിലാണ് കാര്യം - ശുഭദിനം.
➖➖